23 December 2024, Monday
KSFE Galaxy Chits Banner 2

പഴയ അനുഭവങ്ങള്‍, പുതിയ പാഠങ്ങള്‍

Janayugom Webdesk
July 23, 2022 6:00 am

കേരളത്തെക്കുറിച്ച് ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയ വ്യക്തിയാണ് ഒല്ലെ ടോണ്‍ക്വിസ്റ്റ്. രണ്ടുമൂന്നു ദശകങ്ങള്‍ക്കു മുമ്പാണ് ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത്. നോര്‍വെയിലെ ഓസ്ലോ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് അക്കാദമിക് പഠനങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന്റെ പ്രധാന പഠന മണ്ഡലത്തിലൊന്ന് കേരളമാണ്. തീര്‍ത്തും സ്വതന്ത്രമായ പഠനങ്ങള്‍, നിരീക്ഷണങ്ങള്‍ ഒട്ടേറെ തവണ അദ്ദേഹവുമായി കേരള അവസ്ഥകളെക്കുറിച്ച് യോജിച്ചും വിയോജിച്ചും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഈയിടെ ടോണ്‍ക്വിസ്റ്റ് നടത്തിയ ഒരു പഠനത്തിന്റെ കേന്ദ്രബിന്ദു മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രാദേശികവും വിശാലവുമായ ഗവണ്‍മെന്റും സാമ്പത്തിക ഘടനയും തമ്മില്‍ ഒരു ജനാധിപത്യബന്ധം എങ്ങനെ സ്ഥാപിക്കാമെന്നതിനെക്കുറിച്ചായിരുന്നു. ഇന്നും കേരളത്തില്‍ ശ്രദ്ധിക്കേണ്ട ഒരു തന്ത്രപരമായ പ്രശ്നമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. അതേക്കുറിച്ച് അദ്ദേഹമെഴുതിയ പ്രബന്ധം ശ്രദ്ധേയമായി തോന്നി.

നിപ, വെള്ളപ്പൊക്കം, കോവിഡ് 19 എന്നിവയൊക്കെ നേരിട്ടത് ഏകീകൃത പൊതു ആക്ഷനിലൂടെയായിരുന്നുവെന്ന് വിശദമായി പറഞ്ഞ അദ്ദേഹം, പ്രാദേശിക ഭരണവും അതിനുപുറത്തെ വിശാല ഭരണവും തമ്മിലുള്ള ബന്ധം കുറേക്കൂടി ശക്തമാക്കേണ്ടതുണ്ടെന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നു. വികേന്ദ്രീകൃത ഭരണസംവിധാനം മാത്രം പോരെന്നാണദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. കോവിഡ് 19 നിയന്ത്രിക്കുന്നതില്‍ അവസാനഘട്ടത്തില്‍ വന്ന പോരായ്മകളുടെ പശ്ചാത്തലത്തിലാണ് ടോണ്‍ക്വിസ്റ്റ് ഇത് പറയുന്നത്. ഒരു നിരീക്ഷണവും നമുക്ക് അന്യമാവരുതല്ലോ. ഏറ്റവും വലിയ പോളിസി പ്രശ്നം പ്രാദേശിക ഭരണത്തെ, കൂടുതല്‍ വിശാലമായ സാഹചര്യത്തിലേക്ക് കണക്ട് ചെയ്യുക എന്നതാണ്. തൊഴില്‍സൃഷ്ടി, ക്ഷേമപ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവ കൂടിച്ചേര്‍ന്ന ഒരു പരിഹാര നിര്‍വഹണമായിരുന്നു ആവശ്യം. വികേന്ദ്രീകൃത, പ്രാദേശിക സമീപനങ്ങള്‍ പലതരത്തിലും പല രാജ്യങ്ങളിലും വേണ്ടത്ര വിജയകരമായില്ലെന്നും ടോണ്‍ക്വിസ്റ്റ് തന്റെ പ്രബന്ധത്തില്‍ വാദിക്കുന്നുണ്ട്. അധീശത്വ സ്വഭാവമുള്ള ചെെനയില്‍ പോലും, പരന്നുകിടക്കുന്ന പീപ്പിള്‍സ് കമ്യൂണുകളില്‍ വികസനം ഏകോപിപ്പിക്കുക ദുഷ്കരമായിരുന്നു.


