24 December 2025, Wednesday

Related news

December 23, 2025
December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 18, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025

ദ്വന്ദ്വയുദ്ധ ഫലിതങ്ങൾ

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
May 9, 2025 4:59 am

‘മകനേ, ഇതിന്ത്യയുടെ ഭൂപടം.
വന്ധ്യയുടെ വയർപിളർന്നൊഴുകും
വിലാപവേഗം പോലെ
വരൾ വരകൾ, നദികൾ
പരമ്പരകളറ്റവർ…’
ഇന്ത്യയുടെ ഭൂപടത്തെ അടിമുടി മാറ്റിയെടുക്കുവാൻ വംശവിദ്വേഷികളും പാകിസ്ഥാൻ ചാരൻമാരും പരിശ്രമിക്കുന്ന ദുരന്തകാലമാണിത്. അഖണ്ഡതയ്ക്കും ജനാധിപത്യ അവകാശങ്ങൾക്കും രാജ്യസുരക്ഷയ്ക്കും നിലകൊള്ളേണ്ട സാഹചര്യമാണിത്. രാജ്യത്തെ എല്ലാ മതനിരപേക്ഷ സാമൂഹ്യ രാഷ്ട്രീയശക്തികളും ഒന്നിച്ചണിനിരന്ന് ഭീകരാക്രമണത്തിനും അധിനിവേശ പരിശ്രമങ്ങൾക്കുമെതിരായി കൈകോർത്തുപിടിക്കേണ്ട ഘട്ടമാണിത്. കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം ശക്തിപ്പെടുകയും രാജ്യദ്രോഹ പ്രവർത്തനത്തിനെതിരായി സുശക്തമായ നിലപാട് കൈക്കൊള്ളാനാകാതിരിക്കുന്നതും ഈ വേളയിലാണ്. തല്ലിയാലും തല്ലിയാലും നന്നാവില്ലെന്ന നിലപാടിലുള്ള കേരളത്തിലെ കോൺഗ്രസ് രാജ്യം നേരിടുന്ന ഗുരുതരമായ ഭീകരാക്രമണത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നില്ല. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആരാവണമെന്ന് തർക്കത്തിൽ അഭിരമിക്കുകയാണവർ. എന്നും വിഭാഗീയതയുടെയും വിഭജനത്തിന്റേയും പാർട്ടിയായിരുന്നു കേരളത്തിലെ കോൺഗ്രസ്. പട്ടം താണുപിള്ളയിലും ആർ ശങ്കറിലും തുടങ്ങുന്ന ആ ചരിത്രം കെ കരുണാകരനിലും എ കെ ആന്റണിയിലും കൂടി ആവർത്തിക്കപ്പെട്ടു. ആന്റണി പക്ഷക്കാരനായിരുന്ന കെഎസ്‌യു സ്ഥാപക നേതാവായിരുന്ന വയലാർ രവിയെ കെ കരുണാകരൻ സ്വന്തം പക്ഷമാക്കി ആന്റണി ഗ്രൂപ്പിനെ ദുർബലമാക്കാൻ ശ്രമം നടത്തി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ആന്റണി ഗ്രൂപ്പ് വിഭജിത സംഘടനയായി രൂപപ്പെട്ടു. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയുടെയും ജി കാർത്തികേയന്റെയും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട തിരുത്തൽവാദ പ്രസ്ഥാനവും കോൺഗ്രസിൽ ശക്തിയാര്‍ജിച്ചു. ആ പ്രസ്ഥാനത്തിന്റെ ഫലമായി കെ കരുണാകരന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. കേന്ദ്ര ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന, ആരോപണ വിധേയനായിരുന്ന എ കെ ആന്റണി കേരളത്തിൽ മുഖ്യമന്ത്രിയായെത്തി. 

