26 December 2024, Thursday
KSFE Galaxy Chits Banner 2

പെൺകരുത്തിനു സല്യൂട്ട്

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
February 15, 2024 4:47 am

അർധനാരീശ്വര സങ്കല്പം ഒരു കെട്ടുകഥയാണ്. ആ കഥയിൽത്തന്നെ ജാരത്തിയെ ജടയിൽ ഒളിപ്പിച്ചുവച്ച പുരുഷകൗശലവുമുണ്ട്. എന്നാൽ ഇതുതന്നെ ഭാരതം സ്ത്രീത്വത്തിന് നല്‍കിയ അംഗീകാരമായി എടുത്തുകാട്ടാറുമുണ്ട്. നിയമനിർമ്മാണ സഭകളിലെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചു പ്രസംഗിക്കുമ്പോഴും ശിവപാർവതീ ചിത്രം പരാമർശിക്കാറുണ്ട്. ഗംഗയെ മുടിമറയിൽ ഒളിപ്പിക്കാറുമുണ്ട്. നിയമനിർമ്മാണ സഭകളിലെ സ്ത്രീ സംവരണം വളരെക്കാലമായുള്ള ചർച്ചാവിഷയമാണ്. കേരളത്തിൽപോലും ഇത് പ്രസക്തിയുള്ള വിഷയമായി നിലനിൽക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം നല്‍കി അംഗീകരിച്ച സംസ്ഥാനമാണ് കേരളം. നമ്മുടെ പഞ്ചായത്ത് സംവിധാനം നല്ല രീതിയിൽ മുന്നേറുന്നുമുണ്ട്. മൂന്നു വനിതകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയും കേരളം മാതൃകയായിട്ടുണ്ട്. എങ്കിലും വനിതാ മുഖ്യമന്ത്രിയെന്ന സാക്ഷരകേരളത്തിന്റെ സ്വപ്നം സഫലമായിട്ടില്ല. നിയമസഭയിലും പാർലമെന്റിലും 50 ശതമാനം സംവരണത്തിനുള്ള അർഹത വനിതകൾക്കുണ്ട്. ജനസംഖ്യയിൽ അധികവും സ്ത്രീകളാണെന്ന യാഥാർത്ഥ്യം നമ്മൾ മറക്കരുത്. കേരളത്തിന്റെ ഔദ്യോഗിക മണ്ഡലം സമർത്ഥമായി മുന്നോട്ട് കൊണ്ടുപോകുന്നത് വനിതകളാണ്. അധ്യാപകരിൽ 70 ശതമാനവും വനിതകളുള്ള സംസ്ഥാനമാണ് കേരളം.
പാർലമെന്റിൽ 33 ശതമാനം സംവരണം സ്ത്രീകൾക്ക് നൽകുമെന്നും അതിനായി വരുന്ന തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നുമാണ് കേന്ദ്ര ഭരണകക്ഷിയുടെ ആവശ്യം. ഇത് ആടിനുമുന്നിൽ കെട്ടിയ പഴത്തൊലിയാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ, അർധനാരീശ്വരനെ ആരാധിക്കുന്നുണ്ടെങ്കിൽ ഈ വ്യാജവൃത്തി വേണ്ടല്ലോ. നേരത്തെ തന്നെ ചെയ്യാമായിരുന്നല്ലോ.

 


ഇതുകൂടി വായിക്കൂ;റോസിക്ക് നൂറ് തികഞ്ഞു… 


സ്ത്രീപുരുഷ തുല്യത ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണെങ്കില്‍ക്കൂടിയും അത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, സ്ത്രീത്വത്തെ അപമാനിക്കുന്ന സമീപനം പോലും, പാർലമെന്റ് മന്ദിരോദ്ഘാടന ചടങ്ങിൽ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിലൂടെ ഭാരതപ്രണയികളിൽ നിന്നും ഉണ്ടായി. ലോക്‌സഭയിൽ 15 ശതമാനവും രാജ്യസഭയിൽ 13 ശതമാനവുമാണ് നിലവിലുള്ള വനിതാ പ്രാതിനിധ്യം. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ 12 ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യം. അവിടെ 403 നിയമസഭാംഗങ്ങളാണുള്ളത്. 140 അംഗങ്ങൾ മാത്രമുള്ള കേരളത്തിൽ ഒമ്പതു ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം. വനിതാ പ്രാതിനിധ്യമേ ഇല്ലാത്ത മിസോറാമും പോണ്ടിച്ചേരിയും ഒറ്റ വനിതമാത്രമുള്ള ഹിമാചൽ പ്രദേശും ഭരണഘടനയ്ക്ക് കളങ്കമായി നിലകൊള്ളുന്നു. വനിതാ മുഖ്യമന്ത്രിയുള്ള പശ്ചിമ ബംഗാളിൽ 13 ശതമാനമേ വനിതാ പ്രാതിനിധ്യമുള്ളൂ. രണ്ടു വനിതാ മുഖ്യമന്ത്രിമാർ ഭരിച്ച തമിഴ്‌നാട്ടിൽ വെറും അഞ്ചു ശതമാനമാണ് വനിതാ പ്രാതിനിധ്യം.

 


ഇതുകൂടി വായിക്കൂ;മോഡി ഭരണത്തിലെ ‘സത്യം’ മറച്ചുവച്ച ബജറ്റ്


 

 

ഇന്ത്യയിലെ, ഭരണസാധ്യതയുള്ള രാഷ്ട്രീയ പാർട്ടികളെ അഗാധമായി സ്വാധീനിക്കുന്നത് മതങ്ങളാണ്. എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ്. അവർ സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിനുള്ള അർഹതയില്ലെന്ന മനുവാചകം നടപ്പാക്കുകയാണ്. സീതയെ കാട്ടിലെറിഞ്ഞ്, കാഞ്ചനസീതയെ വാഴിക്കുകയാണ് മതങ്ങൾ ചെയ്യുന്നത്. പേരിൽത്തന്നെ മതമുള്ള മുസ്ലിം ലീഗിലൂടെ നിയമസഭയിലോ പാർലമെന്റിലോ ഒരംഗം പോലും ഉണ്ടായില്ലെന്നുള്ളത് മതാധിപത്യത്തിന്റെ ദുഃസ്വാധീനത്തെ ഉറപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി സാറാ ജോസഫിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിനാളുകൾ ഒപ്പിട്ട, തുല്യതയ്ക്ക് വേണ്ടിയുള്ള നിവേദനം കേരളത്തിലെ ഭരണ‑പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനു സമർപ്പിക്കുന്നു. ഫാസിസ്റ്റ് കക്ഷിയോട് പറഞ്ഞിട്ടു കാര്യമില്ലെന്ന നിലപാടിൽ അവർ കേന്ദ്രം ഭരിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിക്കു നിവേദനം നല്‍കുന്നുമില്ല. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെന്നപോലെ നിയമസഭകളിലും പാർലമെന്റിലും 50 ശതമാനം വനിതാ സംവരണം ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.