22 December 2024, Sunday
KSFE Galaxy Chits Banner 2

ആശയക്കുഴപ്പത്തിലായ പ്രതിപക്ഷം

Janayugom Webdesk
October 8, 2024 5:00 am

നിയമസഭാ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിയതമായ വ്യവസ്ഥകളുണ്ട്. ചോദ്യോത്തരം, നിയമനിർമ്മാണം, പ്രത്യേക വിഷയങ്ങൾ ഉന്നയിക്കൽ, ശ്രദ്ധക്ഷണിക്കൽ എന്നിങ്ങനെ മുൻകൂട്ടി നിശ്ചയിക്കുന്ന നടപടിക്രമങ്ങളാണ് പ്രധാനം. മന്ത്രിമാർ ഉത്തരം നൽകേണ്ട ചോദ്യങ്ങൾ, വിഷയങ്ങൾ എന്നിവ മുൻകൂട്ടി നൽകണം. നിയമനിർമ്മാണം ഏതൊക്കെയെന്നും മുൻകൂട്ടി നിശ്ചയിക്കുന്നു. സഭയിൽ ഉത്തരം നൽകുന്ന ചോദ്യങ്ങളെ നക്ഷത്ര ചിഹ്നമിട്ടവ എന്നാണ് പരിഗണിക്കുന്നത്. അത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് നിശ്ചയിച്ച സമയത്ത് അംഗങ്ങൾക്ക് ഉപചോദ്യങ്ങൾക്കുള്ള അവസരമുണ്ട്. ഇത് നേരത്തെ നൽകിയതിന്റെ അനുബന്ധ ചോദ്യങ്ങളായിരിക്കണം. അതേസമയം ‘നടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപം (നേരത്തെ അടിയന്തര പ്രമേയം)’ അവതരിപ്പിക്കുന്നതിന് അംഗങ്ങൾക്ക് അവസരമുണ്ടാകും. ഇതിന്റെ വിഷയങ്ങൾ അതാത് ദിവസങ്ങളിൽ നിശ്ചയിക്കപ്പെടുന്നതായിരിക്കും. സാധാരണ നിലയിൽ വിഷയം എഴുതി നൽകുന്നതനുസരിച്ച് ബന്ധപ്പെട്ട മന്ത്രിമാർ അതിന് മറുപടി നൽകുകയും സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട പ്രാധാന്യമില്ലെന്ന് അറിയിക്കുകയും ചെയ്യുകയാണുണ്ടാവുക. തുടർന്ന് ചർച്ചയില്ലാത്ത നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സംസാരിച്ച് ഇറങ്ങിപ്പോകുകയും ചെയ്യും. ഇതിന് വിപരീതമായി സഭയുടെ സമ്മേളനങ്ങളിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്ത സന്ദർഭങ്ങളുമുണ്ട്. 

എന്നാൽ ഇന്നലെ ഉന്നയിച്ച വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് സമ്മതിച്ചിട്ടും ബഹളം സൃഷ്ടിച്ച് നടപടികൾ തടസപ്പെടുത്തുന്ന അസാധാരണ സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. യഥാർത്ഥത്തിൽ ഒളിച്ചോടുന്ന സമീപനമായി അത്. സഭാനടപടികൾ ആരംഭിച്ച് ചോദ്യോത്തരത്തിലേക്ക് കടന്നയുടൻതന്നെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും കാരണമുണ്ടാക്കി ഇറങ്ങിപ്പോകുന്നതിനും തയ്യാറായി. ചോദ്യോത്തരവേളയിൽ സംസാരിക്കാനെഴുന്നേറ്റ പ്രതിപക്ഷ നേതാവിന് ഒന്നിലധികം തവണ അവസരം നൽകുകയും ഇതിന് മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തു. ഇതിനിടെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സ്പീക്കറെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായി. ഇതേച്ചൊല്ലിയുള്ള തർക്കത്തിന്റെ മറവിൽ ബഹളമുണ്ടാക്കിയാണ് പ്രതിപക്ഷം ആദ്യം ഇറങ്ങിപ്പോയത്. ഇതും അസാധാരണ നടപടിയായിരുന്നു. പിന്നീട് ചോദ്യം ഉന്നയിക്കാതെ പ്രതിപക്ഷം സഭയോട് നിസഹകരിക്കുകയും ചെയ്തു. ഇതിൽ നിന്നുതന്നെ സഭ നടത്താനനുവദിക്കില്ലെന്ന് തീരുമാനിച്ചാണ് പ്രതിപക്ഷമെത്തിയത് എന്ന് വ്യക്തമാകുന്നു. ചോദ്യോത്തരത്തിന് ശേഷം പതിവ് പോലെ സണ്ണി ജോസഫ് നോട്ടീസ് നൽകിയ സഭാ നടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപം സ്പീക്കർ പരിഗണിക്കുകയും ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുമായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയെ അപമാനിച്ചെന്ന വിഷയമായിരുന്നു ഉന്നയിച്ചത്. 12 മണിക്ക് ചർച്ച ചെയ്യാമെന്ന് നിശ്ചയിക്കുകയും ചെയ്തു. ഇതോടെ വെ­ട്ടി­­ലായ പ്രതിപക്ഷം സബ്മിഷൻ, ശ്രദ്ധക്ഷണിക്കൽ എന്നിങ്ങനെ നടപടികളിലേക്ക് കടക്കാനനുവദിക്കാതെ ബഹളം ഉണ്ടാക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യമന്ത്രിയും പ്രതിപക്ഷനേതാവിനെതിരെ അധിക്ഷേപകരമായ പരാ‍മർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു രണ്ടാമത്തെ ബഹളം ആരംഭിച്ചത്. 

