9 December 2025, Tuesday

ധർമ്മസ്ഥലയിലെ ‘സ്പന്ദിക്കുന്ന അസ്ഥിമാടങ്ങള്‍’

കെ ആർ സുകുമാരൻ 
August 10, 2025 6:00 am

ർമ്മസ്ഥലയിൽ ജെയിൻ ട്രസ്റ്റ്‌ മാഫിയ സംഘം അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചുമൂടിയ ആയിരക്കണക്കിന് വരുന്ന മനുഷ്യരെക്കുറിച്ചുള്ള ചിന്തകള്‍ നമ്മുടെ സ്വാസ്ഥ്യം കെടുത്തിയിട്ട് കുറച്ചുനാളായി. ഇന്ത്യയിലെ ഏറ്റവും വലിയ കൊലപാതക പരമ്പര അരങ്ങേറിയിട്ടും അതിനെതിരെ ഒരു ചെറുവിരൽ ചൂണ്ടാൻപോലും ആരും ധൈര്യപ്പെടുന്നില്ല. ജൈന മതസ്ഥർ കയ്യേറിയ ഹിന്ദു ക്ഷേത്രത്തിൽ ഇനി ആരും പ്രാർത്ഥിക്കാൻ പോകരുതെന്നാണ് പലരുടെയും അഭിപ്രായം. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകങ്ങളായി വരുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കളായ ഒരു കൂട്ടം മാഫിയകളെ ജനം തെറ്റിദ്ധരിക്കുന്നു. ശുഭ്രവസ്ത്രധാരികളായവരിൽപലരിലും മനുഷ്യമൃഗങ്ങളുണ്ടെന്നാണ് ഭക്തജനങ്ങൾ പറയുന്നത്. നിരവധി ശവശരീരങ്ങൾ മറവു ചെയ്യുന്നതിനിടയിൽ സ്വന്തം മകളുടെപോലെയുള്ള ശവശരീരം അടിവസ്ത്രമില്ലാതെ കാണേണ്ടി വന്ന ഭീമ എന്ന ചെറുപ്പക്കാരൻ തന്റെ ശുചീകരണ ജോലി ഉപേക്ഷിച്ചു മഹാരാഷ്ടയിലേക്ക് ജീവിതം പറിച്ചു നട്ടതോടെയാണ് ലോകത്തെ ‍ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുള്‍ അഴിയുന്നത്.

നേത്രാവദിയുടെ തീരങ്ങളിൽ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായത് അനേകരാണ്. സിസിടിവി ക്യാമറയിലോ ബസ്റ്റോപ്പിലോ മറ്റു പൊതുയിടങ്ങളിൽ എവിടെയെങ്കിലും ഒരു സുന്ദര മുഖം ദൃഷ്ടിയിൽ പെട്ടാൽ മതി പിന്നീടൊരിക്കലും അവർ വീട്ടിൽ തിരിച്ചുവരില്ല. അപൂർവങ്ങളിൽ ഒരാൾ രക്ഷപ്പെട്ടു എത്തുക എന്നത് പ്രയാസമായിരിക്കും. ജെയിൻ ട്രസ്റ്റ്‌ വക ഭൂമിയിൽ, പൊലീസ് സ്റ്റേഷൻ പണിതു കൊടുത്തത് ധർമ്മസ്ഥല മാഫിയസംഘത്തിന്റെ സംരക്ഷണത്തിനാണത്രെ. കേരളത്തിലേതുപോലെ ഭൂപരിഷ്കരണം, ദേവസ്വം ബോർഡുകൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ മുതലായവ കടന്നുവരാൻ ജെയിൻ മാഫിയസംഘം സമ്മതിക്കില്ല. എണ്ണൂറു വർഷം പഴക്കമുള്ള ഒറ്റക്കല്ലിൽപണി തീർത്ത ഗോമദേശ്വര ക്ഷേത്രം കാണാൻ വരുന്നവർ നിരവധിയാണ്. അങ്ങനെ ദർശനത്തിനെത്തുന്നവരെ വലയിട്ടുപിടിക്കുന്ന ഒരു മാഫിയ സംഘം തന്നെ ജനക്കൂട്ടത്തിനുള്ളിലുണ്ട്. ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ ഗ്രേറ്റ് മസാക്കറിനെക്കുറിച്ച് കേട്ടറിഞ്ഞു ഞെട്ടിവിറക്കുകയാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന ഈ അധർമ്മസ്ഥലത്ത് 1979 മുതൽക്കാണ് ഭക്തരെ കാണാതാവുന്നത്. കന്നടക്കാർ മാത്രമല്ല ദക്ഷിണേന്ത്യക്കകത്തും പുറത്തും മലയാളികളടക്കം ഏകദേശം രണ്ടായിരത്തിൽപ്പരം ആളുകളെയാണ് കാണാതായിട്ടുള്ളത്. എന്നാൽ വേദവതി കേസു മുതൽക്കാണ് കൊലപാതക കേസുകൾ ആരംഭിക്കുന്നത് തന്നെ.

അധ്യാപികയുടെ സ്ഥാനക്കയറ്റം തടഞ്ഞ മാനേജ്‍മെന്റിനെതിരെ വേദവതി ടീച്ചർ കോടതിയിൽ പോയി സ്ഥാനക്കയറ്റം വാങ്ങിയപ്പോൾ മാനേജർക്കും മറ്റും സഹിച്ചില്ല. എന്നാൽ ഒരു ദിവസം വേദവതി ടീച്ചർ നിന്ന് കത്തുകയായിരുന്നുവെന്നും ടീച്ചർ ആത്മഹത്യ ചെയ്തതാണെന്നും ഒരു വിദ്യാർത്ഥിയുടെ സാക്ഷിമൊഴി വന്നു. പിന്നീട് ആ വിദ്യാർത്ഥിയും മരിക്കുകയായിരുന്നു. പാവപ്പെട്ടവരുടെ അധ്വാനത്തിന്റെയും കർഷകരുടെ വിയർപ്പിന്റെയും മൂല്യം കൊടും ക്രിമിനലുകൾക്ക് കൊടുക്കേണ്ട അവസ്ഥ നമ്മുടെ രാജ്യത്താണെന്നോർക്കണം. ഒരു ജൈന കുടുംബത്തിന്റെ മേൽനോട്ടത്തിലാണ് ഈ ഹിന്ദു ക്ഷേത്രത്തിന്റെ നടത്തിപ്പുകൾ. വീരേന്ദ്ര ഹെഗ്‌ഡെ എന്ന ജൈനനാണ് ക്ഷേത്രത്തിന്റെ ഭരണാധികാരി. ഇവടെ അപരിചിതർ കാലുകുത്തിയാൽ ആ നിമിഷം ജെയിൻ ട്രസ്റ്റ്‌ മണത്തറിയും. ഒരു സ്വകാര്യ സ്വയം ഭരണാവകാശ സ്ഥാപനത്തിന്റെ ചാരന്മാർ കുടിൽതൊട്ട് കൊട്ടാരം വരെയാണ് നീണ്ടു കിടക്കുന്നത്.

