“ഒരു കുലദ്രോഹിയാണു ഞാന്‍, നാടിന്റെ പെരുമയൊക്കെ തകര്‍ത്തവനാണു ഞാന്‍” എന്ന് ഏറ്റുചൊല്ലേണ്ട ഗതികേടിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എന്ന് വാഴ്ത്തപ്പെടുന്ന എ കെ ആന്റണി. എന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വര്‍ഗീയവിഷം വമിപ്പിക്കുന്നതിനായി തന്മയത്വത്തോടെ കുശാഗ്രബുദ്ധി പ്രകടിപ്പിച്ചിട്ടുള്ള കോണ്‍ഗ്രസ് നായകനാണ് ആന്റണിയെന്ന് ചരിത്രം വിളിച്ചോതുന്നു. തുടക്കത്തില്‍ ഉദ്ധരിച്ച കവിവചനം വയലാര്‍ രാമവര്‍മ്മയുടേതാണ്. ‘ആ രാജഘട്ടില്‍’ എന്ന കവിതയില്‍ വയലാര്‍ ഇങ്ങനെ കുറിക്കുന്നു:
“മഹിത മാനവ സംസ്കാര കേന്ദ്രമേ
മറിവു കാട്ടി ഞാന്‍ നിന്നെ തുലച്ചുവോ?
തലമുറകളില്‍ തീവിഷം തേയ്ക്കുവാന്‍
തലമുറിച്ചുവോ ഭാരതത്തിന്റെ ഞാന്‍”
മഹിതമാനവ സംസ്കാരത്തിന്റെ കേന്ദ്ര ബിംബങ്ങളെ തുലയ്ക്കുകയും തലമുറകളില്‍ തീവിഷം തേയ്ക്കുകയും ചെയ്യുകയാണ് രാഹുല്‍ഗാന്ധിമാരും എ കെ ആന്റണിമാരും. ഭാരതത്തിന്റെ മതനിരപേക്ഷ തല മുറിക്കുകയും ചെയ്യുന്നു വര്‍ത്തമാന കോണ്‍ഗ്രസ് നേതൃത്വം.
മൃദുഹിന്ദുത്വവാദത്തിലൂടെ എ കെ ആന്റണി മതനിരപേക്ഷ ഭാരതത്തിന്റെ ശിരസില്‍ കഠാര കയറ്റുകയാണ്. 2001ല്‍ മുഖ്യമന്ത്രിയായ ആന്റണിക്ക് 2005ല്‍ മുഖ്യമന്ത്രിക്കസേര ഉമ്മന്‍ചാണ്ടിക്കായി ഒഴിഞ്ഞുമാറേണ്ടി വന്നതുതന്നെ മൃദുഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായതിന്റെ ഭാഗമായിരുന്നു എന്നതിന് ചരിത്രം സാക്ഷി. ന്യൂനപക്ഷ‑ഭൂരിപക്ഷ മതപ്രീണനത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിക്കുവാന്‍ ശ്രമിക്കുന്ന കൗടില്യനായിരുന്നു എ കെ ആന്റണിയെന്ന് കാലം അയാളപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പോലും ആന്റണി ഈ അടവുതന്ത്രം പുറത്തെടുത്തിരുന്നു. കെ കരുണാകരനെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് അട്ടിമറിക്കുവാന്‍ മുസ്ലിംലീഗിനെയും കേരളാ കോണ്‍ഗ്രസുകളെയും തിരുത്തല്‍വാദി കോണ്‍ഗ്രസുകാരെയും കൂട്ടുപിടിച്ച, പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് പറന്നിറങ്ങിയ ആന്റണി അന്ന് ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിച്ചു എന്നത് അന്തഃപുരരഹസ്യം. മാറാട് വര്‍ഗീയ ലഹളയുടെ കാലത്തും ആന്റണിയുടെ മുഖംമൂടി അഴിഞ്ഞുവീണു. തരാതരംപോലെ ഭൂരിപക്ഷ‑ന്യൂനപക്ഷ വര്‍ഗീയതകളെ ഇണചേര്‍ക്കുന്നതില്‍ അതിനിഗൂഢ വൈദഗ്ധ്യം ആന്റണി ആര്‍ജിച്ചിട്ടുണ്ട്. ചന്ദനക്കുറിയിലെ രാഷ്ട്രീയം അരാഷ്ട്രീയതയുടെയും വര്‍ഗീയതയുടേതുമാണ്.
