27 February 2026, Friday

ട്രംപ് വാഴുന്നു, മോഡി അടിമയാകുന്നു

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
February 28, 2026 4:15 am

“എവിടെ നിർഭയമാകുന്നു മാനസം
എവിടെ നില്‍ക്കുന്നു ശീർഷം സമുന്നതം
എവിടെ വിജ്ഞാനം പൂർണസ്വതന്ത്രമായ്
അവികലമായ് വിരാജിപ്പൂ നിത്യവും !
മുക്തിതൻ സ്വർഗരാജ്യമതിങ്കലേക്കെന്റെ
നാടൊന്നുണരണേ…”

എന്ന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഏഷ്യാഭൂഖണ്ഡത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന രവീന്ദ്രനാഥ ടാഗോർ ‘ഗീതാഞ്ജലി’യിൽ എഴുതി. അത് സ്വാതന്ത്ര്യദാഹത്തിന്റെ പോരാട്ടകാലമായിരുന്നു. ബ്രിട്ടീഷ് മേധാവിത്വം സൃഷ്ടിച്ച അടിമത്ത വാഴ്ചയ്ക്കെതിരായ അടിയുറച്ച പോരാട്ട ഗാഥകളുടെയും രക്തസാക്ഷിത്വ പരമ്പരകളുടെയും അത്യുജ്വല വീരസ്മരണകളുടെ കാലം. ഇന്ന് സംഘപരിവാര ഫാസിസ്റ്റ് ഭരണത്തിന് നേതൃത്വം നൽകുന്ന നരേന്ദ്ര മോഡി ഇന്ത്യയുടെ സമുന്നതമായ ശിരസിനെയും നിർഭയമായ അറിവിനെയും ചാഞ്ചല്യമില്ലാത്ത മാനസത്തെയും സ്വാതന്ത്ര്യത്തിന്റെ മഹാസ്വർഗത്തെയും അമേരിക്കൻ സാമ്രാജ്യത്വത്തിനുകീഴിൽ പണയപ്പെടുത്തുന്നു. സാമ്പത്തികമായ അടിമത്തം രാഷ്ട്രീയമായ അടിമത്തത്തിലേക്കുള്ള നടപ്പാതയാണ് എന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്ര പാഠങ്ങൾ നമ്മോട് വിളിച്ചുപറയുന്നുണ്ട്. കച്ചവടത്തിനായി വന്ന, കാപ്പാട് കാല് കുത്തിയ വാസ്‌കോഡ ഗാമയുടെ പോർച്ചുഗീസുകാരും പിന്നാലെ വന്ന ഡച്ചുകാരും ഫ്രഞ്ചുകാരും അതിനുപിന്നാലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി മുഗള ചക്രവർത്തി ജഹാംഗീറിന്റെ കാലത്തെത്തിയ ബ്രിട്ടീഷുകാരും ഒടുവിൽ ഇന്ത്യയെ അടക്കിഭരിച്ചു. 

ഇന്ത്യൻ മണ്ണിലെ കൊട്ടാരങ്ങൾ, സിംഹാസനങ്ങൾ, അന്തഃപുരങ്ങൾ സർവതും അവർ സ്വായത്തമാക്കി. പാരതന്ത്ര്യത്തിന്റെ കാരിരുമ്പു ചങ്ങലകളാൽ ഇന്ത്യൻ ജനതയെ ബന്ധിച്ചു. കാരാഗൃഹങ്ങളാല്‍, കഴുകുമരങ്ങളാല്‍, വെടിയുണ്ടകളാൽ ഇന്ത്യൻ ജനതയെ വേട്ടയാടി. അതിന്റെ മോചന ചരിത്രം സംഘപരിവാര ശക്തികൾക്ക് അറിയില്ല. ഝാൻസി റാണിയിലും താന്തിയാ തോപ്പിയിലും ബഹദൂർ ഷായിലും തുടങ്ങി ഒട്ടനവധി ദേശാഭിമാനികളുടെ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ‘ശിപായി ലഹള’ എന്ന് ബ്രിട്ടീഷുകാർ അധിക്ഷേപിച്ചു. 1925ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ട കാലം മുതൽ സ്വാതന്ത്ര്യസമരത്തെ വഞ്ചിക്കുന്ന പ്രസ്ഥാനമായിരുന്നു അത്. ഹെഡ്ഗേവാറും ഗോൾവാൾക്കറും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായിരുന്നു. ബ്രിട്ടീഷ് സായിപ്പിന്റെ ഷൂസ് തുടച്ച് മാപ്പിരന്ന സവർക്കറെയും ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെയും ആരാധനാമൂർത്തികളായി കാണുന്ന സംഘപരിവാര ഫാസിസ്റ്റുകൾ ഇന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കാ­ൽക്കൽ അടിമത്തമനോഭാവത്തോടെ ഇന്ത്യയെ അ­ടിയറവയ്ക്കുന്നു. ഇന്ത്യയുടെ വ്യാപാര — വാണിജ്യ നയങ്ങൾ ഇവിടുത്തെ ജനതയോ ഭരണാധികാരികളോ അറിയാതെ ഡൊണാൾഡ് ട്രംപ് ആധികാരികതയോടെ പ്രഖ്യാപിക്കുന്നു. കേന്ദ്രഭരണാധികാരികൾ മൗനത്തിന്റെ മഹാവത്മീകത്തിൽ കഴിഞ്ഞുകൂടുന്നു. ഇന്ത്യയുടെ സ്വാഭിമാനവും സ്വാശ്രയത്വവും അടിയറവയ്ക്കുകയായിരുന്നു അടിമത്തമനോഭാവമുള്ള ഭരണകൂടം ചെയ്തത്. ഇറക്കുമതി തീരുവ സ്വേച്ഛാധിപത്യ മനോഭാവത്തോടെ ഇന്ത്യക്കുമേൽ അടിച്ചേല്പിക്കുക മാത്രമല്ല, ചെറുകിട വ്യാപാരമേഖലയെയാകെ അപായക്കെണിയിൽ പെടുത്തുകയും ചെയ്യുന്നു. 