2003 ൽ മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിനി അനന്യ ഭട്ട് സുഹൃത്തുക്കളോടൊപ്പം ധർമ്മസ്ഥലയിൽ വന്നു. പ്രകൃതിഭംഗി ആസ്വദിച്ചു നടക്കുന്നതിനിടയിൽ ഒരിടത്തിരുന്നുപോയി. തൊട്ടടുത്ത റൂമിൽ പോയി കൂട്ടുകാർ വസ്ത്രം മാറി വരുന്നത് വരെ കാത്തിരുന്ന അനന്യ ഭട്ടിനെ പിന്നീടൊരിക്കലും കൂട്ടുകാർക്ക് കാണാൻ കഴിഞ്ഞില്ല. മകൾ വീട്ടിൽ തിരിച്ചെത്താതായപ്പോൾ കൊൽക്കത്തയിലെ സിബിഐ ഓഫീസിൽ സ്റ്റെനോഗ്രാഫറായ അമ്മ സുജാത ഭട്ട് ധർമ്മസ്ഥലയിലെത്തി. സുജാത ഭട്ട് തന്റെ മകളെ തിരക്കി നടക്കുന്നത് ധർമ്മസ്ഥല മാഫിയ ശ്രദ്ധിക്കാൻ തുടങ്ങി. ശുഭ്രവസ്ത്രധാരികളായ അഞ്ചാറു പേർ വന്ന് മകളെ കാണിച്ചു തരാമെന്നു പറഞ്ഞിട്ട് ഒരു മുറിയിലേക്ക് ആ അമ്മയെ കൂട്ടിക്കൊണ്ട് പോയി. മകളെ തേടി നടക്കുന്നത് ക്ഷേത്രത്തിൽ നല്ലതല്ല എന്ന് സുജാത ഭട്ടിനെ ഉപദേശിച്ചു. അതിൽ ഒരാൾ സുജാത ഭട്ടിനെ പുറകിൽ നിന്നും തലയ്ക്കടിച്ചു. വർഷങ്ങളോളം ബോധമില്ലാതെ കോമയിലായിരുന്ന സുജാത ഭട്ട് ഇപ്പോൾ വീണ്ടും മകളുടെ ഒരു അസ്ഥിക്കഷണമെങ്കിലും ശേഷക്രിയനടത്താൻ തരണമെന്നാണ് അഭ്യർത്ഥിച്ചു നടക്കുന്നു. ഒരു ഡ്രൈവർ അവരുടെ മകളെ വഴിയിൽവച്ച് കണ്ടതായി ഒരു യുട്യൂബറോട് പറയുന്നുണ്ട്. ‘ആ കുട്ടി മലഞ്ചരിവിലേക്ക് പോകുന്നതു കണ്ടു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ വസ്ത്രമില്ലാതെ ഓടിവരുന്നതാണ് ശ്രദ്ധയിൽപെട്ടത്. ആ പെൺകുട്ടിയുടെ നഗ്ന ശരീരത്തിൽ നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു. പിന്നാലെ മൂന്നാല് ചെറുപ്പക്കാരുമുണ്ടായിരുന്നു. അവളെ വിടരുത് പിടിക്കണമെന്ന് കൊടുഗു ഭാഷയിൽ സംസാരിച്ചുകൊണ്ടാണ് ആ ചെറുപ്പക്കാർ ഓടിപ്പോയത്’ എന്ന് അയാള്‍ സാക്ഷ്യപ്പെടുത്തുന്നു.

2012 സെപ്റ്റംബർ 21 നാണ് ക്ഷേത്രത്തിലെ ആന പാപ്പാനായിരുന്ന നാരായണയും സഹോദരി യമുനയും തലക്കടിയേറ്റ് മരിച്ചസംഭവം. അതേവർഷം ഒക്ടോബർ ഒമ്പതാം തീയതിയാണ് ധർമ്മസ്ഥലയിൽ ബസിറങ്ങിയ പിയുസി വിദ്യാർത്ഥിനി സൗജന്യയെയും കാണാതാകുന്നത്. നല്ല മഴയുള്ള ദിവസം. കാണാതായിട്ട്, പിറ്റേന്ന് കുട്ടിക്കാട്ടിൽ നിന്ന് കണ്ടെത്തുമ്പോൾ സൗജന്യയുടെ കഴുത്തിൽ തിരിച്ചറിയൽ കാർഡിന്റെ ടാഗ് കുരുക്കിയിട്ടുണ്ട്. മാത്രമല്ല, മൃതദേഹം നനഞ്ഞിട്ടില്ലായിരുന്നുവെന്ന് അമ്മ കുസുമതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഉജിറെ കോളജിൽ നിന്ന് നേത്രാവതി സ്നാനഘട്ടിൽ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ക്രിമിനൽ സംഘം സൗജന്യയെ തട്ടിക്കൊടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത്. ധർമ്മസ്ഥല ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ത്തിന്റെ ഏഴാം വാർഡ് സ്ഥാനാർത്ഥിയായി മത്സരിച്ച ദേവാനന്ദിനോട് ചരിത്രവിരോധികൾ പകരം വീട്ടിയത് മകൾ പത്മലതയെ ബലാത്സംഗം ചെയ്തുകൊന്നിട്ടാണ്. ബെൽത്തങ്ങാടി താലൂക്കിലെ ആദിവാസി നേതാവും മാർക്സിസ്റ്റ് പാർട്ടിക്കാരനുമായിരുന്നു ദേവാനന്ദ്. കേസും കൂട്ടവുമായി പോകുന്നതിനിടയിൽ ദേവാനന്ദനും മകനും കൊല്ലപ്പെട്ട ചരിത്രം ഞെട്ടിപ്പിക്കുന്നതാണ്. പത്മാവതി, വേദവതിടീച്ചർ, ആന പാപ്പാൻ നാരായണ, അദ്ദേഹത്തിന്റെ സഹോദരി യമുന, സൗജന്യ, മെഡിക്കൽ വിദ്യാർത്ഥി അനന്യ ഭട്ട് എന്നിവരുടെ പേരുകൾ മാത്രമാണ് ഇന്ന് ലോകത്തിനു മുമ്പാകെ അറിയാൻ കഴിഞ്ഞിട്ടുള്ളത്. അറിയാത്ത, വെളിപ്പെടാത്ത ആയിരം പേരുകള്‍ ഇനിയുമുണ്ട്

