
പാലക്കാട് ടിപു സുല്‍ത്താന്‍ കോട്ടയുടെ കിടങ്ങും കടന്ന് കാറ്റുവീശാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ‘വാടിക’യില്‍ ഒത്തുകൂടി. ആരെയും അനുമോദിക്കാനല്ല. വിടരുംമുമ്പ് തല്ലിക്കൊഴിച്ച പിഞ്ചുജന്മങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍. ചെറുമക്കള്‍ക്ക് മുമ്പില്‍ ജീവിക്കാനവസരം കിട്ടിയ മുതിര്‍ന്നവരുടെ ക്ഷമാപണം; ഒരുതരം ആത്മബലി. ഈ 11-ാം തീയതി വാടികയിലെ ചത്വരത്തില്‍ ഏതാണ്ട് രണ്ട് ഡസന്‍ സംഘടനകളുടെ പ്രതിനിധികളും ഒരു സംഘടനയിലുമില്ലാത്ത ദുഃഖിതരുമായ ഒരു വന്‍ മനുഷ്യക്കൂട്ടം ഒത്തുചേര്‍ന്നു. ഗാസയിലെ കാലം ചെന്നുപോയ കുട്ടികളുടെ പേരുകള്‍ വായിക്കാന്‍ അവരോട് മാപ്പപേക്ഷിക്കാന്‍. ഗാസയില്‍ നഷ്ടത്തിന്റെ കണക്കെടുപ്പ് ഉചിതമല്ലെന്നറിയാം. എന്നാലും അവിടെ നടന്ന നാശത്തിന്റെ ഒരു ചെറുരൂപമറിയാന്‍ പറയാം. 19,424 കുട്ടികള്‍ വെടിയേറ്റും കത്തിയും കരിഞ്ഞും മരിച്ചു. ഇപ്പോള്‍ ഏതാണ്ട് 14,400 പേര്‍ പോഷകാഹാരക്കുറവ് നേരിടുന്നു. ഗാസയിലെ മരണം 67,139പേര്‍. മരിച്ച മാധ്യമ പ്രവര്‍ത്തകര്‍ 248. ഏതാണ്ട് 4,36,000 വീടുകള്‍ തകര്‍ന്നു. രണ്ടുലക്ഷത്തോളം വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇനി ബാക്കിയായി നാടുവിട്ടോടിയവര്‍ മടങ്ങിവരുമ്പോള്‍ അവിടെ ആരുണ്ടാവും. അവര്‍ക്ക് കയറിയിരിക്കാന്‍ എന്തുണ്ടാവും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അവരൊക്കെ പലായനത്തിലായിരുന്നു. മടങ്ങിവരുന്നവരെ കാത്ത് മക്കളില്ല, മക്കള്‍ക്ക് രക്ഷിതാക്കളില്ല. മനുഷ്യന്‍ നിര്‍മ്മിച്ച ഒരു മരുഭൂമിയായി ഗാസ. അവരെ ഓര്‍ക്കാനാണ് ഈ മാസം 11ന് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയൊരു കൂട്ടായ്മ അവിടെ ഒത്തുകൂടിയത്. ചിന്തരവി ഫൗണ്ടേഷന്‍, എകെപിസിടി, എകെജിസിടി, ജില്ലാ പബ്ലിക് ലൈബ്രറി, സ്വരലയ, യുവകലാസാഹിതി, പുകസ, എന്‍ജിഒ യൂണിയന്‍, ഒ വി വിജയന്‍ സ്മാരക സമിതി, സംസ്കാര സാഹിതി തുടങ്ങി മനുഷ്യന്റെ സങ്കടം കണ്ടറിയാനാവുന്ന സകല മനുഷ്യരും അവിടെയെത്തി. അരനൂറ്റാണ്ടിലധികം കാലം പാലക്കാട്ടെ സാംസ്കാരിക ജീവിതത്തില്‍ സജീവമായിരുന്ന ഞാന്‍, ഇങ്ങനെയൊരു ധന്യമായ കൂട്ടായ്മ ഇവിടെ കണ്ടിട്ടില്ല. ടി ആര്‍ അജയനും സി പി പ്രമോദും ചെറിയൊരു മുഖഭാഷണം നടത്തിയതോടെ കൂട്ടായ്മ തുടങ്ങി. എത്രയോ പടയോട്ടങ്ങള്‍ കണ്ട ടിപ്പുവിന്റെ കോട്ടയുടെ നിഴലിരുന്ന്, മനുഷ്യരാശി കണ്ട ഹീനമായ മനുഷ്യഹത്യയുടെയും പടയോട്ടത്തിന്റെയും ഇരകളെ ബഹുവിധ പരിപാടികളോടെ ഓര്‍മ്മിച്ചു. ഗാസയിലെ മണ്ണിലൂടെ പ്രതിരോധ റാലി നടത്തുന്ന നിരവധി രാജ്യങ്ങളില്‍ നിന്നുവരുന്ന മനുഷ്യര്‍ — കെട്ടിടങ്ങളുടെ ഡോക്യുമെന്ററി, തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ റീലുകള്‍, ദൂരെ അനാഥത്വത്തിലൂടെ നോക്കിയിരിക്കുന്ന കുട്ടികള്‍, എല്ലാം സ്ക്രീനില്‍ തെളിഞ്ഞു. പിന്നെ സമൂഹത്തിന്റെ നാനാ മണ്ഡലങ്ങളില്‍ നിന്ന് വന്നവര്‍, ഒരാള്‍ പതിനഞ്ച് പേരുകള്‍ വീതം, അവിടെ മണ്ണടിഞ്ഞ, ചാരമായ കുഞ്ഞുങ്ങളുടെ പേര്‍ക്ക് പറഞ്ഞു. സലലയ് ഹസസന്, മരഡോ ഉക്ഹല്‍, ഹൂദ മുഹമ്മദ് ഹുസൈനെ ഇന് അബുനജഷമ് റബിഎജുമ അബു ജസര്, ബിലല് അഹമ്മദ്, ഖലീല് സരബ്. അവരീ വിളി കേള്‍ക്കില്ല. അങ്ങനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഏതാണ്ട് 1500കുട്ടികളുടെ പേരുകള്‍ വിളിച്ചുപറഞ്ഞു. അവര്‍ കേള്‍ക്കില്ലായിരിക്കാം. പക്ഷെ കേള്‍ക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഏതാണ്ട് 110 കിലോമീറ്റര്‍ നീളവും മുപ്പതോളം കിലോമീറ്റര്‍ വീതിയുമുള്ള ഒരു ചെറിയ സ്ഥലമാണ് ഗാസ. വെസ്റ്റ് ബാങ്കും പലസ്തീനുമായി പലസ്തീന്‍ എന്ന രാജ്യമായി. വെസ്റ്റ് ബാങ്കിനെയും ഗാസയെയും മുറിച്ചുകൊണ്ട് ഇസ്രയേലിന്റെ ഭൂമി കിടക്കുന്നു. ഇവിടെയാണ് കൂട്ട നരഹത്യ നടക്കുന്നത്. മനോഹരമായ ഭൂപ്രകൃതി. എനിക്ക് തന്ന ലിസ്റ്റില്‍ ഞാന്‍ വായിച്ച കുട്ടികള്‍ മൂന്നിനും നാലിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍. ആ സന്ധ്യയുടെ ഓര്‍മ്മ കൂട്ടായ്മയില്‍ അതുവഴി കാറില്‍ പോയത് ഞാനോര്‍ത്തു. ഞാന്‍ വായിച്ച ഏതോ ചില കുട്ടികള്‍ അന്നവിടെ കളിച്ചു വളരുന്നുണ്ടവാം. ഒരുപക്ഷെ പാതയോരത്തെവിടെയോ കണ്ടിട്ടുണ്ടാവാം. ഏതാണ്ട് മൂന്നു കൊല്ലം മുമ്പാണ് ഞാനെന്റെ ജീവിതത്തിലൊരിക്കലും മറക്കാത്ത പലസ്തീന്‍, ഇസ്രയേല്‍ യാത്ര നടത്തിയത്. ഇതൊക്കെക്കൂടെ തിക്കിത്തിരക്കിവന്നപ്പോള്‍ ആ സന്ധ്യപോലും എന്റെ മനസില്‍ ആദ്രമായി കിനിഞ്ഞിറങ്ങി. എന്തിനായിരുന്നു ഈ ഉന്മൂലനം. ഒരു വംശഹത്യക്ക് വേണ്ടിയായിരുന്നു ഇസ്രയേല്‍ യുദ്ധം തുടങ്ങിയത്. ആശുപത്രികള്‍, സ്കൂളുകള്‍, വാസസ്ഥലങ്ങള്‍ തുടങ്ങി മനുഷ്യര്‍ താമസിക്കുന്ന എല്ലാ സ്ഥലങ്ങളും തീകത്തിച്ചു. പ്രാതേകം ശ്രദ്ധിച്ചത് ബാലവധത്തിലായിരുന്നു. ഇനിയൊരു തലമുറ അവിടെ ഉണ്ടാവരുത്. ബാക്കിയായവരൊക്കെ ജഡായു പ്രായത്തിലാവണം. ഒരു ‘ലോസ്റ്റ് ജനറേഷന്‍’ മാത്രമേ ഉണ്ടാവാവൂ. ബൊസ്നിയയിലും ഓഷ്‌വിറ്റ്സിലും നടന്ന നരഹത്യ ലോകത്തിനു മുമ്പില്‍ നിന്നു മറച്ചുവച്ചുകൊണ്ടായിരുന്നു. ഇതതല്ല, ആരറിഞ്ഞാലും