അങ്ങനെ ഒരു തിരുവോണം കൂടി കഴിഞ്ഞു. ഇന്ന് ഉത്തൃട്ടാതിയുമായി. പക്ഷെ, മഹാബലി ഇനിയും പാതാളത്തിലേക്ക് തിരിച്ചുപോയിട്ടില്ല. തമ്പുരാന്‍ ആശുപത്രിയിലാണ്. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ പര്യടന പരിപാടികള്‍ക്കിടെ മാവേലിയെ തെരുവുനായ കടിച്ചു. വന്ധ്യംകരിച്ച പെണ്‍പട്ടി പെറ്റുകിടന്നേടത്തു ചെന്ന് അമ്മപ്പട്ടിയോടും കുട്ടികളോടും കുശലം പറയുന്നതിനിടെയായിരുന്നുവത്രേ, ശുനകദംശനം. വന്ധ്യംകരിച്ച പെണ്‍പട്ടി പെറുമോ എന്ന് ആശുപത്രിക്കിടക്കയ്ക്കരികില്‍ നിന്ന ഡോക്ടറോട് മഹാബലി അത്ഭുതത്തോടെ ചോദിച്ചു; “കോഴിക്കോടു മാത്രമല്ല, കൊല്ലത്തും വന്ധ്യംകരിച്ച പട്ടി അഞ്ചുപെറ്റുവെന്ന് ഡോക്ടറുടെ മറുപടി. അടുത്തതവണ താന്‍ വരുമ്പോള്‍ വന്ധ്യംകരിച്ച ആണ്‍പട്ടി പെറ്റെന്നും കേള്‍ക്കുമായിരിക്കും, എന്റെ നാടും അങ്ങു കളറാവുകയല്ലേ” വേദന കടിച്ചമര്‍ത്തി ആനന്ദതുന്ദിലനായി മഹാബലി കിടക്കയില്‍ നിന്നു ചാടിയെണീറ്റു പറഞ്ഞുപോയി! മലയാളക്കരയിലെ ഓണക്കാലം ഇത്തവണ പട്ടിക്കാലമായി. നൂറുകണക്കിന് മലയാളികളെ തെരുവുനായകളും പേപ്പട്ടികളും ഓടിച്ചിട്ടു കടിച്ചു. പേയ് ബാധയുടെ ലക്ഷണങ്ങളോടെ കുട്ടികളടക്കം നിരവധിപേര്‍ മരിച്ചുവീണ ദയനീയ ദൃശ്യങ്ങള്‍. ഡോക്ടര്‍മാര്‍ക്കുപോലും കണ്ടുനില്ക്കാനാവാത്ത മരണങ്ങള്‍. എന്നിട്ടും മനേകഗാന്ധി പറയുന്നു, ഒറ്റനായ്ക്കളെ തൊട്ടുപോകരുത്. മനുഷ്യന്‍ മരിച്ചാലും പട്ടികള്‍ നാടുവാഴണമെന്ന മനേകയുടെ ശ്വാനപ്രേമത്തിന് പിന്നിലെ പൊരുളെന്തെന്നറിയാന്‍ പാഴൂര്‍ പടിക്കവരെ പോയി പ്രശ്നം വച്ചുനോക്കേണ്ടതില്ല. ലോകമെമ്പാടുമുള്ള പേപ്പട്ടി വാക്സിന്‍ നിര്‍മ്മാതാക്കളാണ് മനേകയെയും പേപ്പട്ടികളെയും പോറ്റിവളര്‍ത്തുന്നതെന്ന ആരോപണം പണ്ടേ ശക്തമായിരുന്നു. പട്ടിപ്രേമം കാട്ടിയാലല്ലേ വാക്സിന്‍ കമ്പനിക്കാരുടെ ചിക്കിലി കൂടൂ. അതോര്‍ക്കുമ്പോള്‍ മനുഷ്യനെന്തുവില!
