ഹനുമാനെക്കുറിച്ചു പറയാതെ ഒരു രാമായണ വിചാരവും നടത്താനോ പൂർത്തീകരിക്കാനോ ആവില്ല. തുളസീദാസൻ രചിച്ച ഹനുമൻ ചാലീസ ഉൾപ്പെടെയുള്ള ഭക്തിസാഹിത്യങ്ങളിൽ ഹനുമാൻ, ശിവന്റെ അവതാരമോ പുത്രനോ ആണെന്ന് സ്തുതിക്കപ്പെടുന്നു. വിഷ്ണു രാമനായി അവതരിച്ചപ്പോൾ വിഷ്ണുവിനെ സേവിക്കാൻ ആഗ്രഹിച്ച പരമശിവൻ ഒരു വാനര ജന്മത്തിൽ തന്റെ ശക്തിചൈതന്യം പകർന്നുവെന്നും അതാണ് ഹനുമാൻ എന്നുമൊക്കെയാണ് പുരാണ വിവരണം. പക്ഷേ ആരാണ് ഹനുമാൻ എന്ന ചോദ്യത്തിന് ദാസ്യഭക്തിയുടെ മഹോന്നത മാതൃക എന്നതായിരിക്കും നൽകാവുന്ന മറുപടി. ഹനുമാൻ ദാസനാണെന്നും അദ്ദേഹത്തിന്റെ യജമാനഭക്തിയും ആജ്ഞാനുവർത്തിത്വനിഷ്ഠയും ശ്ലാഘനീയമാണെന്നും വാല്മീകിരാമായണവും പ്രസ്പഷ്ടമാക്കുന്നുണ്ട്. വാല്മീകിരാമായണത്തിൽ സുഗ്രീവദാസനായാണ് ഹനുമൽ ജീവിതം അവതരിപ്പിക്കുന്നത്. ആ അവതരണം അവസാനിക്കുന്നത് ശ്രീരാമദാസനായി മാറുന്ന ഹനുമാനെ ചിത്രീകരിച്ചു കൊണ്ടാണ്. സുഗ്രീവദാസൻ എന്നതിൽ നിന്ന് ശ്രീരാമദാസൻ എന്നതിലേക്കുളള മാറ്റമാണ് വാല്മീകിയുടേതുൾപ്പെടെയുളള രാമായണ വൈഖരികളിലെ ഹനുമൽജീവിത സാരം എന്നുപറയാം.
ഹനുമാൻ ദാസ്യത്വം അല്ല മാറ്റുന്നത് യജമാനനെയാണ്. ദാസ്യവൃത്തി എന്നത് ഇന്ത്യയുടെ വൈദിക പാരമ്പര്യത്തിൽ ശൂദ്രനിഷ്ഠയാണ്. ആ നിലയിൽ ഹനുമാനെ ശൂദ്രരുടെ മഹാമാതൃക എന്നു വിശേഷിപ്പിക്കാം. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രാദി വിഭജനമെല്ലാം മനുഷ്യർക്കല്ലേ ബാധകമാവൂ വാനരർക്കു ബാധകമാകില്ലല്ലോ. പിന്നെങ്ങനെ ഹനുമാനെന്ന വാനര ശ്രേഷ്ഠനെ ശൂദ്രർക്ക് മാതൃകയായി കാണാനാകും എന്നൊരു ചോദ്യം ഉന്നയിക്കാം. പക്ഷേ ഹനുമാൻ ആൾക്കുരങ്ങനാണെന്ന് വാല്മീകിരാമായണം വച്ചു പറയാനാകില്ല. വേദങ്ങൾ നന്നായി അറിയാവുന്ന, സംസ്കൃത ഭാഷാ-വ്യാകരണ വിശാരദനായ, നന്നായി സംസാരിക്കാനറിയാവുന്ന, ഒരു ഭിക്ഷുരൂപ ധാരിയായാണ് ഹനുമാനെ ശ്രീരാമൻ വാല്മീകിരാമായണത്തിൽ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും.
