22 December 2024, Sunday
KSFE Galaxy Chits Banner 2

ഗ്ലാസ്ഗോ: പ്രതീക്ഷിക്കുന്നത് പ്രായോഗിക നടപടികള്‍

Janayugom Webdesk
November 3, 2021 5:00 am

ഭൂമിയുടെ നിലനില്പ് സംബന്ധിച്ച് സുപ്രധാനമായ കാലാവസ്ഥാ ഉച്ചകോടിയാണ് സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടന്നുകൊണ്ടിരിക്കുന്നത്. നവംബര്‍ 12 വരെ നീണ്ടുനില്ക്കുന്ന ഉച്ചകോടിയില്‍ 200 രാജ്യങ്ങളില്‍ നിന്നായി 25,000 ത്തോളം പേര്‍ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലായി നടന്ന രാഷ്ട്രനേതാക്കളുടെ സമ്മേളനത്തില്‍ 120രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. ഉച്ചകോടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ നടത്തിയ പരാമര്‍ശങ്ങള്‍ അതിന്റെ ആകെ പ്രതിഫലനമായി കാണാവുന്നതാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അത് മാനവരാശിയെ അവസാനിപ്പിക്കുമെന്ന അര്‍ത്ഥവത്തായ പരാമര്‍ശം അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായി. ഭൂമിയുടെ നാശത്തിനായി നിലനില്ക്കുന്ന ഒന്നായാണ് കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് മനുഷ്യര്‍ നടത്തിയ അനിയന്ത്രിതമായ പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന്റെ കൂടി ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങള്‍ ഏറ്റക്കുറച്ചിലുകളോടെയെങ്കിലും എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലോകരാഷ്ട്രങ്ങളെല്ലാം ഈ വിഷയത്തില്‍ ഉല്‍ക്കണ്ഠാകുലരുമാണ്. അക്കാരണത്താല്‍ പ്രതീക്ഷാനിര്‍ഭരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിശ്ചയിച്ചതില്‍ ഒരുവര്‍ഷം വൈകിയാണ് ഈ ഉച്ചകോടി നടത്തുന്നത്.

2020ല്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടിയാണ് കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മാറ്റിവച്ചത്. കോവിഡ് എന്ന മഹാമാരി തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ചൂഷണത്തിന്റെയും പരിസര മലിനീകരണത്തിന്റെയും ഫലമാണെന്ന നിഗമനവും നിലനില്ക്കുന്നുണ്ട്. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം ഇപ്പോഴത്തെ നിലയിലെങ്കിലും പിടിച്ചുനിര്‍ത്തുവാനും അതിന് ഉതകുന്ന വിധത്തില്‍ ആഗോള താപനവും പരിസരമലിനീകരണവും പരിസ്ഥിതി വിനാശവും കുറയ്ക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചാണ് ലോകനേതാക്കള്‍ ഊന്നിയത്. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ജി20 രാജ്യനേതാക്കളുടെ സമ്മേളനത്തിലും ആഗോളതാപനം സംബന്ധിച്ച തീരുമാനമാണുണ്ടായതും. നിലവിലെ രണ്ട് ഡിഗ്രി ഫാരന്‍ഹീറ്റില്‍ നിന്ന് ആഗോള താപനം 1.5 ഡിഗ്രിയായി കുറയ്ക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതിജ്ഞാബദ്ധതയായിരുന്നു ജി20 രാഷ്ട്രത്തലവന്മാര്‍ പ്രഖ്യാപിച്ചത്. ലോകത്താകെയുള്ളതിന്റെ ഹരിതഗൃഹ വാതക നിര്‍ഗമനത്തിന്റെ 80 ശതമാനവും പുറന്തള്ളുന്നത് ജി20 രാജ്യങ്ങളാണെന്നതിനാല്‍ തന്നെ ആ പ്രഖ്യാപനത്തിന് പ്രാധാന്യമുണ്ട്. ആഗോള കാലാവസ്ഥാ ഉച്ചകോടിയിലും ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതും.