ഞങ്ങളുടെ നാട്ടില്‍ ഒരു അപ്പുവുണ്ടായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ശുചീകരണത്തൊഴിലാളി, എല്ലാ ദിവസവും രണ്ടെണ്ണം വീശി വീട്ടിലേക്ക് വന്ന് കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് തലചായ്ക്കും. നാട്ടുകാര്‍ക്കിടയില്‍ ഒരു പഞ്ചപാവം. ഓണമടുക്കാറാവുമ്പോള്‍ അപ്പു ആളാകെ മാറും. രാപ്പകല്‍ കുടിയോടുകൂടി. ഓണക്കാലം മദ്യപിച്ചു ലക്കുകെട്ടോളാന്‍ മാവേലി അനുവാദം തന്നിട്ടുണ്ടെന്നാകും അപ്പുവിന്റെ ഞായം! ഏതാനും വര്‍ഷം മുമ്പ് ഒരോണദിവസം അപ്പു കുടിച്ചു മരിച്ചു. കയ്യിലുണ്ടായിരുന്ന ഫുള്‍ മദ്യക്കുപ്പി തറയില്‍ വീണുടഞ്ഞ് അതിന്മേല്‍ മറിഞ്ഞുവീണ് കരളില്‍ കുത്തിക്കയറി ചോരവാര്‍ന്ന അന്ത്യം. പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെയും ഭാര്യയെയും അനാഥരാക്കി മദ്യത്തിന്റെ രക്തസാക്ഷിയായ അപ്പു. ഏറ്റവും കൂടുതല്‍ പാലും മദ്യവും ഉപയോഗിക്കുന്നവരില്‍ പഞ്ചാബികള്‍ക്കായിരുന്നു റെക്കോഡ്. അതില്‍ മദ്യ ഉപഭോഗത്തിലെ റെക്കോഡ് മൂന്ന് പതിറ്റാണ്ട് മുമ്പുതന്നെ നാം അടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ പാല്‍ കുടിക്കുന്നവരെന്ന ബഹുമതി നിങ്ങള്‍ക്കിരുന്നോട്ടെ എന്ന് കേരളം പഞ്ചാബിനോട് കാരുണ്യവായ്പു കാട്ടി. ഇത്തവണ ഓണക്കാലത്ത് കേരളത്തില്‍ മില്‍മ വിറ്റത് 9.45 ലക്ഷം ലിറ്റര്‍ പാലാണ്. അതിന്റെ എത്രയോ മടങ്ങ് മദ്യമാണ് പ്രബുദ്ധ മലയാളി ഇക്കാലയളവില്‍ കുടിച്ചുവറ്റിച്ചത്. ഉത്രാടനാളില്‍ മാത്രം കേരളത്തിലെ ബെവ്കോ വില്പനശാലകളില്‍ വിറ്റഴിച്ചത് 117 കോടി രൂപയുടെ മദ്യം. ബാറുകളിലെ മദ്യക്കച്ചവടപൂരം വേറെ. വെറും സാധാരണക്കാര്‍ മാത്രം ഏറെയുള്ള കൊല്ലത്തെ ആശ്രമത്തെ ബെവ്കോ ഔട്ട്‌ലെറ്റില്‍ ഉത്രാടനാളില്‍ വിറ്റത് 1.7 കോടിയുടെ മദ്യം. തലസ്ഥാനത്ത് ചാലയിലെ പവര്‍ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ ഉത്രാടനാളിലെ മദ്യപ്പാച്ചിലില്‍ വിറ്റുപോയത് 1.2 കോടിയുടെ മദ്യം. ഉത്രാടം വരെയുള്ള ഓണനാളുകളില്‍ ബെവ്കോ വിറ്റഴിച്ചത് 624 കോടിയുടെ മദ്യം. ഓണക്കാലത്തു മാത്രം മദ്യനികുതിയായി ഖജനാവിലെത്തിയത് 550 കോടി.
