6 February 2026, Friday

അത്യാഡംബര കാലത്തെ ആത്മീയ സ്വരൂപങ്ങള്‍

അജിത് കൊളാടി
February 7, 2026 4:30 am

സ്തുതി ഗീതങ്ങൾ, വൈദ്യുത ദീപാലങ്കാരങ്ങൾ, നിയോൺ പ്രഭ ചൊരിയുന്ന വേദികൾ, വാഹനാകമ്പടികൾ, ലോറി കണക്കിന് കൊണ്ടുവരുന്ന പൂക്കൾ കൊണ്ടുള്ള വൃഷ്ടികൾ, ആൾദൈവങ്ങളുടെ കാൽതൊട്ടു വന്ദിക്കൽ, കെട്ടിപ്പിടിത്തങ്ങൾ, കൂറ്റന്‍ കട്ടൗട്ടുകൾ, പത്രങ്ങളിൽ നിരന്തരം വാഴ്ത്തുപാട്ടുകൾ… അങ്ങനെ എന്തെല്ലാം വിസ്മയങ്ങൾ ആത്മരതി പുൽകാൻ! അജ്ഞാന തിമിരാന്ധകാരത്തിൽ പെട്ടുലയുന്ന ഒരു സാധാരണ സമ്പന്നനെപ്പോലെ ഭൗതിക ജീവിതത്തിന്റെ മായാമോഹവലയങ്ങളിൽ പെട്ടുപോയോ നമ്മുടെ ത്രികാല ജ്ഞാനികൾ. ഇവരാണ് ഭാരത വർഷത്തിലെ പ്രചുരപ്രചാരം നേടിയ ഋഷീന്ദ്രന്മാർ. വർത്തമാന അശാന്തിക്കും പാപഗ്രഹങ്ങളുടെ അപഹാരത്തിനും ഹേതു ഏത് മോഹകാമനകളാണോ, ഏതിരുട്ടാണോ മുക്തിപഥത്തിൽ നിഴൽ വീഴ്ത്തുന്നത് അവയെയെല്ലാം ആദർശവല്‍ക്കരിക്കുകയും ജ്ഞാനഭിക്ഷുക്കളായ ഭക്തരുടെ മുന്നിൽ അവതരിപ്പിക്കുകയുമാണ് ഋഷി ധർമ്മമായി അഭിനവ മതാചാര്യന്മാർ സ്വീകരിച്ചിട്ടുള്ളത്.

അജ്ഞാനത്തിന്റെ അഗാധതയിൽ താഴുന്നവരെ കൂടുതൽ ആഴത്തിലേക്ക് മുക്കിത്താഴ്ത്തലാണ് ഇപ്പോൾ നദീതീരങ്ങളിൽ നടക്കുന്ന മഹോത്സവങ്ങളെല്ലാം അധികാരത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിലുള്ള ശ്രേണീബന്ധങ്ങളെയും സാമൂഹിക വേർതിരിവുകളെയും ജ്ഞാന പദ്ധതികളിലൂടെ മാറ്റിത്തീർത്തവരാണ് പണ്ഡിതരായ ഋഷികൾ. അതിനുവേണ്ടി അവർ വേദങ്ങൾക്കും ഉപനിഷത്തുക്കൾക്കും പുതിയ വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും രചിച്ചു. ചരിത്രത്തിലെ ചാരു മുഹൂർത്തങ്ങളിൽ ആത്മീയതയും രാഷ്ട്രീയവും സാമൂഹിക നവോത്ഥാന തൃഷ്ണയും വ്യക്തികളിൽ സന്ധിച്ചു. ശ്രീനാരായണൻ, മഹാത്മാ ഗാന്ധി, വിവേകാനന്ദൻ തുടങ്ങിയവർ അതിന് മകുടോദാഹരണങ്ങൾ.

