2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജമ്മു കശ്മീരിനെ പിടിക്കുവാന്‍ ആവനാഴിയിലെ അസ്ത്രങ്ങളത്രയും പ്രയോഗിക്കുന്നുണ്ട്. ഓരോന്ന് പാഴാകുമ്പോഴും പുതിയതു പ്രയോഗിച്ച് ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണവര്‍. 2014ല്‍ ജമ്മു കശ്മീരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് വിധിയിലുണ്ടായ രാഷ്ട്രീയ അനിശ്ചിത്വം കാരണം ആദ്യം ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയെങ്കിലും അധികാരത്തിന്റെ പങ്കു പറ്റുവാന്‍ പിഡിപിയോട് ചേരുന്നതിന് ബിജെപിക്ക് മടിയുണ്ടായില്ല. പിഡിപി 28, ബിജെപി 25, നാഷണല്‍ കോണ്‍ഫറന്‍സ് 15, കോണ്‍ഗ്രസ് 12 എന്നിങ്ങനെയായിരുന്നു കക്ഷിനില. എങ്ങനെയെങ്കിലും കശ്മീരിന്റെ അധികാരം നേടുക എന്നതു മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതുവരെ വിഘടനവാദികളെന്ന് തങ്ങള്‍ മുദ്രകുത്തിയ പിഡിപിയോട് ചേര്‍ന്ന് ബിജെപി ഉളുപ്പില്ലാതെ ഭരണത്തിന് തയാറാകുകയായിരുന്നു. അങ്ങനെയാണ് 2015 മാര്‍ച്ചില്‍ ബിജെപി കൂടി പങ്കാളിയായ ഭരണം സംസ്ഥാനത്തുണ്ടാകുന്നത്. 2016ല്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയുണ്ടായെങ്കിലും അതേവര്‍ഷം മാര്‍ച്ചില്‍ മെഹബൂബ മുഫ്തി ബിജെപി പിന്തുണയോടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.
വിവിധ സംഭവങ്ങളെ തുടര്‍ന്ന് ബിജെപി — പിഡിപി സഖ്യത്തിനകത്ത് അഭിപ്രായ ഭിന്നതകള്‍ ആവര്‍ത്തിക്കുകയും സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതല്‍ വഷളാവുകയും ചെയ്തതിനെ തുടര്‍ന്ന് ജൂണ്‍ 19 ന് മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കി ബിജെപി സംസ്ഥാനത്ത് വീണ്ടും ഗവര്‍ണര്‍ ഭരണത്തിന് അവസരമൊരുക്കി. വിവിധ കക്ഷികള്‍ ചേര്‍ന്ന് ബിജെപിയില്ലാതെ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന് വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് നിയമസഭ തന്നെ പിരിച്ചുവിടുന്ന സാഹചര്യമാണുണ്ടായത്. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്നുള്ള സഖ്യം മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള ധാരണ അന്തിമഘട്ടത്തിലെത്തുന്നുവെന്നു വന്നപ്പോഴാണ് നിയമസഭ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുകയും ചെയ്തത്. പിന്നീട് ഇതുവരെ കശ്മീരില്‍ ജനാധിപത്യ രീതിയിലുള്ള ഭരണമുണ്ടായിട്ടില്ല. രാഷ്ട്രപതി ഭരണത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ ഗവര്‍ണറും ഉദ്യോഗസ്ഥ രും ചേര്‍ന്നുള്ള അടിച്ചേല്പിക്കലുകളാണ് അവി ടെ നടന്നുകൊണ്ടിരിക്കുന്നത്.
