23 December 2024, Monday
KSFE Galaxy Chits Banner 2

മനസ് മസ്തിഷ്കത്തോടു മന്ത്രിച്ചത്…

ദേവിക
വാതിൽപ്പഴുതിലൂടെ
April 18, 2022 7:00 am

ഈയിടെ ഒരു പുലര്‍കാല വന്ദന സന്ദേശം വായിക്കാനിടയായി. ചിന്താ മധുരമായ സന്ദേശം; മസ്തിഷ്കം മനസിനോടു ചോദിച്ചു, നീയെന്താ ഇങ്ങനെ യുക്തിയില്ലാത്ത സന്ദേശങ്ങള്‍ എനിക്ക് അയയ്ക്കുന്നത്? മനസിന്റെ മനോഹരമായ മറുപടി ഇതായിരുന്നു; ‘നിനക്ക് യുക്തിമതിയായിരിക്കാം’ എന്നാല്‍ എനിക്ക് ബന്ധങ്ങളാണ് വലുത്. മനസും മസ്തിഷ്കവും തമ്മില്‍ ബന്ധമറ്റു കിടക്കുന്നതാണ് നമ്മുടെ വര്‍ത്തമാന പൊതുബോധത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന മഹാദീനങ്ങള്‍ക്ക് കാരണമെന്ന് സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ വൈഭവത്തോടെ വിലയിരുത്തുന്നു. അരുതെന്ന് ഹൃദയം പറയുന്നതിനെ മസ്തിഷ്കം യുക്തിയോടെ വിശകലനം ചെയ്ത് അരുതായ്മകളാക്കുന്നു. ഈ അരുതായ്മകള്‍ അരും കൊലകളിലേക്കും മഹാപീഡനങ്ങളിലേക്കും വഴിതുറക്കുന്ന സന്ദേശങ്ങളായി മാറുന്നു; ചോരക്കലികളായി, ചോരപ്പുഴകളായി, ചേതനയറ്റ കബന്ധങ്ങളായി. മസ്തിഷ്കത്തിന്റെ യുക്തികാര്‍ക്കശ്യം ഹൃദയത്തിന്റെ നൈര്‍മല്യത്തില്‍ ചോര പുരട്ടുന്ന കാലം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പല കാരണങ്ങളാല്‍ 1065 കൊലപാതകങ്ങളാണ് സംസ്ഥാനത്തു നടന്നതെന്നാണ് സര്‍ക്കാര്‍ രേഖകള്‍. ഇവയില്‍ കുറേ രാഷ്ട്രീയ കൊലപാതകങ്ങളുണ്ട്.

മത തീവ്രവാദികളുടെ കൊലകളുമുണ്ട്. മനസും മസ്തിഷ്കവും തമ്മില്‍ സമന്വയമില്ലാതായതിന്റെ ഫലങ്ങള്‍. ഒരു നിമിഷം മസ്തിഷ്കം മനുഷ്യബന്ധങ്ങളെയും ജീവിതത്തിന്റെ അനുപമമായ മൂല്യങ്ങളെയും കുറിച്ചു ചിന്തിച്ചിരുന്നുവെങ്കില്‍ ഈയൊരൊറ്റ കൊലപാതകവും നടക്കില്ലായിരുന്നു. ആലപ്പുഴയും പാലക്കാടുമൊന്നും ചോരചിതറില്ലായിരുന്നു.

