23 December 2024, Monday
KSFE Galaxy Chits Banner 2

മയക്കുമരുന്നിൽ മുങ്ങുന്ന കേരളം

രമേശ് ബാബു
മാറ്റൊലി
October 21, 2022 4:45 am

യവന ഇതിഹാസമായ ഒഡീസിയിലെ നായകന്‍ യുളീസസ് യുദ്ധവിജയം നേടി സെെന്യത്തിനൊപ്പം സ്വന്തം രാജ്യമായ ഇഥാക്കയിലേക്ക് മടങ്ങാൻ കടൽയാത്ര ചെയ്യുന്നതിനിടയിൽ വിശ്രമത്തിനായി ഇറങ്ങിയത് ഒരു ദ്വീപിലാണ്. അവിടെ കണ്ട അപൂർവ മനോഹരങ്ങളായ പഴങ്ങൾ തിന്നപ്പോൾ അതില്‍നിന്നനുഭവിച്ച ലഹരിയിൽ ആസക്തനായി, തന്നെ കാത്തിരിക്കുന്ന കുടുംബത്തെയും പ്രജകളെയും മറന്നു. കാലങ്ങളോളം ആ ദ്വീപിൽത്തന്നെ യുളീസസ് കഴിഞ്ഞുകൂടി. ഇതിഹാസകവി ഹോമർ തന്റെ നായകൻ യുളീസസിലൂടെ ലഹരിക്കടിമപ്പെടുന്ന വ്യക്തി എങ്ങനെ സ്വന്തം ഉത്തരവാദിത്തങ്ങളും ധർമ്മവും മറന്നുപോകുന്നു എന്നാണ് ധ്വനിപ്പിച്ചത്. ആംഗലേയ കവി ലോർഡ് ടെനിസണും ഈ പ്രമേയത്തെ ‘ലോട്ടസ് ഇറ്റേഴ്സ്’ എന്ന പേരിൽ കാവ്യമാക്കിയിട്ടുണ്ട്.
വിശേഷബുദ്ധിയാണ് മനുഷ്യനെ ഇതരജീവികളിൽ നിന്ന് വേർതിരിച്ചുനിർത്തുന്ന പ്രധാന ഘടകം. ഈ ബുദ്ധിക്ക് മങ്ങലേല്പിക്കുന്ന പ്രവൃത്തികൾ മനുഷ്യർ ചെയ്യുമ്പോൾ പ്രപഞ്ചം ദാനംചെയ്ത വലിയൊരു അനുഗ്രഹത്തെ ധാർഷ്ട്യത്തോടെ തള്ളിക്കളയുകയാണ് മനുഷ്യർ. ഊർജസ്വലതയും കർമ്മശേഷിയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് മയക്കുമരുന്നുകളും ലഹരിവസ്തുക്കളും എത്രമാത്രം തടസം സൃഷ്ടിക്കുന്നുണ്ടെന്ന് മനസിലാക്കിയതിനെത്തുടർന്നാണ് 1987 ഡിസംബർ ഏഴിന് ചേർന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനം എല്ലാ വർഷവും ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലഹരി ഉപയോഗംമൂലമാണ് ലോകത്ത് 30 ശതമാനം ആളുകളും ആശുപത്രി വാസികളാകുന്നത്. ഓർമ്മക്കുറവ്, ധെെര്യക്കുറവ്, അക്രമവാസന, വിഷാദം, കാൻസർ, കരൾ രോഗങ്ങൾ, ശക്തിക്ഷയം, അൾസർ, അകാലവാർധക്യം, ഹൃദയാഘാതം, ലെെംഗിക ശേഷിക്കുറവ് തുടങ്ങി സകലമാന ആരോഗ്യപ്രശ്നങ്ങൾക്കും ലഹരിയുടെ നിരന്തര ഉപയോഗം കാരണമാകുന്നു. ആത്മാഭിമാനവും ലക്ഷ്യബോധവുമെല്ലാം നഷ്ടപ്പെടുന്ന ലഹരിഅടിമ ക്രമേണ പ്രതിബദ്ധതകളും വിവേകവും നഷ്ടപ്പെട്ട് സാമൂഹ്യവിരുദ്ധനോ, സ്വയംഹത്യക്ക് വിധേയനോ ആയി ഒടുങ്ങുന്നു.