ഇന്ന് അത്തരം വ്യാഖ്യാനങ്ങൾക്കും ഭാഷ്യങ്ങൾക്കും ഗുരുക്കന്മാരെ കിട്ടില്ല. ഇന്ന് ഗുരുക്കന്മാർ എന്നു പറയപ്പെടുന്നവരുടെ, വിശ്വഗുരു പട്ടം സ്വയം ചാർത്തുന്നവരുടെ, മോക്ഷത്തിലേക്കുള്ള മാർഗം പള്ളി പൊളിച്ച് അമ്പലം പണിയലും, അമ്പലങ്ങൾ ഉദ്ഘാടനം ചെയ്യലും, വലിയ ജനതതി സമ്മേളിക്കുന്ന മഹോത്സവങ്ങൾ നടത്തലുമാണ്. ആത്മാവിന്റെ ഏകാന്ത നിശബ്ദതയല്ല പ്രാർത്ഥനയുടെ ധ്യാനത്തിന് അവർക്കു വേണ്ട പശ്ചാത്തലം, വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അലറിപ്പാടുന്ന ഡോൾബി ശബ്ദസംവിധാനമാണ്. പതിനായിരങ്ങൾ ഒന്നിക്കുന്ന മഹാ മാഘ മഹോത്സവങ്ങളും, കുംഭമേളകളും, യജ്ഞങ്ങളും, ആരതികളും ആണ് അവർക്കാവശ്യം. ബ്രാഹ്മണാധിപത്യം തിരികെക്കൊണ്ടുവരാന്‍ സംഘ്പരിവാറിന് വഴിയൊരുക്കലാണ് ‘ഭക്ത്യാഡംബര’ത്തിന്റെ മഹാമേളകള്‍. വിശ്വാസികൾക്കും വലിയ മാറ്റം വന്നു. ആൾദൈവങ്ങളിൽ അഭയം പ്രാപിക്കുന്ന ഭക്തപരവശരെ സൂക്ഷിച്ചുനോക്കൂ വർഗ, വർണ, പദവി വ്യത്യാസങ്ങൾ ആത്മീയമാനം പ്രാപിക്കുന്നത് കാണാം.

ഉന്നത പദവിയലങ്കരിക്കുന്ന ന്യായാധിപന്മാരും മന്ത്രിമാരും വ്യവസായ പ്രമുഖരും ടെക്നോക്രാറ്റുകളും അഭയം പ്രാപിക്കുന്ന ആൾദൈവത്തിന്റെ പക്കൽ മറ്റ് വിഭാഗങ്ങൾ പോകില്ല. അതില്‍ത്താഴെയുള്ള സാധാരണ ഉദ്യോഗസ്ഥർ, പ്രൊഫസർമാർ, സെക്രട്ടറിമാർ, മറ്റ് മധ്യവർഗ വിഭാഗങ്ങളിൽ പെടുന്നവർ ‘ജീവിതത്തിന്റെ കല’ പഠിക്കാൻ പോകും. എങ്ങനെ ദീർഘശ്വാസം വിടണമെന്ന് പഠിക്കും. ദേശീയ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും രൂക്ഷമായ പോരാട്ട കാലത്ത്, സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ കാലത്ത്, അവയുടെ തരംഗചലനങ്ങൾ അന്തരീക്ഷത്തിൽ നിലനിന്നപ്പോൾ ആൾദൈവങ്ങളെ തേടി മലയാളി മനസ് ഇങ്ങനെ ഇറങ്ങിയിരുന്നില്ല. വ്യക്തികൾ തമ്മിലും സമുദായങ്ങൾ തമ്മിലും ആരോഗ്യകരമായ സഹവർത്തിത്വവും സാഹോദര്യവും ആശയവിനിമയവും നിലനിന്നിരുന്നതുകൊണ്ട് ആരും ഒറ്റയ്ക്കായിരുന്നില്ല.

