6 December 2025, Saturday

അപരത്വത്തിന്റെ അപനിര്‍മ്മിതി

അജിത് കൊളാടി
വാക്ക്
October 18, 2025 4:36 am

അപരത്വത്തെ അഹന്തയോടും അജ്ഞതയോടും അവജ്ഞയോടും കൂടി സമീപിക്കുന്നത് മാനവചരിത്രത്തിലുടനീളം കാണാനാവും. അതാണ് ചരിത്രത്തിന്റെ പൊതുധാര. കറുത്തവരെ വെള്ളക്കാര്‍, അവര്‍ണരെ സവര്‍ണര്‍, ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷം, സ്ത്രീകളെ പുരുഷന്മാര്‍, കുട്ടികളെ മുതിര്‍ന്നവര്‍, ഇല്ലാത്തവരെ ഉള്ളവര്‍, അനാര്യരെ ആര്യരെന്ന് സ്വയം വിശേഷിപ്പിച്ചവര്‍ എന്നിങ്ങനെ നീണ്ടുപോകുന്നതാണീ അവഹേളനത്തിന്റെയും അവമതിയുടെയും പീഡനത്തിന്റെയും കണ്ണികള്‍. മൃഗങ്ങളോടോ സസ്യങ്ങളോടോ തോന്നുന്ന അടുപ്പം പോലും അപരത്വത്തിനോട് ഇവര്‍ പുലര്‍ത്താറില്ല. ആഴത്തില്‍ പരിശോധിച്ചാല്‍ അപരത്വത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന എന്തോ ഒന്ന് നമ്മിലോരോരുത്തരിലും ഒളിഞ്ഞു കിടപ്പുണ്ട്. ഒരു വംശമോ വര്‍ഗമോ ജാതിയോ ദേശമോ രാഷ്ട്രമോ മതമോ അപരത്വത്തെ നിഷേധിക്കുമ്പോള്‍ അത് ചരിത്രത്തില്‍ അതുവരെ നടമാടിയ എല്ലാ ക്രൂരതകളെയും പിന്നിലാക്കുന്നു. ഹോളോകാസ്റ്റുകളും വാതകചേംബറുകളും ഗുലാഗുകളും നരമേധങ്ങളും സംഭവിച്ചിട്ടുണ്ട്. അപരത്വത്തോട് മനുഷ്യന്റെ ഉള്ളിരിപ്പ് കൃത്യമായി വെളിപ്പെടുത്തുന്നതാണ് അവയെല്ലാം. സ്വതന്ത്ര ഭാരതത്തില്‍ അപരത്വത്തോടുള്ള ഇത്തരം നിഷ്ഠൂരതകള്‍ സിഖ് വംശഹത്യയായി 1984ലും ക്രിസ്ത്യന്‍ വംശഹത്യയായി 2008ലും മുസ്ലിം വംശഹത്യയായി 2002ലും നാം വേദനയോടെ അനുഭവിച്ചതാണ്. അപരത്വത്തെ തിരിച്ചറിയാനും സ്വാംശീകരിക്കാനും അധികാര രാഷ്ട്രീയത്തിന്റെ ഭീകര സ്വരൂപങ്ങള്‍ ഇന്നും തടസം നില്‍ക്കുന്നു. ദളിതരോടും ആദിവാസികളോടുമുള്ള ഭരണകൂടത്തിന്റെയും ഇതര ജനവിഭാഗങ്ങളുടെയും മനോഭാവം കൊലയും കൊള്ളിവയ്പും മാനഭംഗപ്പെടുത്തലും ഒക്കെയായി ഇന്നും തുടരുന്നു. അപരത്വത്തെ തിരിച്ചറിയാത്തിടത്ത് ജനാധിപത്യം നരഹത്യയായി മാറുന്നു.
1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടനയ്ക്ക് കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ഡോ. അംബേദ്കര്‍ പറയുകയുണ്ടായി, ‘1950 ജനുവരി 26ന് നാം വൈരുധ്യങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. രാഷ്ട്രീയത്തില്‍ നമുക്ക് തുല്യത ഉണ്ടായിരിക്കാം. സാമൂഹ്യവും സാമ്പത്തികവുമായ ജീവിതത്തില്‍ അസമത്വം ഉണ്ട്. നാം ഏറ്റവും അടുത്ത നിമിഷം ഈ വൈരുധ്യം നീക്കണം അല്ലെങ്കില്‍ ഈ ഭരണഘടനാ സമിതി വളരെയേറെ അധ്വാനിച്ച് പണിതുയര്‍ത്തിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ എടുപ്പ് അസമത്വം കൊണ്ട് നരകിക്കുന്നവര്‍ തച്ചുടയ്ക്കും’.

ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടവും അതിന്റെ രാഷ്ട്രീയ പരിവാരങ്ങളും ഒരു പുതിയ ഇന്ത്യന്‍ ജനതയെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അപരനെ സൃഷ്ടിച്ച് അവരെ ശത്രുവായി കാണുന്ന ജനതയെ. അതിനായി അവര്‍ നമ്മുടെ ജനാധിപത്യസ്ഥാപനങ്ങളുടെ സത്ത ചോര്‍ത്തി ഉടച്ചുവാര്‍ക്കുന്നു. അവര്‍ക്ക് താല്പര്യമുള്ള ചരിത്രം നിര്‍മ്മിക്കുന്നു. നുണകളാലും അര്‍ധസത്യങ്ങളാലും ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് നെഹ്രുവും മൗലാന ആസാദും പുറത്താവുന്നു. ഗാന്ധിയെ തങ്ങളുടെ വാര്‍പ്പുമൂശയില്‍ ന്യൂനീകരിക്കുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരുടെ പിന്‍തലമുറ ഇതൊക്കെ ചെയ്യും.
ഭരണഘടന നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്ന അടിസ്ഥാന രേഖയാണ്. അതിന്റെ വേരുകള്‍ ചെ‌ന്നുനില്‍ക്കുന്നത് ഈ നാടിന്റെ ആര്‍ഷ പാരമ്പര്യത്തിലോ മതചരിത്രങ്ങളിലോ അല്ല. അത് ഊര്‍ജവും ഊഷ്മാവും സംഭരിച്ചത് ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ സമരത്തിന്റെ ചൂളയില്‍ നിന്നാണ്. അതിന്റെ സര്‍വസ്പര്‍ശിയായ മാറ്റങ്ങള്‍ അതുകൊണ്ടുതന്നെ ബ്രിട്ടീഷ് കൊളോണിയലിസം നിലകൊണ്ട എല്ലാ വിധത്തിലുമുള്ള പാര്‍ശ്വവല്‍ക്കരണങ്ങള്‍ക്കും വിഭജനങ്ങള്‍ക്കും ദുര്‍നിയമങ്ങള്‍ക്കും അടിസ്ഥാനപരമായി എതിരാണ്.

ജനാധിപത്യ സംവിധാനത്തില്‍ നിയമത്തിനും ആ നിയമങ്ങളെ നിലനിര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കും സാമൂഹികമായ വലിയ ഉത്തരവാദിത്തമാണുള്ളത്. നിയമങ്ങള്‍ രൂപം കൊള്ളുന്ന ജനാധിപത്യ പ്രക്രിയയ്ക്ക് വിശ്വാസ്യത ഇക്കാര്യത്തില്‍ പ്രധാനമാണ്. നിയമങ്ങള്‍ എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള സാമൂഹിക താല്പര്യങ്ങളെ ചരിത്രപരമായി ഉയര്‍ന്നുവരുന്ന ജനാധിപത്യ മനുഷ്യാവകാശ ബോധങ്ങളെ സാക്ഷാല്‍ക്കരിക്കുന്നവയാകണം എന്നത് പ്രധാനമാണ്. വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാക്കുകയോ പരിമിതപ്പെടുത്തുകയോ അല്ല, മറിച്ച് അത് നിലനില്‍ക്കാനും പുലരാനുമുള്ള സാമ്പത്തിക സാമൂഹിക സാംസ്കാരിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഭരണകൂടം ചെയ്യേണ്ടത്. ഇവിടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുത്വ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെയുള്ള ഭരണകൂട നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ പരിമിതമായ മതനിരപേക്ഷ സമീപനം എത്രയും വേഗം കയ്യൊഴിയുക എന്നൊരു പ്രധാന അജണ്ടയ്ക്ക് ചുറ്റുമാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ എല്ലാ പുതിയ നിയമങ്ങളുടെയും ആത്യന്തിക ലക്ഷ്യം അവശേഷിക്കുന്ന മതനിരപേക്ഷത ഇല്ലാതാക്കുക എന്നതാണ്. അതുകൊണ്ടുതന്നെ അപരവല്‍ക്കരണം അവരുടെ അടിസ്ഥാന നയമാണ്.
മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയാകെ ദുര്‍ബലമാക്കി. സ്വേച്ഛാധികാരത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള നീക്കങ്ങള്‍ ആണ് ദ്രുതഗതിയില്‍ നടക്കുന്നത്. മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നിയമനിര്‍മ്മാണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങളെയാകെ രാജ്യവിരുദ്ധരും ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ശത്രുക്കളുമായി പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്താകമാനം സംഘ്പരിവാര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നു. കടുത്ത ന്യൂനപക്ഷ വിരുദ്ധത പടര്‍ത്തി ഭൂരിപക്ഷ മതധ്രുവീകരണമുണ്ടാക്കുന്ന മെജോറിറ്റേറിയനിസമാണ് ആര്‍എസ്എസ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ സിസ്റ്റത്തിലേക്ക് ഇന്ത്യയെ എത്തിക്കാനുള്ള കൗശലപൂര്‍വമായ നീക്കങ്ങളാണ് നടക്കുന്നത്. അതിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌പോലുള്ള നിയമനിര്‍മ്മാണങ്ങള്‍ക്ക് ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കം നടക്കുന്നു. 