ഇതുകൂടി വായിക്കു; ഇന്ത്യയെ ലഹരിക്കടത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമം ! | Janayugom Editorial


മയക്കുമരുന്ന് വ്യാപനം എന്ന ആഗോളപ്രശ്നം കേരളത്തെയും ആഴത്തിൽ ഗ്രസിച്ചിരിക്കുകയാണ്. കേരളീയ സമൂഹത്തിൽ പ്രത്യേകിച്ചും യുവാക്കളുടെ ഇടയിലെ മദ്യപാനവും ലഹരി ഉപയോഗവും നമ്മുടെ ഭാവിതലമുറയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ആളോഹരി മദ്യഉപഭോഗം 3.5 ലിറ്റർ ആണെന്നിരിക്കെ കേരളത്തിലേത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അരി വാങ്ങാൻ ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുകയാണ് മദ്യം വാങ്ങാൻ മലയാളി വർഷം തോറും ചെലവിടുന്നത്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെവരുന്ന കേരളത്തിലാണ് ഇന്ത്യയിൽ ആകെ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ 14 ശതമാനം ഉപഭോഗം. മദ്യാസക്തി ശക്തമായിരിക്കുന്ന കേരളത്തെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നത് മയക്കുമരുന്നിന്റെ ലഹരിയിൽ സ്വയംമറക്കുന്ന യുവതയുടെ ആധിക്യമാണ്. മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2022ൽ എട്ട് മാസത്തിനുള്ളിൽ മയക്കുമരുന്നു കേസുകൾ മുൻവർഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങായി മാറി.

2021ൽ 5334 കേസുകൾ ഉണ്ടായപ്പോൾ 2022 സെപ്റ്റംബറിനുള്ളിൽ അത് 16,986 ആയി മാറി. 2021ൽ 6704 പേർ അറസ്റ്റിലായപ്പോൾ 2022 സെപ്റ്റംബറിനുള്ളിൽ 18,743 പേർ അറസ്റ്റിലായി. 2021 സെപ്റ്റംബർ 21ന് ഗുജറാത്ത് മുന്ദ്രാ തുറമുഖത്ത് 21,000 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. 2022 മേയ് 10ന് ഗുജറാത്ത് പിപാവ് തുറമുഖത്ത് 500 കോടിയുടെയും 2022 മേയ് 19ന് ലക്ഷദ്വീപിൽ 1526 കോടിയുടെയും സെപ്റ്റംബർ 22ന് മുംബെെ നവസേവ തുറമുഖത്ത് 1700 കോടിയുടെ ഹെറോയിനും പിടികൂടി. വൻതോതിലുള്ള ഈ മയക്കുമരുന്ന് കടത്തിനു പുറമെ ചെറുതും വലുതുമായ ഒട്ടേറെ ലഹരിക്കടത്ത് കേസുകളും ദിനംപ്രതിയുണ്ടാകുന്നു. ഇതിനെല്ലാം പിന്നിൽ പ്രത്യക്ഷമായോ, പരോക്ഷമായോ മലയാളി സാന്നിധ്യമുണ്ടെന്ന വസ്തുതയാണ് കേരളത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. അധികാരസ്ഥാനങ്ങളിലുള്ളവരെ വശത്താക്കി അന്തർദേശീയ മയക്കുമരുന്നു മാഫിയകൾ രാജ്യത്ത് പ്രത്യേകിച്ചും കേരളത്തിൽ വിരിച്ചിരിക്കുന്ന വലയുടെ വ്യാപ്തി ഊഹങ്ങൾക്കും അപ്പുറമാണെന്നാണ് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നത്. മതതീവ്രവാദ പ്രവർത്തനങ്ങളുടെ മറവിലാണ് രാജ്യത്തെ മയക്കുമരുന്ന് മാഫിയകൾ ഏറെയും. രാജ്യത്തിന്റെ മതേതര ജനാധിപത്യ സംവിധാനത്തെയും ഊർജസ്വലരായ യുവജനതയെയും പ്രലോഭനങ്ങളിലൂടെയും തീവ്രവാദ പ്രക്ഷാളനങ്ങളിലൂടെയും അട്ടിമറിക്കാനും വഴിതെറ്റിക്കാനുമാണ് തല്പരകക്ഷികളുടെ ഏജന്റുമാരായ ഈ മാഫിയകളുടെ പരിശ്രമം.

