
സ്വാതന്ത്ര്യസമരചരിത്രത്തിന്റെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമായൊരു പോസ്റ്ററുമായാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തുവന്നത്. സ്വാതന്ത്ര്യ സമരവേളയിൽ അതിൽ നിന്ന് അകലം പാലിച്ചിരുന്ന വി ഡി സവർക്കറെ, ഗാന്ധിജി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവർക്ക് മീതെ പ്രതിഷ്ഠിക്കുന്നതായിരുന്നു പ്രസ്തുത പോസ്റ്റർ. അതുമാത്രമായിരുന്നില്ല, ചെങ്കോട്ടയിലെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നൂറ്റാണ്ട് തികയുന്ന ആർഎസ്എസിനെ ലോകത്തെ ഏറ്റവും വലിയ സർക്കാരിതര സംഘടനയെന്ന് പുകഴ്‌ത്തുകയും നൂറുവർഷത്തെ അതിന്റെ യാത്ര തിളക്കമാർന്നതാണെന്ന് പറയുകയും ചെയ്തു.
ആ ശ്രമം ധിക്കാരപരം മാത്രമായിരുന്നില്ല, ദേശീയ നായകന്മാർക്കും സ്വാതന്ത്ര്യസമരത്തിനുതന്നെയും അപമാനകരമായിരുന്നു. അവരുടെ വീരോചിത ത്യാഗങ്ങളെക്കുറിച്ച് ചരിത്രം സുവർണ ലിപികളിൽ നമ്മോട് പറയുമ്പോൾ അവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗവുമാണിത്. 1923ൽ വി ഡി സവർക്കർ “ഹിന്ദുത്വത്തിന്റെ അടിസ്ഥാനതത്വങ്ങൾ” എന്ന പുസ്തകം എഴുതിക്കൊണ്ട് ഈ ശ്രമങ്ങളുടെ അടിത്തറ പാകിയതാണ്. രാജ്യത്തെ വിഭജിക്കാനുള്ള ആദ്യകാല നീക്കമായിരുന്നു അത്. മുസ്ലിങ്ങളുടെയും മറ്റ് സമുദായങ്ങളുടെയും പങ്ക് പരാമർശിക്കാതെ, ഇന്ത്യയെ ഒരു രാഷ്ട്രമെന്ന നിലയിൽ കെട്ടിപ്പടുത്തതിന് ഹിന്ദുക്കളെ പ്രശംസിക്കുകയായിരുന്നു അദ്ദേഹം. വേദ പിതാക്കന്മാരും സിന്ധുക്കളുമായി ചേർന്നതും അവരിൽ നിന്ന് ഉത്ഭവിച്ചതുമായ വംശരക്തം ഹിന്ദുക്കളുടെ സിരകളിൽ മാത്രമാണുള്ളതെന്നും സവർക്കർ അവകാശപ്പെട്ടു. അദ്ദേഹം എഴുതി: “നമ്മൾ (ഹിന്ദുക്കൾ) ഒന്നാണ്, കാരണം നമ്മൾ ഒരു രാഷ്ട്രവും വംശവും ഒരു പൊതു സംസ്കൃതിയും (സാംസ്കാരിക പാരമ്പര്യം) സ്വന്തമാക്കിവരാണ്.”
11-ാം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നി സിന്ധു നദി കടന്ന് ഇന്ത്യയെ ആക്രമിക്കാൻ വന്നതുമുതൽ ഹിന്ദുക്കൾ മുസ്ലിങ്ങൾക്കെതിരെ ശക്തമായ പോരാട്ടത്തിലായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. നീണ്ടുനിന്നതും കനത്തതുമായ സംഘട്ടനത്തിൽ, നമ്മുടെ ജനങ്ങൾ (ഹിന്ദുക്കളായവർ) തങ്ങളുടെ ഹിന്ദുസ്വത്വത്തെക്കുറിച്ച് തീവ്രമായി ബോധവാന്മാരായിത്തീർന്നുവെന്നും പുസ്തകം പറയുന്നുണ്ട്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രത്തെ സാധൂകരിക്കുന്നതിനുള്ള ശ്രമത്തിൽ ബ്രിട്ടീഷുകാർക്കെതിരല്ല, മുസ്ലിങ്ങൾക്കെതിരാണ് ഹിന്ദുക്കൾ എന്ന് സ്ഥാപിക്കാനാണ് പുസ്തകം ശ്രമിച്ചത്. മഹാത്മാഗാന്ധി ദേശീയ പ്രസ്ഥാനത്തിന്റെ കരുത്തായി വളർത്തിയെടുക്കാൻ ശ്രമിച്ച ഹിന്ദു — മുസ്ലിം ഐക്യത്തെ തകർക്കാനുള്ള തീവ്ര ശ്രമത്തിൽ പങ്കാളിയാകുകയായിരുന്നു അദ്ദേഹം. പുരാതനകാലം മുതൽ ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും മുസ്ലിം അധിനിവേശക്കാർ ഇരുസമുദായങ്ങൾക്കുമിടയിൽ നീണ്ടകാലത്തെ സംഘർഷത്തിന് കാരണമായെന്നും ബ്രിട്ടീഷുകാർ പോയതിനുശേഷം മുസ്ലിങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ഹിന്ദുക്കളുടെ പ്രധാന ലക്ഷ്യം എന്നും വാദിക്കുന്നതിൽ സവർക്കർ ഉത്സുകനായിരുന്നു.