വേദം പഠിച്ച വാനരനാണ് ഹനുമാൻ എന്നു കരുതുന്നതിനെക്കാൾ വേദം നന്നായി സ്വരശുദ്ധിയോടെ അഭ്യസിച്ച വനനരനാണ് ഹനുമാൻ എന്നു കരുതാനാണ് വാല്മീകിരാമായണം വഴിതുറന്നു കാട്ടുന്നത്. വനനരനാണെങ്കിലും വാനരനാണെങ്കിലും വേദം പഠിക്കാനും സംസ്കൃതത്തിൽ നന്നായി പ്രഭാഷണം ചെയ്യാനും ഹനുമാന് കഴിഞ്ഞിരുന്നു എന്നതിൽ ചിന്തോദ്ദീപകമായ ഒരുപാട് നവോത്ഥാന വിപ്ലവ സന്ദേശങ്ങളുടെ ഉൾധ്വനികളുണ്ട്. കാട്ടാളന് തപസിലൂടെ ഋഷിത്വവും കവിത്വവും ആർജിച്ചു സംസ്കൃതത്തിൽ രാമായണമെഴുതാൻ വേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു പണ്ടെന്ന വാദത്തിനുള്ള വിശ്വസനീയത, തീർച്ചയായും ഒരു കാട്ടുവാസിക്ക് സംസ്കൃതം പഠിക്കാനും വേദം ഓതി മനഃപാഠമാക്കാനും അവസരങ്ങൾ ഉണ്ടായിരുന്നതിനു തെളിവാണ് ഹനുമാൻ എന്ന വാദത്തിനും നൽകാം.
ശൂദ്രന് അക്ഷരം വിലക്കിയ ചാതുർവര്‍ണ്യ വ്യവസ്ഥയുടെ പരിപാലനം ധർമ്മപാലനമായി കരുതിയ മഹാരാജാക്കന്മാരുടെ കേരളത്തിൽ നാരായണ ഗുരുവിനെ സംസ്കൃതം പഠിപ്പിക്കാവുന്ന വിധം സംസ്കൃതം അറിയാവുന്ന ഉദയംകുഴി കൊച്ചുരാമൻ വൈദ്യർ എന്ന ശൂദ്രൻ ഉണ്ടായിരുന്നല്ലോ. ഇതുപോലെ ആരെങ്കിലും ഹനുമാൻ എന്ന വനനരനെയും സംസ്കൃതവും വേദവും പഠിപ്പിച്ചിരിക്കാം. കാട്ടിൽ രാക്ഷസരും മൃഗങ്ങളും മാത്രമല്ല മഹാമനസ്കരായ ഋഷിമാരും ഉണ്ടായിരുന്നു. നാട്ടിലെ ചാതുർവർണ്യബാധം തീണ്ടാതിരുന്ന അവർ കാട്ടുവാസികളിൽ ജിജ്ഞാസയുള്ള മനുഷ്യരെ വിദ്യ അഭ്യസിപ്പിച്ചിരിക്കാം. അങ്ങനെ രാമനോട് സംസ്കൃതത്തിൽ സംസാരിക്കുന്ന വിദ്വാനായ ഹനുമാൻ രൂപപ്പെട്ടിരിക്കാം. എന്തായാലും വലിയ ആലോചനാശേഷിയും വിജ്ഞാന ബലവും കർമ്മശേഷിയും ഉണ്ടായിരുന്ന ഹനുമാൻ, സുഗ്രീവ ജീവിതത്തിനും ശ്രീരാമ ജീവിതത്തിനും നൽകിയ സേവനങ്ങളും അതിനായി നടത്തിയ സാഹസ കർമ്മങ്ങളും ഒഴിവാക്കി ഒരു രാമായണത്തിനും ഭൂമിയിൽ നിലനിൽക്കാനാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.