
വിപ്ലവകരമായ ദൃഢീകരണത്തിന്റെയും സ്വയം വിദ്യാഭ്യാസത്തിന്റെയും പ്രതീകമായ കമ്യൂണിസ്റ്റാണ് സഖാവ് വി എസ്. ഈ രണ്ടു കാര്യവും എല്ലാ പാർട്ടി മെമ്പർമാർക്കും അവശ്യം ആവശ്യമായ കാര്യങ്ങളാണ്. തൊഴിലാളി വർഗത്തിന്റെ മുന്നണി പടയെന്ന നിലയ്ക്ക് നമ്മുടെ ശുദ്ധിയെ വളർത്തുന്നതിനും സുരക്ഷിതമാക്കുന്നതിനും വേണ്ടി, നമ്മുടെ സാമൂഹ്യ ഗുണങ്ങളെയും വിപ്ലവ നൈപുണ്യത്തെയും ഉയർത്തുന്നതിനു വേണ്ടി എല്ലാ വിധത്തിലും ദൃഢീകരണവും സ്വയം വിദ്യാഭ്യാസവും ആവശ്യമാണ്. ജീവിതത്തിലൂടനീളം അതു പ്രാവർത്തികമാക്കിയ വിപ്ലവകാരിയാണ് സഖാവ് വി എസ് അച്യുതാനന്ദൻ. നിരന്തരം അദ്ദേഹം ആന്തരികമായി വളർന്നു. ആ വളർച്ചയുടെ ലക്ഷ്യം വിപ്ലവ പ്രവർത്തനത്തിന്റെ താല്പര്യങ്ങളെ സഹായിക്കുക എന്നതായിരുന്നു, ബഹുജനങ്ങളുടെ പ്രസ്ഥാനത്തെ നയിക്കുക എന്നതായിരുന്നു.
നിരന്തരമായി ജനകീയ സമര നായകനാകുക വഴി അദ്ദേഹം ഉരുക്കുപോലെ ഉറച്ച കമ്മ്യൂണിസ്റ്റായി. ഉന്നതമായ ജയവും നേട്ടങ്ങളും ഉണ്ടാകുമ്പോൾ പല സഖാക്കളും അമിതാഹ്ലാദ ചിത്തരാകുകയും അതുമൂലം സമചിത്തത പാലിക്കാൻ ശക്തരല്ലാതാവുകയും, നേട്ടങ്ങളിൽ മതിമറന്നു പോവുകയും ചെയ്യുന്നുണ്ട്. പൂർവസൂരികളായ കമ്മ്യൂണിസ്റ്റ് നേതാക്കൾ സമചിത്തത ഏതു സാഹചര്യത്തിലും നിലനിർത്തി. അതിന് പ്രധാന കാരണം അവർക്ക് ജനസഞ്ചയത്തിൽ നിന്നു ലഭിച്ചു തീക്ഷ്ണമായ അനുഭവങ്ങളായിരുന്നു. അവരുടെ ജീവിതം മുഴുവൻ ജനങ്ങൾക്കിടയിലായിരുന്നു. സഖാവ് വി എസ് ശ്വസിച്ചതേ ജനസഞ്ചയത്തിനു നടുവിലാണ്. ജനം അദ്ദേഹത്തെ സത്യസന്ധമായും ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. അതാണ്, “കണ്ണേ, കരളേ വിഎസേ.… ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ” എന്ന് ജാതിമതഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും കണ്ഠം പൊട്ടുമാറുച്ചത്തിൽ വിളിക്കുന്നത്.
പ്രശസ്തിയും അഭിനന്ദനങ്ങളും സൂരികളെ സ്വാധീനിച്ചിരുന്നില്ല. അവർ വിനായാന്വിതരായി ഏറ്റവും എളിമയോടെ ജനങ്ങൾക്കൊപ്പം, ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. വിഎസിന് എല്ലാം മനുഷ്യരായിരുന്നു. മാത്രമല്ല, ജനങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി എത്ര ശക്തനായ എതിരാളിയോട് ഏറ്റുമുട്ടേണ്ടി വന്നാലും താൻ ഉയർത്തിപ്പിടിച്ച നിലപാടുകളിൽ നിന്ന് സഖാവ് ഒരിഞ്ചുപോലും വ്യതിചലിക്കില്ല. വിഎസ് ഒരു പ്രശ്നം ഏറ്റെടുത്താൽ വിജയം വരെ പോരാടും എന്ന് നാടിനറിയാം. ഏതു പ്രശ്നവും പൂർണമായി ബോധ്യം വന്നതിന് ശേഷമേ ഏറ്റെടുക്കൂ. ഗഹനമായി വിഷയങ്ങളെ പഠിക്കും അദ്ദേഹം.
