കാലം മാറുമ്പോള്‍ കഥകള്‍ മാറും. മാറിയില്ലെങ്കില്‍ മോഡിയും ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിയും ചേര്‍ന്ന് മാറ്റിയെഴുതും. മോഡിക്ക് പിന്നാലെ അങ്ങനെ നമുക്ക് ചരിത്രത്തിന്റെ ഒരു തിരുത്തിയെഴുത്തുകാരനെക്കൂടി കിട്ടി; തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി! ലോകമറിയുന്നത് കര്‍ത്താവായ യേശുക്രിസ്തുവിനെ പരീശന്മാരും പലിശക്കാരും ചേര്‍ന്ന് കുരിശിലേറ്റി തൂക്കിക്കൊന്നുവെന്നാണ്. അതിനാല്‍ നന്മയുടെ പുത്രനായ കര്‍ത്താവ് രക്തസാക്ഷിത്വം വരിക്കുകയായിരുന്നുവെന്നാണ്. പക്ഷേ പാംപ്ലാനി പിതാവ് പറഞ്ഞപ്പോഴല്ലേ നാമറിയുന്നത് കര്‍ത്താവ് തൂങ്ങിച്ചാവുകയായിരുന്നുവെന്ന്. കണ്ടവന്റെ മുമ്പില്‍ച്ചെന്ന് വേണ്ടാതീനം കാണിച്ചിട്ട് തല്ലുകൊണ്ട് ചത്തവരെ രക്തസാക്ഷികളെന്ന് വിളിക്കരുതെന്നാണ് തലശേരി അപ്പോസ്തലന്റെ കല്പന. പൊലീസ് ഓടിക്കുമ്പോള്‍ പാലത്തില്‍ നിന്ന് നദിയില്‍ വീണ് ചത്തവരെങ്ങനെ രക്തസാക്ഷികള്‍ ആകുമെന്നാണ് പിതാവിന്റെ മറ്റൊരു ചോദ്യം. പാംപ്ലാനി പിതാവിന്റെ രക്തസാക്ഷിത്വ വ്യാഖ്യാനമനുസരിച്ച് ഗാന്ധിജിയുടേതും രക്തസാക്ഷിത്വമല്ല. ബിര്‍ളാമന്ദിറില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ തോക്കുമായി വന്ന നാഥുറാം വിനായക ഗോഡ്സേയെ കണ്ട് പേടിച്ചരണ്ട ഗാന്ധിജി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ കുത്തബ്മിനാറില്‍ തട്ടിവീണ് തലയടിച്ച് മരിച്ചുവെന്നായിരിക്കും ഈ പിതാവിന്റെ തിരുവെഴുത്ത്. പുന്നപ്രയിലും വയലാറിലും ദിവാന്റെ പട്ടാളത്തിനെതിരെ വാരിക്കുന്തങ്ങളുമായി പൊരുതിമരിച്ച ധീരരക്തസാക്ഷികളും മേല്‍പ്പടിയാന് അക്രമകാരികള്‍. കയ്യൂരിലും കരിവെള്ളൂരിലും പാടിക്കുന്നിലും മുനയന്‍കുന്നിലും ഒഞ്ചിയത്തും നാളെയുടെ അരുണോദയത്തിനായി പൊരുതിമരിച്ച വീരയോദ്ധാക്കള്‍ വെറും ഊച്ചാളികളാണത്രേ. ഇതിനു പിന്നിലെ ഉള്ളിലിരിപ്പ് ആര്‍ക്കാണ് മനസിലാകാത്തത്. രക്തത്തിന് സാക്ഷിയാകുന്നവര്‍ മാത്രമാണ് രക്തസാക്ഷികള്‍ എന്നാണ് തലശേരി പിതാവിന്റെ വ്യാഖ്യാനം. അതായത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, സിസ്റ്റര്‍ സ്റ്റെഫി അങ്ങനെയങ്ങനെ. കോട്ടയം പയസ്‌ടെന്‍ത് കന്യാസ്ത്രീ മഠത്തില്‍ തല്ലിക്കൊന്ന് കിണറ്റിലെറിഞ്ഞ സിസ്റ്റര്‍ അഭയ രക്തസാക്ഷിയല്ല. അത് കിണറ്റില്‍ച്ചാടി മരിച്ച ഒരു ഒറ്റപ്പെട്ട സംഭവം. പാതിരാവില്‍ ലെെംഗികവേഴ്ചയും കൊലപാതകവും കോണ്‍വെന്റില്‍ നടത്തിയതിന് ശിക്ഷിക്കപ്പെട്ട കന്യാസ്ത്രീക്കും വികാരിയച്ചനും പുണ്യാളന്‍-പുണ്യാളത്തി പദവി നല്കണമെന്ന് പാംപ്ലാനി പിതാവ് മാര്‍പ്പാപ്പയോട് ശുപാര്‍ശ ചെയ്തുകൂടെന്നുമില്ല.
തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധവും അജ്ഞതയും മൂലമാണ് ഇങ്ങേര്‍ ഇതെല്ലാം പറഞ്ഞുവച്ചതെന്ന് വേണം കരുതാന്‍. ആയിരക്കണക്കിന് രക്തസാക്ഷികളുടെ നേരവകാശികളായ കമ്മ്യൂണിസ്റ്റുകാരാണ് എക്കാലവും അവരുടെ ഓര്‍മ്മപുതുക്കി ‘നിങ്ങടെ പാദം പിന്തുടരു‘മെന്ന് പ്രതിജ്ഞയെടുക്കുന്നത്. പക്ഷെ രക്തസാക്ഷികളെല്ലാം ‘കണ്ടവരോട് കലഹിച്ച’ കമ്മ്യൂണിസ്റ്റുകാര്‍ മാത്രം എന്ന മണ്ടന്‍ധാരണയിലാണ് അങ്ങേര്‍ രക്തസാക്ഷികളെ നിര്‍വചിച്ചത്. ഈയിടെ ഹിന്ദുവര്‍ഗീയവാദികള്‍ ജയിലിലിട്ട് കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയും ഒഡിഷയില്‍ ഹിന്ദു തീവ്രവാദികള്‍ ചുട്ടുകൊന്ന ഫാ. സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുകുട്ടികളും രക്തസാക്ഷികളുടെ പട്ടികയില്‍പ്പെടാത്തത് ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഉള്ളിലിരിപ്പുമൂലമാണ്. ഇത്തരക്കാരെ പിതാവ് എന്ന് വിളിക്കുന്നതെന്തിനാണ്. പിതൃശൂന്യമായ പ്രസ്താവനകള്‍ നടത്തുന്നയാളാണെങ്കിലും പിതൃശൂന്യന്‍ എന്ന് ദേവികയും വിളിക്കുന്നില്ല. ഞങ്ങളുടെ കണിയാപുരത്ത് ഉണ്ടായിരുന്ന ഒരു പഴങ്കഞ്ഞി കള്ളന്‍ ശിവദാസന്റെ കഥ മുമ്പൊരിക്കല്‍ ഈ പംക്തിയില്‍ പറഞ്ഞിട്ടുണ്ട്. വെളുപ്പാന്‍കാലത്ത് വീടുകളിലെത്തി പഴങ്കഞ്ഞി മോഷ്ടിച്ച് കുടിച്ചിട്ട് സ്ഥലംവിടുന്ന കള്ളന്‍. ഒരിക്കല്‍ പഴങ്കഞ്ഞിയുടെ കറി ഇഷ്ടപ്പെടാത്തതിന് ആ വീടുതന്നെ തീവച്ചിട്ട് ഹെെദരാബാദിലേക്ക് മുങ്ങിയ ശിവദാസന്‍ പിന്നീടൊരിക്കലും തിരിച്ചുവന്നില്ല. മരണവും അവിടെവച്ചായിരുന്നു. ബന്ധുക്കള്‍ക്ക് കത്തെഴുതിയ ശേഷം ആത്മഹത്യ ചെയ്തു. പക്ഷെ മോഡിയെ പഴങ്കഞ്ഞി ശിവദാസനോട് ഉപമിക്കാനാകില്ല. ഇന്ത്യയാകെ കട്ടുമുടിച്ച ശേഷം കര്‍ണാടകയിലെ സ്വന്തം പാര്‍ട്ടിയെയും ചാമ്പലാക്കിയ ശേഷം ജപ്പാന്‍ വഴി പപ്പുവാ-ന്യൂഗിനിയിലേക്ക് കടന്നുവെന്നാണ് വാര്‍ത്ത. ‘പോകാന്‍ നേരം കൂട്ടിനായൊരു വാഴയും കിട്ടി’ എന്ന പാട്ടുപോലെ കര്‍ണാടക ജനത മോഡിയെ കെട്ടിയിട്ട