മദ്യനിരോധനമല്ല, മദ്യവര്‍ജനവും മദ്യവിമുക്തിയുമാണ് വേണ്ടതെന്ന വാദം പാളിപ്പോകുന്ന കണക്കുകള്‍ നമ്മെ തുറിച്ചുനോക്കുന്നു. മദ്യവിമുക്തി കേന്ദ്രങ്ങളില്‍ രണ്ടും മൂന്നും തവണ ചികിത്സയ്ക്ക് വിധേയരായവരില്‍ നൂറുകണക്കിനാളുകള്‍ തിരിച്ചെത്തി കുടിച്ചുമരിച്ച കണക്കുകള്‍ വേറെ. മദ്യം ഒരു സാമൂഹ്യവിപത്തായി മലയാളി സമൂഹത്തെ ജീര്‍ണിപ്പിക്കുമ്പോള്‍ നമുക്കും വേണ്ടേ ഒരു പുതിയ മദ്യനയം ‘മദ്യം വളര്‍ക്കില്ലൊരു നാടിനെ’ എന്ന പാഠഭേദത്തെക്കുറിച്ച് നമുക്കും ഉറക്കെ ചിന്തിക്കാം. അതിനുള്ള കാലം തന്നെ വൈകിയിരിക്കുന്നു, കാര്യങ്ങള്‍ പിടിവിട്ടുപോയിരിക്കുന്നു. മദ്യം മലയാളി സമൂഹത്തെ വിഴുങ്ങുന്നതോടെ നമ്മുടെ ഭദ്രമായിരുന്ന സാമൂഹ്യഘടനപോലും തകര്‍ന്നുതുടങ്ങിയിരിക്കുന്നു. അരുംകൊലകളും ആത്മഹത്യകളും പെരുകുന്നു. മദ്യപിച്ചശേഷം ബാറിലും തെരുവിലും തമ്മിലടിച്ചു പരിക്കേല്ക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും തുടര്‍ക്കഥയാവുന്നു. കുടിച്ചു ലക്കുകെട്ട് നടുറോഡില്‍ പമ്പരം പോലെ കറങ്ങുന്നവരുടെയും നൃത്തം ചെയ്യുന്നവരുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ആത്മഹത്യകളില്‍ കേരളം അഞ്ചാം സ്ഥാനത്തെത്തിക്കഴിഞ്ഞു. ഒന്നാം സ്ഥാനത്തേക്കുള്ള അതിവേഗ കുതിപ്പിലാണിപ്പോള്‍ നാം. മിക്കവാറും എല്ലാം തന്നെ മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍.
കുടിച്ചിട്ടുവന്നുള്ള ഗാര്‍ഹിക പീഡനം താങ്ങാനാവാതെ കൊലക്കയറും വിഷവുമെടുക്കുന്ന വീട്ടമ്മമാര്‍. മദ്യപിച്ചു ലക്കുകെട്ടോ മദ്യപിക്കാന്‍ കയ്യില്‍ കാശില്ലാതെവരികയോ ചെയ്യുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന തൊഴിലാളികള്‍. തീക്കനല്‍കൊണ്ടെഴുതിയ ചോദ്യചിഹ്നം പോലെ നമുക്കെതിരെ തിരിയുന്നു. മലയാളി മലയാളം മറക്കുന്നുവോ. ഇംഗ്ലീഷില്‍ സംസാരിക്കുന്നതും ചിന്തിക്കുന്നതും ഒരു ഗമപോലെ. കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ ‘കുഞ്ഞിനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പേറങ്ങ് ശീമയിലാക്കി’ എന്ന് മനോഗതി വളര്‍ന്നുവരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എന്‍സിഇആര്‍ടിയും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പകുതിയിലധികം പേര്‍ക്കും മലയാളം ശരിയായി വായിക്കാനോ മനസിലാക്കാനോ കഴിയുന്നില്ലെന്നു കണ്ടെത്തി. വെറും 16 ശതമാനം കുട്ടികള്‍ക്കു മാത്രമേ മലയാളം ശരിയായി വായിക്കാനും കഴിയുന്നുള്ളു. ഈ കുട്ടികള്‍ക്ക് മിനിറ്റില്‍ 51 വാക്കുകളോ അതില്‍ കൂടുതലോ തെറ്റില്ലാതെ വായിക്കാനും കഴിഞ്ഞു. 28 ശതമാനം ശരാശരി പ്രകടനം കാഴ്ചവച്ചു. 56 ശതമാനത്തിനും മലയാളമെന്നാല്‍ ഒരു ബബ്ബബ്ബ ഭാഷ! 17 ശതമാനത്തിന് മിനിറ്റില്‍ പത്തു വാക്കുകള്‍ പോലും വായിക്കാനും മനസിലാക്കാനും കഴിയാത്ത അവസ്ഥ. കൊളോണിയല്‍ വിദ്യാഭ്യാസ സമ്പ്രദായം പ്രബുദ്ധ കേരളത്തെയും വേട്ടയാടുന്ന ദുരന്തം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.