27 April 2024, Saturday

ഇല്ല, മറക്കില്ല മട്ടാഞ്ചേരിയെ…

മട്ടാഞ്ചേരി വെടിവയ്പിന് 70
ബേബി ആലുവ
September 10, 2023 3:00 am

മട്ടാഞ്ചേരി. ആധുനിക സമൂഹത്തിലെ തൊഴിലാളിക്ക് ഊഹിക്കാൻ പോലും കഴിയാത്ത വിധം, തീർത്തും പ്രാകൃതമായ അടിമത്ത തൊഴിൽ സമ്പ്രദായത്തിന്റെ കഴുക ക്കാലുകളിലായിരുന്നു, ഒരു കാലത്ത് ഈ ചെറു തുറമുഖ നഗരം. ചിക്കാഗോയെന്നോ, എട്ട് മണിക്കൂർ ജോലിയെന്നോ, തുല്യ ജോലിക്ക് തുല്യ വേതനമെന്നോ — അങ്ങനെയൊന്നും, കൂലിയായി കോൺട്രാക്ടർ കൊടുക്കുന്ന ‘കാശി‘ന് 12 മണിക്കൂർ കപ്പൽക്കള്ളികളിൽ ചോര നീരാക്കുന്ന മട്ടാഞ്ചേരിയിലെ തൊഴിലാളി കേട്ടിരുന്നില്ല. തെരുവുനായ്ക്കളെപ്പോലെ പരസ്പരം കടിച്ചു കീറി, അതുവരെ തോളോടു തോൾ ചേർന്നു നിന്നവന്റെ നെഞ്ചിൽ ചവിട്ടി മേൽക്കൈ നേടി കൈയ്ക്കലാക്കേണ്ടതായിരുന്നു തൊഴിലാളിക്ക് വേല. പിന്നീട് മാറി വീശിയ കാറ്റിൽ, കൊച്ചി തുറമുഖത്ത് മാറ്റിയെഴുതപ്പെട്ട തൊഴിൽ ബന്ധങ്ങളിൽ, ആ തിരുത്തലിനായി ജീവൻ ഹോമിച്ച തൊഴിലാളികളുടെ നെഞ്ചകം പൊട്ടിയൊഴുകിയ ചുടു ചോരയുടെ മണമുണ്ട് ഇന്നും…
എണ്ണമറ്റ ഹൃദയങ്ങളെ ത്രസിപ്പിച്ചു കൊണ്ട്, എണ്ണമറ്റ മനുഷ്യരുടെ ചോരക്കുഴലുകളിലേക്ക് തീ കോരിയിട്ടു കൊണ്ട്, ഉള്ളകം നിറയെ വിപ്ലവച്ചൂരുമായി പി ജെ ആന്റണി എന്ന ബഹുമുഖ സിദ്ധിയുള്ള കലാകാരൻ പാടി:
കാട്ടാളന്മാർ നാട് ഭരിച്ചീ -
നാട്ടിൽ തീമഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ്ക്കരുതിയ
മട്ടാഞ്ചേരി മറക്കാമോ!
പുന്നപ്ര — വയലാറിനോടും കയ്യൂരിനോടും ശൂരനാടിനോടും ഇടപ്പള്ളിയോടുമൊക്കെ ഒപ്പം മട്ടാഞ്ചേരിയെ വിപ്ലവ കേരളത്തിന്റെ തിരുനെറ്റിയിലെത്തിച്ച സെയ്തു, സെയ്താലി, ആന്റണിമാരുടെ രക്തസാക്ഷി സ്തൂപത്തിന്റെ തൊട്ടുചാരെയുള്ള വീടിന്റെ ഉമ്മറത്തിരുന്ന്, മട്ടാഞ്ചേരിയുടെ സമര നായകൻ ടി എം അബു ഒരിക്കൽ ആ കഥ പറഞ്ഞു.

