22 December 2024, Sunday
KSFE Galaxy Chits Banner 2

കേസന്വേഷണങ്ങളിലെ പക്ഷപാതിത്വം

Janayugom Webdesk
October 8, 2021 4:00 am

സമീപകാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച രണ്ട് സംഭവങ്ങളായിരുന്നു ഗുജറാത്തില്‍ അഡാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്തു നടന്ന ലഹരി മരുന്ന് വേട്ടയും മുംബൈ തീരത്ത് ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെയുണ്ടായ അറസ്റ്റും. ഈ രണ്ടുസംഭവങ്ങളും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അന്വേഷണ സംഘങ്ങള്‍ പക്ഷപാതപരമായും വര്‍ഗീയമായുമാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഉദാഹരണങ്ങളായി മാറുകയാണ്. സമാനമായ ഉദാഹരണങ്ങളാണ് ഡല്‍ഹി കലാപക്കേസ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പൊലീസിന്റെയും മന്ത്രിപുത്രന്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസില്‍ യുപി പൊലീസിന്റെയും നടപടികള്‍.

സെപ്റ്റംബര്‍ 17നാണ് നരേന്ദ്രമോഡിയ്ക്കും ബിജെപി ഉന്നതര്‍ക്കും അടുത്ത ബന്ധമുള്ള ഗൗതം അഡാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപയുടെ മയക്കുമരുന്നുകള്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള റവന്യു ഇന്റലിജന്‍സ് വിഭാഗം (ഡിആര്‍ഐ) പിടികൂടിയത്. എന്നാല്‍ ഇതിന്റെ വാര്‍ത്തകള്‍ പുറംലോകമറിഞ്ഞത് ചില മാധ്യമങ്ങളുടെ എക്സ്ക്ലൂസീവ് വാര്‍ത്തയായി മൂന്നു ദിവസങ്ങള്‍ക്കു ശേഷമായിരുന്നു. ഈ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കുവാനും അന്വേഷണ ഏജന്‍സികള്‍ക്ക് വ്യഗ്രതയുണ്ടായിരുന്നു. കൂടുതല്‍ അന്വേഷണമാകട്ടെ ബിജെപിസര്‍ക്കാരിന്റെ വിശ്വസ്ത അന്വേഷണ ഏജന്‍സിയെന്ന നിലയില്‍ കുപ്രസിദ്ധമായ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയാണ് ചെയ്തത്. ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടന്നിട്ടും കൂടുതല്‍പേരെ അറസ്റ്റ് ചെയ്യുന്നതിനോ ശക്തമായ അന്വേഷണം നടത്തുന്നതിനോ ജാഗ്രതയില്ലാതെ പോയതും വിമര്‍ശന വിധേയമായിട്ടുണ്ട്. മയക്കുമരുന്ന് കടത്തുമായി അഡാനി പോര്‍ട്ട് ഗ്രൂപ്പിന് എന്തെങ്കിലും ബന്ധമോ നേട്ടമോ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേകകോടതി (നർകോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് — എൻഡിപിഎസ്) നിര്‍ദ്ദേശിച്ചിരുന്നതാണ്. ഈ വാര്‍ത്തയും പുറത്തുവരാതിരിക്കുവാന്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു.

 


ഇതുകൂടി വായിക്കാം; പൗരന്മാരെ കൊലചെയ്യുന്ന ബിജെപി സര്‍ക്കാരുകള്‍


 

 

