
വെനസ്വേല യുഎന്നിലെ 193 അംഗരാജ്യങ്ങളില്‍ ഒന്നാണ്. ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രം. 9,12,050 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള, 31.3 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന തെക്കേ അമേരിക്കയുടെ വടക്കന്‍ തീരത്തുള്ള, ഇന്ത്യയെയും ഫ്രാന്‍സിനെയും ബ്രിട്ടനെയുമൊക്കെപ്പോലെ ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രം. സ്പാനിഷ് കോളിയായിരുന്ന വെനസ്വേല 1821ല്‍ സ്വാതന്ത്ര്യം നേടി. യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നത് വടക്കേ അമേരിക്കയിലെ ഒരു രാഷ്ട്രമാണ്. 1776ല്‍ ആണ് യുണൈറ്റഡ് കോളനികള്‍ എന്ന പേര് മാറ്റി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന ഫെഡറല്‍ രാജ്യമായി മാറുന്നത്. അതായത് വെനസ്വേല എന്ന രാജ്യം സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് 45 വര്‍ഷം മുമ്പ് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ മറ്റൊരു കോളനി മാത്രമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. വെനസ്വേലയെ സംബന്ധിച്ചിടത്തോളം 19, 20 നൂറ്റാണ്ടുകളില്‍ സൈനിക സ്വേച്ഛാധിപതികളുടെ ആധിപത്യം വലിയ രാഷ്ട്രീയ അനിശ്ചിതത്വമുണ്ടാക്കി. എന്നാല്‍ 1999ല്‍ വെനസ്വേലന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹ്യൂഗോ ഷാവെസ് (ഊഗോ റാഫേല്‍ ചാവേസ് ഫ്രയസ് എന്ന് പൂര്‍ണനാമം) രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ നിന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറ്റി. അമേരിക്കന്‍ കുത്തകകളുടെ കൈപ്പിടിയിലായിരുന്ന വെനസ്വേലൻ എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിച്ചു. മയക്കുമരുന്ന് മാഫിയക്കെതിരെ സന്ധിയില്ലാതെ പോരാടി. യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേല എന്ന പാര്‍ട്ടി രൂപീകരിച്ച് അധികാരത്തിലെത്തിയ ഷാവെസ് വെനസ്വേലയെ ശക്തമായ ഒരു രാഷ്ട്രമാക്കി.
സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നേറിയ വെനസ്വേല യുഎസിന്റെ കണ്ണിലെ കരടായി മാറിയതിന് രണ്ട് കാരണങ്ങളാണ്. ഒന്ന് സോഷ്യലിസ്റ്റ് മൂല്യങ്ങളോടുള്ള യുഎസിന്റെ അന്ധമായ വിരോധം. അതിലുപരി ലാറ്റിനമേരിക്കയിലെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്ത് കൊഴുത്തുവളര്‍ന്ന അമേരിക്കന്‍ കുത്തക കമ്പനികള്‍ക്ക് വെനസ്വേലയില്‍ നിന്നും പുറത്തേക്ക് പോവേണ്ടിവന്നത്. യുഎസിനെ നേരിട്ട് എതിര്‍ത്തുകൊണ്ട് ഷാവേസ് ലാറ്റിനമേരിക്കയിലെ മറ്റു രാജ്യങ്ങളിലും ബൊളിവേറിയന്‍ വിപ്ലവം എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് സോഷ്യലിസ്റ്റ് ഭരണക്രമം കൊണ്ടുവരാന്‍ ശ്രമിച്ചു.