വാഴസഹിതമാണ് വിദേശത്തേക്ക് മുങ്ങല്‍. തന്റെ പ്രിയപുത്രനായ രണ്ടായിരത്തിന്റെ നോട്ടുകൂടി ചുട്ടുകരിച്ചിട്ടാണ് പലായനം. ജനം കര്‍ണാടകയിലെ മോഡിയുടെ ‘വമ്പന്‍ സ്വാധീനം’ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ഒരു പൂഴിക്കടകന്‍ അടവ്. ജപ്പാനില്‍ ചെന്നപ്പോഴോ യുഎസ് പ്രസിഡന്റ് ജോ ബെെഡന്റെ ഒരു സുവര്‍ണലിപികളിലെഴുതിയ ഒരു സര്‍ട്ടിഫിക്കറ്റ്; ജനപ്രീതിയാര്‍ജിക്കുന്നതിനുള്ള കഴിവില്‍ മോഡി ലോക ചാമ്പ്യനെന്ന്. ഈ ബെെഡന്‍ മൂപ്പില്‍സിന് എന്തിന്റെ കേടാ. കര്‍ണാടകയിലെ ‘ജനപ്രീതി‘യില്‍ കുളിച്ചു കരയേറിയ കാര്യം ബെെഡനപ്പൂപ്പന്‍ അറിയാത്തതല്ലല്ലോ. അതോ ബെെഡന്‍ പാംപ്ലാനി പിതാവിന് പഠിക്കുകയാണോ. രണ്ട് മുഖങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ല. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആറ്റിങ്ങലിലെ സാരംഗ് ഫലപ്രഖ്യാപനത്തിന് മുമ്പ് മരണത്തിന് കീഴടങ്ങി.
കായികപ്രതിഭയും കലാകാരനുമായ ആ കുട്ടിയുടെ അവയവങ്ങള്‍ ആറ് പേരിലൂടെ ജീവിച്ചിരിക്കുന്നു. നേത്രപടലങ്ങളും ഹൃദയവാല്‍വുമടക്കമുള്ള അവയവങ്ങള്‍ ഇനി നമുക്ക് ജീവിച്ചിരിക്കുന്ന സ്മാരകങ്ങള്‍. നന്ദി പൊന്നുമോനേ. കിളിമാനൂര്‍ കാരേറ്റെ രഞ്ജിനിയാണ് മറ്റൊരു ജീവിച്ചിരിക്കുന്ന ചിത്രം. പേശികള്‍ ക്ഷയിക്കുന്ന സ്പെെനല്‍ മസ്കുലര്‍ അട്രോപി എന്ന രോഗംമൂലം 24 വര്‍ഷമായി വീട്ടിനുള്ളില്‍ പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം കട്ടിലിലും വീല്‍ചെയറിലുമായി തള്ളിനീക്കുന്ന ജീവിതം. മാതാപിതാക്കളുടെ ഏക ആശ്രയം. സാധാരണ ഇത്തരം അവസ്ഥയിലുള്ളവര്‍ ബാങ്ക് അക്കൗണ്ട് സഹിതം ധനസഹായത്തിന് അഭ്യര്‍ത്ഥിക്കുകയാണ് പതിവ്. രഞ്ജിനി ഇവിടെ അതിനപവാദമാകുന്നു. താനുണ്ടാക്കുന്ന ത്രീ ഫോള്‍ഡ് കുടകള്‍ കൊറിയര്‍ വഴി വാങ്ങി സഹായിക്കണമെന്ന അപേക്ഷയേ ഈ കുട്ടിക്കുള്ളൂ. ഇത്തരം കുട്ടികളാണ് നമ്മുടെ അഭിമാനം. രഞ്ജിനിയുടെ നമ്പര്‍ 9061275475. സഹായം നല്കേണ്ടത് ഇത്തരക്കാര്‍ക്കാണല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.