 


ഇതുംകൂടി വായിക്കാം;കാലാവസ്ഥാ വ്യതിയാന നയങ്ങള്‍ പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: മോഡി


 

പക്ഷേ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ അവസാനിക്കുന്നുവെന്നതും പ്രസ്തുത തീരുമാനങ്ങള്‍ പ്രായോഗികതലത്തില്‍ വരുന്നില്ലെന്നതുമാണ് യഥാര്‍ത്ഥ പ്രശ്നം. കാലാവസ്ഥയും പരിസ്ഥിതിയുമായിബന്ധപ്പെട്ട ആഗോള ഉച്ചകോടികള്‍ കാലാകാലങ്ങളില്‍ നടക്കാറുണ്ടെങ്കിലും 2015ല്‍ നടന്ന പാരിസ് ഉച്ചകോടിയാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നാഴികക്കല്ലായി കരുതപ്പെടുന്നത്. 196 രാജ്യങ്ങള്‍ അംഗീകരിച്ച ഈ ഉച്ചകോടിയിലെ സുപ്രധാനമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ആഗോള താപന വര്‍ധനവിന്റെ പരിധി നിശ്ചയിച്ചു എന്നത്. 1.5 ഡിഗ്രിയായാണ് പരിധി നിശ്ചയിച്ചത്. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഉച്ചകോടി ചേരുമ്പോഴും അതേ തീരുമാനം ആവര്‍ത്തിക്കുകയാണ് രാഷ്ട്രനേതാക്കള്‍. കൂടാതെ കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് പ്രതിവര്‍ഷം നല്‍കി വരുന്ന 100 ബില്യണ്‍ സമാഹരിച്ച് നല്കുണമെന്ന തീരുമാനം നടപ്പിലാക്കണമെന്ന ആവശ്യമാണ് ഇപ്പോഴും ഉയരുന്നത്.

ഗ്ലാസ്ഗോ ഉച്ചകോടിക്ക് മുന്നോടിയായി ലോകത്തെ പല രാജ്യങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ആഗോളതലത്തില്‍ നല്കപ്പെടുന്ന വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ തങ്ങളുടെ രാജ്യങ്ങളിലെ ഭരണാധികാരികളോട് ആവശ്യപ്പെട്ടാണ് പ്രസ്തുത പ്രക്ഷോഭങ്ങള്‍. അതുതന്നെയാണ് പ്രശ്നം. വനവല്ക്കരണവും ഹരിതഗൃഹവാതക നിര്‍ഗമനം ഒഴിവാക്കലും മുഖ്യമാണെന്ന് പറയുന്ന ഭരണാധികാരികള്‍തന്നെ അതിന് വിരുദ്ധമായ നയങ്ങള്‍ സ്വീകരിക്കുന്നതിന് നമ്മുടെ രാജ്യത്തുതന്നെ ഉദാഹരണങ്ങളുണ്ട്. ഇന്നലെ ഗ്ലാസ്ഗോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മധുരം പുരട്ടിയ വാക്കുകളാലാണ് സംസാരിച്ചത്. പക്ഷേ അത് പ്രയോഗത്തില്‍ വരുത്തുന്നതില്‍ എത്രത്തോളം ആത്മാര്‍ത്ഥയുണ്ടെന്നത് കണ്ടറിയേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലല്ല, അതിന് വിരുദ്ധമായ നിലപാടുകളുടെ പേരിലാണ് നമ്മുടെ രാജ്യത്തേതുള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ശ്രദ്ധിക്കപ്പെടുന്നതെന്നതാണ് വസ്തുത. എങ്കിലും വരുംതലമുറകള്‍ക്കുകൂടി അവകാശപ്പെട്ട ഭൂമിയെ ഇനിയും കൂടുതല്‍ പോറലുകളില്ലാതെ അവര്‍ക്കേല്പിക്കുകയെന്നത് ബാധ്യതയാണെന്ന് കരുതിക്കൊണ്ട് സുപ്രധാനവും പ്രതീക്ഷാ നിര്‍ഭരവുമായ തീരുമാനങ്ങളല്ല, അവ പ്രായോഗികതലത്തിലെത്തുന്ന നടപടികളുണ്ടാകുമെന്നാണ് ഗ്ലാസ്ഗോ ഉച്ചകോടിയില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.