മട്ടാഞ്ചേരി ചുവന്ന കഥ

ചരക്കുകളുമായി തുറമുഖത്തെത്തുന്ന കപ്പലുകളിൽ നിന്ന് അവ ഇറക്കി തോണികളിൽ കരയിലെത്തിക്കുകയും അതുപോലെ, കരയിൽ നിന്ന് ചരക്കുകൾ കപ്പലിലെത്തിക്കുകയും ചെയ്യുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നവരായിരുന്നു ‘ബത്തപ്പണിക്കാർ ‘(ഇന്നത്തെ ഡോക്ക് വർക്കേഴ്സ് ). തൊഴിൽ തേടി തെക്കുനിന്നും വടക്കുനിന്നും എത്തിയ അവരാണ് ഇന്നത്തെ മട്ടാഞ്ചേരിയുടെ പൂർവികർ (ടി എം അബുവിന്റെ പിതാവ് മുഹമ്മദ് തന്നെ പൊന്നാനി സ്വദേശിയാണ് ). അവർ പീടികത്തിണ്ണകളിലും നിരത്തോരങ്ങളിലും അന്തിയുറങ്ങി. പുലർച്ചെ എഴുന്നേറ്റ് കവലകളിലേക്കോടി കൂട്ടമായി കാത്തു നിന്നു. അവിടങ്ങളിലേക്കാണ് ‘ചാപ്പ’ യുമായി കപ്പൽ കോൺട്രാക്ടർമാരുടെ മൂപ്പന്മാർ എത്തുക.
തകരത്തിൽ വെള്ളി രൂപയുടെ വലുപ്പത്തിൽ വെട്ടിയുണ്ടാക്കുന്ന തുട്ടുകളാണ് ‘ചാപ്പ’കൾ. അവയിൽ കോൺട്രാക്ടർമാരുടെ മുദ്രകളുണ്ട്. അവയാണ്, ഒരു ദിവസം കപ്പൽക്കള്ളികളിൽ വേല ചെയ്യുന്നതിനുള്ള അവകാശമുറപ്പിക്കുന്ന ടോക്കൺ. അടക്കിപ്പിടിച്ച ചാപ്പകളിൽ നിന്ന് ഒരണ്ണമെടുത്ത്, ആർത്തി പെരുത്ത് തിക്കിത്തിരക്കുന്ന മനുഷ്യർക്കിടയിലേക്ക് എറിയുന്നു മൂപ്പൻ. അത് കയ്ക്കലാക്കാനുള്ള മരണ വെപ്രാളം. തല്ലു കൂടി, കെട്ടിമറിഞ്ഞ്, ഒടുവിൽ ഒരാൾ അത് കൈപ്പിടിയിലാക്കുന്നു. തുടർന്ന്, ഈ പ്രക്രിയയുടെ ആവർത്തനം. തലേന്ന്, മൂപ്പന് മദ്യം വാങ്ങിക്കൊടുത്ത് പ്രീതി സമ്പാദിച്ചയാൾ കൂട്ടത്തിലുണ്ടെങ്കിൽ ഒരു ചാപ്പ അയാളുടെ കയ്യിലിട്ടു കൊടുക്കും. ചാപ്പ കയ്യിലുള്ളവരെ വഞ്ചികളിൽ കപ്പലിലെത്തിക്കുന്നു. ഫോർമാൻമാർ തികഞ്ഞ ചട്ടമ്പികളാണ്. ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയാണ് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. കപ്പൽക്കളികളിൽ പണിയെടുക്കുന്ന ബത്തപ്പണിക്കാർക്ക് കൊടുക്കുന്ന ഉച്ച ഭക്ഷണത്തിന് ‘ചട്ടായിച്ചോർ’ എന്നാണ് പേര്. രണ്ടടി സമചതുരത്തിൽ അളിയടുപ്പമുള്ള പനമ്പ് തട്ടിയാണ് ചട്ടായി. ഇതിൽ നാലു പേർക്കുള്ള ചോറും പരിപ്പു ചാറും. ഉച്ചയാകുമ്പോൾ കപ്പൽക്കള്ളികളിൽ നിന്ന് ഒരു പറ്റത്തെ കപ്പൽത്തട്ടിലേക്കു വിടും. കയ്യും മുഖവും കഴുകാൻ നിൽക്കാതെ ഒരു ചട്ടായിക്കു ചുറ്റിനുമായി നാലു പേർ വീതം കുത്തിയിരുന്ന് ആർത്തിയോടെ വാരിവിഴുങ്ങും. അവർ കപ്പൽക്കളികളിലേക്ക് മടങ്ങുമ്പോൾ അടുത്ത പറ്റം.