ബഹളം തുടരുകയും സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തുകയും ഡയസിലേക്ക് ചില അംഗങ്ങൾ കയറുകയും ചെയ്തതോടെ സഭാനടപടികൾ മുന്നോട്ടുകൊണ്ടുപോകാനാകാതെ സമ്മേളനം അവസാനിപ്പിക്കേണ്ടിവരികയായിരുന്നു. ഉയർത്തിയ ബാനറിലെ വാചകങ്ങൾ തന്നെ ഇന്നലത്തെ നടപടികൾ സുഗമമായി കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ചാണ് പ്രതിപക്ഷമെത്തിയതെന്നതിന്റെ തെളിവാണ്. അടിയന്തര പ്രമേയം ചർച്ചയ്ക്കെടുക്കാതിരുന്നാൽ ഉയർത്തേണ്ട മുദ്രാവാക്യമായിരുന്നു ബാനറിലുണ്ടായിരുന്നത്. ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചതോടെ ഇളിഭ്യരായ പ്രതിപക്ഷം അതേ ബാനർ ഉയർത്തിയാണ് സഭാകവാടം വരെ പ്രകടനം നടത്തിയത് എന്നതും കൗതുകമായി. ഉപക്ഷേപം ചർച്ച ചെയ്യാൻ തയ്യാറായാൽ ഭരണ‑പ്രതിപക്ഷ അംഗങ്ങൾക്ക് സംസാരിക്കാൻ അവസരമുണ്ടാകും. അങ്ങനെയൊരു ചർച്ച നടന്നാൽ തങ്ങളുടെ കാപട്യവും കുപ്രചരണങ്ങളും പൊളിഞ്ഞുവീഴുമെന്ന് ബോധ്യമായ പ്രതിപക്ഷം ചർച്ച ഇല്ലാതാക്കുന്നതിനുള്ള വഴിയാലോചിച്ചാണ് സഭ തടസപ്പെടുത്തിയതെന്ന് വ്യക്തമാണ്. അല്ലെങ്കിൽ ചർച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. പ്രചരിപ്പിക്കപ്പെടുന്നതുപോലെ ആരെങ്കിലും മലപ്പുറത്തെ അപമാനിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് തുറന്നുകാട്ടുന്നതിനുള്ള അവസരമാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. എന്നാൽ ചർച്ചയെ അവർ യഥാർത്ഥത്തിൽ ഭയപ്പെടുന്നുവെന്നാണ് ഇന്നലത്തെ നിലപാട് തെളിയിക്കുന്നത്. എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് ഞായറാഴ്ച രാത്രി മാറ്റിയതോടെ പ്രസ്തുത വിഷയം ആയുധമാക്കാമെന്ന പ്രതിപക്ഷമോഹം പൊലിഞ്ഞു. അപ്പോഴാണ് ആരുടെയോ ബുദ്ധിയിൽ മലപ്പുറം വിഷയം തെളിഞ്ഞത്. പക്ഷേ അത് ചർച്ച ചെയ്താൽ ചില പ്രതിപക്ഷ നേതാക്കൾ പോലും തുറന്നുകാട്ടപ്പെടുമെന്ന് ഭയന്നാണ് ചർച്ച തടസപ്പെടുത്തിയ നടപടിയുണ്ടായത്. ഇത് യഥാർത്ഥത്തിൽ ജനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ആശയക്കുഴപ്പത്തിലായ പ്രതിപക്ഷത്തെയാണ് ഇതിലൂടെ കേരളം കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.