27 December 2024, Friday
KSFE Galaxy Chits Banner 2

ജി 20യും ഇടനാഴികളും

രമേശ് ബാബു
മാറ്റൊലി
September 21, 2023 4:22 am

ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ പ്രമേയം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നായിരുന്നുവെങ്കിലും സൗഹൃദം വരണ്ട ഭൗമോപരിതലത്തിലും സംഘർഷം മൂടിയ കുടുംബാന്തരീക്ഷത്തിലും ആശങ്കകളുടെ ഭാവിയിലുമാണ് സമ്മേളനം ആരംഭിച്ചത്. 2022ൽ ബാലിയിൽ ചേർന്ന ജി20 ഉച്ചകോടിയിൽ റഷ്യ‑ഉക്രെയ്ൻ യുദ്ധവിഷയം അംഗരാജ്യങ്ങൾക്കിടയിൽ ചേരിതിരിവിന് വഴിവച്ചിരുന്നു. അമേരിക്ക, ഫ്രാൻസ് ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഒരു ഭാഗത്തും റഷ്യ‑ചെെന കൂട്ടുകെട്ടിനോട് അനുഭാവമുള്ള സംഘങ്ങൾ മറുഭാഗത്തുമായി നിലയുറപ്പിച്ചതിനാൽ യുദ്ധവിഷയത്തിൽ ഒരു സംയുക്ത പ്രഖ്യാപനം പോലും പുറത്തിറക്കാനായില്ല. യുദ്ധത്തെച്ചൊല്ലി രാജ്യങ്ങൾ പക്ഷം പിടിച്ചു നിൽക്കുന്ന സങ്കീർണ സാഹചര്യത്തിലാണ് ഇന്ത്യ ജി20 അധ്യക്ഷപദത്തിലേക്കെത്തുന്നതും പ്രഗതി മെെതാനത്തിലെ ഭാരത് മണ്ഡപത്തിൽ സമ്മേളിക്കുന്നതും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചെെനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും ഉച്ചകോടിക്കെത്തില്ല എന്ന് അറിയിച്ചതോടെ ഫലപ്രാപ്തിയിൽ ആശങ്കകളുണരാൻ കാരണമായി. ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യാന്തര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനാലാണ് പുടിൻ സമ്മേളനത്തിൽ എത്താതിരുന്നത്. അതിർത്തി ഭൂപടം തോന്നുംപോലെ മാറ്റിവരയ്ക്കുന്ന കലാപരിപാടികൾ തുടരുകയും ഇന്ത്യയുടെ അതിർത്തികളിലേക്ക് അധിനിവേശങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന ചെെനയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം ഏറ്റവും വഷളായ സാഹചര്യമാണ് ഇതെന്ന് ബോധ്യമുള്ളതിനാൽ ഷീ ജിൻ പിങ്ങും എത്തിയില്ല. പകരം ചെെനയുടെ പ്രധാനമന്ത്രി ലീ ചിയാങ്ങും റഷ്യൻ വിദേശകാര്യമന്ത്രി സെർജിലാവ്റോവും അവരുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ചു.


ഇതുകൂടി വായിക്കൂ;ചന്തംചാര്‍ത്തലുകളുടെ ജി20


 

 

