എം ടിയുടെ ‘നീലക്കടലാസ്’ എന്ന കഥയിലെ ഒരു ശകലമിങ്ങനെയാണ് — ‘തറവാടിന്റെ പേരുകെടുത്താന്‍ തീര്‍ന്ന അസുരവിത്തേതാണെന്നും തോട്ടം മുടിയാന്‍ കാലത്തു കുലച്ച ‘മുച്ചീര്‍പ്പന്‍’ എന്താണെന്നും മറ്റും എനിക്കറിയേണ്ടിവന്നു’ — കഴിഞ്ഞുപോയ കാലത്തിന്റെ സ്മാരകമായി മാറിത്തുടങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് തറവാട്ടില്‍ ഇപ്പോള്‍ അസുരവിത്തുകളെയും ‘മൂച്ചീര്‍പ്പ’നെയും പരസ്പരം തിരയുകയാണ് കോണ്‍ഗ്രസ് തറവാട്ടിലെ ക്ഷയിച്ച കാരണവന്മാര്‍. ഊതിവീര്‍പ്പിച്ച ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ സൂചികള്‍ സംഭരിക്കുന്ന തിരക്കിലുമാണ് അവരില്‍ പലരും. ‘വിശ്വപൗരന്‍’ എന്ന് കൊട്ടിഘോഷിച്ച് കോണ്‍ഗ്രസിലേക്കാനയിച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയ ശശിതരൂര്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുചരന്മാര്‍ക്കും ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ്. ഒരു സൂചികൊണ്ട് കുത്തിയാല്‍ കഥ കഴിക്കാന്‍ കഴിയുന്ന ബലൂണ്‍ എന്ന് സതീശന്‍ ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ഉഗ്രശാസനം നടത്തി. ഇനി ഗ്രൂപ്പിസം താങ്ങാനുള്ള ആരോഗ്യം കോണ്‍ഗ്രസിനില്ലെന്നും വി ഡി സതീശന്‍ സന്താപത്തോടെ തുറന്നുസമ്മതിച്ചു. തിരുത്തല്‍വാദി കോണ്‍ഗ്രസിന്റെ കാലം മുതല്‍ ഗ്രൂപ്പ് കളിയില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിച്ച് പിന്നെ വീണ്ടും കരുണാകര ഭക്തനായി ഐ ഗ്രൂപ്പ് മേലങ്കിയണിഞ്ഞ വിദഗ്ധന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഹൈക്കമാന്‍ഡ് എന്ന് വിളിക്കപ്പെടുന്ന ലോ കമാന്‍ഡ് താലത്തില്‍ വച്ചു നല്കിയപ്പോള്‍ പൊടുന്നനെ ഗ്രൂപ്പ് രഹിതനും ഐക്യത്തിന്റെ പ്രതിരൂപവുമായി എന്നത് വര്‍ത്തമാനകാല രാഷ്ട്രീയ ഫലിതം. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങള്‍, അടുക്കള കലാപങ്ങള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ സതീശന്‍ ഭീഷണിപ്പെടുത്തുകയും താനും തന്നോടൊപ്പമുള്ളവരും സൂചികൊണ്ട് കുത്തിയാല്‍ പൊട്ടുന്ന ഊതിവീര്‍പ്പിച്ച ബലൂണല്ലെന്ന് സ്വയം വിലയിരുത്തുകയും ചെയ്തു.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് യുവരക്ത സാന്നിധ്യം ഉറപ്പാക്കാന്‍ രാഹുല്‍ഗാന്ധിയുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ മത്സരിച്ച എണ്‍പത് വയസ് പിന്നിട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗയ്ക്കെതിരെ മത്സരിച്ച ശശിതരൂര്‍ ആയിരത്തിലധികം വോട്ടുനേടി പരാജയപ്പെട്ടശേഷം കേരള രാഷ്ട്രീയത്തില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ മലബാര്‍ പര്യടനം തുടങ്ങിയതാണ് സതീശ – സുധാകര – ചെന്നിത്തലാദികളെ പ്രകോപിപ്പിച്ചത്. സാധാരണ കോണ്‍ഗ്രസുകാരാരും കോണ്‍ഗ്രസിന്റെ ഒരു മുഖ്യമന്ത്രിയെ വരും ദശാബ്ദങ്ങളിലൊന്നും പ്രതീക്ഷിക്കുവാനുള്ള മൗഢ്യമുള്ളവരല്ല. പക്ഷേ, സതീശനും ചെന്നിത്തലയും സുധാകരനും മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം കാണുന്നു. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശിതരൂര്‍ മത്സരിച്ചപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ച കെ മുരളീധരനാണ് ഇപ്പോള്‍ ശശിതരൂരിന്റെ മുഖ്യ വക്താവ്. മുഖ്യമന്ത്രി പദം സ്വപ്നം കാണുന്നവരാണ് ശശിതരൂരിന്റെ സംസ്ഥാനത്തിലെ സാന്നിധ്യത്തെ ഭയക്കുന്നതെന്നും തനിക്ക് ആ കിനാവില്ലാത്തതുകൊണ്ട് ശശിതരൂരിന്റെ പര്യടനത്തെ പിന്തുണയ്ക്കുന്നുവെന്നും മുരളീധരന്‍ മുള്‍മുനകളെറിഞ്ഞു. എഐസിസി അംഗവും എംപിയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും ശശിതരൂരിന്റെ എഐസിസി ആധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രികയില്‍ ആദ്യമേ ഒപ്പുവയ്ക്കുകയും ചെയ്ത എം കെ രാഘവന്‍ എംപിയായിരുന്നു ശശിതരൂര്‍ പര്യടനത്തിന്റെ മുഖ്യ സംഘാടകന്‍. തരൂര്‍ പര്യടനത്തിന്റെ വിലക്കിനു പിന്നില്‍ ആറു നേതാക്കളുണ്ടെന്നും അവരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അന്വേഷണം നടത്തി പാര്‍ട്ടിതന്നെ പുറത്തു പറഞ്ഞില്ലെങ്കില്‍ താന്‍ വെളിപ്പെടുത്തുമെന്നുമുള്ള എം കെ രാഘവന്റെ ഭീഷണി അന്തരീക്ഷത്തില്‍ ഇപ്പോഴും അലയടിക്കുന്നുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവന്‍ എഐസിസിക്കും കെപിസിസിക്കും കത്തും അയച്ചിട്ടുണ്ട്.
