22 December 2024, Sunday
KSFE Galaxy Chits Banner 2

കെ ജി ജോർജ്; സ്വപ്നാടകന്റെ വഴികൾ

രമേശ് ബാബു
മാറ്റൊലി
October 5, 2023 4:14 am

ജീവിതത്തിന്റെ വെള്ളി വെളിച്ചങ്ങളിൽ നിന്നകന്ന് എറണാകുളത്തെ ഒരു വൃദ്ധസദനത്തിൽ 2018 മുതൽ ഏകാകിയായി കഴിഞ്ഞുപോന്ന സംവിധായകൻ കെ ജി ജോർജ് സെപ്റ്റംബർ 24,2023ന് ബന്ധുസാമീപ്യങ്ങളില്ലാതെ വിടപറഞ്ഞപ്പോൾ മലയാള ചലച്ചിത്രത്തിന്റെ തീക്ഷ്ണമായൊരു കാലഘട്ടത്തിന് യവനിക വീഴുകയായിരുന്നു. വൃദ്ധസദനത്തിൽ താമസിച്ചുകൊണ്ടിരുന്ന വേളയിൽ അദ്ദേഹം മാധ്യമങ്ങൾക്ക് ഒട്ടേറെ അഭിമുഖങ്ങൾ നൽകിയിരുന്നു. ആ അഭിമുഖങ്ങളിൽ അദ്ദേഹത്തിന്റെ മുഖത്ത് പരാതിയോ പരിഭവമോ ഒന്നും ദൃശ്യമായിരുന്നില്ല. കടുത്ത ഏകാന്തതയിലും നിറഞ്ഞ സംതൃപ്തിയായിരുന്നു ആ മുഖത്ത് പ്രതിഫലിച്ചിരുന്നത്. രോഗങ്ങളാൽ അവശനായി, ബന്ധുമിത്രാദികളിൽ നിന്ന് അകന്ന്, ചലച്ചിത്രലോകത്ത് പരിചയിച്ച വർണപ്പകിട്ടുകളെല്ലാം പൊലിഞ്ഞ് ഏകാന്തവാസം നയിക്കുന്നൊരാളിൽ എന്തുകൊണ്ട് ആത്മസംതൃപ്തി ഭാവങ്ങളിലും ചലനങ്ങളിലും വെളിപ്പെടുന്നു? അതിനുകാരണം നിയോഗങ്ങളിലെ കർമ്മസാക്ഷാത്ക്കാരത്തെക്കുറിച്ചുള്ള ഉത്തമ ബോധ്യം തന്നെയായിരിക്കണം. കെ ജി ജോർജിനറിയാം താൻ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും ശക്തനായ സംവിധായകനാണെന്ന്. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം കാണാൻ കഴിഞ്ഞിട്ടുള്ള പ്രേക്ഷകനുമറിയാം പ്രമേയം കൊണ്ടും ആഖ്യാനംകൊണ്ടും ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങൾ കെ ജി ജോർജിനല്ലാതെ മലയാളത്തിൽ മറ്റാർക്കും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്. ഒരിക്കലും സ്വയം ആവർത്തിക്കാത്ത കലാകാരൻ.