തുറമുഖത്ത് മൂന്ന് തൊഴിലാളി സംഘടനകളാണുള്ളത്. ഐഐടിയുസി നേതൃത്വത്തിലുള്ളതും ജോർജ് ചടയംമുറി പ്രസിഡണ്ടും ടി എം അബു ജനറൽ സെക്രട്ടറിയുമായിട്ടുള്ള എഐടിയുസി യൂണിയൻ. കോൺഗ്രസ് നേതാക്കൾ നയിക്കുന്ന രണ്ട് യൂണിയനുകൾ. കപ്പലിലേക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ചരക്കുകളുടെ കണക്കെഴുത്തുകാരനായ ടാലി ക്ലാർക്കാണ് ചടയംമുറി. തൊഴിലാളികളോടുള്ള ടാലി ക്ലാർക്കിന്റെ അതിരു വിട്ട ലോഹ്യം നിരീക്ഷിച്ച കപ്പൽക്കമ്പനി ചടയംമുറിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ചടയംമുറിയാകട്ടെ, തൊഴിലാളി പ്രവർത്തനത്തിന് അത് കൂടുതൽ സൗകര്യമായിക്കണ്ടു. ‘വിസ്തൃതമായ നെഞ്ചും കാളക്കഴുത്തും ഉയർന്ന നെറ്റിയും കനത്ത മേൽ മീശ’യുമുള്ള ചടയംമുറി (നൂറ്റുവർ ടി എം അബു) കപ്പൽക്കമ്പനികൾക്ക് വലിയ വെല്ലുവിളിയായിരുന്നു. ഒരു ദിവസം അവരുടെ ഗുണ്ടകൾ ചടയംമുറിയെ കയ്യേറ്റം ചെയ്തു. കൂട്ടത്തിൽ രണ്ടെണ്ണത്തിനെ ചടയംമുറി ഇരു കക്ഷത്തിലുമിറുക്കി ഞെരിക്കുന്നതു കണ്ടപ്പോൾ ശേഷിച്ചവർ പേടിച്ച് സ്ഥലം വിട്ടു. വൈകാതെ അദ്ദേഹത്തെ പൊലീസ് റാഞ്ചി ഉറച്ച ശരീരത്തിൽ കൈകാൽ പ്രയോഗം ഏശുകയില്ലെന്ന് ബോധ്യമായപ്പോൾ, പൊലീസ് അമ്മിക്കുഴയും കതിനക്കുറ്റിയും ഇരുമ്പുവടികളും പ്രയോഗിച്ചു. ശരീരം ഇഞ്ച പോലെ ചതഞ്ഞു. നാല് വാരിയെല്ലുകൾ ഒടിഞ്ഞു. കഴുത്ത് മുതൽ അരക്കെട്ട് വരെ പ്ലാസ്റ്ററിൽ.
പ്രതിഷേധം ശക്തമായപ്പോൾ, കൊച്ചി ദിവാൻ സർ ജോർജ് ബോഗിക്ക് പ്രശ്നത്തിൽ ഇടപെടേണ്ടി വന്നു. എഐടിയുസി യൂണിയൻ ചില ആവശ്യങ്ങളുന്നയിച്ചു. ചാപ്പ സമ്പ്രദായം അവസാനിപ്പിക്കുക. കോൺട്രാക്ട് സമ്പ്രദായം അവസാനിപ്പിക്കുക. തുറമുഖത്തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുക. ഇതോടെ, യൂണിയനെതിരെ ചില ഗൂഢനീക്കങ്ങളാരംഭിച്ചു. കപ്പൽക്കമ്പനികൾ ചാപ്പ വിതരണം ഒരു കോൺഗ്രസ് സംഘടനയായ സിടിടിയു (കൊച്ചിൻ തുറമുഖത്തൊഴിലാളി യൂണിയൻ)വിനെ ഏൽപ്പിച്ചു. അപ്പോൾ, ഐഎൻടിയുസി യൂണിയന്റെ നേതാവ് ഡൽഹിക്കു പാഞ്ഞു. കേന്ദ്ര തൊഴിൽ മന്ത്രി ആബിദലി ജാഫർബായി സ്ഥലത്തെത്തി. ചാപ്പ വിതരണം രണ്ട് കോൺഗ്രസ് യൂണിയനുകൾക്കുമായി പങ്കിട്ടു. ചാപ്പ സമ്പ്രദായത്തിനെതിരായ എഐടിയുസി നിലപാട് ശരി എന്ന് തെളിയിക്കുന്ന ഒരു സംഭവം ആയിടെയുണ്ടായി. ‘സാഗര്‍വീണ’ എന്ന കപ്പലിൽ മറ്റ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികളെ പണിക്ക് കയറ്റാൻ ഐഎൻ ടിയുസി നേതാവ് സമ്മതിച്ചില്ല. പ്രശ്നമായി. മുഴുവൻ തൊഴിലാളികളും യൂണിയൻ ഭേദമില്ലാതെ ഒന്നിച്ചു. ബി ജെ ഖോന എന്ന ഗുജറാത്തി കപ്പൽക്കമ്പനിക്കു മുമ്പിൽ സത്യഗ്രഹ സമരമാരംഭിച്ചു. സമരം 74ാം ദിവസത്തിലെത്തിയപ്പോൾ, എഐടിയുസി യൂണിയനെ ഒഴിവാക്കിക്കൊണ്ടുള്ള ചർച്ച. പഴയപടി, ചാപ്പ വിതരണം കോൺഗ്രസ് — ഐഎൻടിയുസി യൂണിയനുകൾക്ക്. എഗ്രിമെന്റ് അംഗീകരിക്കാൻ പക്ഷേ, തൊഴിലാളികൾ തയ്യാറായില്ല.