 


ഇതുകൂടി വായിക്കു; അന്ധവിശ്വാസങ്ങള്‍ക്കും ആഭിചാരക്രിയകള്‍ക്കും എതിരെ നിയമ നിര്‍മ്മാണം അനിവാര്യം


 

മയക്കുമരുന്ന് സൃഷ്ടിക്കുന്ന വിപത്ത് തിരിച്ചറിയപ്പെട്ടതിനാൽ പ്രതിപക്ഷ‑ഭരണകക്ഷി ഭേദമില്ലാതെ സംസ്ഥാന ഭരണ നേതൃത്വം കേരളപ്പിറവി ദിനംവരെ നീളുന്ന മയക്കുമരുന്ന് വ്യാപനവിരുദ്ധ ക്യാമ്പയിൻ ആവിഷ്കരിച്ചത് ആശാവഹമാണ്. കേരളജനത ഒന്നാകെ കെെകോർക്കേണ്ട സന്ദർഭവുമാണിത്.  മയക്കുമരുന്നിനെതിരെ ശക്തമായ ബോധവല്ക്കരണ പ്രക്രിയകൾ പ്രെെമറി സ്കൂൾതലം മുതൽ ഊർജിതമാക്കേണ്ടിയിരിക്കുന്നു. ഒപ്പം ഉദാര ആഗോളീവല്ക്കരണത്തിലൂടെ കടന്നുപോയ നമ്മുടെ കഴിഞ്ഞ ദശാബ്ദങ്ങളിലെ ഉത്തരാധുനികാനന്തര ജീവിതവും സാമൂഹ്യഘടനയും കുടുംബങ്ങളിലും ബന്ധങ്ങളിലും കാഴ്ചപ്പാടുകളിലും കൊണ്ടുവന്ന മാറ്റങ്ങളെ ആഴത്തിൽ അപഗ്രഥിച്ച് നഷ്ടപ്പെട്ട മൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. ഇവിടെ പ്രധാന പങ്ക് വഹിക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണ്. ഓരോ കുട്ടിക്കും അംഗീകാരം, നേട്ടങ്ങളിൽ പ്രോത്സാഹനം, ആത്മാഭിമാനം, മാനസികധെെര്യം, സ്നേഹം എന്നിവ പകർന്നു നല്കുക, കുട്ടികളുടെ ദുഃഖത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളും അധ്യാപകരും പങ്കുചേരുക തുടങ്ങിയ കാര്യങ്ങൾ വളരുന്ന തലമുറയിൽ കൂടുതൽ ആത്മവിശ്വാസവും പാരസ്പര്യവും സൃഷ്ടിക്കും. നല്ല കുടുംബാന്തരീക്ഷവും സന്തോഷവും ഉത്സാഹവും നിറയ്ക്കുന്ന വിദ്യാലയങ്ങളും തന്നെയാണ് നാടിന് ഗുണമുള്ള തലമുറയെ ആത്യന്തികമായി വാർത്തെടുക്കുന്നത്. ജീവിതമാണ് ലഹരി എന്ന് തലമുറകളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ക്ഷണികമായൊരു ഉല്ലാസത്തിനോ, പ്രചോദനത്തിനോ, ഉത്തേജനത്തിനോ വേണ്ടി ലഹരിക്കടിമപ്പെടുന്നവർക്ക് പിന്നെ സ്വയം എരിഞ്ഞടങ്ങാനാണ് വിധി. കലാകാരന് കലയും സംഗീതജ്ഞന് സംഗീതവുമായിരിക്കണം ലഹരി. ശുദ്ധമായ ശരീരത്തിൽ നിന്നും സുതാര്യമായ മനസിൽ നിന്നുമാണ് ലോകത്തെ കീഴടക്കിയിട്ടുള്ള സർഗാത്മക ഊർജപ്രവാഹവും അതിന്റെ ലഹരികളും ഉത്ഭവിച്ചിട്ടുള്ളത്, അല്ലാതെ കൃത്രിമ വിഷ ലഹരികളിൽ നിന്നല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.