ഉക്രെയ്ൻ വിഷയത്തിൽ ഉച്ചകോടിക്ക് മുമ്പേ അംഗരാജ്യങ്ങൾക്ക് വിതരണം ചെയ്ത രേഖയുടെ പേരിൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ഒരു ഭാഗത്തും റഷ്യയും ചെെനയും ഉൾപ്പെടുന്ന സഖ്യം മറുഭാഗത്തുമായി നിലകൊണ്ടതോടെയാണ് ഉച്ചകോടിയുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയർന്നത്. എങ്കിലും യുദ്ധത്തെച്ചൊല്ലി ചേരിതിരിഞ്ഞ അംഗരാജ്യങ്ങൾക്കൊടുവിൽ സമവായമുണ്ടാക്കി ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം സാധ്യമാക്കാൻ കഴിഞ്ഞു. 83 ഖണ്ഡികയുള്ള ഡൽഹി പ്രഖ്യാപന രേഖയിൽ എട്ട് ഖണ്ഡിക ഉക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോളരാഷ്ട്രീയത്തെ കുറിച്ചാണ്. “യുഎൻ ചാർട്ടറിൽ പറയുന്ന തത്വങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും എല്ലാവരും പൂർണമായി അംഗീകരിക്കണം. ഒരു രാജ്യത്തിന്റെ പ്രദേശം കയ്യടക്കുന്നതോ പ്രാദേശിക സമഗ്രതയ്ക്കെതിരെ പ്രവർത്തിക്കുന്നതോ സെെനികശക്തി ഉപയോഗിക്കുന്നതിലോ നിന്ന് വിട്ടുനിൽക്കണം. ആണവായുധങ്ങളുടെ ഉപയോഗവും ഭീഷണിയും അംഗീകരിക്കാനാവില്ല”- എന്നാണ് ഡൽഹി പ്രഖ്യാപനം യുദ്ധവിഷയത്തിൽ കെെക്കൊണ്ട സമീപനം. എന്നാൽ റഷ്യയെയൊ ഉക്രെയ്‌നെയൊ പേരെടുത്തു വിമർശിക്കാത്ത ഡൽഹി പ്രഖ്യാപനത്തിൽ എന്ത് നീതിയാണുള്ളതെന്നും ആയിരക്കണക്കിന് ജീവൻ പൊലിയുമ്പോൾ അതിന് കാരണക്കാരായവരോട് മൃദുസമീപനമെന്തിനെന്നുമാണ് വിമർശനങ്ങൾ. ഡൽഹി സമവായ പ്രഖ്യാപനത്തിൽ അഭിമാനിക്കാനായി ഒന്നുമില്ലെന്നും കനലുകൾ നീറിനിൽക്കുകയാണെന്നുമായിരുന്നു ഉക്രെയ്ൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ജി20യെ രാഷ്ട്രീയവല്‍ക്കരിക്കാത്ത ഇന്ത്യയുടെ നിലപാടിനെ പ്രകീർത്തിക്കുന്നുവെന്നും ഉച്ചകോടിയുടെ അജണ്ട ഉക്രെയ്ൻ വിഷയംകൊണ്ട് മറഞ്ഞുപോയില്ലെന്നും ആഗോള ഭരണ, ധനകാര്യ വിഷയങ്ങളിൽ മാർഗനിർദേശം നൽകാൻ ഉച്ചകോടിക്ക് കഴിഞ്ഞുവെന്നുമാണ് റഷ്യ പ്രതികരിച്ചത്. റഷ്യയിൽ നിന്ന് കുറഞ്ഞനിരക്കിൽ ഇന്ധനം ലഭിക്കുന്നതും റഷ്യ‑ചെെന ബന്ധങ്ങളിലെ ഇന്ത്യയുടെ ഉത്കണ്ഠയുമാണ് യഥാർത്ഥത്തിൽ സമവായ പ്രഖ്യാപനത്തിന്റെ നയതന്ത്രജ്ഞത. ഇന്ത്യയുടെ ഈ നിലപാട് വർത്തമാനകാല സാഹചര്യത്തിൽ ശരിയാണെന്നാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങും മുൻ വിദേശകാര്യ സഹമന്ത്രിയും യുഎൻ നയതന്ത്രജ്ഞനുമായിരുന്ന ശശി തരൂരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ; ജി20 ഉച്ചകോടിയുടെ ബാക്കിപത്രം