രു മനുഷ്യനും ഒറ്റപ്പെട്ട ഒരു ദ്വീപല്ല. ഒരു വന്‍കരയുടെ ഭാഗം. ഒരു മണ്ണാങ്കട്ട കടലിലലിഞ്ഞുപോയാലും അതു നിന്റെയും എന്റെയും നഷ്ടമാണ്. അതിനാല്‍ മണിമുഴങ്ങുന്നതാര്‍ക്കുവേണ്ടി എന്നറിയാന്‍ ആളയയ്ക്കേണ്ടതില്ല. അതു നിനക്കുവേണ്ടിയാണ് എനിക്കു വേണ്ടിയാണ്’ എന്ന് ജോണ്‍ ഡോണ്‍ പറയുന്നതോര്‍ക്കുക. കൊലയരുതെന്ന് മനസ് മസ്തിഷ്കത്തോടു മന്ത്രിക്കുമ്പോള്‍ അത് ഒരു സന്ദേശമായി കാണാനുള്ള തലച്ചോറിന്റെ പരാങ്മുഖഭാവത്തില്‍ എത്രായിരം കുടുംബങ്ങളാണ് അന്ത്യം വരെ കണ്ണീര്‍ കുടിക്കുന്നത്. അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്നത്. പാലക്കാട് കഴിഞ്ഞ ദിവസമുണ്ടായ അരുംകൊലയ്ക്കും പ്രത്യാക്രമണ കൊലയ്ക്കും പിന്നാലെ നടന്ന വിലാപയാത്രകളില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമുണ്ട്’ ‘ഓരോ തുള്ളി ചോരയ്ക്കും പകരം ഞങ്ങള്‍ ചോദിക്കും.’ വിലാപയാത്ര കഴിഞ്ഞു. ഇരുകൂട്ടരും യാ ശഹീദ് അസലാം എന്നും ജയ്ജയ് ഭാരത് മാതാ എന്നും മുദ്രാവാക്യം ചൊല്ലിപ്പിരിഞ്ഞു. അപ്പോള്‍ ക്രൂര മസ്തിഷ്കങ്ങള്‍ രക്തസാക്ഷികളാക്കിയ സുബൈറിന്റെയും ശ്രീനിവാസന്റെയും കുഞ്ഞുമക്കള്‍ ചോദിച്ചു; വാപ്പ എപ്പഴാ വരിക, അച്ഛന്‍ എപ്പഴാ വരിക…’ ഇനി വരാത്ത പിതാക്കളുടെ വിയോഗ വ്യഥയില്‍ മുങ്ങിയ കു‍ഞ്ഞുങ്ങളോട് കൊലയാളികളും അവരെ നിയോഗിച്ചവരും ഒരു വാക്കിലെങ്കിലും മറുപടി പറയേണ്ടേ.


ഇതുകൂടി വായിക്കൂ:  രാജ്യം വിളിക്കുന്നു


മനസും മസ്തിഷ്കവും നാവും തമ്മില്‍ ജന്മനാ കണക്ഷന്‍ അറ്റുകിടക്കുന്നയാളാണ് നമ്മുടെ ആഭ്യന്തര മന്ത്രി അമിത്ഷാ ജി. അദ്ദേഹം കാലാകാലങ്ങളില്‍ ഓരോ നമ്പറിറക്കും. നടക്കാനുള്ള കാര്യങ്ങളല്ല, വിവാദമുണ്ടാക്കി പേരെടുക്കാനുള്ള നമ്പരുകള്‍ മാത്രം. എല്ലാ സംസ്ഥാനങ്ങളിലുമുള്ളവര്‍ ഹിന്ദി പഠിച്ചോളണമെന്നാണ് മേല്‍പ്പടിയാന്റെ തിട്ടൂരം. ഇതു കേട്ടാല്‍ തോന്നും ഹിന്ദി പഠിച്ചില്ലെങ്കില്‍ ജര്‍മ്മനിയിലും സ്പെയിനുമെല്ലാം പോകുന്നവര്‍ കട്ടയടിച്ചു പോകുമെന്ന്. ഇംഗ്ലീഷുപോലും ആഗോള പൊതു ഭാഷയല്ലെന്നിരിക്കേയാണ് ഈ ഹിന്ദി ഗീര്‍വാണം. ഇന്ത്യയില്‍ പോലും 12 സംസ്ഥാനങ്ങളില്‍ മാത്രമാണ് ഹിന്ദി മാതൃഭാഷയായുള്ളത്. ഇന്ത്യയിലെ ജനസംഖ്യയില്‍ ഹിന്ദി മാതൃഭാഷയായി ഉപയോഗിക്കുന്നവരും സംസാരിക്കുന്നവരും 26 ശതമാനം മാത്രം. പല സ്ഥലങ്ങളിലും പല വിധം ഹിന്ദി. എന്നിട്ടാണ് അമിട്ട് ഷായുടെ ഹിന്ദി ഗീര്‍വാണ അമിട്ട്.