ഇതുകൂടി വായിക്കു; അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങൾ നിഷേധിക്കുന്നു


കേരളത്തിലെ അവസ്ഥ വ്യത്യസ്തമായിരുന്നെന്നാണ് പഠനം പറയുന്നത്. ആക്ടിവിസ്റ്റുകളും അക്കാദമിക്കുകളും ചേര്‍ന്ന് സാക്ഷരത പ്രസ്ഥാനം, ശാസ്ത്രസാഹിത്യ പ്രസ്ഥാനം, വിഭവ മാപ്പിങ് തുടങ്ങി മൗലിക പ്രവര്‍ത്തനങ്ങളിലൂടെ പൗരസമൂഹത്തിലേക്ക് കടന്നുചെന്നത് സമാന്തര തന്ത്രമായിരുന്നു. താഴ്ത്തല ഭരണം മുതല്‍ അവര്‍ ഇടപെട്ടു. താഴ്ത്തല ഭരണത്തെ ഉപരിതല ഭരണവുമായി ഇഴചേര്‍ക്കാന്‍ ഇതു സഹായിച്ചു. ജനാധിപത്യത്തിന് പുതിയ പ്രവര്‍ത്തനമേഖലകള്‍ ഇത് അനാവരണം ചെയ്യുകയും സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ത്തന്നെ ചില പോരായ്മകളും അദ്ദേഹം വ്യക്തമാക്കുന്നു. മധ്യവര്‍ഗക്കാര്‍ തങ്ങള്‍ക്കായി താഴ്ത്തല പദ്ധതികളില്‍ ഏറെയൊന്നുമില്ലാത്തതുകൊണ്ട് ഇതില്‍നിന്ന് അകന്നുനിന്നു. അഴിമതിയും വികേന്ദ്രീകരിക്കപ്പെട്ടു. ഗ്രാമസഭകളുടെ ഹാജരും ഗൗരവവും കുറഞ്ഞു. പക്ഷെ കാര്യക്ഷമമായ പലതും ബാക്കിയായി. വിദ്യാഭ്യാസം, തൊഴില്‍, സ്ത്രീസംരക്ഷണം തുടങ്ങിയ മേഖലകളില്‍ പല കാര്യങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. മൂന്ന് ലക്ഷം അയല്‍ക്കൂട്ടങ്ങള്‍, 45 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ എന്നിവ ഒന്നാന്തരം നീക്കങ്ങളാണ്. രണ്ട് വെള്ളപ്പൊക്കങ്ങള്‍, നിപ, കോവിഡ് എന്നിവയെ നേരിട്ടതും സമഗ്ര പങ്കാളിത്തത്തോടെയായിരുന്നു.
പ്രാദേശിക പ്രവര്‍ത്തനങ്ങളുടെ ഗുണം സവിശേഷമായിരുന്നെങ്കിലും കൂടുതല്‍ ബൃഹത്തായ പൗര ആക്ഷന്‍ പ്രസ്ഥാനങ്ങളുമായി വേണ്ടത്ര ലിങ്കിങ് ഇല്ലാത്തത് ഒരു കുറവായാണ് നിരീക്ഷിക്കപ്പെടുന്നത്.

കോവിഡ് 19നെതിരായ പ്രവര്‍ത്തനത്തില്‍ ഇത് സ്പഷ്ടമായെന്നാണ് ടോണ്‍ക്വിസ്റ്റ് നിരീക്ഷിക്കുന്നത്. രണ്ടാം പ്രതിരോധ ഘട്ടത്തിലെ പാളിച്ചകള്‍ക്ക് മറ്റൊരു വ്യാഖ്യാനം കണ്ടെത്താനായിട്ടില്ല. എന്നാലും മറ്റുചില വിശദീകരണങ്ങളുണ്ട്. ജനങ്ങളുടെ ഉപജീവനം വന്‍തോതില്‍ തകരാറിലായ ഈ ഘട്ടത്തില്‍ ശ്രദ്ധ കുറേ അങ്ങോട്ടുപോയി. കേന്ദ്രവുമായുള്ള സംഘര്‍ഷം വീണ്ടും, സാമ്പത്തികരംഗം കലുഷിതമാക്കി. ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ മെച്ചങ്ങളെ തകര്‍ക്കാന്‍ കേന്ദ്രം ആസൂത്രണം ചെയ്ത നീക്കങ്ങളായിരുന്നു പ്രധാനം. സംസ്ഥാനതല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും അപഹരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കമ്മി, രോഗവ്യാപനം കൂടുതലാക്കി. 2021ല്‍ സാമൂഹിക വ്യാപനം ഇന്ത്യയിലെതന്നെ ഉയര്‍ന്നത് കേരളത്തിലായിരുന്നു. മേല്‍ത്തട്ടില്‍ നിന്നുള്ള ദൃഢ സമ്പര്‍ക്കത്തിനേ പ്രാദേശിക ഭരണസംവിധാനത്തെ ശക്തമാക്കാനാവു. നൂറു ശതമാനവും പ്രാദേശികമായൊതുങ്ങുന്ന ഭരണവ്യവസ്ഥയ്ക്ക് പല ദൗര്‍ബല്യങ്ങളുമുണ്ടാവും.
വിഭവം, നെെപുണി, സംവിധാനം എന്നിവ ഒട്ടേറെയുള്ളത് പുറത്താണ്. ആ സഞ്ചയവുമായി പ്രാദേശിക സംവിധാനത്തെയും ഭരണത്തെയും ഘടിപ്പിക്കണം. ഇതൊക്കെ പ്രധാനമാവുന്നത് രോഗവ്യാപനം വീണ്ടും ഉണ്ടാവുന്ന പശ്ചാത്തലത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിരുദ്ധ നിലപാടില്‍ പ്രത്യേകം ഒന്നും നമുക്ക് ചെയ്യാനുമാവില്ല. നിലവിലുള്ള ആക്ഷന്‍ ഗ്രൂപ്പുകള്‍, തൊഴിലാളി-സാമുദായിക സംഘടനകള്‍ എന്നിവയെ എല്ലാം, മൊത്തം പരിഹാര പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്. അതൊക്കെ നമ്മുടെ പരിഹാര ‘ബഫര്‍’ ശക്തികളായി വര്‍ത്തിക്കണം.

