23 December 2024, Monday
KSFE Galaxy Chits Banner 2

ഫാസിസ്റ്റ് വേട്ടകൾ തുടരുന്നു

Janayugom Webdesk
July 3, 2022 12:07 am

ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നവരെ ഇരുമ്പഴിക്കുള്ളിൽ തളയ്ക്കുന്ന ഫാസിസ്റ്റ് വേട്ടയാടൽ നമ്മുടെ രാജ്യത്ത് ക്രൂരമായ രീതിയിൽ തുടരുകയാണ്. ഇക്കഴിഞ്ഞ ജൂൺ 24 ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച്, 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്ഐടി) അന്വേഷണ റിപ്പോർട്ട് ശരിവച്ചുകൊണ്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി, അമിത് ഷാ തുടങ്ങിയവർക്ക് ഈ സംഭവത്തിൽ എന്തെങ്കിലും പങ്കുള്ളതായി കാണുന്നില്ലായെന്ന് വിധിപ്രസ്താവം നടത്തി. എന്നാൽ കോടതി മറ്റൊരു കൃത്യം കൂടി ചൂണ്ടിക്കാണിച്ചിരുന്നു. ”സംസ്ഥാന ഭരണകൂടത്തിന്റെ പിഴവുകൾ അന്വേഷിക്കലല്ല എസ്ഐടിയുടെ ചുമതലയെന്നും ക്രമസമാധാന നില തകർന്നതിനു പിന്നിൽ സംസ്ഥാന സർക്കാരാണെന്നും പറയാൻ വിശ്വസനീയമായ തെളിവുകളില്ലാ”യെന്നും ബഹുമാനപ്പെട്ട ഡിവിഷണൽ ബെഞ്ച് പറയുകയുണ്ടായി. വിധിയെന്തുമാകട്ടെ, പ്രതികൾക്ക് ക്ലീൻ ചിറ്റു കൊടുക്കുകയും ചെയ്യട്ടെ, പക്ഷെ പരാതി പറഞ്ഞവരെ വീണ്ടും ഭരണകൂട വേട്ടയാടലിന് എറിഞ്ഞുകൊടുക്കുന്നതിനുള്ള ഉപകരണമായി കോടതിവിധി മാറുന്നത് അത്യന്തം അപകടകരമാണെന്ന് പറയാതിരിക്കാൻ വയ്യ.

2002ൽ രജിസ്റ്റർ ചെയ്ത് സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു വരുന്ന ഒരു സംഘടനയാണ്, ”സിറ്റിസൺസ് ഫോർ ജസ്റ്റീസ് ആന്റ് പീസ്”. ഈ സംഘടനയുടെ സെക്രട്ടറിയാണ് ”ടീസ്ത സെതൽവാദ്”. 2002 ൽ ഗുജറാത്തിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും കൊടുംപീഡനങ്ങൾക്കു വിധേയരായവർക്കും നീതിയുടെയും ആശ്വാസത്തിന്റെയും സഹായഹസ്തങ്ങളുമായി എത്തിച്ചേർന്ന ഒരു സംഘടനയാണിത്. 2002 ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട പാർലമെന്റംഗവും കോൺഗ്രസ് നേതാവുമായ ഇഹ്സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയും ടീസ്ത സെതൽവാദയും കൂടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ശരിവച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരെയാണിവർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന ഭരണകൂടത്തിന്റെ നിസംഗതയെന്ന കൃത്യവിലോപം ചൂണ്ടിക്കാണിച്ച ഇരുവരുടെയും നീതി തേടിയുള്ള ഹർജി നിരസിക്കുക മാത്രമല്ല, ഗുജറാത്ത് സംസ്ഥാനത്ത് 2002 ഫെബ്രുവരിയിലും മാർച്ചിലുമായി ഗോധ്രാ സംഭവത്തിനു ശേഷം ഉണ്ടായ കലാപങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും മുഖ്യമന്ത്രിയോ ഗവൺമെന്റോ അല്ല ഉത്തരവാദികൾ എന്ന വിചിത്ര നിഗമനവും കോടതി വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന ഗവൺമെന്റിന്റെ നിഷ്ക്രിയത്വവും അന്നത്തെ മുഖ്യമന്ത്രിയുടെ മുസ്‌ലിം വിരുദ്ധ പരാമർശവും വെളിച്ചത്തു കൊണ്ടുവന്ന മനുഷ്യാവകാശ പ്രവർത്തകരുടെ സംഘടനയുടെ സെക്രട്ടറിയും മനുഷ്യക്കുരുതിക്കു കൂട്ടു നിൽക്കാതിരുന്ന ഉദ്യോഗസ്ഥരുമാണ് കുറ്റവാളികൾ എന്ന കണ്ടെത്തലുകളും അതീവ വിചിത്രമായി തോന്നുന്നു.

സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനു ജനങ്ങളെ അനുവദിക്കുകയില്ലായെന്ന ഇന്ത്യൻ ഭരണകൂട സമീപനം തന്നെ ഒരു തരത്തിൽ അന്താരാഷ്ട്ര കുറ്റകൃത്യമാണ്.
ഗുജറാത്ത് കലാപസമയത്ത് സംസ്ഥാനത്തെ പൊലീസ് ഇന്റലിജൻസ് മേധാവിയായിരുന്ന മലയാളിയായ ആർ ബി ശ്രീകുമാറും പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടും ടീസ്തയോടൊപ്പം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗുജറാത്ത് പൊലീസിന്റെ പ്രതിപ്പട്ടികയിലാണ്. തീവ്രവാദ വിരുദ്ധ സംഘം (എടിഎസ്) അവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി പ‌ൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. അന്നത്തെ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഭട്ട് മറ്റൊരു കേസിൽ കുടുങ്ങി ഇപ്പോഴും ജയിലിലാണ്. ഗുജറാത്ത് കലാപക്കേസിൽ മുഖ്യമന്ത്രിയുടെ (നരേന്ദ്ര മോഡിയുടെ) വിവാദ പരാമർശങ്ങളെ തുറന്നുകാണിച്ച ഭട്ടിനെതിരെ തുരുതുരാ നിരവധി കള്ളക്കേസുകളാണ് മോഡിയും കൂട്ടരും ചമച്ചത്. അങ്ങനെയൊരു കേസിൽ ജയിലിൽ കിടക്കുന്ന സഞ്ജീവ് ഭട്ടിനെയും പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊലീസ് കസ്റ്റഡിയിൽ വേണമെന്നാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പൊലീസ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

 


ഇതുകൂടി വായിക്കു; രാഷ്ട്രീയ ഭീതിയും സ്തുതിയും പടരുന്ന ഇന്ത്യ


ഇവർ പുറത്തുവിട്ടതും മോഡി-അമിത് ഷാ കൂട്ടുകെട്ട് ഭയക്കുന്നതുമായ വിവരം എന്താണ്. ഗോധ്രാ സംഭവത്തിനു ശേഷം നടന്ന കലാപസമയത്ത് മുഖ്യമന്ത്രി ഉന്നത പൊലീസുദ്യോഗസ്ഥരോട് പറഞ്ഞത് ”ആക്രമണങ്ങൾ നടത്തുന്ന ഹിന്ദുക്കളെ തടയേണ്ടതില്ല. മുസ്‌ലിങ്ങൾ ഇവിടെ അതിരുകടന്ന അതിക്രമങ്ങൾ കാണിച്ചതല്ലേ.” എന്നതാണ്. അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ”ഹരേൺ പാണ്ഡ്യ” മുഖ്യമന്ത്രിയുടെ ഈ നിർദേശത്തെ എതിർത്തു. 2003 മാർച്ചിൽ പ്രഭാത സവാരി കഴിഞ്ഞ് സ്വന്തം കാറിൽ കയറിയ ഉടൻതന്നെ അജ്ഞാതരായ രണ്ടുപേരുടെ തോക്കിനിരയായി അദ്ദേഹം കൊല്ലപ്പെട്ടു. സഞ്ജീവ് ഭട്ട് ഐപിഎസ് ആഭ്യന്തര മന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കലാപമന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തേയും ഭട്ട് ഇത് ഓർമ്മപ്പെടുത്തിയിരുന്നു. ഇപ്പോൾ മോഡിയെ എതിർത്ത രണ്ട് ഐപിഎസ് ഓഫീസർമാരും കലാപത്തിനിരയായവരോടൊപ്പം നിന്നു പൊരുതിയ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദും ഗുജറാത്ത് പൊലീസിന്റെ കസ്റ്റഡിയിലും ഇരുമ്പഴികളിലുമാകാൻ പോകുന്നു.

