വേനല്‍ വന്നു. ടി എസ് എലിയറ്റിന്റെ വരികള്‍ ഓര്‍ത്താല്‍ ‘ഏറ്റവും ക്രൂരമായ ഏപ്രില്‍’ അങ്ങനെ കൂടിയാണദ്ദേഹം ‘തരിശുഭൂമി’ എഴുതിയത്. പുറത്ത് സൂര്യന്‍ ക്രൂരത കാണിക്കുമ്പോള്‍ വെയിലിന്റെ ഊഷരതയിലേക്ക് നോക്കി കുറേനേരം വെറുതെ ഇരുന്നപ്പോള്‍ ചില വെളിപാടുകളുണ്ടായി. ഇപ്പോക്കുപോയാല്‍ എവിടെയുമെത്തില്ല. മനുഷ്യന് മുന്നോട്ടുപോകണമെങ്കില്‍ അതിനൊരു വേറിട്ട വഴി തേടിയേ പറ്റൂ. അപ്പോള്‍ ചോദിക്കും അതല്ലേ ശാസ്ത്രവും സിദ്ധാന്തങ്ങളും അന്വേഷിക്കുന്നത്. അന്തിമമായി എല്ലാവര്‍ക്കും കഴിഞ്ഞുകൂടണമെന്നും ജീവിതം അനായാസമാവണമെന്നുമൊക്കെയല്ലേ നമ്മുടെ മോഹം. അതിനല്ലെ വമ്പന്‍ കണ്ടുപിടിത്തങ്ങളും, സങ്കീര്‍ണ സിദ്ധാന്തങ്ങളും മെനയുന്നത്. എന്നാല്‍ കണ്ടുപിടിച്ചു മടുത്തിട്ടും സിദ്ധാന്തിച്ച് തോര്‍ന്നിട്ടും നാം എവിടെയും എത്തുന്നില്ല. നിത്യജീവിതം പോലും അട്ടിമറിക്കുന്ന നിലനില്പിന്റെ സമവാക്യങ്ങള്‍ സങ്കീര്‍ണമാവുന്ന കാലം വന്നതെന്തുകൊണ്ട്. നമുക്ക് മാറിചിന്തിക്കേണ്ടതുണ്ട്. അതെങ്ങനെ? പ്രശ്നവും ഉത്തരവും ഇവിടെത്തന്നെയുണ്ടെന്നറിയണം. ഒന്നും തികയുന്നില്ല. വിഭവങ്ങളില്ല, പണമില്ല, കുറേ പേര്‍ക്കില്ല, കുറച്ചുപേര്‍ക്ക് ഒരുപാട്. ലോകം മുഴുവന്‍ യുദ്ധം, മുറിപ്പാട്, മരണം, നാശം അതൊക്കെ തുടരുന്നു. കാര്യമായ ഒരു മാറിച്ചിന്തിക്കല്‍ വേണം. അത്തരം വലിയ കാര്യങ്ങളൊക്കെ വിട്ട് നമുക്കെല്ലാം ചെറിയതെങ്കിലും വലിയ കാര്യങ്ങള്‍ ചിന്തിക്കാം. ഈ ചെറിയ ചില കാര്യങ്ങള്‍ ശരിയായാല്‍ വലുതൊക്കെ താനെ ശരിയാവും. ‘ഒരു ആണിയില്ലാത്തതുകൊണ്ട്, ഒരു യുദ്ധം നഷ്ടപ്പെട്ടു’ എന്നൊരു പഴയ വരി പഠിച്ചതോര്‍ക്കുന്നു. തക്കസമയത്ത് ഒരു പാത്രം കുടിവെള്ളം കിട്ടാത്തതുകൊണ്ട് ഒരു ജന്മം പൊലിഞ്ഞതും.