നമ്മള്‍ ഓര്‍ക്കേണ്ടത് ചിലിയിലെ അലന്‍ഡെ സര്‍ക്കാരിനെ 1973 സെപ്റ്റംബര്‍ 11ന് സിഐഎയെ ഉപയോഗിച്ച് കൂലിപ്പട്ടാളക്കാരെ ഇറക്കി, ഇപ്പോള്‍ വെനസ്വേലയില്‍ നിക്കോളാസ് മഡുറോയോട് ചെയ്തതുപോലെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. എന്നാല്‍ രാഷ്ട്രത്തോട് അവസാന പ്രഭാഷണം നടത്തി അലന്‍ഡെ ആത്മഹത്യചെയ്തു. “എനിക്ക് ചിലിയിലും അതിന്റെ ഭാവിയിലും വിശ്വാസമുണ്ട്. ചിലി നീണാള്‍ വാഴട്ടെ, അതിലെ ജനങ്ങളും തൊഴിലാളികളും നീണാള്‍ വാഴട്ടെ” എന്നായിരുന്നു, സാല്‍വദോര്‍ അലന്‍ഡെയുടെ അവസാന വാക്കുകള്‍. 1960കളില്‍ ലോകത്തിലെ 10സമ്പന്നരാജ്യങ്ങളില്‍ ഒന്നായിരുന്ന അര്‍ജന്റീനയിലാണ് അമേരിക്കയുടെ നവഉദാരവല്‍ക്കരണ പരീക്ഷണം ആരംഭിച്ചത്. 1980ല്‍ ആ രാജ്യം പൂര്‍ണമായി തകര്‍ന്നു. അര്‍ജന്റീനിയന്‍ പാരഡോക്സ് എന്ന് ലോക സാമ്പത്തിക ചരിത്രത്തിലറിയപ്പെടുന്ന തീവ്രമായ സാമ്പത്തിക പ്രതിസന്ധിയില്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം അഞ്ച് പ്രസിഡന്റുമാര്‍ രാജിവച്ച് ഒഴിയേണ്ടിവന്നു. കാനഡയെയും ഓസ്ട്രേലിയയെയും പോലെ പ്രകൃതിവിഭവങ്ങളില്‍ സമ്പന്നമായ അര്‍ജന്റീന അരനൂറ്റാണ്ടിനിപ്പുറവും ദരിദ്രരാഷ്ട്രമായി തുടരുന്നു.
യുഎസ് സര്‍ക്കാരിന്റെ പിന്തുണയോടെ അമേരിക്കന്‍ കുത്തകകള്‍ നടത്തുന്ന അധിനിവേശം ബൊളിവിയ, ബ്രസീല്‍, കൊളംബിയ, പെറു തുടങ്ങിയ എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും പാപ്പരാക്കിയിരിക്കുകയാണ്. കൂലിപ്പട്ടാളത്തെ ഇറക്കി രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ച് ഭരണസംവിധാനം തകര്‍ക്കുക, സ്വന്തം പാവ സര്‍ക്കാരുകളെ അധികാരത്തിലിരുത്തി, ദേശത്തിന്റെ വിഭവങ്ങള്‍ പൂര്‍ണമായി കൊള്ളയടിക്കുക എന്നതാണ് യുഎസ് തുടര്‍ന്നുവരുന്ന രീതി. ഇക്വഡോറില്‍ വാഴപ്പഴം കൃഷി ചെയ്തുകൊണ്ടിരുന്ന അമേരിക്കന്‍ കമ്പനികള്‍, അവരുടെ താല്പര്യം നിലനിര്‍ത്താന്‍ രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത വളര്‍ത്തിയതില്‍ നിന്നാണ് “ബനാനാ കണ്‍ട്രി” എന്ന പ്രയോഗം തന്നെ രൂപപ്പെടുന്നത്. ദുര്‍ബലമായ രാഷ്ട്രീയ നേതൃത്വമുള്ള ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരുകള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ഇന്ന് “ബനാനാ കണ്‍ട്രി” എന്ന പേരിലാണ് അറിയപ്പെടുന്നത്.
2013ല്‍ ഹ്യൂഗോ ഷാവെസിന്റെ മരണാനന്തരം സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി വെനസ്വേലന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് നിക്കോളാസ് മഡുറോ ആയിരുന്നു. ഷാവെസ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന മഡുറോ വെനസ്വേലയിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. സോഷ്യലിസ്റ്റ് ഭരണത്തെ താഴെയിറക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന യുഎസിന് മഡുറോ കനത്ത വെല്ലുവിളി സൃഷ്ടിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് വെനസ്വേലയുടെ എണ്ണക്കപ്പലുകള്‍ അന്താരാഷ്ട്ര കപ്പല്‍ മേഖലയില്‍ നിന്നും പിടിച്ചെടുത്തുകൊണ്ടും നിക്ഷേപങ്ങള്‍ മരവിപ്പിച്ചുകൊണ്ടും വിമാനങ്ങളടക്കം പിടിച്ചെടുത്തും എണ്ണക്കച്ചവടത്തിന് ഉപരോധമേര്‍പ്പെടുത്തിയും തികച്ചും പ്രാകൃതമായ രീതിയില്‍ ആ രാജ്യത്തെ തകര്‍ത്ത് അവരുടെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുവാന്‍ യുഎസ് നടത്തിയ കിരാതമായ നീക്കങ്ങളുടെ അവസാനമാണ് വെനസ്വേല എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ പ്രസിഡന്റിനെ പട്ടാളത്തെ ഉപയോഗിച്ച് കടല്‍ക്കൊള്ളക്കാരെപ്പോലെ തട്ടിക്കൊണ്ടുപോവുന്ന നടപടി യുഎസ് നടത്തിയിരിക്കുന്നത്. അതിന് പറഞ്ഞിരിക്കുന്ന കാരണമാണ് അതിവിചിത്രം. മഡുറോ മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്നുവെന്ന്.
