22 December 2024, Sunday
KSFE Galaxy Chits Banner 2

സമ്പൂർണ വാക്സിനേഷൻ മരീചികയോ

Janayugom Webdesk
October 31, 2021 4:00 am

നോക്കൂ, പൊടുന്നനെ കേന്ദ്രസർക്കാർ ശാസ്ത്രാഭിമുഖ്യമുള്ളവരായിരിക്കുന്നു. കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ (വാക്സിനേഷൻ) വക്താക്കളായി അവർ മാറുന്ന നടനവും കാണൂ. 100 കോടി ഡോസ് വാക്സിനുകളുടെ വിതരണം അവർക്ക് പ്രചാരണായുധമായിരിക്കുന്നു. മൊബൈൽ ഫോൺ റിങ്ടോണുകൾ പോലും 100 കോടിയുടെ കേമം വിളംബരം ചെയ്യുന്നു. കോവിഡ് 19 നെതിരായ യുദ്ധം പൂർണമായും വിജയിച്ചെന്നും ഇന്ത്യ ലോകത്തിന്റെ കേന്ദ്രബിന്ദുവായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോ‍ഡി ഘോഷിക്കുന്നു. വാക്സിൻ ആഘോഷം സസൂക്ഷ്മം നിരീക്ഷിക്കുമ്പോൾ പരിവാർ സർക്കാരിന്റെ പ്രചാരണ മികവ് ബോധ്യപ്പെടും. നരേന്ദ്രമോഡിയുടെ സ്വയം പ്രഖ്യാപിത വിശ്വഗുരു പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ അവർ ശ്രമിക്കുന്നു. ഇന്ത്യ സാർവത്രിക വാക്സിനേഷൻ എന്ന ലക്ഷ്യം നേടിയെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്ന രീതിയിലാണ് മുഴുവൻ എപ്പിസോഡും രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുപിയിലും പഞ്ചാബിലും മറ്റിടങ്ങളിലും വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളാണ് ഈ അഭ്യാസത്തിന്റെ പ്രേരണ. ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തങ്ങളുടെ ട്രാക്ക് റെക്കോർഡുകൾ ദയനീയവും പരിതാപകരവുമാണെന്ന് മോഡിക്കും വിശ്വസ്തർക്കും അറിയാം. പരിഹാരം തന്ത്രപരമായ പ്രചാരണം മാത്രം. പരിവാർ കുബുദ്ധികൾ കോവിഡ് യുദ്ധത്തിൽ പഴുതു കണ്ടു. പക്ഷെ അവരുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അമിതമായ ആവേശം പൊള്ളയും കപടവുമെന്നും ജനങ്ങൾ നന്നായി അറിയുന്നുണ്ട്.

130 കോടി ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ്. അവരിൽ വലിയൊരു വിഭാഗം ഇപ്പോഴും വൈറസ് ബാധിതരാകുന്നു. പ്രചാരണം ആരംഭിച്ച ദിവസം വാക്സിനേഷൻ 100 കോടി ഡോസ് കടന്നു എന്നത് സത്യമാണ്. എന്നാൽ അതിനർത്ഥം 100 കോടി ആളുകൾ കോവിഡ് വൈറസിൽ നിന്ന് രക്ഷപ്പെട്ടു എന്നല്ല. ഔദ്യോഗിക കണക്കുകളിൽ, 30 കോടി പേർക്ക് മാത്രമാണ് അന്നുവരെ രണ്ട് ഡോസ് വാക്സിൻ നൽകിയത്. എഴുപത് കോടി ജനതയ്ക്ക് ആദ്യ ഡോസ് മാത്രമാണ് ലഭിച്ചത്. നിശ്ചിത കാലയളവിനു ശേഷമുള്ള രണ്ടാം ഡോസ് അവർക്ക് ഇനിയും ലഭിച്ചിട്ടില്ല. 130 കോടിയുള്ള രാജ്യത്ത്, രണ്ട് ഡോസ് വാക്സിൻ 30 കോടി ജനങ്ങൾക്കു മാത്രമാണ് നൽകാനായത്. ദീനമായ ഈ പശ്ചാത്തലം മൂടിയാണ് കൊറോണ യുദ്ധത്തിൽ രാജ്യം വിജയിച്ചു എന്ന വലിയ കൊട്ടിഘോഷം സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി മോഡി ഇത്രയും ഉയർന്ന അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ, 100 കോടി വരുന്ന സാമാന്യ ജനം കോവിഡ് 19 വൈറസിന്റെ ചൂണ്ടയിൽ തന്നെയാണ്. മോ‍ഡി സ്റ്റൈൽ പ്രചാരണ ഗിമ്മിക്കുകളുടെ രീതിയിതാണ്. ഇത്തരം പൊള്ളത്തരങ്ങൾ ജനങ്ങൾ തിരിച്ചറിയണം.

