24 April 2025, Thursday
KSFE Galaxy Chits Banner 2

ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന ദിശാസൂചനകള്‍

Janayugom Webdesk
November 4, 2021 4:53 am

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മൂന്ന്‌ ലോക്‌സഭാ മണ്ഡലത്തിലും 14 സംസ്ഥാനങ്ങളിലായി 29 നിയമസഭാ സീറ്റുകളിലേയ്ക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒറ്റനോട്ടത്തില്‍ ബിജെപിക്ക് വന്‍തിരിച്ചടി ലഭിച്ചതാണ് വിധിയെഴുത്തെന്ന് കാണാവുന്നതാണ്. അതേസമയംതന്നെ മതേതര — ജനാധിപത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഗൗരവത്തോടെയും ഉത്തരവാദിത്തബോധത്തോടെയും സമീപിക്കണമെന്ന ഓര്‍മ്മപ്പെടുത്തലും വിധിയെഴുത്തില്‍ നിന്ന് വായിച്ചെടുക്കണം.

നിലവിലുള്ള മണ്ഡലങ്ങള്‍ കയ്യില്‍ നിന്ന് നഷ്ടമായ ബിജെപിയുടെയും നേതാക്കളുടെയും സ്വന്തം തട്ടകങ്ങളില്‍ ഏറ്റ തിരിച്ചടി താങ്ങാവുന്നതിലപ്പുറമാണ്. അടുത്തവര്‍ഷം ഡിസംബറില്‍ നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. ബിജെപിയാകട്ടെ ഭരണകക്ഷിയുമാണ്. ഇവിടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍തെരഞ്ഞെടുക്കപ്പെട്ട മണ്ഡി ലോക്‌സഭാ മണ്ഡലമാണ് പ്രതിഭാ സിങ്ങിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഒമ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചതെങ്കിലും വോട്ടുശതമാനത്തില്‍ ബിജെപി ഇവിടെ കൂപ്പുകുത്തി. 2019ല്‍ 68.75 ശതമാനമായിരുന്നത് ഇത്തവണ 48 ശതമാനമായി. കോണ്‍ഗ്രസിന്റേത് 25.68ല്‍ നിന്ന് 49.23 ശതമാനമാവുകയും ചെയ്തു. ഹിമാചലില്‍തന്നെ മൂന്ന് നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസാണ് ജയിച്ചത്. 2017ല്‍ ബിജെപി ജയിച്ച ജുബര്‍ കോട്കൈ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ബിജെപി 1,062 വോട്ടിന് കഴിഞ്ഞ തവണ ജയിച്ച ഇവിടെ അവര്‍ മൂന്നാം സ്ഥാനത്താണ്. സ്വതന്ത്രനായി മത്സരിച്ച ബിജെപി വിമതനെ6293 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ രോഹിത് താക്കൂര്‍ പരാജയപ്പെടുത്തിയത്. സിറ്റിങ് സീറ്റായിരുന്ന ഇവിടെ ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടമായി. ഫത്തേപ്പൂരില്‍ ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോ­ണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 1284 വോട്ട് മാത്രമായിരുന്നു. പ്രമുഖ നേതാവായിരുന്ന വീര്‍ഭദ്രസിങ്ങിന്റെ നിര്യാണത്തെതുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന അര്‍ക്കിയും കോണ്‍ഗ്രസ് നിലനിര്‍ത്തി.


ഇതും കൂടി വായിക്കാം: ഉപതെരഞ്ഞെടുപ്പ്; ഹിമാചല്‍പ്രദേശിലും, ബംഗാളിലും തകര്‍ന്നടിഞ്ഞ് ബിജെപി