അനന്യ ഭട്ടിന്റെ തിരോധനത്തെ കുറിച്ചുള്ള അമ്മയുടെ പരാതി പൊലീസ് കണ്ടില്ലെന്നു നടിച്ചു. പോലീസിന്റെയും മറ്റും മെല്ലെപ്പോക്ക് നയമാണ് പലതും വാലും തുമ്പുമില്ലാതെ പോകുന്നത്. പെട്ടെന്ന് അപ്രത്യക്ഷമാകുന്നതും കൊല്ലപ്പെടുന്നതുമായ കേസിൽ ചോദ്യം ചെയ്യാൻ പറ്റാത്ത ഒരിടമാണ് ധർമ്മസ്ഥല. ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ആയിരക്കണക്കിനു വരുന്ന ഹിന്ദു പെൺകുട്ടികൾക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ പ്രതികരിക്കാൻ മുന്നോട്ടുവന്നതിന്റെ ഫലമാണ് ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ. ഇതെല്ലാം സമീർ എന്ന യുട്യൂബർ വാർത്തയാക്കിയത് വിവാദമായി. ധൂദയിൽ 1.8 ലക്ഷം പേർ കണ്ട വൈറൽ വീഡിയോ സിനിമ കഥകളെ വെല്ലുന്നതാണ്. ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം ട്രസ്റ്റിലെ സന്തോഷ്‌ റാവുവാണ് യഥാർത്ഥ പ്രതിസ്ഥാനത്തു നിൽക്കുന്നത്. സൗജന്യ എന്ന പതിനേഴുകാരിയുടെ തിരോധനത്തെ തുടർന്നുള്ള ജനരോഷത്തിന് മുന്നിൽ കർണാടക പൊലീസിന് കണ്ണ് തുറക്കേണ്ട അവസ്ഥ വന്നു. ധർമ്മസ്ഥല മാഫിയയുടെ പരമ്പരകൾ സമൂഹമാധ്യമങ്ങളിൽ വന്നപ്പോഴാണ് ശുചീകരണ തൊഴിലാളി ഭീമക്ക് കൂടുതൽ ധൈര്യത്തോടെ മുന്നോട്ടു വരാൻ കഴിഞ്ഞത്. കൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകങ്ങൾ അമ്പതു ലക്ഷത്തിന്റെ കൊട്ടേഷൻ കൊടുത്തതാണെന്ന് പറയപ്പെടുന്നുണ്ട്. അതുപോലെ തന്നെ ധർമ്മസ്ഥലയിൽ ജനിച്ചു വളർന്ന മലയാളികളിൽ ഒരാളായ കെ ജെ ജോയിയുടെ ഭൂമി കൈക്കലാക്കാൻ വേണ്ടി അദ്ദേഹത്തെ വാഹന മിടിച്ചുകൊലപ്പെടുത്തിയതും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇരുപത് എക്കറോളം കാടു വെട്ടിപ്പിടിച്ചു പട്ടയമുണ്ടാക്കിയതിന് ശേഷമാണ് ധർമ്മസ്ഥല മാഫിയ തുച്ഛമായ വിലക്ക് അവരുടെ ഭൂമി കയ്യേറുന്നത്.

