15 January 2026, Thursday

Related news

January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026

ആശങ്കാജനകമായ വോട്ടുകണക്കിലെ കള്ളക്കളികള്‍

Janayugom Webdesk
May 22, 2024 5:00 am

ജനങ്ങളോടും ഇന്ത്യൻ ഭരണഘടന വിഭവനം ചെയ്യുന്ന നിയമവാഴ്ചയോടുമുള്ള പ്രതിബദ്ധതയിലും ഭരണഘടനാ സ്ഥാപനം എന്നനിലയിൽ അവശ്യം ആവശ്യമായ സുതാര്യതയിലും സംശയം ശക്തിപ്പെടുത്തുന്ന പ്രവർത്തനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റേത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട പോളിങ് പൂർത്തിയാക്കി കണക്ക് പുറത്തുവിട്ടപ്പോഴും വോട്ടിങ് സംബന്ധിച്ച് കാതലായ വസ്തുതകളുടെ പിൻബലമില്ലാത്ത ശതമാന കണക്കുമാത്രമാണ് ഇന്നലെയും കമ്മിഷൻ വെളിപ്പെടുത്തിയത്. ഓരോ ഘട്ടത്തിലും വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ട മൊത്തം വോട്ടർമാരുടെ എണ്ണം, വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം എന്നിവകൂടാതെ നൽകുന്ന ശതമാനക്കണക്കിന് എന്ത് ആധികാരികതയാണ് ഉള്ളതെന്ന ചോദ്യം നിലനിൽക്കെയാണ് തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെയും സാമാന്യ മര്യാദയെത്തന്നെയും ലംഘിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള പ്രതിബദ്ധതയെക്കാൾ ഭരണക്കാരോടുള്ള വിധേയത്വമാണ് തങ്ങളുടെ മുൻഗണന എന്ന് ആവർത്തിച്ച് തെളിയിക്കുകയാണ് അവർ. ‘തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടവും പൂർത്തിയായിക്കഴിഞ്ഞാൽ ആറ്-ഏഴ് മണിക്കുള്ളിൽ പോളിങ് ഓഫിസർമാർ സമർപ്പിക്കേണ്ട വോട്ടിങ് രേഖകൾ പൂർത്തിയാവും. ഓരോ നിയോജകമണ്ഡലവും സംബന്ധിച്ച കണക്കുകൾ റിട്ടേണിങ് ഓഫിസർമാരുടെ പക്കൽ എത്തിച്ചേരും. അത് എന്തുകൊണ്ട് അപ്‌ലോഡ് ചെയ്യുന്നില്ല?’, മേയ് 17ന് ഇതുസംബന്ധിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ ഹർജി പരിഗണിക്കവെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആരായുകയുണ്ടായി. വോട്ടിങ് സംബന്ധിച്ച സുപ്രധാനമായ ഈ വിവരങ്ങൾ തത്സമയം ലഭ്യമാണെന്നും അത് പുറത്തുവിടുന്നതിന് കാലതാമസം വരാൻ യാതൊരു കാരണവുമില്ലെന്നും പ്രശ്നത്തോട് പ്രതികരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എസ് വൈ ഖുറേഷി വ്യക്തമാക്കുന്നു. പോളിങ് പൂർത്തിയായി അഞ്ചുമിനിറ്റിനുള്ളിൽ ലഭ്യമായ വിവരം ഇത്രയധികം വൈകാൻ കാരണമെന്തെന്ന് വ്യക്തമാക്കാൻ കമ്മിഷന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 


ഇതുകൂടി വായിക്കൂ; ഉരുണ്ടുകളിയാശാന്‍ ഗിന്നസിലേക്ക് !


തെരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യഘട്ട പോളിങ്ങിന്റെ പുതുക്കിയ ശതമാന കണക്ക് പുറത്തുവിടാൻ പതിനൊന്ന് ദിവസത്തിന്റെ കാലതാമസമാണ് വരുത്തിയത്. തുടർന്നുള്ള ഘട്ടങ്ങളിലും അന്തിമ ശതമാനക്കണക്കുകൾ പുറത്തുവരാൻ അസാധാരണ കാലതാമസം ഉണ്ടായി. അത്തരത്തിൽ പുതുക്കിയ കണക്കനുസരിച്ച് 379 ലോക്‌സഭാ മണ്ഡലങ്ങളിലെ പോളിങ് പൂർത്തിയായപ്പോൾ മൊത്തം വോട്ടിലുണ്ടായ വർധനവ് 1.07 കോടിയുടേതാണെന്ന് വിശകലനങ്ങൾ വിലയിരുത്തുന്നു. അതുപ്രകാരം ഒരു നിയോജകമണ്ഡലത്തിൽ ശരാശരി 28,000 വോട്ടുകളുടെ വർധനവാണ് കാണിക്കുന്നത്. ഓരോ ഘട്ടത്തിലും കമ്മിഷൻ പുറത്തുവിട്ട ശതമാന കണക്കും പുതുക്കിയ ‘അന്തിമ’ ശതമാന കണക്കും തമ്മിലുള്ള ഈ വലിയ അന്തരമാണ് പ്രതിപക്ഷപാർട്ടികളിലും സ്വതന്ത്ര നിരീക്ഷകരിലും ജനങ്ങളിലും ഒരുപോലെ ആശങ്കയുളവാക്കുന്നത്. ഈ കണക്കുകൾ പുറത്തുവിടുന്നതിലുണ്ടായ കാലതാമസം സംബന്ധിച്ചും വോട്ടർപ്പട്ടിക അനുസരിച്ചുള്ള മൊത്തം വോട്ടർമാരുടെ എണ്ണവും പോൾചെയ്ത വോട്ടുകളുടെ എണ്ണവും പുറത്തുവിടാത്തതിനെപ്പറ്റിയും തൃപ്തികരമായ യാതൊരു വിശദീകരണവും നല്‍കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞിട്ടില്ല. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യത്തിന്റെയും ഇലക്ട്രോണിക് വോട്ടിങ് മെഷിന്റെ ഉപയോഗം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വേഗതയും സുതാര്യതയും ഉറപ്പുവരുത്തുമെന്ന അവകാശവാദത്തിന്റെയും സാംഗത്യത്തെത്തന്നെയും ചോദ്യംചെയ്യുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. തെരഞ്ഞെടുപ്പിൽ ഉടനീളം പ്രകടമായ നിസംഗതയും പോളിങ് ശതമാനത്തിലുള്ള ശ്രദ്ധേയമായ ഇടിവും നിലനിൽക്കെ നാനൂറിലധികം സീറ്റുകളുമായി അധികാരം നിലനിർത്തുമെന്ന മോഡിയുടെയും ബിജെപിയുടെയും അവകാശവാദവുമായി കൂട്ടിവായിക്കുമ്പോഴാണ് തെരഞ്ഞെടുപ്പുഫലത്തെപ്പറ്റി ആശങ്കകൾ ഉയരുന്നത്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പൊരിക്കലും ഇല്ലാത്തവിധം ഭരണകൂടം ഏകപക്ഷീയമായി അവരോധിച്ച ഒരുപറ്റം വിധേയന്മാരാണ് തെരഞ്ഞെടുപ്പ് കമ്മിഷനെന്ന പേരിൽ ഈ ജനാധിപത്യ പ്രക്രിയയെ നിയന്ത്രിക്കുന്നതെന്നതും ആശങ്ക വർധിപ്പിക്കുന്നു.
പരാതിക്കാരും പരമോന്നത കോടതിതന്നെയും ഉയർത്തിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നല്‍കാൻ അനുവദിക്കപ്പെട്ട ഒരാഴ്ച സമയം മേയ് 24നാണ് അവസാനിക്കുന്നത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന പോളിങ്ങിന്റെ ആറാംഘട്ട വോട്ടെടുപ്പും അന്നാണ്. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ഉറ്റുനോക്കുന്ന വിഷയത്തിൽ ശ്രദ്ധേയമായ വഴിത്തിരിവ് അന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഷ്ട്രത്തിന്റെ ജനാധിപത്യത്തെയും ഭാവിയെയും സംബന്ധിക്കുന്ന വിഷയമാണ് പരമോന്നത കോടതിയുടെ നീതിബോധത്തിന് മുന്നിൽ പരീക്ഷിക്കപ്പെടുന്നത്. ജനാധിപത്യ പ്രക്രിയയെയും ജനങ്ങളുടെ സാമാന്യബോധത്തെത്തന്നെയും വെല്ലുവിളിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെ നിലയ്ക്കുനിർത്താനും ഭരണകൂടത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങളുടെ തടവിൽനിന്നും വിമോചിപ്പിച്ച് ഭരണഘടനാ സ്ഥാപനമെന്ന അതിന്റെ സ്വയംഭരണാധികാരവും അന്തസും പുനഃസ്ഥാപിക്കാനും പരമോന്നത നീതിപീഠത്തിന് കഴിയുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.