ഗോള്‍വല്‍ക്കര്‍ ‘ഒരു ദേശം ഒരു രാഷ്ട്രം ഒരു നിയമസഭ, ഒരു നിര്‍വഹണ വിഭാഗം’ എന്ന ചിന്താപദ്ധതിയില്‍ നിന്നാണ് തന്റെ ആദര്‍ശാത്മക ഹിന്ദുരാഷ്ട്രത്തെ വിഭാവനം ചെയ്തിട്ടുള്ളത്. ഗോള്‍വല്‍ക്കര്‍ പറയുന്നത് നമ്മുടെ ഏകീകൃത മൈത്രിക്ക് ഭംഗം വരുത്തുവാന്‍ പ്രദേശികവും സാംസ്കാരികവും മതപരവും ഭാഷാപരവുമായ വ്യത്യാസങ്ങളെ അനുവദിച്ചുകൂടാ എന്നാണ്. ആരാണ് ഈ നമ്മള്‍? ബ്രാഹ്മണ്യത്തിന്റെ അപ്പോസ്തലന്മാര്‍. മറ്റുള്ളവരെ സമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതിനാണ് പൗരത്വ ഭേദഗതി നിയമമൊക്കെ കൊണ്ടുവന്നത്. അതിനാണ് പിതൃഭൂമി, പുണ്യഭൂമി വാദങ്ങള്‍ അവര്‍ ഉന്നയിക്കുന്നത്. പിതൃഭൂമി എന്നുള്ളതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരാളുടെ അച്ഛന്റെ അച്ഛന്‍ ഇവിടെ ജനിച്ച് മരിച്ച്, നിങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ടോ എന്ന പരിമിതമായ അര്‍ത്ഥത്തിലല്ല, നിങ്ങളുടെ വംശപരമ്പരയിലെ പൂര്‍വികര്‍ ഇന്ത്യയില്‍ പിറന്നവരാണോ പുറത്തുനിന്ന് വന്നവരാണോ എന്നതാണ് അവരുടെ ചോദ്യം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വംശശുദ്ധി എന്ന തെറ്റായ ഫാസിസ്റ്റ് ആശയമാണ് അത്.
എന്നുവച്ചാല്‍ കലര്‍പ്പ് കുറ്റകരമാണെന്ന്. വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കങ്ങള്‍ ഗുരുതരമായ തെറ്റാണ്. വ്യത്യസ്ത സംസ്‌കാരത്തിന്റെ, ജീവിതത്തിന്റെ കരുത്തും വിസ്മയവും കാന്തിയുമൊക്കെ വളരുന്നതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അടച്ചു പൂട്ടിയ മാനസികാവസ്ഥയാണ് ആര്‍എസ്എസിന്റെ പിതൃഭൂമിക്കഥ. മക്കയോ, ജെറുസലേമോ പുണ്യഭൂമിയെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് ഇവിടെ കൂറുണ്ടാവില്ലത്രെ. അവരും പൗരത്വത്തിന് അര്‍ഹരല്ല. അവര്‍ക്ക് പൗരത്വം വേണമെങ്കില്‍ അവരുടെ വിശ്വാസം മാറ്റി, ഈ രാജ്യത്തിന്റെ വിശ്വാസങ്ങളുടെ, ജാതിമേല്‍ക്കോയ്മയുടെ, ബ്രാഹ്മണ്യത്തിന്റെ മുന്നില്‍ മുട്ടുകുത്തണം.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലക്ഷക്കണക്കിനു മനുഷ്യരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറന്തള്ളുന്നു. ഒരു തരത്തിലുമുള്ള മുന്നറിയിപ്പുമില്ലാതെ. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ലക്ഷക്കണക്കിനു വോട്ടര്‍മാരുടെ വോട്ട് നിഷേധിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഭരണഘടനയില്‍ 324-ാം അനുച്ഛേദം പറയുന്നത് വോട്ടര്‍ പട്ടിക കൃത്യമായി പരിപാലിക്കേണ്ടതും, സുതാര്യമായി നിലനിര്‍ത്തേണ്ടതും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആണ്. അതേ ഭരണഘടന പറയുന്നു 326-ാം അനുച്ഛേദത്തില്‍ 18 വയസുള്ള ഓരോ വ്യക്തിക്കും വോട്ടുചെയ്യാന്‍ അവകാശമുണ്ട്. അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ അവകാശമുണ്ട്.
മറ്റൊരു രേഖകളും ഇല്ലാത്ത സാധാരണക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ആശ്രയമാണ്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോറം ആറില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടുത്തണം. ഫോറം ആറ് പറയുന്ന മറ്റൊരു കാര്യം ജനിച്ച തീയതിയും വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകളും അതിനു സഹായകമായ തെളിവുകളും വേണം. ഇത് പലര്‍ക്കും അപ്രായോഗികമാണ്. മറ്റു സ്ഥലങ്ങളിലേക്ക് നിരന്തരം ജോലിക്കു പോകുന്നവര്‍, കുടിയേറ്റത്തൊഴിലാളികള്‍ എന്നിവര്‍ക്ക് നാട്ടില്‍ വോട്ട് ചെയ്യാന്‍ അവകാശം വേണം. കുടിയേറ്റത്തൊഴിലാളികളെ അവരുടെ സ്വദേശത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ച് ഒരു വലിയ ജനവിഭാഗത്തെ മാറ്റി നിര്‍ത്തുന്നത്, ഗഹനമായി പരിശോധിച്ചാല്‍ അപരന്മാരെ മാറ്റിനിര്‍ത്തുന്ന നയത്തില്‍ നിന്നാണെന്നുകാണാം. സുപ്രീം കോടതി ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവ അംഗീകൃത രേഖകളാണ് എന്ന് വിധിച്ചത് ആശ്വാസകരം.