ഈ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഇപ്പോൾ കാണുന്നത്. സംഘപരിവാര രാഷ്ട്രീയത്തിന്റെ പ്രതിനിധികളാണ് ഇന്ന് കോൺഗ്രസ് രാഷ്ട്രീയത്തെ നയിക്കുന്നത്. ആർ
എസ്എസിന്റെ രണ്ടാമത്തെ സർ സംഘചാലകും, അവരുടെ പ്രഥമഗണനീയനുമായ ആചാര്യ മാധവസദാശിവ ഗോൾവാൾക്കറും ഇന്ത്യ സവർണ പൗരോഹിത്യ ഹിന്ദുവിന്റെ രാഷ്ട്രം എന്ന് പ്രഖ്യാപിച്ചിരുന്നു. ആ ബ്രാഹ്മണ — ക്ഷത്രിയ — ഹിന്ദുത്വ രാഷ്ട്രം ഉയർത്തിപ്പിടിക്കുവാൻ പരിശ്രമിക്കുന്നവർക്ക് ശാഖകളുടെ സംരക്ഷണം ഒരുക്കാൻ താൻ കവചം ഒരുക്കിയെന്ന് അഭിമാനത്തോടെ പറയുന്ന കെപിസിസി പ്രസിഡന്റ് ആണ് കെ സുധാകരൻ. മനുസ്മൃതി ആയിരിക്കണം ഭരണഘടന എന്നുപറഞ്ഞ ഗോൾവാൾക്കറുടെ ഛായാചിത്രത്തിന് മുന്നിൽ സാഷ്ടാംഗം പ്രണാമം നടത്തി പുഷ്പാർച്ചന നടത്തിയ ആളാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. സംഘപരിവാര ശക്തികളുമായി നിരന്തരം ബന്ധമുള്ളവർ സം സ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള ഏറ്റുമുട്ടലിലായിരുന്നു. മല്ലികാർജുൻ ഖാര്‍ഗെയും രാഹുൽ ഗാന്ധിയും വിളിച്ചു ചേർത്ത യോഗത്തിൽ കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണം എന്ന് നിശ്ചയിച്ചു. രാഹുൽ ഗാന്ധിയെ ആലിംഗനം ചെയ്യുകയും യോഗശേഷം മല്ലികാർജുൻ ഖാര്‍ഗെയുടെ തോളിൽ കയ്യിട്ട് പുറത്തിറങ്ങുകയും ചെയ്ത കെ സുധാകരൻ കേരളത്തിലെത്തിയപ്പോൾ സ്വരം മാറ്റി. എന്നെത്തൊടാൻ ഒരുത്തനും കഴിയില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തി. പുതിയ കെപിസിസി പ്രസിഡന്റുമാരുടെ പേരുകൾ പ്രചരിക്കുന്നതിനിടെ അറിയുന്നവരാവണം കെപിസിസി പ്രസിഡന്റ് എന്ന് മുരളീധരന്‍ പറഞ്ഞത് കേവലം ഫലിതമല്ല. വിഭാഗീയത പുറത്തുവരുന്നതിന്റെ ഭാഗമാണ് ഇത്തരം വെളിപ്പെടുത്തലുകൾ. 

ക്രൈസ്തവ സഭകളുടെ പ്രതിനിധികളായിരിക്കണം കെപിസിസി അധ്യക്ഷൻ എന്ന ചര്‍ച്ച കേരളത്തിലെ കോൺഗ്രസിൽ ആശയവിനിമയത്തിന് വിധേയമാക്കപ്പെടുന്നില്ല. മതസാമുദായിക സമ്മർദങ്ങൾക്ക് അടിമപ്പെടുകയാണ് കോൺഗ്രസ്. കെ മുരളീധരൻ സുധാകരനുവേണ്ടി വാദിക്കുമ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ കെ മുരളീധരനും ശശി തരൂരിനും എതിരായി പുരപ്പുറത്തുകയറി അപഹാസ്യപ്രയോഗം നടത്തിയിരുന്നു. ഇത് ആ പാര്‍ട്ടിയുടെ ആത്മാവിന്റെ നഷ്ടമാണ്. ഹാ! കഷ്ടം എന്ന് മാത്രമേ പറയാനാവൂ. ഒടുവില്‍ സണ്ണി ജോസഫ് അധ്യക്ഷനായത് മതസമവാക്യത്തില്‍ തന്നെയെന്ന് നിശ്ചയം. ആരോഗ്യമില്ലാത്തവനെന്നും ഓർമ്മശക്തിയില്ലാത്തവനെന്നും പ്രചരിപ്പിച്ച് തന്നെ നിഷ്കാസനം ചെയ്യാൻ പരിശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായാണ് കെ സുധാകരൻ ശബ്ദമുയർത്തിയത്. കേരളത്തിൽ ഒരു ഗ്രൂപ്പുണ്ടെന്നും അത് തനിക്കെതിരായി പ്രവർത്തിക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ തന്നെ തുറന്നുപറഞ്ഞു. ആശ്ചര്യമില്ല, കോൺഗ്രസ് എന്നും വിഭജനത്തിന്റെ രാഷ്ട്രീയ പാർട്ടിയാണ്. മഹാത്മാ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ച പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തിയാണ് സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിന്റെ അധ്യക്ഷനായത്. പിൽക്കാലത്ത് കോൺഗ്രസ് പാർട്ടിയുടെ രൂപീകരണ ചരിത്രം എഴുതിയത് പട്ടാഭി സീതാരാമയ്യയാണ്. അന്നേ കോൺഗ്രസിൽ തെരഞ്ഞെടുപ്പ് — ഭാരവാഹിത്വ രാഷ്ട്രീയം ഉണ്ടായിരുന്നു. ഇന്നിപ്പോൾ നോമിനേഷൻ ‍ രാഷ്ട്രീയത്തിന്റെ അധമ കാലത്താണ് പാര്‍ട്ടി അഭിരമിക്കുന്നത്. വി ഡി സതീശന്റെ ഒളിവേലകളും കെ സുധാകരന്റെ വെല്ലുവിളികളും കോൺഗ്രസ് മലീമസ രാഷ്ട്രീയത്തിന്റെ നഗ്നരൂപങ്ങളാണ്. എത്രമേൽ ഗർത്തത്തിൽ കേരളത്തിലെ കോൺഗ്രസ് എത്തിപ്പെട്ടിരിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രമാണ് തനിക്കെതിരായി കേരളത്തിൽ ഒരു കോൺഗ്രസ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്ന സുധാകരന്റെ വെളിപ്പെടുത്തൽ. 

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.