കഴിഞ്ഞ ദിവസം ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസുകളില്‍ പ്രതിയുമായ ഓംപ്രകാശിനെ ഗോവയില്‍ നിന്ന് അറസ്റ്റ് ചെയ്തു; ജാമ്യം നിഷേധിച്ചു എന്നൊക്കെ. പക്ഷെ എങ്ങനെ ഓംപ്രകാശ് കൊടുംക്രിമിനലായെന്ന് ആരെങ്കിലും ഇതുവരെ തിരക്കിയിട്ടുണ്ടോ. തലസ്ഥാനനഗരിയുടെ തീരപ്രദേശത്തെ വലിയതുറയില്‍ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന പയ്യന്‍. സുമുഖന്‍, ശാന്തശീലന്‍, മദ്യപാനമില്ല, പുകവലിയില്ല. എംഎയ്ക്ക് പഠിച്ചത് വീടുകളില്‍ ട്യൂഷനെടുത്ത് കിട്ടുന്ന പണംകൊണ്ട്. ഇപ്രകാരം തന്റെ മക്കള്‍ക്കും ട്യൂഷനെടുത്ത നല്ല പയ്യനായിരുന്നു ഓംപ്രകാശെന്ന് മുന്‍ കേരള ഫുട്ബോള്‍ ടീമിന്റെ നായകനും താരവുമായിരുന്ന ഓസ്റ്റിന്‍ റെക്സ് ഓര്‍ക്കുന്നു. ‘നാടിന് ഒരുജ്വല വാഗ്ദാനമാകുമായിരുന്ന ആ സാധുപയ്യനെ ക്രിമിനലാക്കിയത് പൊലീസായിരുന്നു‘വെന്നും റെക്സ് ഓര്‍മ്മിപ്പിക്കുന്നു. ഒരുനാള്‍ അയലത്തെ ഒരു പയ്യനും ഓംപ്രകാശും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നു. നല്ലൊരു ജോലി ലഭിച്ച് മുംബെെയിലേക്ക് പോകാനിരിക്കുന്നതിന്റെ തലേന്നാളായിരുന്നു ഈ സംഭവം. വെറുമൊരു ചെറിയ വാക്കേറ്റം. പരസ്പരം കയ്യാങ്കളി പോലുമുണ്ടായില്ല. നാട്ടുകാര്‍ക്ക് ഇടപെടേണ്ടതായും വന്നില്ല. പക്ഷെ ഓംപ്രകാശിന്റെ എതിരാളി പൊലീസില്‍ വന്‍ പിടിപാടുള്ള പുള്ളിയായിരുന്നു. ഓംപ്രകാശിനെതിരെ വധശ്രമത്തിന് പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ചു.
അതോടെ മുങ്ങിയ ഓംപ്രകാശ് പൊങ്ങിയത് ഒരു അധോലോക സംഘത്തിന്റെ മടയില്‍. നിരപരാധിയായ തന്നെ വധശ്രമക്കേസില്‍ കുടുക്കിയ എതിരാളിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഓംപ്രകാശ് തന്റെ ക്രിമിനല്‍ ജീവിതത്തിന്റെ ഹരിശ്രീ കുറിച്ചു. ക്വാറി, മണല്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സംരക്ഷകനായി ഗുണ്ടാപ്പണം വാരിക്കൂട്ടി. ഇതിനിടെ കൊലക്കേസുകളിലും പ്രതിയായി. ചെന്നെെയിലെയും ഗോവയിലെയും നക്ഷത്ര ഹോട്ടലുകളിലെ അധോലോക താവളങ്ങളിലിരുന്ന് വലിയൊരു ക്രിമിനല്‍ സാമ്രാജ്യത്തിന്റെ കപ്പിത്താനായി ഓംപ്രകാശ് മാറി. മറ്റൊരു ഗുണ്ടാസംഘത്തലവനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. പൊലീസ് അന്ന് ആ പയ്യനെ കള്ളക്കേസില്‍ കുടുക്കിയില്ലെങ്കില്‍ ഓംപ്രകാശ് എന്ന ക്രിമിനല്‍ ജനിക്കുമായിരുന്നുവോ എന്ന് ഓസ്റ്റിന്‍ റെക്സ് വികാരാധീനനായി ചോദിക്കുന്നു. ഓംപ്രകാശിന് വെെകിയാണെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്നുകൂടി നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് 17 വര്‍ഷമായി ഇരുമ്പഴികള്‍ക്കകത്ത് കിടക്കുന്ന റിപ്പര്‍ ജയാനന്ദന്‍. നിരത്തുവക്കില്‍ കിടന്നുറങ്ങുന്നവരെ ചുറ്റികകൊണ്ട് തല തല്ലിക്കീറി കൊലചെയ്ത് കൊള്ളയടിക്കുമായിരുന്ന ജയാനന്ദന്‍ ഇനി അഞ്ച് അരുംകൊലകളില്‍ കൂടി വിധി കാത്ത് കഴിയുന്നു. ഒമ്പതാം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള റിപ്പര്‍ ജയാനന്ദന്‍ ജയില്‍വാസത്തിനിടെ എഴുതിയ ‘പുലരി വിരിയുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ചയായിരുന്നു. പുസ്തകപ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന് ഹെെക്കോടതിയോട് അപേക്ഷിച്ചത് ഭാര്യ ഇന്ദിരാ ജയാനന്ദന്‍. അച്ഛന്റെ പരോളിനു വേണ്ടി കോടതിയില്‍ കേസ് വാദിച്ചത് മകള്‍ കീര്‍ത്തി ജയാനന്ദന്‍. ജയാനന്ദന്‍ എഴുതിയ ഗ്രന്ഥം വായിച്ച് അതിന്റെ ഒരാസ്വാദന കുറിപ്പോടുകൂടിയായിരുന്നു ജസ്റ്റിസ് പി സി കുഞ്ഞികൃഷ്ണന്റെ വിധി. പിതാവിനോടുള്ള കീര്‍ത്തിയുടെ സ്നേഹവായ്പിനെ പ്രശംസിച്ച ന്യായാധിപന്‍ ഉത്തരവില്‍ ഉദ്ധരിച്ചത് കെെതപ്രത്തിന്റെ മനോഹരമായ കവിതാശകലവും: ‘സൂര്യനായ് തഴുകിയുണര്‍ത്തുമെന്നച്ഛനെയാണെനിക്കിഷ്ടം, എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന നന്മതന്‍ പീലിയാണച്ഛന്‍.’ ഒമ്പതാം ക്ലാസുകാരനായ ജയാനന്ദന് മാനസികപരിവര്‍ത്തനമുണ്ടാകാമെങ്കില്‍ ഉന്നതവിദ്യാഭ്യാസമുള്ള ഓംപ്രകാശിന് എന്തുകൊണ്ട് ആയിക്കൂടാ. ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഓംപ്രകാശിന്റെ ഈ കാരാഗൃഹവാസ കാലം ഒരാത്മപരിശോധനാ കാലമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