വീട്ടിനുള്ളിലും പുറത്തും അവരെ ഉൾക്കൊള്ളുന്ന സാമൂഹികമായ ഒരു ഇടം നിലനിന്നിരുന്നു. ആ ഇടമാണ് ഉപഭോഗാര്‍ത്തിയിലും മത്സരങ്ങളിലും സ്വാർത്ഥതയിലും ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ കാരണം രൂഢമൂലമാകുന്ന അരക്ഷിത ബോധത്തിലും മലയാളിക്ക് നഷ്ടപ്പെട്ടത്. ആ ഇടം തേടിയാണ്, നിത്യജീവിതത്തിൽ മനുഷ്യന് ഒരു സഹായവും ചെയ്യാത്ത, അസൂയാലുക്കളും അസഹിഷ്ണതയുള്ളവരുമായവര്‍ സഹവർത്തിത്വവും സമാധാനവും തേടി ആൾദൈവങ്ങളുടെ സമീപത്തെത്തുന്നത്. അവിടെ അവർ പാത്രം കഴുകും, നിലം തുടയ്ക്കും, കക്കൂസ് വൃത്തിയാക്കും. എന്നിട്ട് തിരിച്ചുവന്ന് വീട്ടുകാരോട് ദേഷ്യപ്പെടും, ഓഫിസിലെ ജോലിക്കാരെ പിരിച്ചുവിടും, അയൽക്കാരുമായി സംഘർഷത്തിൽ ഏർപ്പെടും, ജാതി മേധാവിത്വം പുലർത്തും, അപര വിദ്വേഷം പടർത്തും.

സമൂഹം ചലനാത്മകമായിരുന്ന, അയൽക്കാരന്റെ ദുഃഖത്തിലും സന്തോഷത്തിലും മനസുകൊണ്ടും ശരീരം കൊണ്ടും പങ്കാളിയായിരുന്ന കാലത്ത് ദീർഘമായി ശ്വസിക്കാൻ നമുക്ക് ഒരു ഗുരു വേണ്ടിയിരുന്നില്ല. ഇന്ന് ഉപനിഷത്തും ഗുരുദേവനും വിവേകാനന്ദനും ഗാന്ധിജിയും ജനമനസിലില്ല. നിർഭയത്വവും അന്വേഷണവുമാണ് ഉപനിഷത്ത്. ശിഷ്യന്റെ മനസിൽ ചോദ്യങ്ങൾ ഉയർത്തുക എന്നാണ് ഉപനിഷത്ത് രീതി. നമുക്ക് നമ്മെ കാണിച്ചുതരലാണ് ഉപനിഷത്ത് ധർമ്മം. “നീ നിന്നെ അറിയാതെ എങ്ങനെ ലോകത്തെ അറിയും” എന്ന് ഛാന്ദോഗ്യോപനിഷത്ത് ചോദിക്കുന്നു. ചോദ്യങ്ങളിലൂടെ തനിക്ക്, തന്നെ കാണാനും ആന്തരിക വിമർശനത്തിലൂടെ ചിന്തകൾക്ക് തെളിച്ചമുണ്ടാക്കാനും ഉപനിഷത്തുക്കൾ പഠിപ്പിക്കുന്നു. ആന്തരികവും ബാഹ്യവുമായ അന്വേഷണം, ഏകത്വം, നാനാത്വം, നിത്യത, സത്യം തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച് അത് അന്വേഷിക്കുന്നു.

ഞാൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമ്മെ പ്രാപ്തമാക്കുകയെന്നതാണ് ഉപനിഷത്ത് ധർമ്മം. ചിന്തയാണ് ഉപനിഷത്ത്. പരമമായ അറിവ് നമ്മുടെയുള്ളിൽ സംഭവിക്കുന്നുണ്ട്. ആ അറിവ് നമ്മളെക്കുറിച്ചാണ്. അത് കണ്ടെത്താനാണ് മഹാ പണ്ഡിതരായ ഋഷിമാർ പറഞ്ഞത്. കോടികൾ മുടക്കി ആർഭാടവും ആഡംബരവും പ്രദർശിപ്പിച്ച്, കരിയും കരിമരുന്നുമായി ഉത്സവങ്ങൾ നടത്തിയാൽ അവനവനെ അറിയില്ല. അവനവനിലെ ‘ഞാൻ’ കൂടുതൽ വലുതാകും എന്നു മാത്രം. ദൈനംദിന ജീവിതപ്രശ്നങ്ങളുടെ പരിഹാരത്തിനും മനുഷ്യസഹജമായ ആഗ്രഹങ്ങൾക്കും ആശ്രയകേന്ദ്രമായി ദൈവത്തെ കാണുന്നത് ഭക്തിയുടെ താഴ്ന്ന നിലയാണ് എന്ന് ഭഗവദ്ഗീത പറയുന്നു. ദൈവത്തെ തന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആശ്രയമായി കാണരുത്. ദൈവികത ഉള്ളിലാണ്. പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങളെ ആരാധിക്കുന്നതിനെക്കാൾ ആവശ്യം അതിലെ തത്വങ്ങൾ അറിയുക എന്നതാണ്. വാൽമീകി രാമായണത്തിൽ രാമൻ ദൈവമല്ല. നാരദനും വാൽമീകിയും പറയുന്നത് മനുഷ്യനെക്കുറിച്ചാണ്. ഭാഗവതത്തിന്റെ അവസാനം ശുകമഹർഷി പരീക്ഷിത്തിനോട് അവതാര കഥകളെല്ലാം പറഞ്ഞ ശേഷം ഈ കഥകളൊന്നും യാഥാർത്ഥ്യമല്ലെന്നും കല്പിത കഥകളാണെന്നും വ്യക്തമായി പറയുന്നുണ്ട്.

“കഥാ ഇമാസ്തേ കഥിതാ മനീയസാം വിതയാ ലോകേഷു യശഃപരേയുഷാം വിജ്ഞാന വൈരാഗ്യ വിവക്ഷയാ വിഭോ വചോ വിഭുതിർ ന തു പരമാർത്ഥ്യം” (ഭാഗവതം 12 — 3 — 14) മഹാ പണ്ഡിതരായ ഋഷീന്ദ്രന്മാർ വേദങ്ങളുടെയും സ്മൃതികളുടെയും അന്തഃസാര ശൂന്യതയെപ്പറ്റി ഉപനിഷത്തുക്കളിലൂടെ സംശയരഹിതമായി പറഞ്ഞു. മുണ്ഡകോപനിഷത്ത് യജ്ഞങ്ങളെയും ഹോമങ്ങളെയും നിഷേധിക്കുന്നു. അതല്ല വഴി എന്ന് പറയുന്നു. കൈവല്യമുക്തിക്ക് എന്താണ് മാർഗമെന്ന് ഹനുമാൻ ശ്രീരാമനോട് ചോദിച്ചപ്പോൾ “മാണ്ഡൂക്യമേക മേവാലം മമൂക്ഷൂണാം വിമുക്ത യേ” എന്നാണ് ശ്രീരാമന്റെ ഉത്തരം. (മോക്ഷം ആഗ്രഹിക്കുന്നവർ മുക്തിക്കായി മാണ്ഡുക്യോപനിഷത്തിനെ മാത്രം ആശ്രയിച്ചാൽ മതി). യജ്ഞവും ഹോമവും വഴിപാടും നടത്താനല്ല പറയുന്നത്. ഉപനിഷത്തുക്കളിൽ വിശ്വാസത്തിന് സ്ഥാനമില്ല. ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്ത സ്ഥാനം യുക്തിക്ക് ഉപനിഷത്തുക്കൾ നൽകിയിരിക്കുന്നു. അവ സൃഷ്ടിയെ നിരാകരിക്കുന്നു. ലഭ്യമായ വിജ്ഞാനം ഉപയോഗിച്ചുകൊണ്ട് യുക്തിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം വേണമെന്ന് ഭാരതീയ ദര്‍ശനങ്ങൾ പറയുന്നു. ദാർശനികരായ ഋഷിമാരെയാണ് ആദരിക്കേണ്ടത്.

