22 January 2026, Thursday

ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്ത പാർലമെന്റ് ചർച്ച

Janayugom Webdesk
July 30, 2025 5:00 am

കഴിഞ്ഞ ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ച കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളിലെ പൊള്ളത്തരങ്ങൾ ഒരിക്കൽകൂടി തുറന്നുകാട്ടുന്നതായി. പ്രതിപക്ഷമോ രാജ്യത്തെ ചിന്തിക്കുന്ന ജനസമൂഹമോ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ വലിയ വായിലുള്ള അവകാശവാദങ്ങൾ ആവർത്തിക്കുക മാത്രമായിരുന്നു ഭരണപക്ഷം ചെയ്തത്. മാത്രവുമല്ല ദുരൂഹതകൾ പലതും അവശേഷിക്കുകയുമാണ്. ടൈമിങ് കറക്ടായി എന്ന് സാധാരണ പറയാറുണ്ട്. അതുപോലെയാണ് ചർച്ച ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ഭീകരരെ വധിച്ചുവെന്ന വാർത്ത പുറത്തുവിട്ടത്. അതിന്റെ മുഖ്യ സൂത്രധാരനടക്കം വധിക്കപ്പെട്ടുവെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷായും സഭയില്‍ അറിയിച്ചത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഉയർന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നായിരുന്നു ഭീകരരെ കണ്ടെത്താനാകാത്തത് . ലോക്‌സഭയിലെ ചർച്ച നടക്കുന്നതിന് തൊട്ടുമുമ്പ് അവരെ പിടികൂടാനായി എന്ന പ്രഖ്യാപനം വരുത്തിയത് മുഖം രക്ഷിക്കാനാണെന്ന സംശയം പല കോണുകളിൽ നിന്നും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. 

ഇതുവരെ അവരെ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നുവോ എന്ന ചോദ്യം അതിന് പിന്നാലെ ഉയരുകയും ഉണ്ടായിട്ടുണ്ട്. ഉയർന്ന മറ്റൊരു പ്രധാന സംശയമായിരുന്നു ഗുരുതരമായ സുരക്ഷാവീഴ്ച. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് മാരകായുധങ്ങളുമായി പഹൽഗാമിലെത്താനും കുറേ ദിവസങ്ങൾ തങ്ങി, മതിയായ എല്ലാവിധ ആസൂത്രണങ്ങളും നടത്തിയശേഷം കൃത്യം നിർവഹിക്കുവാനും സാധിച്ചത് ഇന്റലിജൻസിന്റെയും സുരക്ഷാ സംവിധാനങ്ങളുടെയും ഗുരുതര പരാജയത്തിന്റെ തെളിവാണെന്ന് ബോധ്യപ്പെടാൻ അധികം ബുദ്ധിയുടെ ആവശ്യമില്ല, മാത്രവുമല്ല, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിങ് തന്നെ സുരക്ഷാവീഴ്ച സമ്മതിച്ചിരുന്നതാണ്. അതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നതാണ്. എന്നാൽ അക്കാര്യത്തെ കുറിച്ച് എന്തെങ്കിലും വിശദീകരണം നൽകുന്നതിനോ സംശയങ്ങൾ ദൂരീകരിക്കുന്നതിനോ ഭരണഭാഗത്തുനിന്ന് സംസാരിച്ച പ്രധാനമന്ത്രി മോഡി ഉൾപ്പെടെ പ്രമുഖർക്ക് സാധിച്ചില്ല. 

