
സമഗ്രാധികാര മോഹികൾക്ക് ജനാധിപത്യത്തെ അട്ടിമറിച്ചേ മതിയാകൂ. സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കാൻ അതിനെ അവർ ചൂഷണം ചെയ്യുന്നു. ജനാധിപത്യം അവരുടെ അഴിമതിക്കും മതഭ്രാന്തിനും മറയാകുന്നു. ജനാധിപത്യത്തിൽ കെട്ടിപ്പടുത്ത ഭരണഘടനയെ തന്നെ അട്ടിമറിച്ച് അധികാരം നിലനിർത്താനും പരമാധികാരം സ്ഥാപിക്കാനും ബ്രാഹ്മണ്യവും മൂലധനശക്തികളും വെമ്പൽകൊള്ളുമ്പോൾ അവർക്ക് പുതിയ സങ്കല്പന യാഥാർത്ഥ്യങ്ങൾ ആവശ്യമായി വരുന്നു. അവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ ചരിത്രം, മിത്തുകളുടെ പുനർവായന, പാരമ്പര്യാഭിമാന പാഠങ്ങൾ, ദൈനംദിനം വളരുന്ന അസഹിഷ്ണുതകൾ ഇവയിലൂടെയാണ് സാധാരണ ജനസഞ്ചയത്തെ ഈ ആധിപത്യ വ്യവസ്ഥയുടെ കുഴലൂത്തുകാരും വിശ്വാസികളും ആക്കി മാറ്റിയെടുക്കുന്നത്. പുതിയ ‘ഇമാജിൻഡ് റിയാലിറ്റി‘കൾ അസത്യങ്ങളെ സത്യങ്ങളാക്കി പരിവർത്തിപ്പിക്കാൻ അവരെ സഹായിക്കുന്നത് ശാസ്ത്രത്തിന്റെ അനന്തസാധ്യതകൾ ആണുതാനും. ഇക്കാലത്ത് ഗാന്ധിജി പോലും അപനിർമ്മിക്കപ്പെടുന്നു. മഹാത്മാവ് മുസ്ലിം പ്രീണനക്കാരൻ മാത്രമാണ് അവർക്ക്. സർദാർ പട്ടേലിനെ കൂറ്റൻ പ്രതിമയിൽ ഒതുക്കിനിർത്തി. വിശ്വവിജ്ഞാനത്തിന്റെ ഭണ്ഡാഗാരമായ, മതേതരത്വത്തിന്റെ, ശാസ്ത്രീയ വീക്ഷണത്തിന്റെ പ്രതീകമായ ജവഹർലാലിനെ അവർ ചരിത്രത്തിൽ നിന്ന് നിഷ്കാസനം ചെയ്തു. മൗലാനാ ആസാദും തമസ്കരിക്കപ്പെട്ടു. ഇവരെല്ലാം ഈ രാജ്യത്തോളം വളർന്നുപന്തലിച്ച ബഹുസ്വര ആശയങ്ങളുടെ ആൾരൂപങ്ങളായിരുന്നു എന്ന കാര്യം മനുഷ്യമനസിൽ നിന്നു മായ്ച്ചുകളയുന്നു. സങ്കല്പന അട്ടിമറികളുടെ, വിശ്വസിപ്പിക്കലുകളുടെ ഈ തന്ത്രം തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത് മനുഷ്യന് എത്തിച്ചേരാവുന്ന ഏറ്റവും മാനവികമായ സംസ്കാരത്തെ, ജനാധിപത്യത്തെ സംരക്ഷിച്ചുനിർത്തേണ്ടതിന് ഒഴിച്ചുകൂടാൻ വയ്യാത്തതാണെന്ന തിരിച്ചറിവാണ് നമ്മളിലുണ്ടാകേണ്ടത്. സയൻസും ജനാധിപത്യവും പരസ്പരപൂരകമായി പ്രവർത്തിക്കണം. അപ്പോഴേ പുരോഗമനാത്മകമായ ജനായത്ത സമൂഹമായി നാം മാറുകയുള്ളു. എന്നാൽ ആസൂത്രിതമായി, ശാസ്ത്രത്തെ കേവലം ജീവിതത്തെ സുഗമമാക്കുന്ന സാങ്കേതിക വിദ്യയായി മാത്രം നോക്കിക്കാണുകയും, ശാസ്ത്രബോധത്തെ ജീവിത ബോധമണ്ഡലത്തിൽ നിന്നും പുറന്തള്ളുകയും ചെയ്യുന്ന സാംസ്കാരിക യുക്തിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇവിടെ യുക്ത്യധിഷ്ഠിതമായ ചിന്തകൾ തീരെ കുറഞ്ഞുവരുന്നു. സയൻസ് ഉദ്ഭവിച്ചത് വേദങ്ങളിൽനിന്നാണെന്നും സംസ്കൃതത്തിൽ രചിക്കപ്പെട്ട ശാസ്ത്രതത്വങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പ്രവഹിക്കുകയും അവിടെ നിന്ന് നൂതന കണ്ടുപിടിത്തങ്ങളായി ഇന്ത്യയിലേക്ക് തിരികെയെത്തുകയുമായിരുന്നു എന്നുള്ള വാദഗതികൾ ഉയർന്നുവരുന്നത് പരിശോധിക്കപ്പെടണം. ഈ വാദം പുതിയതല്ല. പൗരസ്ത്യ വാദികൾ തുറന്നുവിട്ട ഭൂതത്തെ സാംസ്കാരിക ഹിന്ദുത്വക്കാരും ബ്രാഹ്മണ്യ രാഷ്ട്രീയക്കാരും കാലങ്ങളായി ചുമന്നുനടക്കുകയാണ്. എല്ലാ വിജ്ഞാനങ്ങളുടെയും ആദ്യ ഉറവിടം ഇന്ത്യയാണെന്ന് സ്ഥാപിക്കുകയാണ് ഈ വാദത്തിലൂടെ അവർ ചെയ്യുന്നത് എന്നത് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ആത്യന്തികമായി വിജ്ഞാനത്തിന്റെ സൃഷ്ടികർത്താക്കൾ ബ്രാഹ്മണരാണെന്ന് സ്ഥാപിക്കാനാണ് അവർ കഠിനമായി ശ്രമിക്കുന്നത്. സാംസ്കാരിക ഹിന്ദുത്വം ശ്രമിക്കുന്നത് വിജ്ഞാനത്തിന്റെ സ്രഷ്ടാക്കൾ ബ്രാഹ്മണരും ബ്രാഹ്മണ്യ പാരമ്പര്യവുമാണെന്ന് സ്ഥാപിക്കാനാണ്.
ശാസ്ത്ര സത്യങ്ങൾ ജീവിതത്തിന് എതിരാവുന്നതുകൊണ്ടല്ല, മതതത്വങ്ങൾക്ക് വിരുദ്ധമാവുന്നതിന്റെ പേരിലാണ് മതമേധാവികൾ ശാസ്ത്രവിരുദ്ധ ചിന്തയ്ക്ക് നേതൃത്വം നൽകുന്നത്. പരലോകത്തിലെ സാങ്കല്പിക ജീവിതത്തിനു വേണ്ടി ഇഹലോകത്തിലെ യഥാർത്ഥ ജീവിതത്തെ ശിക്ഷിക്കാനാണവർ ഇന്നും മുതിരുന്നത്. ശാസ്ത്രം എന്നും ജീവിതത്തിൽ സർഗാത്മകതയുടെ ഉറവ കാണുമ്പോൾ, മത രാഷ്ട്രീയം തമസിനും മൃത്യുവിനും ചുറ്റും പ്രദക്ഷിണം വയ്ക്കാനാണ് ഉത്സാഹം കാണിക്കുന്നത്. സ്വർഗത്തിൽ നിന്നും പുറന്തള്ളപ്പെട്ട