ജവഹര്‍ലാല്‍ നെഹ്രു മതനിരപേക്ഷതയുടെ പതാക മാനംമുട്ടെ പാറിക്കുവാന്‍ യത്നിച്ച മഹാനുഭാവനാണ്. ആ യുഗപ്രഭാവന്റെ കാലം അസ്തമിച്ചതോടെ മതനിരപേക്ഷതയുടെ പതാക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അടിയറവച്ചു. ഈ ദുരന്തം മുന്‍കൂട്ടിക്കണ്ടാണ് മഹാത്മാഗാന്ധി സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് കോണ്‍ഗ്രസ് ഭൂരിപക്ഷ‑ന്യൂനപക്ഷ വര്‍ഗീയതയെ തരാതരം പോലെ താലോലിക്കുന്നു. എ കെ ആന്റണിയുടെ അതേ ശബ്ദവും സ്വരവും രാഹുല്‍ഗാന്ധിയും ഉയര്‍ത്തുന്നു. ‘ഹിന്ദുത്വ രാഷ്ട്രമല്ല, ഹിന്ദുക്കള്‍ ഭരിക്കുന്ന രാഷ്ട്രമാണ് വേണ്ടത്’ എന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ ശബ്ദത്തെ ഓര്‍മ്മിപ്പിക്കുന്നു. 1992 ഡിസംബര്‍ ആറാം തീയതി 464 വര്‍ഷക്കാലത്തെ പഴമയുള്ള ബാബരി മസ്‌ജിദ് അഞ്ചര മണിക്കൂറുകള്‍ കൊണ്ട് തകര്‍ത്തെറിയുമ്പോള്‍, താഴികക്കുടങ്ങള്‍ മണ്‍തരികളാക്കുമ്പോള്‍ നിശബ്ദരും നിഷ്ക്രിയരുമായി നിലകൊണ്ടത് കോണ്‍ഗ്രസ് നയിച്ച കേന്ദ്ര സര്‍ക്കാരാണ്. പള്ളി തകര്‍ക്കാനുള്ള ആക്രോശവുമായി സഞ്ചരിച്ച രഥയാത്രയെ സംരക്ഷിച്ചതും കോണ്‍ഗ്രസ് ഭരണസംവിധാനം. അതിനും മുമ്പേ അയോധ്യയില്‍ ശിലാന്യാസത്തിന് അനുമതി നല്‍കിയത് രാജീവ്ഗാന്ധി നയിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതിന്റെയെല്ലാം ഭാഗഭാക്കായിരുന്ന ആന്റണിയുടെ വര്‍ഗീയ രാഷ്ട്രീയതന്ത്രത്തില്‍ അദ്ഭുതപ്പെടാനില്ല.
ഒരു ആരാധനാലയവും സന്ദര്‍ശിക്കാതിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ഭക്രാനംഗല്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്യുമ്പോള്‍ പറഞ്ഞു: ‘ഇതാണ് ദേവാലയം’!. വികസന പദ്ധതികളും വ്യവസായ ശൃംഖലകളുമാണ് ആരാധനാലയങ്ങള്‍. അയോധ്യയില്‍ എത്തിച്ച രാമവിഗ്രഹം സരയൂനദിയുടെ ആഴങ്ങളില്‍ വലിച്ചെറിയാനും അതവിടെ വിശ്രമിക്കട്ടെയെന്നും പറഞ്ഞ നെഹ്രു എന്നെന്നേക്കുമായി അയോധ്യ താഴിട്ടു ബന്ധിക്കണമെന്നും പറഞ്ഞു. നെഹ്രുവിന്റെ ആ മതനിരപേക്ഷ നിലപാടുകളെ അവഹേളിക്കുകയാണ് എ കെ ആന്റണിമാരും രാഹുല്‍ഗാന്ധിമാരും സംഘ്പരിവാര്‍ ശാഖയ്ക്ക് സുരക്ഷാ കവചമൊരുക്കിയ കെ സുധാകരന്മാരും പാതിസംഘ്പരിവാര്‍ കുപ്പായമണിഞ്ഞിരിക്കുന്ന വി ഡി സതീശന്‍മാരും രമേശ് ചെന്നിത്തലമാരും കെ മുരളീധരന്‍മാരും. ഹോ! എന്തൊരു പതനം ഗാന്ധിയുടെയും നെഹ്രുവിന്റെയും കോണ്‍ഗ്രസിന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.