ആചാര അനുഷ്ഠാനങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകുന്ന, ആത്മീയ ആചാര്യന്മാർ എന്ന് വിളിക്കപ്പെടുന്നവരെയോ ആൾദൈവങ്ങളെയോ അല്ല ആദരിക്കേണ്ടത്. സൃഷ്ടികർത്താവായ ഒരു ഈശ്വര സങ്കല്പമില്ലാത്ത സാംഖ്യ ദർശനത്തിന്റെ ഉപജ്ഞാതാവായ കപിലനെ ഏറ്റവും വലിയ ഋഷിയായി ഭഗവദ്ഗീത അംഗീകരിക്കുന്നു. മുനിമാരിൽ ഏറ്റവും ശ്രേഷ്ഠൻ കപിലനാണെന്ന് അർജുനനോട് കൃഷ്ണൻ പറയുന്നു; വ്യാസൻ പറയിപ്പിക്കുന്നു. അഭിനവ മതാചാര്യന്മാരിൽ പലരും പറയുന്നത് ബിംബങ്ങൾ അല്ലെങ്കിൽ അവ പ്രതിനിധാനം ചെയ്യുന്ന ദേവതകളാണ് ഹിന്ദു മതം എന്ന്. അത്യുന്നതമായ തത്വങ്ങളിലേക്ക് ജനം പ്രവേശിക്കുന്നത് അവർക്കിഷ്ടമല്ല. ഇന്നത്തെ പല മത നേതാക്കളും ഉത്കൃഷ്ടമായ പല തത്വങ്ങളും പഠിക്കുന്നില്ല. അതുകൊണ്ടാണ് ശ്രീനാരായണനും, മഹാത്മാ ഗാന്ധിയും രമണ മഹർഷിയും ശ്രീരാമകൃഷ്ണനും രാമാനുജനും കബീറും തുളസീദാസനും ഗുരുനാനാക്കും വാൽമീകിയും വ്യാസനും എല്ലാം അപ്രത്യക്ഷമാകുന്നത്. മാനവരാശിയെ കർമ്മനിരതരാക്കി സംസ്കാരത്തിന്റെ അത്യുന്നതങ്ങളിലേക്ക് നയിക്കാനാണ് ദർശനങ്ങൾ പറയുന്നത്. അല്ലാതെ ജനങ്ങളെ പ്രാകൃതമായ ആചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നയിക്കാനല്ല. “അന്വേഷണത്തെ മുൻനിർത്തണം, അല്ലെങ്കിൽ ശാസ്ത്രത്തിന്റെയോ മതത്തിന്റെയോ യഥാർത്ഥഭാവം മനസിലാകില്ല” എന്ന് ശ്രീരാമകൃഷ്ണ പരമഹംസൻ വിവേകാനന്ദനോട് പറയുന്നുണ്ട്.

1896ലെ ‘മെെ മാസ്റ്റര്‍’ എന്ന പ്രസംഗത്തിൽ വിവേകാനന്ദന്‍ പറഞ്ഞു “എന്തെങ്കിലും നൽകാൻ കൈവശമുള്ളവന് മാത്രമേ പഠിപ്പിക്കാനാവൂ. കാരണം പഠിപ്പിക്കുകയെന്നാൽ സംസാരിക്കലല്ല, സിദ്ധാന്തങ്ങൾ പറഞ്ഞുകൊടുക്കലുമല്ല. സന്ദേശ സംപ്രേഷണമാണ്.” യാഥാസ്ഥിതികതയുടെ മടിത്തട്ടിൽ കിടന്നുറങ്ങുന്ന അഭിനവ മതാചാര്യന്മാർ ആചാരങ്ങളിൽ മാത്രം മുഴുകുന്നു, ശ്രുതി, സ്മൃതികളെ സ്വീകരിക്കുന്നു. യുക്തിപരമായ, ശാസ്ത്രീയമായ ചിന്തയിലൂടെ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്യാൻ, ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ടുപോകാൻ ഭാരതീയ ദർശനങ്ങൾ നമ്മോടു പറയുന്നു. മനുഷ്യനാണ് ശക്തി. മനുഷ്യന്റെ സർഗാത്മകതയും അവനവനിലുളള വിശ്വാസവുമാണ് മുന്നോട്ടു ചലിക്കാനുള്ള ഊർജം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.