22 December 2024, Sunday
KSFE Galaxy Chits Banner 2

നൂറുകോടിക്കപ്പുറത്തെ യാഥാര്‍ത്ഥ്യം

Janayugom Webdesk
October 22, 2021 5:00 am

ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവരുടെ ആകെ എണ്ണം നൂറുകോടി തികച്ചതിന്റെ ആഘോഷത്തിമിര്‍പ്പിലാണ് നരേന്ദ്ര മോഡിസര്‍ക്കാരും ബിജെപി നേതാക്കളും. കൊട്ടിഘോഷിക്കുന്ന കണക്കുകള്‍ ബിജെപിയുടെ മുഖമുദ്രയാണ് എക്കാലവും. അവിടെ നാം യഥാര്‍ത്ഥ വസ്തുതകള്‍ കാണാനാകാതെ മഞ്ഞളിച്ച് നില്ക്കേണ്ടിവരുന്നു. നൂറുകോടി വാക്സിന്‍ നല്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി സംഗീത ആല്‍ബവും ദൃശ്യാവിഷ്കാരവും തയാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഔപചാരിക പ്രകാശനം ചെങ്കോട്ടയില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യതന്നെയാണ് നിര്‍വഹിച്ചത്. ഔദ്യോഗിക വിവരം അനുസരിച്ച് രാജ്യത്ത് ആകെ നൂറുകോടി ഡോസ് വാക്സിനുകള്‍ നല്കിയെന്നതു ശരി തന്നെയാണ്. ഇന്നലെ ഒരു ദിവസംകൊണ്ട് 72 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് നല്കിയത്. വില കൊടുത്ത് നല്കപ്പെട്ടിരുന്ന വാക്സിന്‍ സൗജന്യമാക്കിയ ദിവസവും മോഡിയുടെ ജന്മദിനത്തിലും വാക്സിന്‍ നല്കിയതില്‍ റെക്കോഡ് ഇട്ടുവെന്നതിന്റെ പേരില്‍ മേനി നടിച്ചതിലെ പൊള്ളത്തരം പിന്നീട് പൊളിഞ്ഞത് നാം കണ്ടതാണ്. ബിഹാറില്‍ വെബ്സൈറ്റില്‍ പോലും ചേര്‍ക്കാതെയാണ് ലക്ഷക്കണക്കിന് വാക്സിന്‍ നല്കിയെന്ന അവകാശവാദം ഉന്നയിച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ വാക്സിന്‍ നല്കിയതിന്റെ കണക്കുകളില്‍ സംഭവിച്ച വന്‍ തോതിലുള്ള ഇടിവും നാം മനസിലാക്കിയതാണ്. അതുപോലെ തന്നെയായിരിക്കുമോ ഇതുമെന്നത് അടുത്ത ദിവസങ്ങളില്‍ അറിയേണ്ട കാര്യമാണ്.


ഇതുംകൂടി വായിക്കാം; മോഡി സര്‍ക്കാരിന്റെ വാക്സിന്‍ തന്ത്രം; മോശം രാഷ്ട്രീയവും, അതിലേറെ മോശം ധനശാസ്ത്രവും


ഈ ആഘോഷത്തിമിര്‍പ്പിനിടയില്‍ പല വസ്തുതകളും മറച്ചുവയ്ക്കപ്പെടുന്നുണ്ട്. ഒന്ന് യഥാര്‍ത്ഥത്തില്‍രാജ്യത്ത് രണ്ട്ഡോസ് വാക്സിന്‍ ലഭിച്ചവരുടെ എണ്ണത്തിന്റെ പരിമിതിയാണ്. കോവിഡിന് എതിരായ പ്രതിരോധശേഷി ലഭിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്നായിരുന്നു ലോകമാകെയുള്ള ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം. ഇപ്പോള്‍ അത് ബൂസ്റ്റര്‍ ഡോസ് കൂടി വേണ്ടിവരുമെന്ന നിഗമനത്തില്‍ എത്തിനില്ക്കുകയുമാണ്. ഈ സാഹചര്യത്തില്‍ രണ്ട് ഡോസ് വാക്സിനെടുത്ത് ജനങ്ങളെ ഒരു പരിധിവരെ പ്രതിരോധ ശേഷിയുള്ളവരാക്കുകയെന്ന ലക്ഷ്യത്തില്‍ എത്രയോ പിറകിലാണ് നമ്മുടെ രാജ്യമെന്ന വസ്തുതയാണ് മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളുമായി താരതമ്യം ചെയ്താലും കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കണക്കെടുത്താലും ഇത് വ്യക്തമാകുന്നതാണ്. നൂറുകോടിപേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്കിയ ഇവിടെ രണ്ടു ഡോസും ലഭിച്ചവരുടെ എണ്ണം 29.5 കോടിയോളം മാത്രമാണ്. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് മൊത്തം ജനസംഖ്യയുടെ 22 ശതമാനത്തോളം മാത്രവും. ഈ വര്‍ഷം ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചത്. ഒമ്പതു മാസം പിന്നിടുമ്പോഴാണ് ഇത്രയും പേര്‍ക്കെങ്കിലും രണ്ട് ഡോസ് വാക്സിന്‍ നല്കിയതെന്നര്‍ത്ഥം. ഈ വര്‍ഷം ഡിസംബറില്‍ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്കുമെന്നാണ് നരേന്ദ്രമോഡിയും ബിജെപിക്കാരും പറഞ്ഞു നടന്നിരുന്നത്. അവിടെയാണ് ഒരു ഡോസ് പോലും ലഭിച്ചിട്ടില്ലാത്ത 38 കോടിയിലധികം ജനങ്ങള്‍ അവശേഷിക്കുന്നത്. ആദ്യത്തെ ചില മാസങ്ങളില്‍ വാക്സിനേഷന്‍ മന്ദഗതിയിലായിരുന്നു. പിന്നീട് പരമോന്നത കോടതിയില്‍ നിന്നുള്‍പ്പെടെ ശക്തമായ ഇടപെടലുണ്ടായതിനെ തുടര്‍ന്ന് അല്പം വേഗത ആര്‍ജിച്ചുവെങ്കിലും ഇത്രയുമേ ആയിട്ടുള്ളൂ എന്നതാണ് വസ്തുത. ഇപ്പോഴത്തെ വേഗതയില്‍ മുന്നേറിയാല്‍പോലും അവശേഷിക്കുന്ന 75 ശതമാനം ജനങ്ങള്‍ക്കും രണ്ട്ഡോസ് വാക്സിന്‍ ലഭ്യമാക്കണമെങ്കില്‍ ഒന്നര വര്‍ഷംകൊണ്ടുപോലും സാധിക്കില്ലെന്നാണ് നിഗമനം. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പല രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യക്ക് അത് സാധ്യമാകണമെങ്കില്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതാണ് സ്ഥിതി.