മോഡിയുടെ ഗുജറാത്തിലെ മദ്യനിരോധനത്തിനും ഒടുവില്‍ ഒരു തീരുമാനമായിരിക്കുന്നു. പതിറ്റാണ്ടുകളായി മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലെ ഹോട്ടലുകളില്‍ ഇനി മദ്യം വിളമ്പാം എന്നാണ് ഉത്തരവ്. മദ്യവര്‍ജനമുണ്ടെങ്കിലും സുലഭമായി മദ്യലഭ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഒരിക്കല്‍ ഗുജറാത്തിലെ നാംദഡില്‍ നടന്ന പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്ക് ഗുജറാത്ത് എക്സെെസ് വകുപ്പ് സമ്മാനിച്ചത് വേട്ടയ്ക്കിടെ പിടിച്ചെടുത്ത ഡസന്‍ കണക്കിന് പെട്ടി മദ്യമായിരുന്നു. രഹസ്യമായി മിക്ക ഹോട്ടലുകളിലും മദ്യവില്പനയുണ്ട്. മദ്യനിരോധനം എന്ന ഒരു വര്‍ണമനോഹര മുഖംമൂടിയും. അതും മാറുന്നു; ഗിഫ്റ്റ് സിറ്റിയില്‍ മദ്യ നിരോധനം പിന്‍വലിക്കുന്നു. ഇനിയത് സംസ്ഥാനത്താകെ വ്യാപിപ്പിക്കും; ‘ഒലക്കവീണ് ചത്ത കോയീന്റെ ചാറുകൂട്ടാലോ, പിന്നെ കശണം കൂട്ടാലോ’ എന്ന മട്ടില്‍. ‘വട കഴിച്ചു വടിയാകണോ’ എന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം കണ്ടു. സംസ്ഥാനത്ത് കാന്‍സറിന്റെ കടന്നാക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാര്യവിവരമുള്ള ആരോ പോസ്റ്റിട്ടതാണ്. വായിച്ചുകഴിയുമ്പോഴാണ് സംഗതി ആശങ്കാജനകമാണെന്ന് നമുക്ക് ബോധ്യമാകുന്നത്. നാടാകെ അടുത്ത കാലത്തായി തട്ടുകടകളും ഉന്തുവണ്ടിക്കടകളും പെരുകുന്നുണ്ട്. ചായ അഞ്ച് രൂപ, കടി അഞ്ച് രൂപ എന്നെഴുതിയ ബോര്‍ഡുകളും മുമ്പില്‍ തൂക്കിയിട്ടിട്ടുണ്ട്. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട, മുട്ടവട, പപ്പടവട എന്നീയിനങ്ങളാണ് വില്പന. വൃത്തിഹീനരായ പാചകക്കാര്‍, വറുത്തെടുക്കുന്നത് ലിക്വിഡ് പാരഫിന്‍ ഓയില്‍ അഥവാ മിനറല്‍ ഓയിലില്‍. കാന്‍സറിനെ മാടിവിളിക്കുന്ന എണ്ണയിലെ പാചകം. ഹോട്ടലുകളെക്കാള്‍ ഇപ്പോള്‍ ജനം തിങ്ങിക്കയറുന്നത് പത്ത് രൂപയ്ക്ക് കിട്ടുന്ന കടിക്കും കുടിക്കും വേണ്ടി. ചായ നുണഞ്ഞ് കടി അകത്താക്കുന്നതിനിടെ അല്പം രാഷ്ട്രീയവര്‍ത്തമാനവുമാകാം. നവകേരള സദസ്, കുറ്റവിചാരണ സദസ്, അടി, തിരിച്ചടി, ജലപീരങ്കി, കണ്ണീര്‍വാതകം, തിരിഞ്ഞോട്ടം ഇത്യാദി വിഷയങ്ങള്‍കൊണ്ട് സമൃദ്ധമാണല്ലോ കേരളം. എന്നാല്‍ ബാനറിലെ ഇംഗ്ലീഷിലെപ്പോലെ നാം ഈ വടക്കച്ചവടത്തെക്കുറിച്ച് ‘ദിസ് വോണ്ട് വാക്ക് ഹിയര്‍’ (ഇതിവിടെ നടക്കില്ല) എന്നു മാത്രം പറയുന്നില്ല. ചായ അഞ്ച്, വട അഞ്ച് = കാന്‍സര്‍ 10 രൂപ എന്നും നാമറിയാതെ പോവുന്നു. എന്നിട്ടും നെഞ്ച് വിടര്‍ത്തി പറയും, നാം പ്രബുദ്ധ മലയാളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.