’53 സെപ്റ്റംബർ 15 പുലർന്നു

അന്തരീക്ഷത്തിൽ ഒരപകടത്തിന്റെ ഗന്ധം. ഹാർബറിലേക്ക് പട്ടാള വണ്ടികൾ നീങ്ങുന്നു. പോലീസിന്റെയും കൊച്ചി സർക്കാരിന്റെ നായർ പട്ടാളത്തിന്റെയും റൂട്ട് മാർച്ച്. ഉപശാലകളിൽ ഒരുവൻ ചതി ജന്മമെടുക്കുകയായിരുന്നു. രാവിലെ കേന്ദ്ര കൺസിലിയേഷൻ ഓഫീസർ സ്ഥലത്തെത്തി. ജെ ബി ഖോന കമ്പനിയിൽ, കപ്പൽക്കമ്പനി പ്രതിനിധികളുടെയും കോൺട്രാക്ടർമാരുടെയും യൂണിയൻ പ്രതിനിധികളുടെയും ഒരു അടിയന്തര കോൺഫറൻസ് നിശ്ചയിക്കപ്പെട്ടു. എഐടിയുസി യൂണിയനും ക്ഷണം വന്നു. ജോർജ് ചടയംമുറി സ്ഥലത്തില്ല. ടി എം അബു യോഗത്തിൽ പങ്കെടുത്തു. മുൻ നിലപാടിൽ അബു ഉറച്ചു നിന്നു. കൽക്കത്ത, മദ്രാസ്, ബോംബെ തുറമുഖങ്ങളിലെപ്പോലെ, തുറമുഖത്തൊഴിലാളികളെ രജിസ്റ്റർ ചെയ്യണമെന്ന ഡോക്ക് വർക്കേഴ്സ് റെഗുലേഷൻ ഓഫ് എംപ്ലോയ്മെന്റ് ആക്ട് കൊച്ചി തുറമുഖത്തും നടപ്പിലാക്കുക.
നിർദ്ദേശത്തെ ഇതര യൂണിയൻ നേതാക്കളടക്കം ആരും അനുകൂലിച്ചില്ല. ചർച്ച അലസി. ‘എങ്കിൽ, പോകാമല്ലോ’ എന്ന് അബു. പക്ഷേ, പോകാൻ കഴിഞ്ഞില്ല. പുറത്തേക്കിറങ്ങുമ്പോൾ, പൊലീസ് വണ്ടിയുടെ വാതിൽ തുറന്നു പിടിച്ച് പൊലീസ്. പരിസരം നിറയെ പോലീസും നായർ പട്ടാളവും. വഴി നിറഞ്ഞ് തൊഴിലാളികൾ. ഇതര യൂണിയൻ നേതാക്കളെയും വാഹനത്തിൽ കയറ്റി. അവരെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിക്കേണ്ട ബാധ്യതയുണ്ടല്ലോ പൊലീസിന്! പൊലിസ് വാഹനം ഒരടി മുന്നോട്ട് നീങ്ങാൻ തൊഴിലാളികളും നാട്ടുകാരും സമ്മതിച്ചില്ല. അവർ വഴി നീളെ നിറഞ്ഞു കിടന്നു. എല്ലാ ഇടവഴികളിലൂടെയും ജനങ്ങൾ പാഞ്ഞു വന്നു. നായർ പട്ടാളവും പൊലീസും തോക്ക് ചൂണ്ടി, വാഹനം മുന്നോട്ട് നീക്കാൻ ആവതും ശ്രമിച്ചു. ശ്രമം വിഫലമായപ്പോൾ ജെ ബി ഖോന കപ്പൽക്കമ്പനിക്കു മുന്നിൽ വച്ചു തന്നെ ആദ്യ വെടി പൊട്ടി. പിന്നെ, തുരുതുരാ വെടിയുണ്ടകൾ പാഞ്ഞു. തോണി ത്തൊഴിലാളിയായ 23 കാരൻ സെയ്താലി പിടഞ്ഞു വീണു മരിച്ചു. വളരെപ്പേർക്ക് മുറിവേറ്റു. ജനങ്ങൾ കലിയിളകിത്തുള്ളി. പട്ടാളത്തിനും പൊലീസിനും നേരെ കല്ലുകളും കട്ടകളും കുപ്പിച്ചില്ലുകളും പാഞ്ഞു വന്നു. വീടുകളിലെ വട്ടികളിലും മുറങ്ങളിലും പാത്രങ്ങളിലും കല്ലുകളും കുപ്പിച്ചില്ലുകളും നിറച്ച് സ്ത്രീകൾ കുട്ടികളെ ഏൽപ്പിച്ചു. കുട്ടികൾ അവ തലയിലും ചുമലിലുമേന്തി മുതിർന്നവർക്ക് എത്തിച്ചു കൊടുത്തു. കല്ലേറ് തടുക്കാൻ പട്ടാളവും പൊലീസും വഴിയരുകിലെ കടകളുടെ നിരപലകകൾ മറയാക്കി പിടിച്ചു. അപ്പോൾ, വള്ളമൂന്നാൻ ഉപയോഗിക്കുന്ന നീണ്ട കഴുക്കോലുകൾ അവർക്കു നേരെ നീണ്ടു വന്നു.

യുദ്ധം!