കാറൽ മാർക്സ് ഇടയ്ക്കിടക്ക് പറയും, ”ഞാൻ മനുഷ്യനാണ്, മനുഷ്യനെ സംബന്ധിച്ച ഒന്നും എനിക്ക് അനുമല്ല” (nothing human is alien to me). സഖാവ് വിഎസിനെ സംബന്ധിച്ചിടത്തോളം, മനുഷ്യനെ സംബന്ധിച്ചത് ഒന്നും അദ്ദേഹത്തിന് അന്യമല്ല. കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും എല്ലാ വീക്ഷണകോണുകളിൽ നിന്നും പ്രശ്നങ്ങളെപ്പറ്റി പരിചിന്തനം ചെയ്യുന്നതിലും എല്ലാ അനുകൂല പ്രതികൂലങ്ങളെയും വിവേചിച്ചറിയുന്നതിലും മാർക്സിസ്റ്റ് ലെനിനിസ്റ്റ് രീതിയും സമീപനവും പ്രയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതിന്റെ അർത്ഥം, നമ്മൾ മിനക്കെട്ടു പഠനം നടത്തുന്നതിനും സ്വയം ഉരുക്കുപോലെ ഉറപ്പിക്കുന്നതിനും പരിശീലനം നേടുന്നതിനും ദൃഢപ്രതിജ്ഞരായിരിക്കുന്ന കാലത്തോളം, ബഹുജനങ്ങളിൽ നിന്നും അവരുടെ വിപ്ലവ പ്രവർത്തനങ്ങളിൽ നിന്നും സ്വയം വേർപ്പെടുത്താത്ത കാലത്തോളം മാർക്സിസ്റ്റ് ആശയങ്ങൾ ഉയർത്തി പിടിക്കുകയും മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ എന്നും നിലനിന്നാൽ മാത്രമെ പ്രസ്ഥാനത്തിന്റെ ശക്തി വർധിക്കുകയുള്ളു എന്നദ്ദേഹം ജീവിതത്തിലൂടെ പഠിപ്പിച്ചു. ഏതു പ്രതിസന്ധിയിലും അദ്ദേഹം നിലപാടുകളിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. സത്യം എപ്പോഴും തുറന്നു പറയുന്നതിന്റെ ഫലമായി അദ്ദേഹവും സഖാവ് കെ ദാമോദരനെ പോലെ നിരന്തരം ഒറ്റപ്പെട്ടു. അല്ലെങ്കിലും ലോക ചരിത്രം പരിശോധിച്ചാൽ അറിയാം സത്യം പറയുന്നവർ എന്നും ഒറ്റക്കു നടക്കേണ്ടി വരും എന്ന്.
സഖാവ് വി എസ് എപ്പോഴും വളർന്നത് പ്രായോഗിക പ്രവർത്തനത്തിന്റെ പാഠങ്ങളിലൂടെയാണ്. മാർക്സിന്റെ ഉദ്ധരണികൾ മാത്രം ചൊല്ലിയിട്ടല്ല. മാർക്സിസം പറഞ്ഞ സമത്വ സമൂഹത്തിനുവേണ്ടി എന്നും നിലകൊണ്ടു. സൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്നവരുടെ ആശ്രയമായി സഖാവ് വി എസ്. ജീവിതത്തലും വാക്കിലും അനുഷ്ഠാനത്തിലും പ്രവൃത്തിയിലും അദ്ദേഹം താൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾ പ്രാവർത്തികമാക്കി. മാർക്സിസത്തിന്റെ നിലപാടും പ്രവർത്തന രീതിയും ചൈതന്യവും അദ്ദേഹം തന്റെ പ്രവൃത്തിയിലൂടെ പ്രകടിപ്പിച്ചു. സമൂഹത്തെ കൊള്ളചെയ്യുന്ന, പ്രകൃതിയെ ചൂഷണം ചെയ്യന്നവർക്കെതിരെ അദ്ദേഹം ശക്തമായി പോരാട്ടം നടത്തി. 6500 അടിയിലധികം ഉയർന്നു നിൽക്കുന്ന മതികെട്ടാൻ ചോലവനം അദ്ദേഹം കയറിയത് 82-ാം വയസിൽ. അപാരമായ നിശ്ചയദാർഢ്യത്തിന്റെ, ലക്ഷ്യബോധത്തിന്റെ പ്രതീകമാണ് സഖാവ്. 3000 ത്തിൽപ്പരം മരം മുറിച്ചതിനെതിരെ, ആ പ്രദേശം കാണാൻ വി എസ് മല കയറി.