ഈ വേനല്‍ എന്നെ ചിലതോര്‍മ്മിപ്പിക്കുന്നു. ചെറുതെന്നു ചിലര്‍ക്ക് തോന്നാം. അവര്‍ ക്ഷമിക്കുക. വലുത് ചിന്തിച്ച് വഴിതെറ്റിപ്പോയവരാണ് നാം. ഇപ്പോഴത്തെ വേനല്‍ച്ചിന്തയുടെ പ്രകോപനമെന്താണ്. ചില അനുഭവങ്ങളും പത്രവാര്‍ത്തകളും. അതില്‍ ചിലത് വല്ലാതെ മനസിനെ അസ്വസ്ഥമാക്കി. ചില നാട്ടുനടപ്പ് ശീലങ്ങള്‍ മാറ്റിയാല്‍ പലതും മാറ്റിയെടുക്കാം. ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാന പ്രശ്നം വെള്ളമില്ലാത്തതുതന്നെ. ഉടനെ ഉത്തരം വരും. റിസര്‍വോയറുകളില്‍ വെള്ളമില്ല. എങ്ങനെ ഇല്ലാതായി. നമ്മുടെ പ്രശ്നം വെള്ളപ്പൊക്കവും അതിവൃഷ്ടിയുമായിരുന്നില്ലേ. അതിന്റെ ദുരിതങ്ങളായിരുന്നില്ലേ. ആ വെള്ളമൊക്കെ എവിടെപോയി. ഇപ്പോള്‍ കുടിവെള്ളംപോലും ഇല്ലാതായില്ലേ. ഒരു കണക്കുപ്രകാരം കേരളം മുഴുവനും നാലിഞ്ച് ഉയരത്തില്‍ വെള്ളം നിര്‍ത്താനാവശ്യമായ മഴ പെയ്തില്ലേ. പ്രകൃതിയെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം. കുറ്റം ആരുടേതാണ്. ചരിഞ്ഞ കേരളത്തില്‍ പെയ്ത വെള്ളം ഓടിയിറങ്ങി അഞ്ചെട്ട് മണിക്കൂറുകൊണ്ട് കടലിലെത്തും. എന്തേ ആരും തടഞ്ഞുനിര്‍ത്തി പ്രാദേശികാവശ്യങ്ങള്‍ക്കുള്ള ജലം ഉറപ്പുവരുത്തിയില്ല. പാലക്കാട് ജില്ലയില്‍ ഈ വേനലില്‍ പല സ്ഥലത്തും പോയപ്പോള്‍ പ്രശ്നം വറ്റിവരണ്ട കുളങ്ങളും കിണറുകളും മാത്രം. ഏറ്റവുമധികം കുളങ്ങളുള്ള ചിറ്റൂരില്‍ മിക്ക കുളങ്ങളും ഇടിഞ്ഞു നികന്ന് ഇല്ലാതായി. ആരും ശ്രദ്ധിച്ചില്ല. വെള്ളം നിറഞ്ഞ എത്രയോ കുളങ്ങള്‍ ഞാനവിടെ കണ്ടിരുന്നു. അതെല്ലാം ഇല്ലാതായി. എല്ലാം നമ്മളായി ഇല്ലാതാക്കിയിട്ട് സഹിക്ക വയ്യാത്ത ദുരിതത്തിലായി.
അയ്യപ്പപ്പണിക്കരെ ഓര്‍ത്താല്‍ ‘വിളക്കൊക്കെയൂതിക്കെടുത്തീട്ട്, വെളിച്ചം, വെളിച്ചം’ എന്നു കേഴുന്നവര്‍. ഇനി ബാക്കിവരുന്ന വെള്ളത്തിനും വിലയില്ല. ‘വാട്ടര്‍ ഡെമോക്രസി‘യെക്കുറിച്ച് പ്ലാച്ചിമടയില്‍ പറഞ്ഞിരുന്നു. ശരി. ‘വാട്ടര്‍ എത്തിക്സ്‘നെക്കുറിച്ച് പറയണമെന്നായി. ഒരു പൊതുടാപ്പ് തുറന്നിട്ട് പോയിവരുന്ന വീട്ടമ്മ പത്ത് കുടം വെള്ളം ഒഴുക്കിക്കളയുന്നു. ചോദ്യം ചെയ്താല്‍ തന്റെ മുതലല്ലല്ലോ എന്നാവും മറുപടി. അവസാനം ആരുടെ മുതലും ബാക്കിയില്ലാതാവുന്ന സമയം വന്നു. അപ്പോള്‍ അഥവാ ഇപ്പോള്‍ എന്ത് ചെയ്യും. വിഭവങ്ങളെക്കുറിച്ച് ഒരു പൊതു സ്ഥൂലധാരണ നമുക്ക് എന്നാണുണ്ടാവുക. അതാരംഭിക്കേണ്ടത് വ്യക്തിപരമായ നിയന്ത്രണങ്ങളില്‍ നിന്നാണ്. ടാപ്പ് തുറന്നിട്ട് ഷേവ് ചെയ്യുക, ടാപ്പ് തുറന്നിട്ട് പല്ല് തേയ്ക്കുക, കാല് കഴുകുക, ഷവര്‍ തുറന്ന് നിര്‍ത്താതെ കുളിക്കുക, കുടിവെള്ളം കിട്ടാത്ത നഗരങ്ങളില്‍ സ്വിമ്മിങ്പൂള്‍ ഉള്ള അപ്പാര്‍ട്ട്മെന്റുകള്‍. ഇങ്ങനെ പോകുന്നു ഏറ്റവും ക്രിട്ടിക്കലായ വിഭവത്തിന്റെ ദുര്‍വ്യയം. ആരും ചോദിക്കാനില്ല, സ്വയം നിയന്ത്രണമില്ല. പണ്ട് ആളുകള്‍ പുറമെ നിന്ന് വരുമ്പോള്‍ കാല്‍ കഴുകാന്‍ കിണ്ടിയില്‍ വെള്ളം നിറച്ച് വയ്ക്കാറുണ്ടായിരുന്നു. നമ്മുടെ ജലബോധത്തിന് ചേര്‍ന്ന ഉപകരണമാണത്. ഒരു തുള്ളിയും പാഴാവാതെ കാലും മുഖവും കഴുകാനാവും. വെള്ളം പാത്രത്തില്‍ പിടിച്ച് ഷേവിങ് നടത്തിയാലെന്താണ്. എത്രയോ പേര്‍ക്കുപയോഗിക്കാവുന്ന ജലം ബാക്കിവയ്ക്കാനാവും. ജപ്പാന്‍ കുടിവെള്ളത്തെക്കുറിച്ച് ചിന്തിക്കുന്ന നേരംകൊണ്ട് നമ്മുടെ കുളം, കിണറുകള്‍ എന്നിവ സംരക്ഷിച്ചുകൂടെ? പുറത്തേക്കല്ല അകത്തേക്കാണ് നോക്കേണ്ടത്.