മ്മുടെ പി പി ചിത്തരഞ്ജന്‍ എംഎല്‍എയെ ഭക്ഷ്യവകുപ്പിന്റെ ബ്രാ‍ന്‍ഡ് അംബാസിഡറാക്കിയാലോ! മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച എന്‍ സുന്ദരന്‍ നാടാരെയാണ് ഇത്തരുണത്തില്‍ ഓര്‍ത്തുപോയത്. എന്നും പുലര്‍ച്ചെയാകുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു നിവേദനപ്പടയുണ്ടാകും. ‘സരോജം ഒരു മൊന്തയില്‍ വെള്ളവും മറ്റും എടുത്തോണ്ടുവാ’. ഭാര്യയോട് കല്പിക്കും. വായൊന്നു കുലുക്കിത്തുപ്പി ജുബ്ബയും ഷര്‍ട്ടുമൊന്നു കുടഞ്ഞിട്ട് നിവേദക സംഘത്തോടൊപ്പം നേരെ ഒരു ഹോട്ടലിലേക്ക്. സുന്ദരന്‍ നാടാരാണെങ്കില്‍ കോഴിക്കറി പ്രിയന്‍. പാറശാലയിലെ എല്ലാ ഹോട്ടലുകളിലും രാവിലെ തന്നെ കോഴിപൊരിച്ചതും കോഴിക്കറിയും അപ്പവും റെഡി. ഓരോ ദിവസവും ഹോട്ടലുകള്‍ മാറി മാറിയാണ് കയറ്റം.


ഇതുകൂടി വായിക്കൂ: ധ്രുവീകരണായുധമായി ഇനി മുതല്‍ ഹിന്ദി ഭാഷയും


വില പത്തു പൈസ കൂടിയെന്നു കണ്ടാല്‍ അദ്ദേഹം കയര്‍ക്കും. ഇതോര്‍ത്ത് എല്ലാ ഹോട്ടലുകളിലും നാടാരുടെ മരണം വരെ സര്‍വ വിഭവങ്ങള്‍ക്കും ന്യായവില. കഴിക്കുന്ന ഭക്ഷണത്തിന്റെ കാശ് നിവേദകര്‍ കൊടുത്തുകൊള്ളുമെന്നു പറയേണ്ടതില്ലല്ലോ! എംഎല്‍എ പേടിയില്‍ ഹോട്ടലുകള്‍ വില കുറയ്ക്കുമെന്ന് ചിത്തരഞ്ജന്‍ ആവര്‍ത്തിച്ചു തെളിയിച്ചിരിക്കുന്നു. താന്‍ കഴിച്ച അഞ്ചപ്പത്തിനും രണ്ടു മുട്ടക്കറിക്കും 184 രൂപയുടെ ബില്‍ നല്കിയത് അദ്ദേഹം വിവാദമാക്കിയതോടെ ആലപ്പുഴയിലെ ഹോട്ടലുകളെല്ലാം ഭക്ഷണസാധനങ്ങള്‍ക്ക് വിലകുറച്ചിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തെ ഭക്ഷ്യ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയാല്‍ കൊള്ളവിലയ്ക്കു പരിഹാരമാവില്ലേ. പകരം മഞ്ജുവാര്യരേയോ മമ്മൂട്ടിയേയോ മോഹന്‍ലാലിനേയോ ബ്രാന്‍ഡ് അംബാസിഡറാക്കിയാല്‍ വെള്ളപ്പം മഞ്ജു, മുട്ട മമ്മൂട്ടി എന്നൊക്കെ കോഴിക്കറി നാടാര്‍ എന്നപോലെ ജനം പേരിടുന്നതും ഒഴിവാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.