23 December 2024, Monday
KSFE Galaxy Chits Banner 2

ശൂർപ്പണഖയുടെ കാമവും ക്രോധപരാക്രമങ്ങളും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 23
August 8, 2023 4:10 am

വിരാധനെന്ന രാക്ഷസൻ രാമലക്ഷ്മണന്മാരെ കൊന്ന് സീതയെ ഭാര്യയാക്കാൻ നടത്തിയ പരാക്രമങ്ങളാണ് അയാളെ കുഴിച്ചുമൂടി കൊല്ലുന്നതിന് രാമലക്ഷ്മണന്മാരെ പ്രേരിപ്പിച്ചത്. എന്നാൽ രാക്ഷസരാജനായ രാവണന്റെ സഹോദരി ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞ് അവളെ വികൃതരൂപിണിയാക്കാൻ രാമലക്ഷ്മണന്മാർ നിർബന്ധിതരായത് അവള്‍ സീതയെ കൊന്ന് രാമലക്ഷ്മണന്മാരെ കമിതാക്കളാക്കാൻ മോഹിച്ച് പ്രവർത്തിച്ചു എന്നതിനാലാണ്. നിലതെറ്റിയ കാമമാണ് വിരാധനെ നശിപ്പിച്ചതും ശൂർപ്പണഖയെ വികൃതയാക്കിയതും അതുവഴി രാമ‑രാവണയുദ്ധത്തിനും ലങ്കാസാമ്രാജ്യത്തിന്റെ അധഃപതനത്തിനും കാരണമായതും.
ആർക്കും ആരോടും കാമം തോന്നുന്നതും അതു നടപ്പിൽവരുത്തുന്നതും മൃഗചോദനയില്‍ തെറ്റല്ല. മനുഷ്യനും മൃഗമാണ് എന്നതിനാൽ കാമം അതിർവരമ്പുകളില്ലാതെ പ്രകടിപ്പിക്കാമെന്ന് വേണമെങ്കിൽ വാദിക്കാം. അത്തരം വാദങ്ങൾ അങ്ങിങ്ങ് ഉയരുന്നുമുണ്ട്. പക്ഷേ ഈ വാദങ്ങൾ മനനശീലവും തത്ഫലമായ ഭാഷാവ്യാകരണാദി വ്യവസ്ഥകളുമൊക്കെ രൂപപ്പെടുത്തിയ മനുഷ്യജീവിയുടെ കാര്യത്തിൽ ശരിയല്ല. മനനശീലമുള്ള ജീവി എന്ന നിലയിൽ ഭാഷയും വ്യാകരണവും പോലെ ചില സാമൂഹികവ്യവസ്ഥകളും മനുഷ്യർ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം വ്യവസ്ഥകളാണ് നാഗരികത. ഒരു സ്ത്രീയുടെ ഭർത്താവിനെ മറ്റൊരു സ്ത്രീ ആഗ്രഹിക്കുന്നതും ആഗ്രഹം നിവൃത്തിവരുത്താൻ നിലവിൽ ഭാര്യയായ സ്ത്രീയെ കൊല്ലാൻ ശ്രമിക്കുന്നതും കാലമേതായാലും നീചകർമ്മമാണ്. അത്തരമൊരു നീചകർമ്മത്തിനാണ് ശൂർപ്പണഖ തുനിഞ്ഞത്. അപ്പോഴാണ് മൂക്കും മുലയും ഛേദിക്കപ്പെടുന്ന നിലയുണ്ടായത്.

 


ഇതുകൂടി വായിക്കൂ; ഭരതമാനസവും രാമഹൃദയവും


ദശരഥന്റെ മനോഭാവമുള്ള ആളായിരുന്നു ശ്രീരാമനെങ്കിൽ സീതയുടെ അർധസമ്മതത്തോടെയോ അല്ലാതെയോ സപത്നീ പദവി ശൂർപ്പണഖയ്ക്കു നൽകി അവളുടെ കാമപൂരണം സാധ്യമാക്കിയേനെ. പക്ഷേ ദശരഥപുത്രനാണെങ്കിലും ഒന്നിൽ കൂടുതൽ പത്നിമാരുണ്ടാകാൻ തക്ക കാമചാരിത്വം ശ്രീരാമനുണ്ടായിരുന്നില്ല. അതിനാൽ കാമമോഹിതയും ആക്രമണോദ്യുക്തതയുമായ രാക്ഷസനാരിയെ മൂക്കും മുലയും അരിഞ്ഞു തുരത്തേണ്ട അവസ്ഥ രാമലക്ഷ്മണന്മാർക്കുണ്ടായി. ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞ രാമലക്ഷ്മണന്മാരിൽ സ്ത്രീവിരുദ്ധത കാണുന്നവർ ശൂർപ്പണഖ സീതയെ കൊല്ലാൻ ആഞ്ഞുചെല്ലുന്ന ഭീകരനടപടിയിൽ യാതൊരു സ്ത്രീ വിരുദ്ധതയും കാണാത്തത് സീത സ്ത്രീയല്ല എന്നതുകൊണ്ടാണോ? തന്നെ വിരൂപയാക്കിയ രാമലക്ഷ്മണന്മാരെ തകർക്കാൻ ഖര‑ദൂഷണാദി സഹോദരങ്ങളെ പടയോടെ അയച്ചിട്ടും രാമലക്ഷ്മണന്മാർ തകർന്നില്ല എന്നറിഞ്ഞ ശൂർപ്പണഖ രാവണനെ ചെന്നു കാണുന്നു.

 


ഇതുകൂടി വായിക്കൂ;  വിരാധവധ വിചിന്തനങ്ങൾ


 

ശൂർപ്പണഖയ്ക്കും സഹോദരങ്ങൾക്കും രാമനിൽ നിന്നു സംഭവിച്ച അംഗവിച്ഛേദനവും പ്രാണഹാനിയും ഒന്നും പറയത്തക്ക പ്രതികരണം രാവണനിൽ ഉണ്ടാക്കുന്നില്ല എന്നുകണ്ട ശൂർപ്പണഖ സീതാസൗന്ദര്യം വർണിച്ചു രാവണനിലെ കാമാഗ്നി ഉജ്വലിപ്പിച്ചു(വാല്മീകി രാമായണം; ആരണ്യകാണ്ഡം; സർഗം34; ശ്ലോകം 19–20). സീതയിൽ കാമം മൂത്ത്, രാവണൻ രാമനോട് ഏറ്റുമുട്ടുമെന്നും രാമനെ സഹോദരനോടുകൂടി വധിച്ചു സീതയെ വരിക്കും എന്നുമാണ് ശൂർപ്പണഖ വിചാരിച്ചത്. അവൾ വിചാരിച്ചപോലെ ലങ്കേശനു സീതാകാമം മൂത്തു. പക്ഷേ അത് രാവണനും ലങ്കയ്ക്കും ഒരുപോലെ നാശത്തിനു കാരണമായും ഭവിച്ചു. അസ്ഥാനത്തുള്ള കാമം അധർമ്മവും അധർമ്മകാമം അധഃപതന ഹേതുവുമാണ് എന്ന പാഠമാണ് ശൂർപ്പണഖയുടെയും സഹോദരങ്ങളുടെയും വൃത്താന്തം രാമായണത്തിലൂടെ പഠിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.