ഉടനെ സാത്താൻ ഭീരുവിനെപ്പോലെ പാതാളത്തിൽ പോയൊളിച്ചില്ല. അതുവരെ ചെയ്ത ജോലിക്ക് ആത്മബോധമുള്ളൊരു തൊഴിലാളിയെപ്പോലെ കൂലി ചോദിച്ചു വാങ്ങി, സ്വന്തമായൊരു പ്രവർത്തന ലോകത്തിലേക്ക് വീരോചിതമായി പോയി. അതുവരെ അനുഷ്ഠിച്ച ആരാധനയ്ക്കുള്ള കൂലിയായി സാത്താൻ ആവശ്യപ്പെട്ടത് സുഖമായി ജീവിക്കാനുള്ള സൗകര്യങ്ങളല്ല, മറിച്ച് ദൈവത്തിന്റെ അധികാരത്തിൽ നിന്നുള്ള പങ്കാണ്. ഏതൊരുത്തന്റെ മുമ്പിൽ മുട്ട് മടക്കാൻ മടിച്ചുനിന്നുവോ അവന്റെ പിൻമുറക്കാരെ ലോകവസാനം വരെ പിഴപ്പിക്കാനുള്ള വിപുലമായ അധികാരമാണ് സാത്താൻ ദൈവത്തിൽ നിന്ന് പിടിച്ചെടുത്തത്. നരകം കാട്ടി ദൈവം ഭീഷണിപ്പെടുത്തിയപ്പോൾ സാത്താൻ പേടിച്ചില്ല. അപഹാസ്യമായ കീഴടങ്ങലിൽ നിന്നും ഒരിക്കലും കീഴടങ്ങേണ്ടതില്ലാത്ത ലോകത്തിലേക്ക് എടുത്തുചാടിയപ്പോൾ സാത്താൻ എക്കാലത്തെയും കലാപത്തിന്റെ സേനാനായകനായി. നിഷേധത്തിൽ അന്തർലീനമായ യഥാർത്ഥ ശക്തിയോടൊപ്പം ഉയർന്ന സാമൂഹിക ബോധവും ഒരു കലാപകാരിക്ക് ആവശ്യമാണ്, പരിമിതമായ തോതിലെങ്കിലും. സാത്താന് ഇത് രണ്ടുമുണ്ട്. ഫാസിസ്റ്റുകൾക്ക് ചോദ്യം ചോദിക്കുന്നവരെല്ലാം സാത്താന്മാരാണ്. സംശയിക്കലിന്റെയും ചോദ്യം ചെയ്യലിന്റെയും ക്ലേശകരമായ പാതയിലൂടെ സഞ്ചരിക്കാതെ ജീവിതത്തിൽ സ്വർഗം സൃഷ്ടിക്കാനോ പുതിയ സത്യങ്ങൾ കണ്ടെത്താനോ കഴിയില്ല. അധികാരം മുൻകൂറായി ആവശ്യപ്പെടുന്ന അന്ധമായ അനുസരണവും പൂർണമായ വിധേയത്വവും മാറ്റത്തിന്റെ നിത്യശത്രുക്കളാണ്. ഓരോ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും സാത്താന്മാരുടെ വിക്രിയകൾ എന്ന് ആക്ഷേപിച്ച മതയാഥാസ്ഥിതികർ ഇന്ന് ശാസ്ത്രം ലോകത്തെ നയിക്കുമ്പോൾ, പറയുന്നു ശാസ്ത്രം ദൈവമാഹാത്മ്യത്തിന്റെ ലക്ഷണങ്ങളാണെന്ന്. ചോദ്യം ചോദിക്കാനുള്ള ഇന്ധനമാണ് മനുഷ്യവർഗത്തിന് ശാസ്ത്രം നൽകുന്നത്. ചോദ്യം ചോദിക്കാനുള്ള കരുത്താണ് ‘സാത്താന്മാര്‍’ പ്രകടിപ്പിക്കുന്നത്. സംശയത്തിന്റെ നിശിതമായ വിചാരണയ്ക്ക് വിധേയമാകാത്ത ഒരു വിശ്വാസവും വിജ്ഞാനത്തിന്റെ ഭാഗമാവുകയില്ല. അനവധി ദിശകളിലൂടെയുള്ള ചിന്തയുടെ ദ്രുതഗതിയിലുള്ള സഞ്ചാരമാണ് സംശയത്തിന്റെ അടിസ്ഥാനം. ഏതെങ്കിലുമൊരു കേന്ദ്രത്തിൽ നിശ്ചലമായി നിന്നുപോവുന്ന ചിന്തയാണ് വിശ്വാസം. എത്ര അന്ധമായ സംശയവും അതിന്റെ ഹൃദയത്തിൽ വിശ്വാസത്തിന്റെ നിധിപ്പുരകൾ കാത്തുസൂക്ഷിക്കും. എന്തുകൊണ്ടെന്നാൽ ഏതൊരു സംശയവും സത്യത്തിലേക്കുള്ള വഴിയാണ്. എന്നാൽ അന്ധവിശ്വാസം ഏതർത്ഥത്തിലും ചിന്തയുടെ സ്തംഭനമാണ്. ഒന്നുമറിയാത്തവനുപോലും എന്തും വിശ്വസിക്കാൻ കഴിയും. എന്നാൽ സംശയിക്കണമെങ്കിൽ എന്തെങ്കിലും അറിഞ്ഞിരിക്കണം.
ഇന്ത്യയിലെ ശാസ്ത്രവിരുദ്ധതയുടെ വേര് കിടക്കുന്നത് ജാതി വ്യവസ്ഥയിലും ബ്രാഹ്മണ്യമൂല്യ പാരമ്പര്യങ്ങളിലുമാണെന്ന് കാണാം. ശാസ്ത്രപാരമ്പര്യത്തിന്റെ വളർച്ചയെ ബ്രാഹ്മണ്യ യാഥാസ്ഥിതികത്വം തടയുന്നു. ഈ ബ്രാഹ്മണ്യവാദികൾ തന്നെയാണ് അധ്വാനത്തെ ഹീനമാക്കി, കൃഷിയും ശില്പവിദ്യയും മറ്റും അധമമാക്കി ശ്രേണീവൽക്കരിക്കുകയും അതുവഴി ഇതൊക്കെ ചെയ്ത സമുദായങ്ങളെ ഹീനജാതികളായി മുദ്രകുത്തുകയും ചെയ്തത്. ശാസ്ത്ര ചിന്താപദ്ധതികളിലൂടെ ഉരുതിരിഞ്ഞുവന്ന ആധുനിക നീതിബോധ്യങ്ങളും സാമൂഹ്യ ശാസ്ത്ര — ചരിത്രബോധ്യങ്ങളുമാണ് ഇന്ത്യൻ സമൂഹത്തെ ശാസ്ത്രീയ രീതിയിൽ തുറന്നുകാട്ടാൻ അംബേദ്കറെ പ്രേരിപ്പിച്ചത്. അദ്ദേഹം ബ്രാഹ്മണ്യ വ്യവസ്ഥയെ നിശിതമായി വിമർശിച്ചതിന്റെ മുഖ്യകാരണം ഇന്ത്യയെ കാർന്നുതിന്നുന്ന അസമത്വ വ്യവസ്ഥയുടെ കേന്ദ്രം ബ്രാഹ്മണ്യമായതുകൊണ്ടാണ്. ബ്രാഹ്മണ്യ സാംസ്കാരിക വ്യവസ്ഥ ജനാധിപത്യം ഇല്ലാതാക്കും. അവിടെ ശാസ്ത്ര ചിന്തകൾക്ക് പിന്തുണ ലഭിക്കില്ല. ഇന്ത്യ ജനാധിപത്യ രാജ്യമായി നിലനിൽക്കാൻ ശാസ്ത്ര മൂല്യങ്ങളും ജാതിവിരുദ്ധ സാഹോദര്യമൂല്യങ്ങളും രാജ്യത്തിന്റെ ഹൃദയഭാവമായി മാറണം. ജവഹർലാൽ നെഹ്രു നിരന്തരം ഉദ്ഘോഷിച്ചത് ശാസ്ത്രീയ വീക്ഷണമുള്ള, യുക്തിചിന്തകൾ വ്യാപരിക്കുന്ന സമൂഹം വളരണം എന്നാണ്. ബ്രാഹ്മണ്യ മൂല്യങ്ങളിൽ അടിയുറച്ച ഹിന്ദുത്വത്തെ പ്രതിരോധിച്ചാലേ ജനാധിപത്യം പുഷ്ടിപ്പെടുകയുള്ളു.