ഒരു ദേശീയ മാധ്യമത്തിലൂടെ ദിവസങ്ങള്‍ കഴിഞ്ഞാണ് കോടതിയുടെ നിര്‍ദ്ദേശം പുറത്തെത്തിയത്. മുന്ദ്ര തുറമുഖ അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് എ­ന്താ­ണെന്ന് അന്വേഷിക്കേണ്ടതുണ്ട്. മയക്കുമരുന്നു കണ്ടെയ്നർ വിദേശ രാജ്യങ്ങളിൽ നിന്ന് തുറമുഖത്ത് എത്തിച്ച് ഇറക്കി. ചരക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുതയെക്കുറിച്ച് തുറമുഖ അധികൃതരും ഉദ്യോഗസ്ഥരും അജ്ഞരാകുന്നത് എങ്ങനെയെന്ന് കോടതി ആരായുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു നടപടി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതിന് പിന്നാലെയാണ് കേസന്വേഷണം എന്‍ഐഎക്ക് നല്കുവാനുള്ള നടപടിയുണ്ടായത്. അന്വേഷണവും തുടര്‍നടപടികളും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്നതു മാത്രമല്ല ഇതുകൊണ്ട് കേന്ദ്രസര്‍ക്കാരിനുള്ള ഗുണം. കേസ് പരിഗണനയ്ക്കെത്തുന്നത് എൻഡിപിഎസ് കോടതിയില്‍ നിന്ന് എന്‍ഐഎ പ്രത്യേക കോടതിയിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ അഡാനിയുടെ തുറമുഖത്തിന്റെ പങ്കെന്തെന്ന ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും.

ഇതേസമയത്താണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിക്കിടെ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ടുപേര്‍ അറസ്റ്റിലായതിന്റെ വാര്‍ത്തകള്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടരുതെന്ന ശക്തമായ നിലപാടുള്ളപ്പോഴും രണ്ടുകേസുകളുടെയും കൈകാര്യരീതി വിമര്‍ശിക്കപ്പെടുകതന്നെ വേണം. അഡാനി തുറമുഖത്തെ മയക്കുമരുന്ന് വേട്ടയെ മറച്ചുവയ്ക്കുവാന്‍ ഇതിനെ ഉപയോഗിക്കുന്നുവെന്ന് മാത്രമല്ല വര്‍ഗീയമായി മാറ്റുന്നതിനുള്ള ശ്രമങ്ങളുമുണ്ട്. കൂടാതെ ഈ കേസുണ്ടായതിന് പിന്നില്‍പോലും ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഈ രണ്ടുകേസുകളുടെ താരതമ്യത്തിലൂടെ മാത്രമല്ല ഡല്‍ഹി കലാപക്കേസും യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്ന കേസിലും പൊലീസ് സ്വീകരിക്കുന്ന സമീപനങ്ങള്‍ പക്ഷപാതപരമാണ്.

 


ഇതുകൂടി വായിക്കാം; ലൈഫ് ഇൻഷുറൻസ് കോർപറേഷനും സ്വകാര്യമേഖലയ്ക്ക്


 

ഡല്‍ഹി കലാപക്കേസില്‍ നിരവധി തവണയാണ് അന്വേഷണ സംഘം കോടതികളുടെ നിശിത വിമര്‍ശനത്തിനിരയായത്. നിസംഗവും ഏകപക്ഷീയവുമായ നിലപാടുകളെ വിമര്‍ശിക്കുകയും പിഴ ചുമത്തുകയും ചെയ്ത അഡീഷണല്‍ സെഷൻസ് ജഡ്ജി വിനോദ് യാദവിനെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റുകയാണ് ചെയ്തിരിക്കുന്നത്. സുപ്രീം കോടതി നോട്ടീസ് അയക്കുവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ലഖിംപൂര്‍ ഖേരിയിലെ സംഭവത്തില്‍ ചിലരെ അറസ്റ്റ് ചെയ്യുന്നതിന് യുപി പൊലീസ് ഇന്നലെ സന്നദ്ധമായത്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെപിസര്‍ക്കാരുകള്‍ അന്വേഷണ ഏജന്‍സികളെ പക്ഷപാതപരവും വര്‍ഗീയവുമായി പ്രവര്‍ത്തിക്കുന്നതിലുള്ള ഉപകരണങ്ങളായി ഉപയോഗിക്കുകയാണെന്ന് വ്യക്തമാക്കുകയാണ് സമീപകാലത്തുണ്ടായ ഈ ഉദാഹരണങ്ങള്‍. നമ്മുടെ നിയമപരിപാലന വ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങളായഅന്വേഷണ സംഘങ്ങള്‍ പച്ചയായി ഏകപക്ഷീയവും വര്‍ഗീയവുമായി മാറുന്നത് ജനാധിപത്യ മതേതരസംവിധാനത്തിന് ഭൂഷണമല്ല.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.