ബിജെപിയുടെ ദേശീയ വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പുറത്തു കൊണ്ടുവന്ന ”ആൾട്ട് ന്യൂസ്” എന്ന വാർത്താ മാധ്യമത്തിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു തടങ്കലിലാക്കി. അദ്ദേഹത്തിന്റെ പേരിൽ ചാർത്തിയിരിക്കുന്ന കുറ്റം ”മതവികാരം വ്രണപ്പെടുത്തി”യെന്നതാണ്. സമൂഹ മാധ്യമങ്ങളിൽക്കൂടി പ്രചരിക്കുന്ന തെറ്റായ വാർത്തകളുടെ നിജസ്ഥിതി പുറത്ത് കൊണ്ടുവരുന്നതിനു വേണ്ടി ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനമാണ് പ്രതീക് സിൻഹ എന്ന സോഫ്റ്റ്‌വേർ എന്‍ജിനീയർ 2017 ൽ സ്ഥാപിച്ച ”ആൾട്ട് ന്യൂസ്”. അതിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. 2014 ന് മുമ്പ് ”ഹണിമൂൺ ഹോട്ടൽ” എന്ന് പേരിട്ടിരുന്ന സ്ഥാപനം പിന്നീട് ”ഹനുമാൻ ഹോട്ടലായി” എന്ന് സമൂഹമാധ്യമ പോസ്റ്റിട്ടതാണ് സുബൈറിന്റെ പേരിലുള്ള കുറ്റം. എന്നാൽ പ്രവാചകനിന്ദ നടത്തിയ, നൂപുർ ശർമയെ ഇന്നുവരെ അറസ്റ്റു ചെയ്യാനോ ജയിലിലടയ്ക്കാനോ ഡൽഹി പൊലീസിനു കഴിയുന്നുമില്ല. നാലുവർഷം മുൻപത്തെ ഒരു സമൂഹമാധ്യമ പോസ്റ്റിൽ മതവികാരം വ്രണപ്പെട്ടതായി കണ്ടെത്തിയ ഡൽഹി പൊലീസിന് 2022 മേയ് മാസം നടത്തിയ പ്രവാചകനിന്ദയെന്ന കുറ്റം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ച നൂപുർ ശർമയെ സുപ്രീം കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. അവർ നടത്തിയ പ്രവാചകനിന്ദയ്ക്ക് ശേഷം രാജ്യത്തുണ്ടായ വർഗീയ കലാപങ്ങളുടെ പൂർണ ഉത്തരവാദിത്തം നൂപുർ ശർമയ്ക്കാണെന്നും അവർ രാജ്യത്തോട് മാപ്പ് പറയേണ്ടുന്നതാണെന്നും കോടതി നിരീക്ഷിച്ചു. അവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളി നടത്തുന്നതിനെയും കോടതി വിമർശിച്ചു.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ”ആംനസ്റ്റി” സുബൈറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു. ലോകത്തെവിടെയും സ്വതന്ത്രമായി അഭിപ്രായം പറയാൻ ജനങ്ങളെ അനുവദിക്കണമെന്ന് ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ വക്താവ് വ്യക്തമാക്കി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഇരകളോടൊപ്പം മനുഷ്യാവകാശത്തിനായി പോരാടിയവരെ കുറ്റവിചാരണ നടത്താനുള്ള നീക്കത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ഓഫീസ് മേധാവിയും തന്റെ ആശങ്ക പങ്കുവച്ചു. ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ അംഗരാഷ്ട്രങ്ങളോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നഭിപ്രായപ്പെട്ട നരേന്ദ്രമോഡിയുടെ സ്വന്തംഭരണകൂട ചെയ്തികൾ അന്താരാഷ്ട്ര സമൂഹം വിലയിരുത്തട്ടെ. പുതിയ മാധ്യമ സ്വാതന്ത്ര്യ പട്ടികയിൽ (റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്) 150-ാം സ്ഥാനത്തു നിൽക്കുന്ന നമ്മുടെ രാജ്യം ഈ ഫാസിസ്റ്റു ഭരണകൂടത്താൽ കൂടുതൽ കൂടുതൽ തലതാഴ്ത്തേണ്ടി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.