അപരന്മാരെ സൃഷ്ടിക്കാതെ ഫാസിസ്റ്റുകള്‍ക്ക് നിലനില്പില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ വേറൊരു പുറത്താക്കല്‍ നടന്നിട്ടുണ്ട്. 1966ല്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ സംഘ്പരിവാര്‍ പൗരത്വത്തില്‍ നിന്ന് പുറത്താക്കി. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നും. 1966ല്‍ ജനസംഘത്തിന്റെ ജലന്ധര്‍ സമ്മേളനത്തില്‍ ബല്‍രാജ് മധോക്ക് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യക്കാരനായ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര് എന്ന് ചോദിച്ചു. സത്യത്തില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല. ഇത്തരം അസംബന്ധം ചോദിക്കാനും മറ്റൊരു അസംബന്ധം ഉത്തരമായി പറയാനും സംഘ്പരിവാറിനേ കഴിയൂ. മധോക്ക് പറഞ്ഞ ഉത്തരം ‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’ എന്നാണ്. 1947 മുതല്‍ 1964 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന, ഇന്ത്യന്‍ സെക്യുലറിസത്തിന് അടിത്തറയിട്ട ലോകം ആദരിക്കുന്ന മഹാപ്രതിഭയായ നെഹ്രുവിനെ ഇന്ത്യക്കാരനായ പ്രധാനമന്ത്രിയായി കാണാന്‍ ബല്‍രാജ് മധോക്കും ജനസംഘവും തയ്യാറായില്ല. കാരണം നെഹ്രു മുന്നോട്ടുവച്ച സെക്യുലറിസം, ജനാധിപത്യം, ഭരണഘടന എന്നിവയെല്ലാം ഇറക്കുമതി ആശയങ്ങളത്രേ.
ഇന്ത്യന്‍ പതാകയിലെ ത്രിവര്‍ണം പോലും അപകടകരമാണ് എന്നവര്‍ പറഞ്ഞു. ഇതുകൊണ്ടെല്ലാം നെഹ്രുവിന്റെ പൗരത്വം റദ്ദുചെയ്ത പ്രസ്ഥാനമാണ് സംഘ്പരിവാര്‍. നെഹ്രുവിനെ തള്ളിപ്പറഞ്ഞ അവര്‍ക്ക് രാജ്യത്തെ ജനകോടികളെ തള്ളിപ്പറയുക ക്ഷിപ്രസാധ്യം. അതാണിപ്പോള്‍ നടക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.