23 December 2024, Monday
KSFE Galaxy Chits Banner 2

കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങുന്നു

പി എ വാസുദേവൻ
കാഴ്ച
November 12, 2022 4:55 am

“ഇങ്ങനെ പോയാല്‍ നമുക്കെങ്ങനെ നിലനില്ക്കാനാകും. പഠിച്ച സിദ്ധാന്തങ്ങളൊക്കെ പയറ്റി നോക്കിയിട്ടും ആഗോളതലത്തില്‍ മാന്ദ്യവും ദാരിദ്ര്യവും കലഹങ്ങളും തകര്‍ച്ചകളും കാണുമ്പോള്‍ ഞങ്ങള്‍ പരിഭ്രാന്തിയിലാണ്. ഇതുവരെ പഠിപ്പിച്ചതും പഠിച്ചതുമൊക്കെ തെറ്റായിരുന്നുവോ?’’ യുജിസി പ്രഭാഷണ പരിപാടിയുടെ ഭാഗമായി ഒരു ക്ലാസെടുത്ത് കുട്ടികളെ അഭിമുഖീകരിച്ചപ്പോള്‍ ഒരു ബിരുദ വിദ്യാര്‍ത്ഥിനിയുടെ നിഷ്കളങ്കമായ ചോദ്യമായിരുന്നു ഇത്. അതെന്നെ ഒരുപാട് ഇളക്കിമറിച്ചു. ഒന്നാമത് ഇത്രവലിയ ചോദ്യം ചോദിക്കാനാവും വിധം പുതിയ തലമുറ വളരുമ്പോള്‍ നമ്മുടെ ബാധ്യത കൂടുന്നു. മറ്റൊന്ന് മൂന്ന് ദശകത്തിലധികം ധനശാസ്ത്രം പഠിപ്പിച്ചതിലെ പിശകുകള്‍ നേരത്തെ അലട്ടിയിരുന്നു. അതിപ്പോള്‍ ശരിയാവുന്നു. മറ്റൊരു പ്രധാനകാര്യം ഈ ചോദ്യത്തിന്റെ ഉത്തരം ആരൂഢ സിദ്ധാന്തങ്ങളുടെ അടിത്തറ മാന്തുന്നു എന്നതാണ്. എന്നാലും ആ വിദ്യാര്‍ത്ഥിയുടെ സമൃദ്ധമായ ആശങ്ക അവരുടെ ജീവിത പ്രശ്നമായതിനാല്‍ കഴിയുന്നത്ര ലളിതമായൊരു മറുപടി അര്‍ഹിക്കുന്നു. പഴയസിദ്ധാന്തങ്ങളുടെ ചുവടുകള്‍ ചവിട്ടിപ്പോയിട്ടും കാര്യമില്ല. ഭദ്രമായ നിലനില്പിന്റെ പോംവഴി എന്താണ്. ചില ആഗോള അനുഭവങ്ങളൊക്കെ വച്ച് ഞാന്‍ ആ കുട്ടികളെ അഭിമുഖീകരിച്ചു. ആഗോളീകരണ ആവര്‍ത്തനങ്ങളൊക്കെ മാറ്റിവച്ചു. 1999 നവംബറില്‍ കുറേ മനുഷ്യ സ്നേഹികള്‍ അമേരിക്കയിലെ സിയാറ്റലില്‍ ഒത്തുചേര്‍ന്ന് ഡബ്ല്യുയുടിഒ എന്ന ഭീമന്റെ കൂട്ടായ്മ മുട്ടിച്ച കഥയും അതില്‍ നിന്നുരുത്തിരിഞ്ഞ സ്ഥിരനിലനില്പിന്റെ രൂപരേഖയും ലളിതമായി അവരോട് പറഞ്ഞു.

 


ഇതുകൂടി വായിക്കു; ഹിന്ദി വാദം നയിക്കുക നിശബ്ദ വംശഹത്യയിലേക്ക്‌ ‌ | Janayugom Editorial


 