ഇതുകൂടി വായിക്കൂ; പാഠപുസ്തകമായ സംവിധായകൻ


ശ്യാംബെനഗൽ 1974ൽ അങ്കുർ എന്ന ചിത്രത്തിലൂടെ മധ്യവർത്തി സിനിമകൾക്ക് ആരംഭം കുറിച്ച സമയത്തുതന്നെ മലയാളത്തിലും നവസിനിമകൾക്കായുളള ഭൂമിക ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഓളവും തീരവും, സ്വയംവരം, നിർമ്മാല്യം, ഉത്തരായനം തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിൽ നവതരംഗം സൃഷ്ടിക്കുകയും ദേശീയമായി അംഗീകരിക്കപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് കെ ജി ജോർജ് സ്വപ്നാടനം (1975) എന്ന കന്നി ചിത്രവുമായെത്തുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് രാമുകാര്യാട്ട് എന്ന മലയാള സിനിമയുടെ വലിയ ഷോമാന്റെ കളരിയിൽ പരിശീലിച്ച ശേഷമാണ് സ്വന്തം ചിത്രം ജോർജ് സംവിധാനം ചെയ്യുന്നത്. ആദ്യ ചിത്രമായ സ്വപ്നാടനം മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡും മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡും നേടി. അതിലെ അഭിനേതാക്കളായ റാണിചന്ദ്ര നല്ല നടിക്കും സോമനും മല്ലികയും മികച്ച സഹനടനും നടിക്കുമുളള സംസ്ഥാന അവാർഡുകളും നേടി.  1975 മുതൽ 1998 വരെയുള്ള വർഷങ്ങൾക്കിടയിൽ അദ്ദേഹം 19 സിനിമകൾ സംവിധാനം ചെയ്തു. ഓരോ സിനിമയും ഓരോ പാഠപുസ്തകമെന്നേ പറയാനാകൂ. കലാമൂല്യത്തോടൊപ്പം കച്ചവടമൂല്യവും ഉറപ്പാക്കി കാണികളുടെ ജീവിതത്തോട് അടുപ്പം കാട്ടുന്നതായിരുന്നു ഓരോ ചിത്രവും. അതിഭാവുകത്വം തെല്ലും ഇല്ലാതെ ദൃശ്യവും ശബ്ദവും പശ്ചാത്തലവും സംഗീതവുമെല്ലാം പ്രമേയത്തിന് ഭാവപൂർത്തി നൽകുംവിധം ആവിഷ്കരിക്കാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ടായിരുന്നു. സൂപ്പർ ക്രാഫ്റ്റ്സ്മാൻ എന്നേ കെ ജി ജോർജിനെ വിശേഷിപ്പിക്കാനാവൂ. മലയാളത്തിലെ ആദ്യ കാമ്പസ് സിനിമയായ ഉൾക്കടൽ, ആദ്യ ആക്ഷേപഹാസ്യ സിനിമയായ പഞ്ചവടി പാലം, മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറായ യവനിക, സൈക്കോ ത്രില്ലറായ ഇരകൾ എല്ലാം സിനിമ ആത്യന്തികമായി സംവിധായകന്റെ കലയാണെന്ന് സ്ഥാപിക്കുന്നവയാണ്. യുവത്വത്തിന്റെ വിഹ്വലതകളെ പ്രതിഫലിപ്പിച്ച ചിത്രമായിരുന്നു ഉൾക്കടലെങ്കിൽ സ്ത്രീസ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ആദാമിന്റെ വാരിയെല്ലിൽ ജോർജ് ഒരു ദൃശ്യകലാപമാണ് സാധ്യമാക്കിയത്. കോലങ്ങൾ, മേള എന്നീ ചിത്രങ്ങളിലൂടെ മുഖ്യധാരാ നായക സങ്കല്പങ്ങളെയെല്ലാം ജോർജ് തച്ചുടയ്ക്കുന്നു. തിരക്കഥ, കാമറ, എഡിറ്റിങ്, ലൈറ്റിങ്, സംഗീതം എന്നിവ സമഞ്ജസമായി സമ്മേളിക്കുന്ന അത്യപൂർവ ദൃശ്യചാരുതയാണ് യവനിക പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നത്. പെർഫെക്ട് സിനിമയെന്നും എക്കാലത്തെയും ക്ലാസിക് എന്നും മാത്രമേ യവനികയെ വാഴ്ത്താനാവൂ.
ഇതുവരെയുള്ള മലയാള സിനിമാചരിത്രത്തിൽ കെ ജി ജോർജിനോളം തലയെടുപ്പുള്ള ഒരു സംവിധായകനും പിറന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓരോ സർഗസൃഷ്ടികളും സാക്ഷ്യപ്പെടുത്തുന്നു.


ഇതുകൂടി വായിക്കൂ; ഇല്ല, മറക്കില്ല മട്ടാഞ്ചേരിയെ…


 

മലയാള സിനിമയിൽ അവസാന കാഴ്ചവരെ പ്രേക്ഷകനിൽ ഉദ്വേഗം നിലനിർത്തിയ ഒരു ചിത്രം ഭാർഗവീനിലയമായിരുന്നു. അതിനുശേഷം യവനികയാണ് അവസാന നിമിഷം വരെ ഉദ്വേഗം നിറച്ചെത്തിയ ചിത്രം. ഈ ചിത്രങ്ങളുടെ പരിണാമഗുപ്തി മനസിലാക്കിയാലും നമ്മൾ അവ വീണ്ടും കാണാൻ ഇഷ്ടപ്പെടും. സ്രഷ്ടാവിന് മാത്രം അറിയുന്ന കലാമാന്ത്രികതയാണ് അനശ്വര സൃഷ്ടികളുടെ ആകർഷണീയത. നിഗൂഢമായ കലാതത്വത്തെക്കുറിച്ചുള്ള അവബോധമാണ് അതിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രേരണ. പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളിലൂടെ ഈ കലാതത്വത്തിന് ആവിഷ്കാരം നൽകുമ്പോൾ സൃഷ്ടി കാലാതീതമാകുന്നു. ഉന്നതമായ സൃഷ്ടികളെല്ലാം ഈ രഹസ്യം, നിഗൂഢത്വം ഉള്ളിൽ പേറുന്നവയാണ്. കുറസോവയുടെ ത്രോൺ ഓഫ് ബ്ലഡ്, തർക്കോവിസ്കിയുടെ സാക്രിഫൈസ് (വേണമെങ്കിൽ എല്ലാ ചിത്രങ്ങളും ഉൾപ്പെടുത്താം), ഋത്വിക് ഘട്ടക്കിന്റെ സുവർണരേഖ, ഒപ്പം കെ ജി ജോർജിന്റെ യവനികയും ഈ തത്വങ്ങളെ സാക്ഷാത്കരിക്കുന്നു.  കാലങ്ങൾക്ക് മുമ്പേ സഞ്ചരിച്ച് സത്യസന്ധനായി ജീവിച്ച കെ ജി ജോർജ് മരണത്തോടെ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് മുന്നിൽ ഒരു പാഠശാലയായി പരിണമിച്ചിരിക്കുന്നു. ഏകാകിയായ കലാകാരന്റെ ജ്വലിക്കുന്ന മനസും സ്വകാര്യ ജീവിതവും സാമൂഹിക മാനദണ്ഡങ്ങൾക്ക് അനുസൃതമാകുക സാധാരണമല്ല, കെ ജി ജോർജിനും വ്യത്യസ്തനാകാൻ കഴിഞ്ഞില്ല.

മാറ്റൊലി
“മതമോ, ദൈവമോ സമൂഹം തന്നെയോ അന്നും ഇന്നും എന്നെ അലട്ടുന്നില്ല”.
- കെ ജി ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.