‘ഫയർ… ഫയർ…’ പോലീസ് ഉദ്യോഗസ്ഥർ അലറി വിളിച്ചു. മുന്നിലെ പൊലീസ് നിരയെ മറയാക്കി, പിന്നിൽ നിന്ന നായർ പട്ടാളം ഉത്തരവുകൾ നടപ്പാക്കിക്കൊണ്ടിരുന്നു. കൂടുതൽ സൗകര്യത്തിനായി, ബസാറിലെ ഒരു പണ്ടികശാലയുടെ മുകൾത്തട്ടിലേക്ക് പട്ടാളം പാഞ്ഞുകയറി. അവിടെ നിന്ന് താഴേക്ക് വെടി. ഈ സമയത്ത് വീട്ടിൽ ഉച്ച ഭക്ഷണത്തിന്റെ മുമ്പിലിരിക്കുകയായിരുന്നു സിടിടിയു തൊഴിലാളിയായ സെയ്ത്. വെടിയൊച്ചയും ബഹളവും കേട്ട് സെയ്ത് വഴിയിലേക്കു പാഞ്ഞു. പണ്ടികശാലയുടെ മുകളിൽ നിന്ന് ചീറിവന്ന ഒരു വെടിയുണ്ട സെയ്തിന്റെ കഴുത്തിന്റെ വലതു ഭാഗം തുളച്ചു. മരിച്ചു വീണ സെയ്തിന്റെ വലതു കയ്യിൽ അപ്പോഴും, ചോറുണങ്ങിപ്പിടിച്ച ഒരു കരിങ്കൽച്ചീളുണ്ടായിരുന്നു.
ബി ജെ ഖോന കപ്പൽക്കമ്പനിയുടെ മുന്നിൽ നിന്ന് രണ്ട് ഫർ ലോംഗാണ് പൊലീസ് സ്‌റ്റഷനിലേക്കുള്ള ദൂരം. ആ ദൂരം താണ്ടാൻ പൊലീസ് വാഹനത്തിന് രണ്ട് മണിക്കൂർ വേണ്ടി വന്നു. അന്നു രാത്രി മട്ടാഞ്ചേരി പൊലിസ് സ്റ്റേഷനിൽ ടിഎം അബു അതി ഭീകരമായ മർദ്ദനത്തിനിരയായി. അബു മർദ്ദനമേറ്റ് മരിച്ചു എന്നാണ് പുലർന്നപ്പോൾ പുറം ലോകമറിഞ്ഞത്. തിരു-കൊച്ചി നിയമസഭ പ്രക്ഷുബ്ധമായി. മുഖ്യമന്ത്രി എ ജെ ജോൺ തറപ്പിച്ചു പറഞ്ഞു: ഇല്ല, അബു മരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് ടി വി തോമസ് സ്റ്റേഷനിലെത്തി അബുവിനെ കണ്ടു. ടി എം അബു ഒന്നാം പ്രതിയും ജോർജ് ചടയം മുറി, കമ്മ്യൂണിസ്റ്റ് പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി ഗംഗാധരൻ എന്നിവർ അഞ്ചും എട്ടും പ്രതികളായും നൂറോളം പേരുണ്ടായിരുന്നു പൊലീസ് ചാർജ് ചെയ്ത ഗൂഢാലോചനക്കേസിൽ.
