22 December 2024, Sunday
KSFE Galaxy Chits Banner 2

കരുതിയിരിക്കണം, പുതിയ രോഗ മുന്നറിയിപ്പിനെ

Janayugom Webdesk
May 27, 2023 5:00 am

ഈ മാസം ആദ്യത്തെ ആഴ്ചയിലാണ് ലോകത്തിനാകെ ആശ്വസിക്കാനാകുന്ന വിധം കോവിഡ് ആഗോള മഹാമാരിയല്ലെന്ന പ്രഖ്യാപനം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യിൽ നിന്നുണ്ടായത്. കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പിൻവലിച്ചു. കോവിഡ് രോഗവ്യാപനം അവസാനിച്ചിട്ടില്ലെന്നും അതേസമയം രോഗതീവ്രത ആരംഭകാലത്ത് ഉണ്ടായിരുന്നത് പോലെ ഭയക്കേണ്ടതില്ലെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. 2020 ജനുവരി 30ന് ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 70 ലക്ഷത്തോളം പേരുടെ ജീവൻ കവർന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ലോകാരോഗ്യ സംഘടന തന്നെ വെളിപ്പെടുത്തിയതനുസരിച്ച് ചില രാജ്യങ്ങൾ വ്യക്തമായ കണക്കുകൾ പുറത്തുവിടാതിരുന്നതു കണക്കിലെടുക്കുമ്പോള്‍ അനൗദ്യോഗിക എണ്ണം ഇതിനെക്കാൾ കൂടുതലായിരിക്കുമെന്ന കാര്യത്തിലും സംശയമില്ല. വൻകിട രാജ്യങ്ങളിലുൾപ്പെടെ ആരോഗ്യപരിപാലന രംഗം കൊട്ടിഘോഷിക്കുന്നതിനപ്പുറം എത്രമേൽ പരിമിതമാണ് എന്ന് ബോധ്യപ്പെടുത്തിയതായിരുന്നു കോവിഡ് വ്യാപനം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളും അതിന് പുറത്തായിരുന്നില്ല, ഭരണാധികാരികൾ അവകാശപ്പെടുന്നത് മറ്റൊന്നാണെങ്കിലും. ഇതിന് മുമ്പുണ്ടായിരുന്ന പകർച്ച വ്യാധികളിൽ നിന്ന് വ്യത്യസ്തമായി കോവിഡിനുണ്ടായിരുന്ന പ്രത്യേകത പ്രതിരോധ മരുന്ന് പെട്ടെന്ന് കണ്ടെത്താനായി എന്നതാണ്. പിറവിയും വ്യാപനവും കച്ചവട താല്പര്യങ്ങളും ഇപ്പോഴും സംശയാസ്പദമാണെങ്കിലും ആദ്യകാലത്തേതുപോലെ ആശങ്കപ്പെടേണ്ടതില്ലെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം വളരെയധികം ആശ്വാസകരമാണ്. പക്ഷേ അതിനു തൊട്ടുപിന്നാലെ ഡബ്ല്യുഎച്ച്ഒയിൽ നിന്നുണ്ടായിരിക്കുന്ന മുന്നറിയിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്.

 


ഇതുകൂടി വായിക്കു; കാലാവസ്ഥാ വ്യതിയാനവും ജിഡിപിയും


കോവിഡിനെക്കാൾ മാരകമായ മഹാമാരിക്ക് സാധ്യതയുണ്ടെന്നാണ് ബുധനാഴ്ച ഡബ്ല്യുഎച്ച്ഒയിൽ നിന്നുണ്ടായിരിക്കുന്ന മുന്നറിയിപ്പ്. മാത്രവുമല്ല കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്ന് സംശയിക്കുന്ന ചൈനയിൽ വീണ്ടും പുതിയ വ്യാപനമുണ്ടായിരിക്കുന്നുവെന്ന വാർത്തയും കഴിഞ്ഞദിവസം പുറത്തുവന്നിട്ടുണ്ട്. പുതിയ കോവിഡ് വകഭേദങ്ങൾ അവിടെ തരംഗത്തിന് കാരണമായിരിക്കുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾക്ക് താല്‍ക്കാലിക അംഗീകാരം നല്കിയെന്നും വാർത്തയിലുണ്ട്. ഇതുവരെയുണ്ടായതിനെക്കാൾ വലിയ വ്യാപനം സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പും വിദഗ്ധർ നല്കിയിട്ടുണ്ട്. ഇതിന്റെ കൂടെത്തന്നെയാണ് പുതിയ രോഗത്തെ കുറിച്ചുള്ള ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പുണ്ടായിരിക്കുന്നതെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടത്, കോവിഡിനെക്കാൾ മാരകമായതാണ് വരാൻ പോകുന്നതെന്നതാണ്. വ്യാപനം ശക്തമായിരിക്കുമെന്ന് മാത്രമല്ല, കൂടുതൽ മരണത്തിനും കാരണമായേക്കുമെന്നാണ് ഡബ്ല്യുഎച്ച്ഒ അധ്യക്ഷൻ ടെഡ്രോസ് അദാനോം തന്നെ വ്യക്തമാക്കിയിട്ടുള്ളത്. പകർച്ചവ്യാധി ചെറുക്കുന്നതിനും വ്യാപനം തടയുന്നതിനും മുൻകരുതലെടുക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കു;ജനകീയമായി ആരോഗ്യ കേന്ദ്രങ്ങൾ


കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2019 അവസാനമായിരുന്നുവെങ്കിലും ശ്വാസകോശ സംബന്ധിയായൊരു മാരക രോഗത്തെ കുറിച്ച് അതിന് മാസങ്ങൾക്ക് മുമ്പുതന്നെ ചില ആരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നല്കിയിരുന്നതാണ്. ലോകാരോഗ്യ സംഘടനയിലും അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയിലും പ്രവർത്തിച്ച് പരിചയമുള്ള ചിലർ ചേർന്ന് രൂപീകരിച്ച ഗ്ലോബൽ പ്രിപ്പേർഡ്നെസ് മോണിറ്ററിങ് ബോർഡ് (ഐബിപിഎം) ആ വർഷം സെപ്റ്റംബറിലാണ് അപകട സാധ്യത നിറഞ്ഞ ലോകം എന്ന റിപ്പോർട്ടിൽ വരാനിരിക്കുന്ന മാരക രോഗത്തെയും കൈക്കൊള്ളേണ്ട മുൻകരുതലുകളെയും വ്യക്തമാക്കിയുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. എന്നാൽ പ്രസ്തുത റിപ്പോർട്ട് മാത്രമല്ല, പിന്നീട് കോവിഡ് എന്ന് നാമകരണം നടത്തിയ രോഗം വ്യാപകമായിട്ടും ആദ്യഘട്ടത്തിൽ രാജ്യഭരണാധികാരികൾ വേണ്ടത്ര ജാഗ്രത കൈക്കൊണ്ടില്ലെന്നത് നമ്മുടെ അനുഭവമാണ്. ഇവിടെ മാത്രമായിരുന്നില്ല അത് സംഭവിച്ചത്. വലിയ പുരോഗതി കൈവരിച്ചുവെന്ന് മേനിനടിക്കുന്ന രാജ്യങ്ങൾ പോലും കോവിഡിന് മുന്നിൽ പകച്ചുനില്‍ക്കുന്ന കാഴ്ചയുണ്ടായി. അതുകൊണ്ടുകൂടിയാണ് രോഗവ്യാപനവും മരണ നിരക്കും കൂടിയത്. കോവിഡ് ഒരു രോഗമെന്ന നിലയിൽ നമ്മുടെ ആരോഗ്യ പരിപാലന രംഗത്തെ പ്രതിസന്ധി മാത്രമല്ല തുറന്നുകാട്ടിയത്. അത് സമ്പദ്ഘടനയിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കുകയും അതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും തുടരുകയുമാണ്. ദരിദ്രനെന്നോ ധനികനെന്നോ വ്യത്യാസമില്ലാതെ നമ്മുടെ പരിമിതികൾ ബോധ്യപ്പെട്ട ഘട്ടം കൂടിയായിരുന്നു അത്. എല്ലാ സർക്കാരുകളും അതാത് പൗരന്മാരുടെ സുരക്ഷയെന്നതിന് പ്രഥമ പരിഗണന നല്കി ഏറ്റെടുക്കണമെന്നാണ് കോവിഡ് നല്കിയ ഏറ്റവും വലിയ പാഠം. വളരെയേറെ മുന്നേറിയെന്ന് പറയുമ്പോഴും ആരോഗ്യ പരിപാലന രംഗത്തിനായി കൂടുതൽ തുക നീക്കിവയ്ക്കുകയും ഗവേഷണ സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്യണമെന്നും കോവിഡ് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. പുതിയ രോഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ഗൗരവത്തോടെ കാണാൻ നമ്മുടെ സർക്കാരുകളും ആരോഗ്യ വിദഗ്ധരും ഗവേഷണ രംഗത്തെ പ്രമുഖരും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.