ഒരു ദയവുമില്ലെന്നതായിരുന്നു ഭാവം. എല്ലാം പകല്‍ വെളിച്ചത്തില്‍. ഭക്ഷണം, വെള്ളം, ജലം എല്ലാം നിഷേധിച്ച് പട്ടിണിക്കിട്ട് അവര്‍ക്ക് മീതെ അഗ്നിവര്‍ഷിച്ചു. ചോദിക്കാനും പറയാനും ആരുമില്ലാതെ രണ്ടു വര്‍ഷങ്ങള്‍ നരഹത്യ തുടര്‍ന്നു. ട്രംപിന്റെ ഭൂമിക്കച്ചവടം ഗസയിലെത്തിയിരുന്നു. ഒരു ഭ്രാന്തന്‍ ഭരണാധികാരി, നെതന്യഹു എന്ന മറ്റൊരു നരഹത്യാ ഭ്രാന്തന്റെ കൂട്ടുകൂടി. എന്തേ ലോകം മുഴുവന്‍ കൈകെട്ടി നോക്കിനിന്നത്. നിസഹായരുടെ വിലാപം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു. കരയാന്‍പോലും സമയം കിട്ടാതെ എരിഞ്ഞടങ്ങിയ കുട്ടികള്‍. പലസ്തീനിലേക്കുള്ള മരുന്നും വെള്ളവും അവിടെ എത്തിയിരുന്നില്ല. എന്നാല്‍ അമേരിക്കന്‍ ആയുധങ്ങള്‍ ഈജിപ്തിലെ അലക്സാണ്ട്രിയ പോര്‍ട്ടില്‍ നിന്നു സമയം വൈകാതെ ഇസ്രയേലിലെത്തിയിരുന്നു താനും. സാഹോദര്യം പറഞ്ഞ അറബ് രാഷ്ട്രങ്ങള്‍ക്കും എന്തുപറ്റി. ആയുധം, ലാഭം ഇതായിരുന്നു അവരുടെ ലക്ഷ്യം. അതിനിടയില്‍ സാഹോദര്യത്തിനെവിടെ സമയം. ഇനി എന്തിനാണ് ആ ഭൂമി. ഇരുപതിനായിരത്തിലധികം കുട്ടികളെ കൊന്നും അനാഥരും വികലാംഗരുമാക്കിയ ദുരാചാരത്തിന്റെ മുഖത്തുനോക്കി ഒരു ചോദ്യം ചോദിക്കാന്‍ പോലും പറ്റാത്തത്ര ദുര്‍ബലമായിപ്പോയി ലോകം. എന്തിനാണീ മഹാസംവിധാനങ്ങള്‍. ഐക്യരാഷ്ട്രസഭ, ഉച്ചകോടികള്‍, സമാധാന കൗണ്‍സില്‍, സെക്യൂരിറ്റി കൗണ്‍സില്‍, ലോകനേതാക്കള്‍, മഹാഭാരത യുദ്ധാന്ത്യത്തില്‍ കുരുക്കി ക്ഷേത്രത്തിലെ കബന്ധങ്ങള്‍ക്കിടയില്‍ നിന്ന് ദ്രൗപദി കൃഷ്ണനെ നോക്കി ശപിച്ച പോലെ ഒരു ശാപവാക്കെങ്കിലും പറയാനാവാത്ത മഹാശക്തികളോട് സഹതാപമാണുള്ളത്. അതിനിടയിലാണ് ഈ ചെറിയ കൂട്ടം. അതിനും ചില ശക്തിയൊക്കെയുണ്ട്. എല്ലാവരും പേരുകള്‍ വായിച്ചപ്പോള്‍ ഞാനോര്‍ത്തത് ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ ഒരു ഭാഗമാണ്. വിനാശകരമായ വസൂരിക്കുശേഷം സ്കൂളില്‍ രവി ഹാജര്‍ പുസ്തകം തുറന്നപ്പോള്‍ പല പേരുകളും വട്ടത്തിലിട്ടുവച്ചു. വെട്ടിയില്ല. അവര്‍ ഹാജരില്ലായിരുന്നു. വാവര്, നൂര്‍ജഹാന്‍, ഉണ്ണിപ്പാറതി ചെന്താവതൊട്ടിയന്റെ മകന്‍ കരുവ്. പിന്നെ കുട്ടികളില്‍ പലരും. അവരാരും ഇനി വരില്ല. അതേപോലെ ഈ കൂട്ടായ്മ ഇനി ഒരിക്കലും വരാത്ത കുട്ടികളുടെ പേരു വിളിച്ചു. ഇതും ഒരു പ്രതിഷേധമാണ്. ഓര്‍ത്തത് കവി മധുസൂദനന്‍ നായരുടെ വരികളാണ്. “ഓരോ ശിശുരോദനത്തിലും കേള്‍പു ഞാന്‍ ഒരുകോടി ഈശ്വരവിലാപം”
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.