സർക്കാർ നിയോഗിച്ച സ്പെഷ്യൽ കോടതിയിൽ, ഞായറാഴ്ചകൾ ഒഴികെ മുടങ്ങാതെ ഏഴ് മാസത്തെ വിചാരണ. ഒടുവിൽ, വിധി വന്നു: ടി എം അബുവും ജോർജ് ചടയംമുറിയും അടക്കം ഏഴ് പ്രതികൾക്ക് രണ്ട് വർഷം വീതം കഠിന തടവ്. സെഷൻസിൽ അപ്പീൽ പോയി. എം എൻ ഗോവിന്ദൻ നായരാണ് പാർട്ടി സെക്രട്ടറി. കെപിഎസി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടിന്റെ മുക്കിനും മൂലയിലും തകർത്ത് കളിക്കുന്ന കാലം. നാടകം നടക്കുന്നിടത്തൊക്കെ എം എൻ നിറഞ്ഞ ചിരിയോടെ പ്രത്യക്ഷപ്പെടും. നാടകച്ചെലവും പാർട്ടിക്കമ്മിറ്റികൾക്കുള്ള ലെവിയും കഴിച്ചുള്ള ബാക്കി തുക വാങ്ങി, കേസ് നടത്തിപ്പിനായി എം എൻ മട്ടാഞ്ചേരിയിലെത്തിക്കും. എഐടിയുസി കേന്ദ്രക്കമ്മിറ്റിയും സഹായിച്ചു. കൃഷ്ണൻകുട്ടി എന്ന പ്രതിയെ മാത്രം നിസാര കാലത്തേക്ക് ശിക്ഷിച്ച്, മറ്റ് പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു.
ഗൂഢാലോചനക്കേസിലെ എട്ടാം പ്രതി പി ഗംഗാധരൻ, സെപ്റ്റം. 15‑ന്, മൊറാഴ — മട്ടന്നൂർ ദിനത്തോടനുബന്ധിച്ച് തലശേരിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രാസംഗികനായിരുന്നു എന്ന മുഖ്യ തെളിവാണ്, പോലീസിന്റെ ഗൂഢാലോചനക്കേസ് പൊളിയാൻ കാരണം. പോലീസ് ഭാഗം സാക്ഷികളിലെ പ്രമുഖർ കോൺഗ്രസ് — ഐഎൻടിയുസി നേതാക്കളായിരുന്നു! (പിന്നീട്, ടി എം അബുവും മറ്റും ജയിലിൽ നിന്നിറങ്ങിയപ്പോൾ, ബസാർ പോസ്റ്റ് ഓഫിസിന്റെ മതിലിൽ വെടിയേറ്റ് തുളഞ്ഞ 14 പാടുകൾ കണ്ടു. അവർ അതിന് ചുറ്റും കറുപ്പ് വട്ടം വരച്ചിട്ടു. പിന്നാലെ, സർക്കാർ തുളകൾ അടച്ച് കുമ്മായം തേച്ചു). എഐടിയുസി യൂണിയൻ മുന്നോട്ടു വച്ച ആവശ്യങ്ങളെല്ലാം ഏറ്റു വിളിക്കാൻ പിന്നീട്, മറ്റ് തൊഴിലാളി സംഘടനകളും നിർബന്ധിതരായി. ആവശ്യങ്ങളെല്ലാം ക്രമേണ അംഗീകരിക്കപ്പെട്ടു. തുറമുഖത്തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പു വരുത്തുന്ന ഡോക്ക് ലേബർ ബോർഡും കൊച്ചി തുറമുഖത്ത് നിലവിൽ വന്നു.