വേനലാവുമ്പോള്‍ പരക്കംപാച്ചിലായി. വെള്ളമില്ല, എന്തുചെയ്യും. വെള്ളം കയറി നാശം വിതച്ച ഇടങ്ങളില്‍ വരള്‍ച്ച നാശമുണ്ടാകുന്നു. കുടിവെള്ളത്തിന്റെ ധനശാസ്ത്രം ചെറുതല്ല. അശുദ്ധജലം കുടിച്ച് രോഗം വരുന്നു. ചികിത്സയ്ക്കായി കോടികളുടെ സംവിധാനം വേണം. ആരോഗ്യരംഗത്തെ ചെലവ് വര്‍ധിക്കും. ആശുപത്രികള്‍ക്കും ചികിത്സയ്ക്കുമായി ചെലവാകുന്ന വന്‍തുക ഒരല്പം ശ്രദ്ധകൊണ്ട് കുറയ്ക്കാനാവും. ഒഴുകിപോവുന്ന ജലം ഒരു ദുര്‍വ്യയമായി കാണാന്‍ പലര്‍ക്കുമാവുന്നില്ല. ഒരു കിണറോ കുളമോ സംരക്ഷിച്ചാല്‍ എത്രയോ ജീവന്‍ സംരക്ഷിക്കുന്നതായി കാണാന്‍ നമുക്കാവുന്നില്ല. പണം കൊടുത്താല്‍ വെള്ളം കിട്ടുമല്ലോ എന്നാണ് ചിന്ത. പണം എല്ലാം വാങ്ങുന്നില്ല. വാങ്ങലുകളുടെ പരിധി കുറവാണ്. വസ്തുക്കള്‍ ഉണ്ടായാലേ വാങ്ങാനാവൂ. നാം ഏതോ വികല ധനശാസ്ത്രത്തിന്റെ തടവറയിലാണ്. വെെദ്യുതി വെറുതെ കളയാം. ബില്ലടച്ചാല്‍ മതിയല്ലോ. വന്‍ സദ്യ നടത്തി ഭക്ഷണം കൊണ്ടുകളയാം. വേണ്ടതിലുമെത്രയോ അധികം പാത്രത്തില്‍ നിറച്ച് ബാക്കി തട്ടിക്കളയാം. എന്തായാലും പണം കൊടുത്താല്‍ മതി. ആ ചിന്തകളൊക്കെ അവസാനിക്കുന്ന ദുരന്തകാലം വരും. അതിന്റെ മുന്നറിവു വേണം. ഒരു പഴയ ഗാന്ധിയന്‍ അനുഭവകഥ ആവര്‍ത്തിക്കുന്നെങ്കില്‍ ക്ഷമിക്കുക. നെഹ്രുവുമായി സംസാരിക്കുന്നതിനിടെ പ്രാര്‍ത്ഥനാ സമയം വെെ കിയ ഗാന്ധിജി, ബക്കറ്റില്‍ നിന്ന് സാധാരണയിലധികം വെള്ളംകൊണ്ട് മുഖശുദ്ധി വരുത്തി. പെട്ടെന്നദ്ദേഹം നെഹ്രുവിനോട് പറഞ്ഞു- ‘ജവഹര്‍ ഞാന്‍ കൂടുതല്‍ വെള്ളമുപയോഗിച്ചുപോയി’. ‘അതിനെന്താ യമുനയില്‍ ഒരുപാട് വെള്ളമുണ്ടല്ലൊ’ നെഹ്രു പറഞ്ഞു. ‘യമുനയിലെ വെള്ളം മുഴുവനും എന്റേതല്ലല്ലൊ. അതില്‍ എന്റെ പങ്ക് എത്രയാണെന്നതാണ് പ്രശ്നം.’ ശ്രദ്ധേയമായ ഗാന്ധിയന്‍ മറുപടി. അതുതന്നെയാണ് പ്രശ്നം. ഈ സാധനങ്ങളും വിഭവങ്ങളുമൊക്കെ ഒരാള്‍ക്കുള്ളതല്ല. നമ്മുടെ പങ്കും അതിലുണ്ടെന്ന് മാത്രം, അതറിയുക. ഈ വേനലിലെ ഒരു ദിവസം അതാണെന്നെ ഓര്‍മ്മിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.