കുട്ടികളേ, സ്ഥിരതയുള്ള സമൂഹങ്ങള്‍ സ്ഥാപിതമാവണം. സമ്പദ്ഘടന പിന്നെയേ വരുന്നുള്ളു. സമൂഹം ശക്തമാക്കണം. അതാണ് നമ്മുടെ ധര്‍മ്മം. ധനശാസ്ത്രം അതിന്റെ ഒരു ചെറിയ ഭാഗമാണ്. അങ്ങനെയല്ലാതെ പോയതാണ് നമുക്ക് പറ്റിയ തെറ്റ്. കൂടുതല്‍ ആഗോള മൂലധനം, കൂടുതല്‍ നിക്ഷേപം, വന്‍ വ്യവസായങ്ങള്‍, വന്‍ ചോദനം, എല്ലാം തകര്‍ത്ത വികസനം… ഇതായിരുന്നു എന്നും നമ്മെ വഴിതെറ്റിച്ചത്. അതില്‍ നിന്നാണ് ഈ പുതുതലമുറ ചോദ്യമുണ്ടായത്. ആ ചോദ്യം അവരുടെ ആശങ്കയായി കാണാനും അതിനുത്തരങ്ങള്‍ കണ്ടെത്താനും നാം ശ്രമിക്കണം. ആരോഗ്യകരമായ സ്ഥിരതയുള്ള സമൂഹങ്ങള്‍, ജനങ്ങളുടെ ദീര്‍ഘകാല ക്ഷേമത്തിനായി പരിശ്രമിക്കുന്ന സ്ഥാപനങ്ങളില്‍ അവയുടെ അധികാരം നിക്ഷിപ്തമാക്കുന്നു. അതിന്റെ അടിസ്ഥാന ലക്ഷ്യം ജനങ്ങളുടെ മൗലികാവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ്. ജിഡിപി കണക്കുകളും ഫോറെക്സ് വര്‍ധനവും ഉപഭോഗ അരാജകത്വവുമൊക്കെ ‘ഡെവിളിഷ്’ ധനശാസ്ത്രമാണ്. സമൃദ്ധിക്കിടയില്‍ ദാരിദ്ര്യം വര്‍ധിക്കുമ്പോള്‍ ആ സമൂഹമെങ്ങനെ ‘മാനുഷിക സമൂഹ’മാവും.  അതുകൊണ്ട് ‘സസ്‌സ്റ്റെയ്‌നബിള്‍’ സമൂഹത്തിന്റെ ചില അടിസ്ഥാന പ്രമാണങ്ങള്‍ ആ കുട്ടികളുമായി പങ്കുവച്ചു. ആദ്യത്തേത് പുത്തന്‍ ജനാധിപത്യം. അതുണ്ടാവുന്നത് സംഘടിത ജനശക്തി, സമൂഹത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കാന്‍ ഇറങ്ങുമ്പോഴാണ്. വിഭവങ്ങള്‍ സമൂഹത്തിന്റെ കയ്യിലാവണം. ആവശ്യം നിശ്ചയിക്കുന്നതും അവരാവണം. ഇന്നാണെങ്കില്‍ കോര്‍പറേറ്റുകളെ ഭരണമേല്പിച്ച സ്റ്റേറ്റുകളാണ്. ഒരു ‘ലിവിങ് ഡെമോക്രസി’ അങ്ങനെയാവില്ല.

മൗലിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉത്തരവാദിത്തം പ്രാദേശിക സമൂഹങ്ങളിലും സ്ഥാപനങ്ങളിലും നിക്ഷിപ്തമായാലേ സുസ്ഥിര സമൂഹം സംജാതമാവൂ. അതായത് പരമാധികാരം ജനങ്ങളിലാവണം. പ്ലാച്ചിമടയിലെ ജലചൂഷണം സാധ്യമായത്, ഈ പരമാധികാരവും അവകാശ നിര്‍ണയവും, കടലുകള്‍ക്കപ്പുറത്തെ കോര്‍പറേറ്റുകളുടെ അധീനതയിലായതു കൊണ്ടാണ്. അത് തിരിച്ചെടുത്തത് പ്രാദേശിക തീരുമാനങ്ങളുടെ മേല്‍ക്കൈ കൊണ്ടായിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരിക്കല്‍ പ്രാദേശിക മനുഷ്യശക്തികൊണ്ട് നേടിയെടുത്ത വിജയം, അതിനുശേഷം പിന്‍വാങ്ങലിലാവരുത്. മറ്റൊരു ഘട്ടം വരാം. അന്ന് എല്ലാം ആദ്യം മുതലേ തുടങ്ങാനാവില്ല. ജൈവ ജനാധിപത്യം എന്നാല്‍ ആന്തരിക ചോദനകളെയും ശക്തികളെയും സജീവമാക്കി നിര്‍ത്തലാണ്.
സുസ്ഥിര സമൂഹത്തിന് പാരിസ്ഥിതിക സുസ്ഥിരത അനിവാര്യമാണ്. അത് ഉറപ്പുവരുത്തണം. സാമ്പത്തിക ആഗോളീകരണം സുസ്ഥിര നിലനില്പിനു വിഘാതമാണ്. വന്‍തോതിലുള്ള ഉല്പാദനം ആസുരമായ ചൂഷണത്തിലെത്തിക്കും. അത് ഏറെക്കാലം നിലനിര്‍ത്താനാവില്ല. ഈ ഗ്രഹത്തിന്റെ നിലനില്പുശൈലി തെറ്റിയാല്‍ സുസ്ഥിരതയുണ്ടാവില്ല. പ്രധാനമായ മറ്റൊരു സിദ്ധാന്തം പൊതുപൈതൃക വിഭവങ്ങളുടെ സംരക്ഷണവും ഉപയോഗവുമാണ്. ജലം, ഭൂമി, വായു എന്നിവയാണ് ഇതില്‍പ്പെടുന്നത്. സംസ്കാരവും വിജ്ഞാനവും ഇതിന്റെ ഭാഗമാണ്. കുത്തകകള്‍ ഇവയ്ക്കുമേല്‍ ആധിപത്യം പുലര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ ഫലവത്തായി നേരിടേണ്ടത് ഒരു സജീവ ജനാധിപത്യമാണ്; ഒരു സുസ്ഥിര സമൂഹമാണ്.