കൊച്ചി തുറമുഖത്ത് പുതിയ പ്രഭാതം

അവകാശപ്പോരാട്ടങ്ങളുടെ നാൾവഴികളിൽ ഒരേട് കൂടി എഴുതിച്ചേർത്ത സെയ്ത്, സെയ്താലി, ആന്റണിമാരുടെ വീരസ്മരണ പൂത്തു നിൽക്കുന്ന ഒരു സെപ്റ്റം. 15 കൂടി വരവായി. മട്ടാഞ്ചേരിയുടെ ഇതിഹാസകാരൻ പി ജെ ആന്റണിയുടെ തീച്ചൂടുള്ള പടപ്പാട്ടിന്റെ വരികൾ, ഏഴ് പതിറ്റാണ്ടിനിപ്പുറവും ഒരു കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പായി പുനർജനിക്കുമ്പോൾ, കൊച്ചീക്കായലിലെ കൊച്ചോളങ്ങൾ പോലും ഉൾപ്പുളകത്തോടെ മറുവാക്ക് ചൊല്ലുന്നു: ഇല്ല, മറക്കില്ല മട്ടാഞ്ചേരിയെ…

സൈഡ് സ്റ്റോറി
ആന്റണിയുടെ പാർട്ടിക്കാർഡ് തുറമുഖത്തെ എഐടിയുസി യൂണിയന്റെ ജോ.സെക്രട്ടറിയും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമായിരുന്നു 21 കാരനായ ആന്റണി. ആന്റണിയെ സമര രംഗത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ അതിക്രൂരമായ പീഡന മുറകൾക്ക് ആന്റണി ഇരയായി. പുറത്തിറങ്ങിയത് തീർത്തും അവശനായി. ജീവശ്വാസം നിലയ്ക്കാറായെന്ന് ബോധ്യമായ ഘട്ടത്തിൽ, തന്റെ പാർട്ടിക്കാർഡ് വീട്ടുകാരെ ഏൽപ്പിച്ച്, അത് പാർട്ടി ജില്ലാക്കമ്മിറ്റിയാപ്പീസിൽ എത്തിച്ചു കൊടുക്കണമെന്ന് ആന്റണി പറഞ്ഞു വച്ചു. വൈകാതെ, അന്ത്യശ്വാസം വലിച്ചു. തുറമുഖത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊരുതിമരിച്ച സെയ്തു, സെയ്താലി, ആന്റണി ത്രയങ്ങൾ എക്കാലത്തെയും മട്ടാഞ്ചേരിയുടെ രക്ത നക്ഷത്രങ്ങളായി. ആന്റണിയുടെ ജീവിതം ഇതിവൃത്തമാക്കി പിന്നീട്, പി ജെ ആന്റണി ഒരു നാടകമെഴുതി: പാർട്ടിക്കാർഡ്.

അടിക്കുറിപ്പ്.
1. മട്ടാഞ്ചേരി ബസാറിൽ ബി ജെ ഖോന കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടം
2. ടി എം അബു
3. ജോർജ് ചടയംമുറി
4. രക്തസാക്ഷി മണ്ഡപം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.