സംഘ്പരിവാര ഫാസിസത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച, ശശിതരൂര്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സെമിനാര്‍ നട്ടുച്ചനേരത്ത് കോണ്‍ഗ്രസ് നേതൃത്വം നിരോധിച്ചു. അതില്‍ അത്ഭുതത്തിന്റെ കണികപോലും ആവശ്യമില്ല. നട്ടുച്ചനേരത്ത് കോണ്‍ഗ്രസ് കുപ്പായമണിയുന്നവര്‍ രാത്രി ഇരുണ്ട് വെളുക്കുമ്പോള്‍ കാവിക്കുപ്പായത്തിലേക്ക് ചേക്കേറുമ്പോള്‍ സംഘ്പരിവാര്‍ ഫാസിസത്തിനെതിരെ എന്തു സെമിനാറ്‍? ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം ഒരുക്കിക്കൊടുത്ത, നെഹ്രുവിനെ പോലും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കുവേണ്ടി വക്രീകരിക്കുന്ന തനിക്ക് ബിജെപിയില്‍ ഏതു നിമിഷവും ചേരാമെന്നും അതിനുവേണ്ടി ആരുടെയും അനുവാദം വേണ്ടെന്നും പറയുന്ന ഒരു കെപിസിസി പ്രസിഡന്റ് ഉള്ളപ്പോള്‍ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ സെമിനാര്‍ നിരോധിക്കാതെ എന്തു ചെയ്യും. പക്ഷേ, എം കെ രാഘവന്‍ കീഴടങ്ങിയില്ല. തന്റെ തട്ടിക്കൂട്ട് സാംസ്കാരിക സംഘടനയെക്കൊണ്ട് സെമിനാര്‍ നടത്തിയെന്നു വരുത്തിവച്ചു. പതിമൂന്ന് വര്‍ഷത്തിലധികമായി തിരുവനന്തപുരം എംപിയായിരിക്കുന്ന ശശിതരൂരിനെ അത്യപൂര്‍വമായി മാത്രമേ തിരുവനന്തപുരം നിവാസികള്‍ കണ്ടിട്ടുള്ളൂ. വി ഡി സതീശന്‍ തന്നെ പറയുന്നു, തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ പരിപാടികളിലും പ്രക്ഷോഭങ്ങളിലും ജനകീയ വിഷയങ്ങളിലും പങ്കെടുക്കുകയോ ഇടപെടുകയോ ചെയ്യാത്ത ശശിതരൂരിന് പാണക്കാടും മലബാറിലും എന്തു കാര്യമെന്ന്. ഉടനെ തരൂരിന്റെ മുഖ്യ വക്താവ് കെ മുരളീധരന്റെ മറുപടി വന്നു. ഒന്നര വര്‍ഷം കഴിഞ്ഞ് വീണ്ടും മത്സരിക്കേണ്ട തരൂരിനെ കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത് പൊറുക്കാനാവാത്ത പാതകം. സ്ഥാനാര്‍ത്ഥി നിര്‍ണയമുള്‍പ്പെടെ മുരളീധരന്‍മാര്‍ നടത്തിത്തുടങ്ങി. എല്ലാം ഊതിവീര്‍പ്പിച്ച ബലൂണുകള്‍ തന്നെ. ഊതിവീര്‍പ്പിച്ച ബലൂണുകള്‍ അന്തരീക്ഷത്തില്‍ പാറിക്കളിക്കുമ്പോള്‍ അടിത്തട്ട് അമ്പേ ശൂന്യമാകുന്നു. ‘വളര്‍ത്തു മൃഗങ്ങള്‍’ എന്ന എം ടിയുടെ കഥയിലെ അവസാന ശകലമിങ്ങനെ; ‘മാനേജരുടെ ദയാബുദ്ധി നീട്ടിയ ആ കടലാസു തുണ്ടുകളെ തുറിച്ചുനോക്കിക്കൊണ്ട് ജാനമ്മ ഒരു ശിലാപ്രതിമ പോലെ നിന്നു’. കടലാസ് തുണ്ടുകള്‍ എന്നത് അഞ്ച് പത്തു രൂപാ നോട്ടുകളാണ്. ബിജെപി കോടികള്‍ നല്കുമ്പോള്‍ കൂറുമാറുന്ന കോണ്‍ഗ്രസ് ഒരു ശിലാപ്രതിമ മാത്രമായി മാറുന്ന കാലം വിദൂരമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.