ഇതുംകൂടി വായിക്കാം; കോവിഡ് വാക്സിനേഷന്‍ 100 കോടി ; രണ്ട് ഡോസ് ലഭിച്ചവര്‍ ജനസംഖ്യയുടെ 20 ശതമാനം


ഇതോടൊപ്പമാണ് രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ പരിതാപകരമായ അവസ്ഥയും തുറന്നുകാട്ടപ്പെടുന്നത്. ജിഡിപിയുടെ ഒരുശതമാനം തുക ആരോഗ്യമേഖലയ്ക്ക് നീക്കിവയ്ക്കുന്ന പതിവിന് 2017ലെ ദേശീയ ആരോഗ്യ നയത്തിന്റെ അടിസ്ഥാനത്തില്‍ 2.5 — 3 ശതമാനമെന്ന് ഉയര്‍ത്തിയിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം കൂടുതല്‍ ദുഷ്കരമാക്കിയ പശ്ചാത്തലത്തില്‍ ഇത് ആഗോളതല കണക്കുകള്‍ അനുസരിച്ച് ഒമ്പത് മുതല്‍ 14 വരെ ശതമാനമായി ഉയര്‍ത്തേണ്ട സാഹചര്യമാണുള്ളത്. അതിന് തുനിയാതെ കണക്കുകളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന പതിവ് രീതി തന്നെയാണ് മോഡിസര്‍ക്കാര്‍ അവലംബിച്ചത്. മുന്‍വര്‍ഷം ആരോഗ്യ മേഖലയ്ക്ക് 94,450 കോടി രൂപ നീക്കിവച്ചപ്പോള്‍ നടപ്പുസാമ്പത്തിക വര്‍ഷം അത് 137 ശതമാനം വര്‍ധിപ്പിച്ച് 2.23 ലക്ഷം കോടിയാക്കിയെന്നാണ് പ്രചരണം നടത്തുന്നത്. നഗരങ്ങള്‍ക്കായുള്ള ജല്‍ജീവന്‍ മിഷന്‍, സ്വച്ഛ് ഭാരത് മിഷൻ, ശുദ്ധവായുവിനുള്ള പദ്ധതി എന്നിവയ്ക്കുള്ള തുക കൂടി ചേര്‍ത്താണിത്. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് യഥാര്‍ത്ഥത്തില്‍ ലഭ്യമാകുന്നത് 73,931 കോടിരൂപ മാത്രം. മുന്‍വര്‍ഷം ഈ വകുപ്പിന് നീക്കിവച്ചിരുന്നത് 69,000 കോടി രൂപയായിരുന്നു എന്നതും ഓര്‍ക്കണം. സംസ്ഥാനങ്ങളുടെ ആരോഗ്യ പരിപാലന സംവിധാനത്തെ ശക്തിപ്പെടുത്തലും പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ വ്യാപനവുമായിരിക്കണം കോവിഡ് പോലുള്ള മഹാമാരിയെ നേരിടുന്നതിനുള്ള മുന്‍ഗണനാ ലക്ഷ്യമായി കാണേണ്ടത്. അതിനു പകരം പൊലിപ്പിച്ചുകാട്ടുന്ന കണക്കുകളും അര്‍ത്ഥരഹിതമായ ആഘോഷങ്ങളും വഴി യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിക്കുവാനുള്ള ശ്രമങ്ങള്‍ അധികകാലം തുടരാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണം.

 

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.