ഈ പുസ്തകം പ്രസിദ്ധീകരിച്ച് മാസങ്ങൾക്കകംതന്നെ സവർക്കർ ജയിൽ മോചിതനായി. അതുകഴിഞ്ഞ ഉടൻ അദ്ദേഹത്തിന്റെ ഈ പുസ്തകം 1925ൽ ഭരണഘടനയില്ലാതെയും ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും പ്രതിപാദിക്കാതെയും രൂപംകൊണ്ട ആർഎസ്എസിന് ആശയാടിത്തറ നൽകുന്നതാകുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ പിൻവാങ്ങലിനുശേഷം, മഹാരാഷ്ട്രയിലെ ബ്രാഹ്മണരിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ പേഷ്വാ ഭരണം സ്ഥാപിക്കണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. അവരുടെ ഒരു സംഘടനയായി ഇത് വ്യാപകമായി കരുതപ്പെടുകയും ചെയ്തു. പേഷ്വാ ഭരണാധികാരികളുടെ ഭഗവ (കാവി) പതാക സ്വന്തം പതാകയായി ആർഎസ്എസ് സ്വീകരിച്ചത് അവരുടെ രഹസ്യ ആഗ്രഹത്തിന്റെ സൂചനയായിട്ടാണ് കണ്ടത്. അതിനാൽ, ബ്രാഹ്മണരല്ലാത്തവർക്ക് അതിനോട് ഒരു അനുകമ്പയും അന്ന് ഉണ്ടായിരുന്നില്ല. സവർക്കർ നേതൃത്വത്തിലെത്തിയതോടെ ആർഎസ്എസ് ബ്രിട്ടീഷ് വിരുദ്ധ നിലപാടുകളിലും പ്രവൃത്തികളിലും നിന്ന് അകന്നുനിൽക്കുകയും ചെയ്തു. കോളനി വാഴ്ചയ്ക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്ത എല്ലാ പാർട്ടികളിൽ നിന്നും അവർ അകലം പാലിച്ചു. 1930ൽ മഹാത്മാഗാന്ധി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോൾ അതിൽ ചേരുന്നതിന്, ആർഎസ്എസിനകത്തുനിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ അംഗങ്ങൾക്ക് വ്യക്തിപരമായി ചേരാമെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഇത് വ്യക്തമാക്കി ഹെഡ്ഗേവാർ ശാഖകൾക്ക് കത്തെഴുതുകയും ചെയ്തു. അദ്ദേഹം ഈ പ്രസ്ഥാനത്തിൽ ചേർന്നുവെങ്കിലും അതിനുമുമ്പ് സർസംഘചാലക് സ്ഥാനം രാജിവച്ചിരുന്നു. സവർക്കറും ആർഎസ്എസും പിന്തുടർന്ന ഹിന്ദുത്വ വർഗീയ സമീപനം മുസ്ലിം വർഗീയതയെ ശക്തിപ്പെടുത്തുകയും ഇന്ത്യയെ വിഭജിക്കുകയെന്ന ആവശ്യത്തിന് അടിത്തറ പാകുകയും ചെയ്യുകയായിരുന്നു.
അദ്ദേഹത്തിന്റെ പുസ്തകത്തിലെ ആശയത്തെക്കുറിച്ച് ആർഎസ്എസിനും ഹിന്ദു മഹാസഭയ്ക്കും പുറത്ത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ 1937ൽ അദ്ദേഹം ഹിന്ദു മഹാസഭ പ്രസിഡന്റായപ്പോൾ ഈ ആശയം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയും ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹം പ്രകടിപ്പിച്ച ദ്വിരാഷ്ട്ര സിദ്ധാന്തം, വഷളായിക്കൊണ്ടിരിക്കുന്ന സാമുദായിക അന്തരീക്ഷത്തിന് ആക്കം കൂട്ടി. മൂന്ന് വർഷത്തിന് ശേഷം 1940ൽ മുസ്ലിം ലീഗ് ഇന്ത്യ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയം പാസാക്കുകയും ചെയ്തു. 1942 ഓഗസ്റ്റ് ഒമ്പതിന് ഗാന്ധിജി ഉൾപ്പെടെ മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ രാജ്യമാകെ ഒറ്റക്കെട്ടായി നിലക്കൊണ്ടപ്പോൾ സവർക്കർ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണ് ശ്രമിച്ചത്. 1942 ഓഗസ്റ്റ് 11ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ മുഴുവൻ ഹിന്ദുസഭക്കാരോടും പ്രത്യേകമായും ഹിന്ദുക്കളോട് പൊതുവായും ക്വിറ്റ് ഇന്ത്യ പ്രമേയത്തെ പിന്തുണയ്ക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. ഗോൾവാൾക്കറുടെ നേതൃത്വത്തിലായിരുന്നപ്പോഴും ആർഎസ്എസ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
ദേശീയതലത്തിൽ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ബ്രിട്ടീഷുകാർക്കെതിരെ പൊതുവായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മാത്രമല്ല, കൊളോണിയൽ ഭരണാധികാരികൾക്ക് അനുയോജ്യ നിലപാട് സ്വീകരിക്കാനും ഹിന്ദുത്വ ആശയം സവർക്കറെ പ്രേരിപ്പിച്ചു. തന്റെ രചനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ദേശവിരുദ്ധ, മുസ്ലിം വിരുദ്ധ വികാരങ്ങളെ കൂട്ടിയോജിപ്പിക്കാൻ സവർക്കർ ശ്രമിക്കുകയും ചെയ്തു. സവർക്കറുടെ ഈ നിലപാട് തന്നെയാണ് ആർഎസ്എസ് പിന്തുടർന്നത്. ഇതെല്ലാം കൊണ്ടാണ് സ്വാതന്ത്ര്യദിനത്തിൽ സവർക്കറെയും ആർഎസ്എസിനെയും പ്രശംസിക്കുന്നത് നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളെയും ദേശീയ പ്രസ്ഥാനത്തെയും അപമാനിക്കുന്നതിന് തുല്യമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.