 


ഇതുംകൂടി വായിക്കാം; നൂറുകോടിക്കപ്പുറത്തെ യാഥാര്‍ത്ഥ്യം


 

മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ദയനീയമായി പരാജയപ്പെട്ടതും തോൽവിയുടെ പരമ്പര തീർത്തതും മറക്കണമെന്ന് പ്രധാനമന്ത്രിയും സംഘവും ഇപ്പോൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ആവർത്തിച്ചുള്ള അവരുടെ തെറ്റുകൾക്ക് രാജ്യത്തിന് കനത്ത വില നൽകേണ്ടി വന്നു. മഹാമാരിയുടെ പ്രാരംഭനാളുകളിൽ, ഒരു കൈ സഹായത്തിനായി സാമാന്യജനം കാത്തിരിക്കുമ്പോൾ, മോഡി സർക്കാർ അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന് സ്വീകരണം ഒരുക്കുന്ന തിരക്കിലായിരുന്നു! ആഘോഷങ്ങൾക്കു ശേഷം സർക്കാരും കൂട്ടാളികളും കൊറോണ പനി തന്നെയെന്ന പ്രചാരണവും തുടങ്ങി. ഗുരുതരമായ സാഹചര്യം തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തില്ല. തന്ത്രങ്ങളില്ലാതെ യുദ്ധത്തിനിറങ്ങിയ സൈന്യാധിപന്മാരായി അവരെ ഗണിക്കാം. ഏത് യുദ്ധവും ജയിക്കണമെങ്കിൽ ശത്രുവിന്റെ ശക്തി അറിയേണ്ടത് പ്രധാനമാണ്. അവിടെ തുടങ്ങുന്നു മോഡി സർക്കാരിന്റെ പരാജയം. പാത്രങ്ങൾ മുട്ടി ശബ്ദംമുഴക്കിയും വൈറസിനെ ഓടിച്ചകറ്റാമെന്ന് അവർ കരുതി. ചാണകവും മൂത്രവുമായിരുന്നു അടുത്ത ഘട്ടത്തിലെ പ്രതിവിധി. പ്രതിരോധ വാക്സിനുകൾ ഒരിക്കലും അവരുടെ മുൻഗണന ആയിരുന്നില്ല. സാർവത്രിക വാക്സിനേഷൻ ആവശ്യപ്പെട്ടവരെയെല്ലാം പരിഹസിച്ചു. വിദഗ്ധരുടെയും ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശം അവഗണിച്ചു. ആ ദിവസങ്ങളിൽ ശാസ്ത്രത്തോടും ശാസ്ത്രജ്ഞരോടുമുള്ള സർക്കാരിന്റെ ധാർഷ്ട്യവും അവഹേളനവും രാജ്യം കണ്ടറിഞ്ഞു. ആരോഗ്യ പ്രവർത്തകരെ, കോവിഡ് ബ്രിഗേഡിനെ പ്രധാനമന്ത്രി പ്രശംസിക്കുമ്പോൾ സാമാന്യജനം സർക്കാരിന്റെ മുൻകാല നിലപാട് ഓർമ്മിക്കുന്നത് സ്വാഭാവികമാണ്.


