കാര്‍ഷിക മേഖലയോടുള്ള കേന്ദ്രഗവണ്‍മെന്റിന്റെ സമീപനം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ ജനങ്ങളില്‍ 61 ശതമാനത്തില്‍ അധികം കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. 141 കോടിയിലധികം വരുന്ന ജനസംഖ്യയില്‍ 85 കോടിയിലധികം കാര്‍ഷിക മേഖലയെ ആശ്രയിച്ച് തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. ചെറുകിട, നാമമാത്ര, ഇടത്തരം കര്‍ഷകരും കൃഷിപ്പണി ചെയ്യുന്ന കര്‍ഷകത്തൊഴിലാളികളുമാണ് അവരില്‍ ഭൂരിപക്ഷവും. അവരുടെ ജീവിതം ഏറെ ദുഃസഹമാണ്. കൃഷിപ്പണി ചെയ്യുന്ന കര്‍ഷകത്തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും ഗ്രാമീണ ഇന്ത്യയിലെ പാവപ്പെട്ട സ്ത്രീകളാണ്. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമാണ് അവര്‍. കാര്‍ഷിക മേഖലയില്‍ പുരോഗതി ഉണ്ടാകുമ്പോഴാണ് ഗ്രാമീണ ഇന്ത്യയില്‍ ചലനം ഉണ്ടാകുക. ഗ്രാമീണ ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമെ രാജ്യത്തില്‍ പുരോഗതി കെെവരിക്കുവാന്‍ കഴിയുകയുള്ളു. ക്രയശേഷി വര്‍ധിപ്പിക്കണമെങ്കില്‍ മഹാഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനവിഭാഗങ്ങളായ കര്‍ഷകരിലും കര്‍ഷകത്തൊഴിലാളികളിലും പണം ലഭ്യമാക്കണം. അതിലൂടെ മാത്രമെ രാജ്യത്തിന‌്‍ പുരോഗതി കെെവരിക്കാന്‍ കഴിയൂ. കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കുന്ന നയം അതിന് ഉതകുന്നതല്ല. കോര്‍പറേറ്റുകളുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിച്ച് രാജ്യത്തിന് അഭിവൃദ്ധി കെെവരിക്കാന്‍ കഴിയും എന്ന നയമാണ് നടപ്പിലാക്കുന്നത്. അതുകൊണ്ട് രാജ്യത്തിന്റെ ധനമേഖലകളെ ആകെത്തന്നെ കോര്‍പറേറ്റുകളുടെ താല്പര്യങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്.
കോര്‍പറേറ്റുകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്ന കേന്ദ്രഗവണ്‍മെന്റ് കാര്‍ഷികമേഖലയെ പൂര്‍ണമായും അവഗണിക്കുന്നു. അതിന്റെ ഭാഗമായി കര്‍ഷകര്‍ ഏറെ ദുരിതത്തിലാകുന്നു. ഇന്ത്യന്‍ കാര്‍ഷികമേഖല കോര്‍പറേറ്റുകള്‍ക്ക് കെെമാറുന്നതിനായി പാര്‍ലമെന്റില്‍ കൊണ്ടുവന്ന നിയമങ്ങള്‍ കൃഷിയെ കോര്‍പറേറ്റുവല്‍ക്കരിക്കാനായിരുന്നു. കര്‍ഷകന്റെ ഭൂമി കരാര്‍കൃഷി നടപ്പിലാക്കി കോര്‍പറേറ്റുകള്‍ക്ക് കെെമാറാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു പ്രസ്തുത നിയമങ്ങള്‍. അത് മനസിലാക്കിയാണ് ഇന്ത്യയിലെ കര്‍ഷകര്‍ സടകുടഞ്ഞെഴുന്നേറ്റ് തെരുവിലിറങ്ങിയത്. ലോകം ശ്രദ്ധിച്ച കര്‍ഷകസമരമായിരുന്നു ഇന്ത്യയില്‍ കണ്ടത്. ആ സമരം വിവിധ തലങ്ങളിലായി രാജ്യത്ത് മുന്നോട്ട് പോകുകയാണ്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കുന്നില്ല. കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്ക് മാത്രമായി മാറി. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പിലാക്കുവാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറാകുന്നില്ല. ബജറ്റില്‍ വകയിരുത്തിയ പണം പദ്ധതികള്‍ക്കായി ചെലവഴിക്കാതെ പാഴായിപ്പോയി എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കര്‍ഷക ക്ഷേമത്തിനും കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കുമായി വകയിരുത്തിയ ഒരുലക്ഷം കോടിയിലധികം രൂപ പദ്ധതികള്‍ക്കായി ചെലവഴിക്കാതെ നഷ്ടപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ ഞെട്ടിക്കുന്നതാണ്. ബജറ്റില്‍ അനുവദിച്ച ഒരുലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവഴിക്കാതെ തിരിച്ചടച്ചതായി ഔദ്യോഗികമായിത്തന്നെ കേന്ദ്ര കൃഷിമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്തുകൊണ്ട് പദ്ധതികള്‍ക്ക് അനുവദിച്ച പണം ചെലവഴിച്ചില്ല? ആരാണ് അതിന്റെ ഉത്തരവാദികള്‍? രാജ്യത്തിന് ഇതൊക്കെ അറിയാന്‍ താല്പര്യമുണ്ട്. വസ്തുതകള്‍ അറിയാനുള്ള വേദിയാണ് പാര്‍ലമെന്റ്. ലോക്‌സഭയും രാജ്യസഭയും നോക്കുകുത്തിയാക്കി പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശങ്ങളെത്തന്നെ ഇല്ലാതാക്കി. ചോദ്യം ചോദിക്കാനും ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും അനുവദിക്കാതെ രാജ്യത്തെ ‘ജനാധിപത്യ ഏകാധിപത്യ’ രാജ്യമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ചെയ്യുന്നത്. പാര്‍ലമെന്റിനെ നിര്‍വീര്യമാക്കുന്നതിലൂടെ പദ്ധതികള്‍ ലാപ്സാക്കുന്ന കാര്യം ജനങ്ങള്‍ക്ക് അറിയാന്‍ കഴിയാതെ വരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 21,000 കോടിയിലധികം കൃഷിമന്ത്രാലയം ചെലവഴിക്കാതെ തിരിച്ചുനല്‍കി. ബജറ്റ്‍ വിഹിതമായി അനുവദിച്ചിരുന്ന തുക 1,24,000 കോടി രൂപയായിരുന്നു. ചെലവഴിച്ച തുക ഏതൊക്കെ മേഖലകളില്‍ എന്നതൊക്കെ മനസിലാക്കേണ്ടതായിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിലെ കെടുകാര്യസ്ഥത, പല സന്ദര്‍ഭങ്ങളിലും വിമര്‍ശന വിധേയമാണ്. 50 ശതമാനം പണം പോലും യഥാര്‍ത്ഥത്തില്‍ പദ്ധതികള്‍ക്കായി ശരിയായ വിധത്തില്‍ ഉപയോഗപ്പെടുന്നില്ല എന്നതാണ് കാര്‍ഷികമേഖലയിലെ അനുഭവം. 2021–22 വര്‍ഷത്തില്‍ 23,824 കോടി 54 ലക്ഷവും 2019–20ല്‍ 34,517 കോടി 70 ലക്ഷം രൂപയും 2018–19ല്‍ 21,043 കോടി 75 ലക്ഷം രൂപയും ചെലവഴിക്കാതെ ധനവകുപ്പിന് തിരിച്ചുനല്‍കിയതായി 2022–23ല്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി എന്ന പദ്ധതിയില്‍ 2018–19 വര്‍ഷത്തില്‍ 54,000 കോടി രൂപ കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ ലഭിച്ചിട്ടുണ്ട്. പ്രസ്തുത പണം എത്ര ചെലവഴിച്ചു എന്ന വസ്തുതകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രഖ്യാപനം അല്ലാതെ പദ്ധതി നടപ്പിലാക്കുന്നില്ല. കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. കൃഷിക്കായുള്ള പാര്‍ലമെന്ററി സമിതി ഇതിനകം തന്നെ കാര്‍ഷിക പദ്ധതി നിര്‍വഹണത്തിലെ പോരായ്മകളെക്കുറിച്ചും പദ്ധതികള്‍ക്ക് ബജറ്റില്‍ അനുവദിച്ച പണം ചെലവഴിക്കാത്തതിനെക്കുറിച്ചും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനൊന്നും തന്നെ മുഖം നല്‍കാത്ത സമീപനമാണ് കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കുന്നത്. കര്‍ഷകക്ഷേമം, ജനസേവനം, ഗവേഷണം, ഉല്പന്നങ്ങള്‍ക്കുള്ള വിലസ്ഥിരത, അടിസ്ഥാന സൗകര്യവികസനം എന്നീ പദ്ധതികള്‍ക്ക് ചെലവഴിക്കേണ്ട പണമാണ് ലാപ്സായത്. കര്‍ഷകരെ വിസ്മരിക്കുന്ന നയത്തിന്റെ ഭാഗമാണ് ഇതൊക്കെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.