ജനാധിപത്യ രീതിയില്‍ കശ്മീരിന്റെ ഭരണം പിടിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നുവന്നപ്പോഴാണ് 2019 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനാനുസൃതം നല്കിയിരുന്ന പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞ് സംസ്ഥാന വിഭജനം സാധ്യമാക്കിയത്. റബ്ബര്‍ സ്റ്റാമ്പുകളായി ഗവര്‍ണര്‍മാരെയും ഉദ്യോഗസ്ഥമേധാവികളെയും പ്രതിഷ്ഠിച്ച് കശ്മീരിനെ വരുതിയിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എങ്കിലും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ബിജെപിക്കകത്തുനിന്ന് തന്നെ ഉയരുകയും ചെയ്തു. അങ്ങനെയാണ് മണ്ഡല പുനര്‍ വിഭജനത്തിലൂടെ വിജയം എളുപ്പമാക്കുകയെന്ന കുബുദ്ധി പ്രയോഗിക്കുവാന്‍ ശ്രമമുണ്ടായത്. അതിനെതിരെയും ശക്തമായ പ്രതിഷേധമുണ്ടായി. അതിന്റെയും ഒടുവില്‍ കണ്ടെത്തിയ മാര്‍ഗമാണ് വോട്ടര്‍മാരെ ഇറക്കുമതി ചെയ്ത് കശ്മീര്‍ പിടിക്കുക എന്നുള്ളത്. 25 ലക്ഷം ഇറക്കുമതി വോട്ടര്‍മാരുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ നല്കിയിരിക്കുന്ന സൂചന.
അതിനിടയില്‍ 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുനിലയെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. ആകെയുണ്ടായിരുന്ന 73.17 ലക്ഷം വോട്ടര്‍മാരില്‍ 48.23 ലക്ഷം (65.91 ശതമാനം) പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 28 സീറ്റ് ലഭിച്ച പിഡിപിക്ക് 10.92 ലക്ഷം, 15 അംഗങ്ങളുള്ള നാഷണല്‍ കോണ്‍ഫറന്‍സിന് 10 ലക്ഷം, 12 പേരെ ജയിപ്പിക്കുവാനായ കോണ്‍ഗ്രസിന് എട്ടു ലക്ഷം വീതം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 25 അംഗങ്ങളുള്ള ബിജെപിക്ക് ലഭിച്ചത് 11.07 ലക്ഷം വോട്ടുകളായിരുന്നു.
ഈ പശ്ചാത്തലത്തില്‍വേണം പുറത്തുനിന്ന് വന്ന 25 ലക്ഷം പേര്‍ക്കു കൂടി വോട്ടവകാശം നല്കാനുള്ള ബിജെപി കുതന്ത്രത്തിനു പിന്നിലെ ഗൂഢതന്ത്രം തിരിച്ചറിയേണ്ടത്. റോഹിങ്ക്യന്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം വിഭാഗത്തിന് വോട്ടുണ്ടാവില്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന വോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള എളുപ്പവഴിയാണ് ഈ നടപടിയിലൂടെ ബിജെപി ലക്ഷ്യംവയ്ക്കുന്നത്. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് പോലും നല്കാതെ ഉദാരമായാണ് പുറത്തുനിന്നുള്ളവര്‍ക്ക് വോട്ടര്‍മാരാകുന്നതിന് അവസരം നല്കുന്നത്. 2019ലെ നിയമഭേദഗതിക്കു പിന്നാലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വന്ന് തോന്നിയതുപോലെ ഭൂമി ഉള്‍പ്പെടെ സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരുന്നു. അത് ഇത്തരമൊരു ഗൂഢാലോചനയുടെ ആദ്യപടിയായിരുന്നുവെന്നുവേണം കരുതേണ്ടത്. വിനോദ സഞ്ചാരം, വിലകൂടിയ കുങ്കുമപ്പൂക്കള്‍, ആപ്പിള്‍ തോട്ടങ്ങള്‍.. കശ്മീരിന്റെ വിപണി സാധ്യതകള്‍ അനന്തമാണ്. അതിനെ സ്വന്തമാക്കുകയെന്ന കച്ചവട താല്പര്യം വിജയിക്കണമെങ്കില്‍ വഴിവിട്ടാണെങ്കിലും അധികാരം പിടിക്കണമെന്ന ദുരുദ്ദേശ്യമേ ബിജെപിയുടെ ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കു പിന്നിലുള്ളൂ. അതിനുള്ള അവസാന അസ്ത്രപ്രയോഗമാണ് ഈ കാല്‍കോടി ഇറക്കുമതി വോട്ടിനുള്ള തീരുമാനം.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.