സഖാക്കൾ ടി വി തോമസ്, സി കെ കുമാരപ്പണിക്കർ, പി ടി പുന്നൂസ് അടക്കമുള്ള മഹാവിപ്ലവകാരികളോടൊപ്പം പുന്നപ്ര വയലാർ സമരത്തില്‍ പങ്കാളിയായി. മാർക്സ് പറയാറുണ്ട്, “എനിക്കു വേണ്ട ശാന്തം സ്വച്ഛ ജീവിതം. ഭൂമികുലുക്കും കൊടുങ്കാറ്റിൽ കരുത്താണ് എന്നാത്മാവിൽ. എന്റെ ജീവിതം സംഘർഷങ്ങളാൽ നിറയട്ടെ. ഉന്നതമാം മഹാലക്ഷ്യം എൻ മുന്നിലായ്…” അതാണ് സഖാവ് വിഎസിന്റെയും ജീവിതം. 2006 ൽ സഖാവ് വി എസ് പ്രസംഗത്തിൽ ചൊല്ലിയ വരികൾ അദ്ദേഹത്തിന്റെ ശുഭാപ്തി വിശ്വാസവും ജീവിതത്തിൽ പ്രതിസന്ധികളെ നേരിടാനുള്ള അചഞ്ചലമായ ആത്മവിശ്വാസവുമാണ് പ്രകടിപ്പിക്കുന്നത്. “തല നരക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെന്റെ യൗവനം, കൊടിയ ദുഷ്പ്രഭുത്വത്തിനു മുന്നിൽ, തല കുനിക്കാത്തതാണെന്റെ യൗവനം.”
നീതിയോടുള്ള ആത്മാർത്ഥമായ അർപ്പണ മനസാണ് അദ്ദേഹത്തിന്റേത്. സ്വയം കളങ്കം ഏൽക്കാത്ത നേതാവിനേ ആഴിമതിക്കെതിരെ ഉച്ചത്തിൽ സംസാരിക്കാൻ കഴിയൂ. സഖാവ് വിഎസ് കളങ്കമേൽക്കാത്ത സഖാവാണ്. പണ്ട് പി കൃഷ്ണപിള്ള അച്യുതാനന്ദനെ കുറിച്ച് പറഞ്ഞു, ”ഇത് തീപ്പൊരിയാണ്. തീ പടർത്താൻ ഇവന് കഴിയും.” വിഎസ്.പറയുന്ന ഒരു കാര്യമുണ്ട്, ”ആഹാരമില്ലായ്മയായിരുന്നു ആഹാരം. പട്ടിണികൊണ്ട് തളർന്ന ഒരു ഗ്രാമത്തിന്റെ സമരാവേശമായിരുന്നു ഊർജം. സഖാവെ… എന്ന വിളി മതി മനം നിറയാൻ.” അടിമുടി കമ്മ്യൂണിസ്റ്റ് ആയിരുന്നു സഖാവ് വിഎസ്. സമരം ചെയ്യുന്ന ഒരോ വ്യക്തിയും സമര നായകനാണ്. വിഎസ്, അവനവനോടു തന്നെ നിരന്തരം ചെയ്ത പ്രതിപക്ഷമാണ്. കീഴാള ജനതയുടെ ജീവിതത്തിന്റെ ഉയർച്ചക്കു വേണ്ടി, മൂലധനശക്തികൾക്കെതിരെ, നാടുവാഴിത്തത്തിനെതിരെ നിതാന്ത പോരാട്ടം നടത്തിയ സഖാവാണ് വിഎസ്. രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം അധികാരവർഗങ്ങൾക്കെതിരെ പ്രതിപക്ഷമായി നിലയുറപ്പിച്ചു സഖാവ് അച്ചുതാനന്ദൻ. മനുഷ്യരെ, അവരുടെ നിലനിൽപ്പിന്റെ ശക്തികൾക്കെതിരെ തിരിച്ചുവിടുന്ന രാഷ്ട്രീയ മഹാരോഗത്തിന്റെ പേരാണ് ഫാസിസം. ഫാസിസത്തിന്റെ നിതാന്ത ശത്രുവാണ് സഖാവ് വിഎസ്.
ഒരു കാര്യം സ്മരണീയം, സഖാവിന്റെ ഭൗതിക ശരീരത്തിന് അന്തിമാഭിവാദ്യം അർപ്പിക്കുവാൻ കുട്ടികളും ചെറുപ്പക്കാരും പ്രായമുള്ളവരും തടിച്ചുകൂടി. ഇന്നത്തെ കാലത്ത് യുവജനത രാഷ്ട്രീയത്തൽ താൽപര്യമില്ല എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. ആത്മാർത്ഥതയും സുതാര്യതയും പ്രതിജ്ഞാബദ്ധതയും ഉള്ള നേതാവിന് എന്നും എപ്പോഴും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ട് എന്നതിന്റെ തെളിവാണ് സഖാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ മഹാജനക്കൂട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.