22 December 2024, Sunday
KSFE Galaxy Chits Banner 2

അഫ്ഗാന്റെ അയല്‍ബന്ധ സൂചനകള്‍ അവഗണിക്കപ്പെട്ടുകൂട

Janayugom Webdesk
August 31, 2021 4:00 am

താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതോടെ അവിടെനിന്നും വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥജനകം ആയിരിക്കെതന്നെ, ഇന്ത്യയടക്കം അയല്‍രാജ്യങ്ങളുമായും ലോകരാഷ്ട്രങ്ങളുമായും ഭാവിയില്‍ ഉണ്ടാവേണ്ട ബന്ധത്തെപ്പറ്റി ഉന്നത താലിബാന്‍ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ അവഗണിക്കാവുന്നതല്ല. താലിബാന്റെ ഉപരാഷ്ട്രീയ മേധാവി ഷേര്‍ മൊഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് ഒരു ഇന്ത്യന്‍ വാര്‍ത്താ ചാനലിന് ദോഹയില്‍ നല്കിയ അഭിമുഖത്തില്‍ ഇന്ത്യയുമായി ഏതുതരത്തിലുള്ള അയല്‍ബന്ധമാണ് അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുകയുണ്ടായി. നല്ല അയല്‍ബന്ധം നിലനിര്‍ത്തുന്നതോടൊപ്പം അഫ്ഗാനിസ്ഥാന്റെ വികസന പ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ തുടര്‍ഇടപെടല്‍ ആഗ്രഹിക്കുന്നതായി സ്റ്റാനിക്‌സായ് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ തുടക്കംകുറിച്ച വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയെ ക്ഷണിച്ച സ്റ്റാനിക്‌സായ് ഇതുവരെ പൂര്‍ത്തീകരിച്ച വികസന പദ്ധതികള്‍ ആ രാജ്യത്തിന്റെ ദേശീയ ആസ്തികളാണെന്നും അവ സംരക്ഷിക്കപ്പെടുമെന്നും സൂചിപ്പിച്ചു. ഇന്ത്യയുമായി വായൂബന്ധം ഉള്‍പ്പെടെ വ്യാപാരബന്ധം തുടര്‍ന്നു നിലനിര്‍ത്താനുള്ള താല്പര്യവും സ്റ്റാനിക്‌സായ് പ്രകടിപ്പിച്ചു. സ്റ്റാനിക്‌സായ് ശനിയാഴ്ച നടത്തിയ ഒരു റേഡിയോ പ്രഭാഷണത്തിലും ഇന്ത്യയെ മേഖലയിലെ പ്രധാനപ്പെട്ട രാഷ്ട്രം എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ വിരമിച്ച നയതന്ത്ര പ്രതിനിധികള്‍ പലരും അധികാരം കയ്യാളുന്ന താലിബാനുമായി നയതന്ത്രബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.

യുഎസിന്റെ ആഗോളതന്ത്രങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ നയതന്ത്രം രാജ്യതാല്പര്യങ്ങള്‍ക്ക് തെല്ലും സഹായകമല്ലെന്ന അഭിപ്രായം രാഷ്ട്രീയ, നയതന്ത്രവൃത്തങ്ങളില്‍ ശക്തമാണ്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള രാഷ്ട്രീയ, വ്യാപാര, സാംസ്കാരിക ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. അത് ഒരിക്കലും തീര്‍ത്തും സമാധാനപരമോ ആശയപരമോ ആയിരുന്നിട്ടുമില്ല. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് വേണം പുതിയ സാഹചര്യത്തില്‍ ഇന്ത്യ‑അഫ്ഗാന്‍ ബന്ധങ്ങള്‍ കരുപ്പിടിപ്പിക്കാന്‍.