തിരിച്ചുവരുമെന്ന് പ്ര­ഖ്യാപിച്ച പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. സിറ്റിങ് സീറ്റ് നഷ്ടമായബംഗാളില്‍ വോട്ട് വല്ലാതെ ഇടിഞ്ഞു. മഹാരാഷ്ട്രയിലും നേട്ടമുണ്ടാക്കുവാന്‍സാധിച്ചില്ല. ദാദ്ര — നാഗര്‍ ഹവേലി ലോക്‌സഭാ മണ്ഡലത്തില്‍ ശിവസേന സ്ഥാനാര്‍ത്ഥി 51,000ത്തിലധികം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. ഇവിടെതനിച്ച് പരീക്ഷണത്തിനിറങ്ങിയ കോണ്‍ഗ്രസിന് പതിനായിരം വോട്ടുപോലും തികച്ചുലഭിച്ചില്ല. മധ്യപ്രദേശിലെ ഖണ്ഡ്‌വ ലോക്‌സഭാ മണ്ഡലം ബിജെപി നിലനിര്‍ത്തി. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളില്‍ ബിജെപി മൂന്നും നാലും സ്ഥാനങ്ങളിലാണ്. ദരിയാവാഡില്‍ സ്വതന്ത്രന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തായി. 2018ലെ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി കാല്‍ ലക്ഷത്തോളം വോട്ടിന് ജയിച്ച മണ്ഡലമായിരുന്നു ഇത്. ഇവിടെയാണ് ഇരുപതിനായിരത്തോളം വോട്ടിന് കോണ്‍ഗ്രസ് ജയിക്കുന്നത്. 2018ല്‍ വല്ലഭ് നഗറില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിയാണ് ഇത്തവണ നാലാം സ്ഥാനത്തേയ്ക്ക് പതിച്ചത്. ഹരിയാനയില്‍ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്ഥാനമൊഴിഞ്ഞ ഐഎന്‍എല്‍ഡിയിലെ അഭയ്സിങ് വീണ്ടും ജയിച്ചുകയറിയെന്നത് ബിജെപിക്കുതന്നെയാണ് തിരിച്ചടിയാവുന്നത്. മഹാരാഷ്ട്രയിൽ ദെഗ്ലൂരിൽ മഹാസഖ്യം സ്ഥാനാർത്ഥിയാണ് ജയിച്ചത്.

അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായതെങ്കിലും രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റങ്ങളും ജനജീവിതം ദുസഹമാക്കുന്ന കേന്ദ്ര നയങ്ങളോടുള്ള പ്രതിഷേധങ്ങളും വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. അതേസമയം ബിഹാറിലെ രണ്ട് മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നതാകുന്നത് കാലത്തിന്റെ ചുവരെഴുത്ത് വായിക്കുവാന്‍ ജനാധിപത്യ പാര്‍ട്ടികള്‍ സന്നദ്ധമായില്ല എന്നതുകൊണ്ടാണ്. ഇവിടെ രണ്ടിടങ്ങളിലും ആര്‍ജെഡിയും കോണ്‍ഗ്രസും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് മത്സരിച്ചത്. താരാപ്പൂരിലും കുശേശ്വര്‍ അസ്ഥാനിലും. ഇതില്‍ 2020ലേതുപോലെ മഹാസഖ്യമായി ഒരുമിച്ച് നിന്നിരുന്നുവെങ്കില്‍ താരാപ്പൂരിലെ വിധിയെഴുത്ത് മറ്റൊന്നാകുമായിരുന്നു. നേരിയ വോട്ടിനാണ് ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി തോറ്റത്. കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകൂട്ടിയാല്‍ ജയിക്കുവാനുള്ളതില്ലെങ്കിലും ഒരുമിച്ച് നിന്നിരുന്നുവെങ്കില്‍ ചിത്രം മാറുമായിരുന്നു.

ബിജെപിയുടെ പരാജയത്തില്‍ ആഹ്ലാദിക്കുന്നതിനൊപ്പം മതേതര — പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തേണ്ട ജാഗ്രതയും ഈ തെരഞ്ഞെടുപ്പ് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുന്നതിനുള്ള വിശാലമായ വേദി യാഥാര്‍ത്ഥ്യമാക്കുന്നതിനായി വിട്ടുവീഴ്ചയോടെയുള്ള സമീപനങ്ങള്‍ ആവശ്യമാണെന്നും ഈ തെരഞ്ഞെടുപ്പ് വിധിയെഴുത്ത് മുന്നോട്ടുവയ്ക്കുന്നുണ്ട്.

ENGLISH SUMMARY: janayu­gom edi­to­r­i­al about bi elections

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.