2020 പകുതിയോടെ കേരളത്തിന്റെ പ്രശ്നങ്ങള്‍ അപരിഹാര്യമെന്നു തോന്നി. തൊഴിലാളികളുടെ തിരിച്ചുപോക്ക്, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാമനോഭാവം, എല്ലാത്തിനും പുറമെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോരായ്മകളെ മാധ്യമങ്ങളിലൂടെ പെരുപ്പിച്ചു കാണിക്കല്‍ തുടങ്ങിയവ ശരിക്കും പരീക്ഷണങ്ങളായിരുന്നു. ധനകാര്യം, ആരോഗ്യം, പൊതുവിതരണം എന്നീ വകുപ്പുകളുടെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിലൂടെ വലിയൊരതിര്‍ത്തിവരെ ഈ അവസ്ഥ നേരിടാന്‍ സാധിച്ചു. ഈ മൂന്നു വകുപ്പുകളുടെയും മന്ത്രിമാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത, എന്നും നമുക്കൊരുദാഹരണമാണ്. സംസ്ഥാനസര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ വികസനം, ക്ഷേമം എന്നീ കാര്യങ്ങളില്‍, പൊതുപങ്കാളിത്തത്തോടെ നടത്തിയ ശ്രമങ്ങളും വരുംകാല പാഠങ്ങളാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് ഇക്കാര്യത്തില്‍, ‘കേരളാ മോഡലിന്റെ പുത്തന്‍ മാതൃക’യായിരുന്നു. വിജ്ഞാന സമ്പദ്‌വ്യവസ്ഥ, ഹ്രസ്വകാല‑ദീര്‍ഘകാല തൊഴില്‍ പദ്ധതികള്‍, സ്റ്റേറ്റില്‍‍ വന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ എന്നിവ തികച്ചും ‘മിഷനറി’ തീരുമാനങ്ങളുമായിരുന്നു.

സന്ദിഗ്ധ ഘട്ടങ്ങളില്‍ ഫലവത്തായി നേരിടാന്‍ വേണ്ട അറിവോ, വിഭവങ്ങളോ, പ്രാദേശിക ഭരണകൂടങ്ങള്‍ക്കുണ്ടാവില്ല. അതുകൊണ്ട് താഴ്ത്തട്ടിനെ മേല്‍ത്തട്ടിന്റെ ശേഷിയുമായി ലിങ്ക് ചെയ്യണം എന്നതാണ് കോവിഡ് 19 അനന്തരപാഠം. അതിന്റെ പ്രായോഗികതലം പറയുന്നത്ര എളുപ്പവുമാവില്ല. കേന്ദ്രം നിയന്ത്രിക്കുന്ന, സ്ഥൂല നിയോ ലിബറല്‍ ചട്ടക്കൂടിലേക്ക് നമ്മുടെ സാന്നിധ്യം ഉള്‍ച്ചേര്‍ക്കലും എളുപ്പമാവില്ല. മഹാമാരിയുടെ കാലം ഇനിയും പ്രതീക്ഷിക്കണം. അതിനെയും നേരിടണമല്ലോ. ടോണ്‍ക്വിസ്റ്റിന്റെ പഠനം, വളരെ പേരില്‍ എത്താനിടയില്ല. അതുകൊണ്ടാണ് ഇത്തരമൊരവതരണം സംഗതമാവുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.