സർക്കാരിന്റെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തിൽ ഏകപക്ഷീയ നടപടികളാണ് ഉണ്ടായതെങ്കിലും രാജ്യം ഒറ്റക്കെട്ടായി അവർക്കൊപ്പം നിന്നതാണ്. സർക്കാർ നൽകുന്ന വിവരങ്ങളും സ്വീകരിക്കുന്ന നടപടികളും അംഗീകരിക്കുകയും നിലപാടുകളെ പിന്തുണയ്ക്കുകയും ചെയ്താണ് എല്ലാ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ പ്രസ്ഥാനങ്ങളും ജനങ്ങളാകെയും രാജ്യത്തിനുവേണ്ടി സർക്കാരിനൊപ്പം നിലയുറപ്പിച്ചത്. അതിന്റെ തുടർച്ചയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ ശക്തമായ തിരിച്ചടികളെയും പിന്തുണച്ചു. എന്നാൽ പ്രസ്തുത നടപടികളെയും തങ്ങളുടെ രാഷ്ട്രീയ, വർഗീയ താല്പര്യങ്ങൾക്ക് അനുസൃതമായി ദുരുപയോഗം ചെയ്യുന്നതിന് ശ്രമിക്കുകയാണ് അവർ ചെയ്തത്. എന്നുമാത്രമല്ല എന്തെങ്കിലും സൂചനകൾ പോലും നൽകാതെ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ലോകരാജ്യങ്ങൾക്ക് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ മങ്ങുന്നതിനിടയാക്കിയെന്നത് വസ്തുതയാണ്. അതുകൊണ്ടാണ് തങ്ങൾ നടത്തിയ തിരിച്ചടികളെയും പാകിസ്ഥാൻ ഭീകരതയ്ക്ക് നൽകുന്ന സഹായങ്ങളും വിശദീകരിക്കുന്നതിന് ഉന്നതതല സംഘത്തെ നിയോഗിക്കേണ്ടിവന്നത്. വെടിനിർത്തലിലേക്ക് നയിച്ചത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദമായിരുന്നുവെന്ന അദ്ദേഹത്തിന്റെ തന്നെ അവകാശവാദം സംബന്ധിച്ച സംശയം ദൂരീകരിക്കുന്നതിനും ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ പറഞ്ഞ കാര്യങ്ങൾ സഭയില്‍ അതേപടി ആവർത്തിക്കുകയാണ് എല്ലാവരും ചെയ്തത്. 

ഇതേകാര്യങ്ങൾ ഓരോ തവണ ആവർത്തിക്കുമ്പോഴും ട്രംപ് തന്റെ നിലപാട് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. അക്കാര്യത്തിൽ കർശനമായി എന്തെങ്കിലും പറയാനും ട്രംപിനെ ചോദ്യ ചെയ്യാനും സാധിക്കുന്നില്ലെന്നത് കേന്ദ്രസർക്കാരിന്റെ പരാജയമാണെന്ന് വ്യക്തമാക്കിയതാണ് ലോക്‌സഭയിലെ ചർച്ച. പ്രധാനമന്ത്രി പതിവുപോലെ വാചാടോപത്തിൽ വിലസുകയായിരുന്നു. ട്രംപിന്റെ അവകാശവാദത്തെ ശക്തവും നിശിതവുമായി തള്ളാൻ മോഡി തയ്യാറായില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്ന് രാജ്യം നടത്തിയ തിരിച്ചടിയുടെയും വേളകളിൽ എത്ര ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചുവെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായില്ല. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് നാശങ്ങളുണ്ടായോ എന്ന ചോദ്യവും അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുകയായിരുന്നു. ഇത്രയും ഗുരുതരമായ ആക്രമണമുണ്ടായിട്ടും പ്രധാനമന്ത്രി മോഡി അവിടെ ചെല്ലാതിരുന്നത് വിമർശിക്കപ്പെട്ടുവെങ്കിലും മൗനമായിരുന്നു. ഫലത്തിൽ അതിന്റേതായ ഗൗരവത്തോടെയല്ല കേന്ദ്രസർക്കാർ പഹൽഗാം വിഷയത്തെ സമീപിച്ചതെന്ന് തുറന്നുകാട്ടപ്പെട്ടുകയായിരുന്നു ജനാധിപത്യത്തിന്റെ ഉന്നത വേദിയിൽ നടന്ന ചർച്ചയിലൂടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.