ജി20 ഉച്ചകോടി വൻ വിജയമായെന്നും രാജ്യത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും പ്രതിച്ഛായ വാനോളം ഉയർന്നുവെന്നുമാണ് ഭരണകക്ഷി സമ്മേളനാനന്തരം അവകാശപ്പെട്ടത്. കൊടിതോരണങ്ങളുടെ വർണപ്പകിട്ടുകൾക്കപ്പുറം ആഭ്യന്തരമായി ഇന്ത്യ പരിഹരിക്കേണ്ട, നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങൾ ഇപ്പോഴും തുടരുകയാണ്. 230 ദശലക്ഷം ദരിദ്രരുള്ള ഇന്ത്യയാണ് ലോകത്ത് ഏറ്റവുമധികം ദരിദ്രരുള്ള രാജ്യം. ആഗോള പട്ടിണി സൂചികയിൽ 123ൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. ഡൽഹിയിൽ സമ്മേളിച്ച ജി20 രാജ്യങ്ങളിൽ ആളോഹരി വരുമാനം ഏറ്റവും കുറവുള്ള രാജ്യവും ഇന്ത്യയാണ്. ഇതിനൊക്കെ പുറമെയാണ് മണിപ്പൂർ പോലുള്ള സംസ്ഥാനങ്ങളിലെ അണയാത്ത കലാപങ്ങളും പടരുന്ന അശാന്തിയും. ഇതിനൊന്നും ക്രിയാത്മകമായ പ്രതിവിധികൾ കണ്ടെത്താൻ ഭരണകൂടത്തിനൊട്ട് കഴിയുന്നുമില്ല. ജി20 ഉച്ചകോടി അന്തർദേശീയമായി നേട്ടങ്ങൾക്ക് കാരണമായെന്ന് രാജ്യതന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യ‑മധ്യേഷ്യ‑യൂറോപ്പ് സാമ്പത്തിക ഇടനാഴി പങ്കാളിത്ത രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക‑രാഷ്ട്രീയ ബന്ധം ഉറപ്പിക്കുന്നതിനുള്ള പാതയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ചെെനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആന്റ് റോഡ് ഇടനാഴി സംശയങ്ങളുടെ നിഴലിലും പ്രതിസന്ധിയിലുമാണ്. ഇറ്റലി ഈ പദ്ധതിയിൽ നിന്ന് പിൻമാറുകയാണ്. ഈ അവസരത്തിൽ അമേരിക്ക, ഫ്രാൻസ്, ജോർദാൻ, സൗദി അറേബ്യ, യുഎഇ, ജർമ്മനി, യൂറോപ്യൻ യൂണിയൻ, ഇസ്രയേൽ എന്നീ രാഷ്ട്രങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഇന്ത്യ‑മധ്യേഷ്യ‑യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ വ്യാപാരം 40 ശതമാനം വേഗത്തിലാകുമെന്നാണ് നിഗമനം.
ആഫ്രിക്കൻ യൂണിയനെ ജി20 കൂട്ടായ്മയിൽ അംഗമാക്കിയത് ഇന്ത്യക്ക് നേട്ടമാണെന്ന് നയവിദഗ്ധർ പറയുന്നു. കാലാവസ്ഥാ സംരക്ഷണത്തിന് കൂടുതൽ ഫണ്ട് ലഭ്യമാക്കിയതും പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളുടെ തോത് 2030ഓടെ മൂന്നിരട്ടിയാക്കാനും ഫോസിൽ സബ്സിഡി കൊണ്ടുവരുന്നതും ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങൾക്ക് അനുകൂലമായി മാറും. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ പരിഷ്കരിക്കണം, ചെറുകിട ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ കടഭാരം പരിഹരിക്കണം, ക്രിപ്റ്റോ ധനവുമായി ബന്ധപ്പെട്ട നികുതിവിവരങ്ങൾ അംഗരാജ്യങ്ങൾ പരസ്പരം കെെമാറണം, വിലസ്ഥിരതാ ലക്ഷ്യം കെെവരിക്കാൻ കേന്ദ്ര ബാങ്കുകൾ തുടരണം എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമായാൽ സാമ്പത്തികരംഗത്ത് ഉണർവ് പകരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഉച്ചകോടികൾ എപ്പോഴും ആഗോള നയതന്ത്രജ്ഞതയാണ് ലക്ഷ്യംവയ്ക്കുന്നതും പ്രാധാന്യം കല്പിക്കുന്നതും. ആഗോള പങ്കാളിത്തങ്ങൾക്കായി നയങ്ങൾ രൂപീകരിക്കുമ്പോൾ അത് ഉരുത്തിരിയേണ്ടത് ദേശത്തിന്റെ ശക്തമായ ആഭ്യന്തരനയങ്ങളുടെ കാര്യശേഷിയിൽ നിന്നും ജനാധിപത്യപരമായ പാരമ്പര്യത്തിൽ നിന്നും വിശ്വാസത്തിൽ നിന്നുമാകണം. വിദേശനയങ്ങളിൽ ഭരണകക്ഷിയുടെ ഏകപക്ഷീയത മുഴച്ചുനിൽക്കാനേ പാടില്ല.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉച്ചകോടിയിൽ പങ്കെടുത്ത അതിഥികൾക്കായി ഒരുക്കിയ അത്താഴവിരുന്നിൽ കാബിനറ്റ് മന്ത്രിമാരെയും സഹമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടും കാബിനറ്റ് പദവിയുള്ള രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗയെ ക്ഷണിക്കാതിരുന്നത് ജനാധിപത്യ മര്യാദയല്ല. പ്രതിപക്ഷ ബഹുമാനം കുടുംബത്തിൽ നിന്നുതന്നെ തുടങ്ങേണ്ടുന്ന ശീലവും ഗുണവുമാണ്.
ജി20 ഉച്ചകോടിക്കായി രാജ്യത്തിന് 4254.75 കോടി രൂപയാണ് ചെലവ് വന്നതെന്ന് കണക്കാക്കപ്പെടുന്നു. പുതിയ ഹാളുകളും പ്രതിമകളും നിർമ്മിക്കൽ, പൂന്തോട്ടം ഒരുക്കൽ, റോഡും പരിസരങ്ങളും വൃത്തിയാക്കൽ തുടങ്ങി 12 ഇനങ്ങളിലായാണ് പണം ചെലവഴിക്കേണ്ടി വന്നിട്ടുള്ളത്. സുരക്ഷയ്ക്ക് വേണ്ടിയാണ് ഏറ്റവുമധികം പണം വിനിയോഗിച്ചത്. രാജ്യത്തിന്റെ പട്ടിണിയും ദാരിദ്ര്യവും മറയ്ക്കാൻ ചേരികളിലെ വീടുകൾ തകർക്കൽ, ഒഴിപ്പിക്കൽ, പട്ടിണിക്കോലങ്ങളെ മതിൽകെട്ടി കൺവെട്ടത്തുനിന്ന് അകറ്റിനിർത്തൽ, വീഥികളിൽ ശ്മശാന മൂകത നിറയ്ക്കൽ തുടങ്ങിയവയ്ക്കൊക്കെ ഒട്ടും കുറവല്ലാത്ത തുകയാകാം പാഴായിപ്പോയിട്ടുള്ളത്. ജി20 രാജ്യത്തിന്റെ നയതന്ത്ര വിജയമായി കൊണ്ടാടുമ്പോൾ നിരാശ്രയമായി മിഴിച്ചുനോക്കുന്ന പട്ടിണിയെയും ദാരിദ്ര്യത്തെയും ഉന്മൂലനം ചെയ്യാനുംകൂടി നയങ്ങൾ ആവിഷ്കരിക്കപ്പെടട്ടെ. എങ്കിലേ പേരുമാറിയ ഭാരതം അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തിന്റെ മാതാവാകുകയുള്ളു.

മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ട് നിർമ്മിച്ചതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.