മധ്യ, പശ്ചിമ ഏഷ്യകളുടെ നാല്‍ക്കവല എന്നു വിശേഷിപ്പിക്കാവുന്ന അഫ്ഗാനിസ്ഥാ­ന്‍ ചരിത്രത്തിലുടനീളം ഈ മേഖലയിലെ ഭൂരാഷ്ട്രതന്ത്രത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചുപോന്നിട്ടുള്ളത്. മുഹമ്മദ് ഗസ്നിയും അലക്സാണ്ട­ര്‍ ചക്രവര്‍ത്തിയും അ­ഫ്ഗാനിലൂടെയാണ് ഇ­ന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് തങ്ങളുടെ പടയോട്ടം നടത്തിയതെങ്കില്‍ അഫ്ഗാനെ കീഴടക്കാന്‍ മൗര്യന്മാര്‍ നടത്തിയ ശ്രമങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. താലിബാന്‍ പിന്തുടരുന്ന തീവ്ര യാഥാസ്ഥിതിക നിലപാടുകളെ അംഗീകരിക്കാന്‍ ഒരു പരിഷ്കൃത രാഷ്ട്രത്തിനും കഴിയില്ലെങ്കില്‍ത്തന്നെയും രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മ്യാന്‍മറിലെ ഔങ്ങ് സാന്‍ സൂചിയെയും അവരുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസിയുടെ നേതൃത്വത്തെ മുഴുവനും തടവിലാക്കിയ പട്ടാളഭരണകൂടത്തെ അംഗീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായത് രാജ്യതാല്പര്യത്തെ മുന്‍നിര്‍ത്തിയാണ്. മെയ് മാസം 11 വരെയുള്ള കണക്കുകള്‍ അനുസരിച്ച് പട്ടാളഭരണകൂടം 783 പ്രതിഷേധക്കാരെയാണ് നിഷ്കരുണം വെടിവച്ചുകൊന്നത്.

നാലായിരത്തോളം പേര്‍ അവിടെ തുറുങ്കിലാക്കപ്പെട്ടിരിക്കുന്നു. റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്ക് എതിരെ മ്യാന്‍മര്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ മനുഷ്യചരിത്രത്തിലെ ഇരുണ്ട ഏടുകളില്‍ ഒന്നാണ്. എന്നിട്ടും ആ രാജ്യവുമായി ബന്ധം വിച്ഛേദിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. നിലവില്‍ ലോകത്തെ ഏറ്റവും ഭീകരമായ വംശവെറിയന്‍ ഭരണകൂടമാണ് ഇസ്രയേല്‍. പലസ്തീനികള്‍ക്കും അറബ് ജനതക്കും എതിരെ അവര്‍ നടത്തുന്ന ഭരണകൂട ഭീകരത ഒന്നുമതി ഇസ്രയേല്‍ ഭരണകൂടത്തെ അസ്‌പര്‍ശ്യരാക്കാന്‍. എന്നിട്ടും ദേശീയ സമവായത്തിനുപോലും കാത്തുനില്‍ക്കാതെ അവരുമായി ഊഷ്മളബന്ധം സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ പ്രായോഗികതയുടെയും പരസ്പര പ്രയോജനത്തിന്റെയും അടിസ്ഥാനത്തിലാണ് ന്യായീകരിക്കപ്പെടുന്നത്. താലിബാനെയും അവരുടെ തീവ്ര യാഥാസ്ഥിതിക രാഷ്ട്രീയ നിലപാടുകളെയും എതിര്‍ക്കുമ്പോള്‍ത്തന്നെ അയല്‍പക്കത്ത് സ്ഥിരമായി ഒരു ശത്രുവിനെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് നയതന്ത്ര പരാജയമായി ചരിത്രം വിലയിരുത്തും.

ഏതാണ്ട് മൂവായിരം കോടി രൂപയുടെ വികസന, സാമൂഹ്യ പുരോഗമന പദ്ധതികളിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. അവ പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാതെ ആ നിക്ഷേപം പാഴാവും. അഫ്ഗാനിസ്ഥാനില്‍ പുതിയ ഭരണസംവിധാനം നിലവില്‍ വരുന്നതോടെ ആ രാജ്യവും പുതിയ ഭരണകൂടവുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും തുടങ്ങിവച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുമുള്ള സാധ്യതകള്‍ ഇന്ത്യ ആരായണം. വിദൂരത്തിലുള്ള മിത്രത്തേക്കാളും അയല്‍പക്കത്തുള്ള ശത്രുവാണ് രാഷ്ട്രസുരക്ഷക്കും സമാധാനപൂര്‍ണമായ വളര്‍ച്ചക്കും സഹായകമാവുക എന്ന നയതന്ത്ര തത്വം അവഗണിക്കപ്പെട്ടുകൂട.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.