ജനാധിപത്യം തെരഞ്ഞെടുപ്പാരവങ്ങളും അധികാര കൈമാറ്റവും മാത്രമല്ല. അത് ഒരു ജീവിതചര്യയുടെ ഊടും പാവും ഊർജവും സ്വാതന്ത്ര്യവുമാണ്. നീതിബോധവുമായി ബന്ധപ്പെട്ട് ഒരു ജനത ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിരിച്ചറിവ് നേടുമ്പോൾ ജനാധിപത്യം വളരുന്നു. മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണുന്ന ഉയർന്ന സംസ്കാരം കൈവരിക്കണം. ജനാധിപത്യത്തിലെ സ്വേച്ചാധിപത്യ പ്രവണതകളായ അധികാര കല്പന അടിച്ചേല്പിക്കുന്ന അച്ചടക്കം, അടിമത്തം ആഘോഷമാക്കാനുള്ള പരപ്രേരണ, ചോദ്യം ചെയ്യപ്പെടാത്ത അനുസരണയും വിധേയത്വവും ഇവയെല്ലാം പ്രതിരോധിക്കപ്പെടണം. അതിലൂടെ ഉന്നതമായ സംസ്കാരം ആർജിക്കാം. സ്വാതന്ത്ര്യം എന്നത് ഒരു ബഹുമുഖമായ വ്യവസ്ഥയാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു മുഖമാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം പിടിച്ചുപറ്റുമ്പോൾ ആരാണ് പിടിച്ചുപറ്റുന്നത് എന്ന ചോദ്യം ഗാന്ധിജിക്ക് ഇന്ത്യൻ ഹോം റൂളിൽ ചോദിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യം വെളുത്ത അധികാരികളിൽ നിന്നു തവിട്ടുനിറമുള്ള മേൽക്കോയ്മകൾ പിടിച്ചുപറ്റുന്ന അധികാരമല്ല എന്ന് ഗാന്ധിജി പറയുന്നുണ്ട്. എല്ലാവരെയും തുല്യരായി കാണുന്ന സമൂഹം അവർ സ്വപ്നം കണ്ടു. ബ്രാഹ്മണ്യത്തിന്, പ്രാകൃതചിന്തകൾക്ക് എതിരെ പ്രതിരോധം തീർത്തുകൊണ്ടിരിക്കുക, പ്രവർത്തിച്ചുകൊണ്ടിരിക്കുക. പ്രധാന കാര്യം പ്രവർത്തിക്കുക എന്നതാണ്. ഒരു ജനഗണത്തിന്റെ അസ്തിത്വം നശിപ്പിക്കൽ, ഒരു വംശീയ വിഭാഗത്തെ ഉന്മൂലനം ചെയ്യൽ, കൂട്ടക്കുരുതി എന്നിങ്ങനെ പല ക്രൂരകൃത്യങ്ങളും പ്രാകൃതചിന്തകൾ മൂലം, ആധിപത്യത്തിനു വേണ്ടിയുള്ള ഏറ്റവും നീചമായ മത്സരങ്ങൾ മൂലം സംജാതമാകുന്നു. മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാൻ, ജനാധിപത്യത്തിന്റെ യഥാർത്ഥ കാതലായ സാഹോദര്യവും സ്വാതന്ത്ര്യവും നഷ്ടപ്പെടാതിരിക്കാൻ, മാനവരാശിയുടെ ശക്തമായ പോരാട്ടം മനുഷ്യനെ കൊന്നുതിന്നുന്ന ദുഷ്ടശക്തികൾക്കെതിരെ ഉയരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.