സ്ത്രീകളെ അടിമകളും കളിപ്പാവകളുമാക്കി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചു മൂടുന്ന നാസി ഭീകരതയെപോലും ലജ്ജിപ്പിക്കുന്ന വാർത്തകളാണ് ദിനംപ്രതി ധർമ്മസ്ഥലയിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐടി സംഘം ഇപ്പോൾ കുഴിച്ചെടുക്കുന്നതെല്ലാം മനുഷ്യരുടെ അസ്ഥിക്കൂടങ്ങളാണ്. അതിൽ ആധാർ, എടിഎം കാർഡ് തുടങ്ങിയ രേഖകളും പെടും. ഒരു വശത്തുനിന്ന് ഹിറ്റാച്ചി കൊണ്ട് മണ്ണിളക്കിയാൽ ലോഡ്കണക്കിന് അസ്ഥിക്കൂടങ്ങൾ ലഭിക്കും. അവരുടെയെല്ലാം ഡിഎൻഎ പരിശോധന നടത്തിയാൽ ആര് എവിടെ എന്ന് എപ്പോൾ എങ്ങനെ എന്നൊക്കെ എന്നതിന് ഉത്തരം ലഭിക്കും. 2010‑ൽ കല്ലേലിയിലെ ഒരു പെട്രോൾ പമ്പിനടുത്തു പന്ത്രണ്ടിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള ഒരു പെൺകുട്ടിയുടെ മൃത ശരീരത്തിൽ പാവാടയും അടിവസ്ത്രവുമുണ്ടായിരുന്നില്ല. ലൈംഗികാതിക്രമത്തിന്റെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന്റെയും പാടുകൾ ആ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു. സ്കൂൾ ബാഗിനോടൊപ്പം അവളെ കുഴിച്ചിടാൻ സൂപ്പർവൈസർ തന്നോട് ആവശ്യപ്പെട്ടപ്പോൾ ക്ഷേത്രം ശുചീകരണ തൊഴിലാളിയായിരുന്ന ഭീമ വിസമ്മതിച്ചു. അപ്പോൾ ധർമ്മസ്ഥല മാഫിയ ഭീമയെ മർദിക്കുകയായിരുന്നു. തുടര്‍ന്ന ഗുണ്ടകളെ അയാൾക്ക് അനുസരിക്കേണ്ടി വന്നു. ദക്ഷിണ കന്നഡയിൽ പ്രതിദിനം ഇരുപത്തയ്യായിരം പേർക്ക് അന്നദാനം നടക്കുമ്പോൾ പൊതുവെ വിശപ്പും വിശ്വാസവും പരസ്പരം പൂരിതമാകും. മാത്രമല്ല വിദ്യാഭ്യാസ ധനസഹായം, വിവാഹം, ആരോഗ്യ ഇൻഷുറൻസ് മുതലായ സാമൂഹ്യ സേവനങ്ങൾ നടക്കുമ്പോൾ ആർക്കും വിശ്വാസം വരും. ഹിറ്റ്ലരുടെ നാസി ക്യാമ്പുകളിൽ നടന്നിരുന്ന ക്രൂരതകളെ പോലും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള ഭീകരതയാണ് ധർമ്മസ്ഥല മാഫിയ നടത്തിയിരുന്ന കൊലപാതകങ്ങൾ. 2001ൽ ധർമ്മസ്ഥല മാഫിയയെക്കുറിച്ചെഴുതിയ മാധ്യമ പ്രവർത്തകൻ റഷീദ് ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നു.

1995 മുതൽ 2014 വരെ ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നകാലയളവിലാണ് മൃതദേഹങ്ങൾ മറവു ചെയ്യാൻ ഭീമയോട് ചിലർ ആവശ്യപ്പെടുന്നത്. ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സർക്കാർ രൂപീകരിച്ച എസ്ഐടി പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ക്ഷേത്രം മുൻ ജീവനക്കാരൻ സത്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ 26, 27 തീയതികളിൽനീണ്ട പതിനേഴു മണിക്കൂറുകളോളം ചോദ്യം ചെയ്തുകൊണ്ടാണ് ഞെട്ടിപ്പിക്കുന്ന ക്രൂരകൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പതിനൊന്നു വർഷം മനസിൽ രഹസ്യമാക്കി സൂക്ഷിച്ചിരുന്ന പാപഭാരവും ആസ്വസ്ഥതകളുമാണ് അദ്ദേഹം അവരുടെമുന്നിൽ ഇറക്കിവെച്ചത്.

ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയുടെ നേതാക്കളുമായി സംസാരിച്ച കേരളത്തിൽ നിന്നുള്ള സിപിഐ നേതാവും രാജ്യസഭ എംപി യുമായ പി സന്തോഷ് കുമാറാണ് ഇതേപ്പറ്റി ആദ്യമായി ആഭ്യന്തര മന്ത്രി അമിത്ഷാക്ക് പരാതി അയക്കുന്നത്. ഗ്രാമങ്ങൾ തോറും വിവിധ മേഖലകളിൽ ബന്ധങ്ങളുള്ള ഈ സ്ഥലത്തെ റിപ്പബ്ലിക്ക് ഓഫ് ധർമ്മസ്ഥല എന്നാണറിയപ്പെടുന്നത്. ഇന്ത്യക്കകത്ത് ഖാലിസ്ഥാൻ തുടങ്ങിയ വിഘടനവാദപ്രവർത്തനങ്ങൾ കൊണ്ടുവന്ന പോലെയാണ് ദക്ഷിണ കന്നഡയിലെ ധർമ്മസ്ഥല മാഫിയ നിലനിൽക്കുന്നതെന്നർത്ഥം. ധർമ്മസ്ഥലയിലെ കൊലപാതക പരമ്പരയെപ്പറ്റിയുള്ള അന്വേഷണ ഉദ്യോഗസ്ഥ സൗമ്യ ലത ഐപിഎസ് തന്റെ ഉദ്യമത്തിൽ നിന്ന് പിൻമാറിയെന്നൈണ് വാർത്ത. അത്യാധുനിക സംവിധാനമായ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ചാണ് ധർമ്മസ്ഥലയിലെ മണ്ണ് മന്തുന്നത്. ഭൂകമ്പം പോലെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ ഭൂമിക്കടിയിൽനിന്നുള്ളവയെ കണ്ടെത്തുന്ന സംവിധാനമാണിത്. ഹൈടെക്ക് ക്യാമറ സംഘങ്ങളുമുണ്ട് കൂടെ. അതുപോലെ തന്നെ ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള മൂന്നു പ്രധാന ഡിവൈഎസ്പിമാരും ഇരുപതിലധികം വരുന്ന പോലീസ് സംഘങ്ങളുമാണ് ഇവിടെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എല്ലാവർക്കും കടന്നു വരാനുള്ള ഒരിടമായയി ധർമ്മസ്ഥല മാറണം. ഏതൊരു ആരാധനാലയങ്ങളും അക്രമത്തിനു കൂട്ട് നിൽക്കരുത്. ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് നരാധമൻമാരെയാണ്.

‘ഉടൽ മണ്ണുക്ക് ഉയിർ തമിഴുക്ക്’ എന്ന ദ്രാവിഡ ചരിത്രവും സംസ്കാരവുമാണ് ദക്ഷിണേന്ത്യയുടേത്. അതിനെതിരെയാണ് കന്നഡയിൽ പറഞ്ഞതും കേട്ടതും കണ്ടതുമായ ക്രൂരകൃത്യങ്ങളുമെന്നതിൽ സംശയമില്ല. മഹത്തരങ്ങളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ദക്ഷിണേന്ത്യയുടെ സുവർണവും സംഘ കാലത്തെ ഐക്യ ഭരണകൂടങ്ങളുമായിരുന്ന ചേര‑ചോള- പാണ്ട്യ പെരുമാൾമാരെ തൂത്തെറിഞ്ഞവരുടെ പിന്മുറക്കാരാണ് ഇന്നത്തെ ചരിത്രവിരോധികളും നരാധമൻമാരുമെന്ന കാര്യത്തിൽ തർക്കമില്ല. ഭരണഘടനക്കെതിരെയും ധർമ്മത്തിനെതിരെയും കടന്നാക്രമിക്കുന്ന അവരെ ജനമധ്യത്തിൽ ഒറ്റപ്പെടുത്തുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.