ഈ സന്ദര്‍ഭത്തില്‍ നമ്മളോര്‍ക്കേണ്ടത് ഇറാഖ് എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലെ പ്രസിഡന്റ് സദ്ദാം ഹുസൈനെ ആക്രമിക്കുവാനും കൊലപ്പെടുത്തുവാനും യുഎസ് പറഞ്ഞ ന്യായമാണ്. നിരോധിതമായ രാസായുധങ്ങള്‍ ഇറാക്കില്‍ സംഭരിച്ചിരിക്കുന്നു എന്ന്. എന്നാല്‍ സദ്ദാമിനെ നികൃഷ്ടമായി കൊലപ്പെടുത്തിയതിനു തൊട്ടുമുമ്പ് 2002 നവംബറില്‍ യുഎന്‍ നടത്തിയ പരിശോധനയില്‍ ഇറാഖില്‍ യാതൊരുവിധ രാസായുധങ്ങളും സംഭരിച്ചിരുന്നില്ല എന്നാണ് കണ്ടെത്തിയിരുന്നത്.
നിരന്തരമായി നുണപ്രചാരണം നടത്തിക്കൊണ്ട് ലോകമെമ്പാടും കൊറിയയില്‍ തുടങ്ങി, വിയറ്റ്നാമിലൂടെ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിച്ചും ഗാസാമുനമ്പിലെ ലക്ഷക്കണക്കിന് ജനങ്ങളെ ഇഞ്ചിഞ്ചായി കൊന്നൊടുക്കാന്‍ ഇസ്രയേലിന് ഒത്താശചെയ്തും ഏഷ്യന്‍ രാജ്യങ്ങളില്‍ യുഎസ് വിതച്ച കെടുതികള്‍ക്ക് അന്തമില്ല.
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ 1991 ഡിസംബര്‍ 26ന് സോവിയറ്റ് യൂണിയന്‍ വിവിധ രാജ്യങ്ങളായി വിഘടിച്ചുപോയതാണ് ഇത്തരത്തില്‍ യുഎസിന്റെ സ്വേച്ഛാധിപത്യപരമായ നിലപാടുകള്‍ക്ക് എതിരില്ലാതെ പോയത്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ അമേരിക്കന്‍ കപ്പല്‍പ്പട ഇന്ത്യാസമുദ്രത്തിലേക്ക് നീങ്ങിയപ്പോള്‍ സോവിയറ്റ് യൂണിയന്‍ ഇന്ത്യയുടെ കൂടെ ഉറച്ചുനിന്നത് ഒരു രാജ്യസ്നേഹിക്കും മറക്കാനാവില്ല.
യുഎസിന്റെ വെനസ്വേലയിലേക്കുള്ള കടന്നാക്രമണം ലോകസാഹചര്യങ്ങളെ മറ്റൊരു മഹായുദ്ധത്തിന്റെ ആശങ്കയിലാഴ്ത്തുന്നു. ഇന്ന് നാറ്റോ സഖ്യത്തിലുള്‍പ്പെട്ട ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ പോലും അമേരിക്കന്‍ നടപടിയെ അനുകൂലിക്കുന്നില്ല. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ കടുത്ത ഭാഷയില്‍ യുഎസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ചൈനയും ഈ നടപടിയെ ശക്തമായി അപലപിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങളില്‍ യുഎസിലുള്‍പ്പെടെ ഈ നടപടിക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. നമ്മുടെ രാജ്യത്തും വലിയ തോതില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ യുഎസ് സര്‍ക്കാരിന്റെ അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ചുള്ള നടപടിക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചതായി കാണുന്നില്ല. ഈ കിരാത നടപടി ഇനി ഏത് രാജ്യത്തിനെതിരെ ഉണ്ടാവുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. ഇത്തരം നടപടികള്‍ അവസാനിപ്പിക്കുവാനുള്ള നിലപാട് സ്വീകരിക്കുക എന്നത് ഏതൊരു ജനാധിപത്യ വിശ്വാസികളുടെയും പ്രധാന കര്‍ത്തവ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.