മൂന്ന് കാർഷിക മാരണനിയമങ്ങൾ കൊണ്ടുവന്ന, ഒരു വർഷത്തിലേറെ നീണ്ട കർഷക പ്രക്ഷോഭത്തിനും ധീരരക്തസാക്ഷിത്വങ്ങള്‍ക്കും ശേഷം നരേന്ദ്ര മോഡിക്ക് മുട്ടുകുത്തേണ്ടി വന്ന അനുഭവം മുന്നിൽ നിൽക്കവേ പുതിയ ഇന്ത്യ‑അമേരിക്കൻ വ്യാപാരക്കരാറിലൂടെ നമ്മുടെ രാജ്യത്തെ കാർഷിക മേഖലയെ സാമ്രാജ്യത്വ കുത്തകകൾക്ക് അടിയറവയ്ക്കുന്നു. കാർഷികവൃത്തിയിലൂടെ ജീവിക്കുന്ന പാവപ്പെട്ട അന്നദാതാക്കൾ ആത്മഹത്യാ കിടങ്ങുകളിലേക്ക് കൂടുതൽക്കൂടുതൽ വലിച്ചെറിയപ്പെടുമെന്ന ഭീഷണി മുനമ്പിലാണ് രാജ്യം. പക്ഷേ രാജ്യം ഭരിക്കുന്നവർ ലോകത്തെ നിയന്ത്രിക്കുന്ന ഏകാധിപതി എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഡൊണാൾഡ് ട്രംപിനെ ആലിംഗനം ചെയ്യുന്നു. ഇന്ത്യയെ സാമ്പത്തികവും രാഷ്ടീയവുമായ അടിമത്തത്തിന്റെ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
പലസ്തീനെ ഇല്ലായ്മ ചെയ്യാൻ, പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നുതള്ളിയ, പട്ടിണിക്കിട്ട് പിഞ്ചുകുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട, ഇനിയും ഉണങ്ങാത്ത ഗാസയിലെ കൊടുംമുറിവുകൾ സൃഷ്ടിച്ച ഇസ്രയേലിന് സർവായുധങ്ങളും പണവും നൽകി പ്രോത്സാഹിപ്പിക്കുന്ന ഡൊണാൾഡ് ട്രംപുമായി കൈകോർക്കുകയാണ് നരേന്ദ്ര മോഡി. ചോരക്കൊതി തീരാത്ത ഇസ്രയേൽ ഭരണാധികാരി ബെഞ്ചമിൻ നെതന്യാഹുവിനെ ആശ്ലേഷിക്കുന്ന നരേന്ദ്ര മോഡിയുടെ ചിത്രവും ഇക്കഴിഞ്ഞ ദിവസം നാം കണ്ടു. ഇന്ത്യയുടെ എല്ലാ പിന്തുണയും ഇസ്രയേലിനാണെന്നും മോഡി പ്രഖ്യാപിച്ചു. ഇതാണ് സമകാലീന ഇന്ത്യൻ ഭരണകൂടത്തിന്റെ സാമ്രാജ്യത്വ ദാസ്യം. യുദ്ധവെറിക്കെതിരായും സമാധാനഭരിത ലോകക്രമത്തിനുമായി ചേരിചേരാ നയത്തിലൂടെ ജവഹർലാൽ നെഹ്രു നയിച്ച രാഷ്ട്രത്തെയാണ് ആയുധ വ്യാപാരികള്‍ക്കും ലോകത്തെയാകെ സ്വാധീനപ്പെടുത്തുവാൻ ശ്രമിക്കുന്ന അധീശശക്തികൾക്കും മു­ന്നിൽ മോഡി ഭരണകൂടം അടിയറവയ്ക്കുന്നത്. 

ഈ ഘട്ടത്തിൽ കുമാരനാശാന്റെ വരികൾ, സ്വാതന്ത്ര്യവും ഭരണഘടനയും രാജ്യത്തിന്റെ പരമാധികാരവും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആവർത്തിച്ചു പറയും -
“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയെക്കാൾ ഭയാനകം”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.