ഇതുംകൂടി വായിക്കാം;ബാക്ടീരിയയും ഫംഗസും ബാധിച്ചാണ്‌ കോവിഡ്‌ രോഗികളിൽ ഏറെപ്പേരും മരിച്ചതെന്ന് ICMR #CovidDeath


 

കോവിഡിനെതിരായ പോരാട്ടത്തിൽ സാമാന്യജനതയുടെ സ്ഥിതി ദയനീയമായിരുന്നു. നാല് മണിക്കൂർ മാത്രം മുൻകൂർ നോട്ടീസ് നൽകി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് തൊഴിലാളികളോടും സാധാരണക്കാരോടും ഉള്ള സർക്കാരിന്റെ അവഗണന വെളിപ്പെടുത്തി. കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം ജനങ്ങളുടെ ഓർമ്മയിൽ മായാതെ നിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി സമസ്ത മേഖലകളിലെയും ജനങ്ങളുടെ ജീവിതനിലവാരം തകർത്തു. വിവിധങ്ങളായ പാക്കേജുകളിൽ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ അർഹരായവരിൽ പോലും എത്തിയില്ല. പക്ഷെ, അതിസമ്പന്നർക്ക് തങ്ങളുടെ ലാഭം വിപുലീകരിക്കാനായി. ഇത് കോവിഡ് കാലത്തെ വിരോധാഭാസമായി. ഇത്തരം സന്ദർഭത്തിൽ പോലും സാർവത്രിക വാക്സിനേഷനോട് സർക്കാർ മുഖംതിരിച്ചുനിന്നു. വൈകി പ്രതിരോധ വാക്സിനേഷൻ പരിഗണനയിലെത്തിയപ്പോളാകട്ടെ സൗജന്യ വാക്സിനേഷൻ എന്ന ആശയം കേന്ദ്ര ഭരണകൂടത്തിന്റെ പദ്ധതികളിൽ ഇല്ലായിരുന്നു. ഒടുവിൽ, സുപ്രീം കോടതിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് വാക്സിനേഷൻ സൗജന്യമാക്കിയത്.

വാക്സിൻ നിർമ്മാതാക്കളുടെ മഹത്തായ സേവനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാഷ്ട്രത്തിനുവേണ്ടിയുള്ള ഈ സേവനത്തിന് അവർ എത്രമാത്രം നേടിയിട്ടുണ്ട്? ആ സ്വകാര്യ കമ്പനികൾക്കും സർക്കാരിനും മാത്രമേ വിശദാംശങ്ങൾ അറിയൂ. ഇന്ത്യയിലെ പൊതുമേഖലാ ഔഷധനിർമ്മാണ കമ്പനികളുടെ കാര്യമോ? കോവിഡിനെതിരായ പോരാട്ടത്തിൽ ‘ആത്മനിർഭർ’ സർക്കാർ അവരെക്കുറിച്ച് ചിന്തിച്ചുപോലുമില്ല. ആ പൊതുമേഖലാ കമ്പനികൾ കാരണമാണ് ഇന്ത്യ ലോകത്തിന്റെ ഫാർമസിയായി മാറിയത്. അവരുടെ അനുഭവപരിചയവും ശാസ്ത്രീയ പരിജ്ഞാനവും സ്വകാര്യ കമ്പനികൾക്കായി ബോധപൂർവം മാറ്റിവച്ചു.  കോവിഷീൽഡ് വാക്സിൻ വിദേശ ഫോർമുല ഉപയോഗിച്ചാണ് ഇന്ത്യന്‍ കമ്പനി നിർമ്മിച്ചത്. ‘സ്വദേശി’ സര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ)മെന്ന തത്വശാസ്ത്രത്തെ ഇവിടെയും കൈവിട്ടില്ല. ഈ വഞ്ചന ജനങ്ങൾ ശ്രദ്ധിക്കില്ലെന്നാണ് സംഘപരിവാർ അനുകൂലികളുടെ ധാരണ. അതിനാണ് കോവിഡ് വാക്സിന്റെ വിജയഗാഥയുമായി പ്രധാനമന്ത്രി മോഡി രംഗത്തെത്തിയത്. എന്നാൽ രാജ്യം സമ്പൂർണ വാക്സിനേഷൻ എപ്പോൾ കൈവരിക്കുമെന്ന് അദ്ദേഹം ഇനിയും പറഞ്ഞിട്ടില്ല !

 

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.