 


ഇതുകൂടി വായിക്കു; വൃദ്ധജനങ്ങളുടെ ഭാവിയും സാര്‍വത്രിക സാമൂഹ്യ സുരക്ഷാപദ്ധതിയുടെ പ്രസക്തിയും


 

മറ്റൊരു പ്രധാന കാര്യം വൈവിധ്യമാണ്. ഏതൊരു ജൈവവ്യവസ്ഥയുടെയും പ്രധാനശക്തി വൈവിധ്യമാണ്. സുസ്ഥിരമായ നിലനില്പിന്റെ കണ്ടറിയലുകള്‍ വൈവിധ്യത്തില്‍ നിന്നാണുണ്ടാവുന്നത്. സംസ്കാരം, ഭാഷ, ഭക്ഷണം, കലകള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നവയാണ്. ഇവയെല്ലാം ഏകീകൃതമാക്കി ന്യൂനീകരിക്കാനാണ് ആഗോളവല്ക്കരണം ശ്രമിക്കുന്നത്. അവര്‍ക്കാവശ്യം അവിടത്തെ ഉല്പന്നങ്ങളെ സ്വീകരിക്കുന്ന മാനകീകൃത സാമൂഹിക വ്യവസ്ഥകളെയാണ്. ഇത് കച്ചവടതന്ത്രം കൂടിയാണ്. മാനുഷിക അവകാശങ്ങളാണ് സുസ്ഥിര വ്യവസ്ഥയുടെ ഒരു പ്രധാന മൂലകം. സിവില്‍, പൊളിറ്റിക്കല്‍, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങള്‍ സംരക്ഷിതമാകുന്നതാണ് സുസ്ഥിര വ്യവസ്ഥ. ഇവയെ രേഖകളാക്കിയതുകൊണ്ടു മാത്രം കാര്യമില്ല. പ്രായോഗിക ജീവിതത്തില്‍ ഇവ സാധ്യമാവുന്ന സ്ഥാപന, ഭരണവ്യവസ്ഥകളും വേണം. ജോലി ചെയ്യാനുള്ള അവകാശം, ജോലി തിരഞ്ഞെടുക്കാനുള്ള അവകാശം, തൊഴിലില്ലായ്മയ്ക്കെതിരെ സംരക്ഷണം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളും സുസ്ഥിരതയുടെ ഘടകങ്ങളാണ്. ജനങ്ങളുടെ ഉപജീവന സാധ്യതകള്‍ സംരക്ഷിക്കുക, ചൂഷണം തടയുക തുടങ്ങിയവയും ഇതിലുണ്ടാവണം.

ഭക്ഷ്യ സുരക്ഷിതത്വം, സമത്വം, ലിംഗസമത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങളും ഇത്തരം ചര്‍ച്ചകളില്‍ ഉണ്ടാവും. ഇത്തരം വിശാലമായൊരു അജണ്ടയില്‍ സുസ്ഥിര സാമൂഹിക വ്യവസ്ഥ എന്ന സംജ്ഞയെ നോക്കിക്കാണാനാവണം. ഇന്നത്തെ പല ചര്‍ച്ചകളിലും നാം ഇതൊന്നും അത്ര ദൃഢമായി വിഷയമാക്കാറില്ല. അനവധാന പ്രയോഗങ്ങള്‍, ഇത്തരം വാക്കുകളുടെ അര്‍ത്ഥം ചോര്‍ത്തിക്കളയും. അതിനു വ്യാപക ഫലങ്ങളും ഉണ്ടാവും. ഇങ്ങനെ ഞങ്ങളുടെ ചര്‍ച്ചകള്‍ നീണ്ടുപോയി. എനിക്ക് ആ ചര്‍ച്ച തൃപ്തികരമായത് മറ്റൊരു കാരണം കൊണ്ടായിരുന്നു. എന്റെ ചെറിയ അറിവ് പ്രകടിപ്പിക്കാനല്ല ഞാനവരുടെ മുന്നില്‍ നിന്നത്. ഇതേ കോളജില്‍ ഏതാണ്ട് നാല്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അധ്യാപകനായിരുന്നപ്പോള്‍ എന്റെ ക്ലാസിലിരുന്ന കുട്ടികളുടെ രണ്ടാം തലമുറയാണിവര്‍. അതിനിടയില്‍ ഒരു തലമുറ കടന്നുപോയി. പക്ഷേ, അന്ന് ഉയര്‍ന്നുവരാതിരുന്ന ചോദ്യങ്ങളായിരുന്നു ഇവര്‍ ചോദിച്ചത്. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ പഠിക്കുന്നു. അവരുടെ ജീവിതം കലര്‍ത്തിയ ആശങ്കകള്‍ പങ്കുവയ്ക്കുന്നു. കാരണമുണ്ട്; അവര്‍ക്ക് ജീവിതം ആശങ്കയും അനിശ്ചിതത്വവും നല്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.