26 June 2024, Wednesday
KSFE Galaxy Chits

സംഘ്പരിവാര്‍ പാളയത്തില്‍ ചക്കളത്തിപ്പോര്

Janayugom Webdesk
June 17, 2024 5:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യ സർക്കാർ രൂപീകരണത്തെയും തുടർന്ന് പതിവിന് വിപരീതമായി സംഘ്പരിവാർ പാളയത്തിൽനിന്നും ഉയരുന്ന അപശബ്ദങ്ങൾ രാഷ്ട്രീയവൃത്തങ്ങൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ 10വർഷങ്ങളിൽ ഒരിക്കൽപ്പോലും ഉയർന്നുകേൾക്കാത്ത രൂക്ഷവിമർശനങ്ങളാണ്, പേരെടുത്തുപറയാതെയെങ്കിലും, മോഡിക്കും അധികാരം കയ്യാളുന്ന ബിജെപിയുടെ ഉന്നത നേതൃത്വത്തിനും നേരെ സംഘ്പരിവാറിന്റെ പരമോന്നത നേതൃത്വത്തിൽനിന്നും ഉയർന്നത്. ആദ്യത്തെ വെടി പൊട്ടിച്ച് രംഗത്തെത്തിയത് സാക്ഷാൽ സർസംഘചാലക് മോഹൻ ഭാഗവത് തന്നെ. ആർഎസ്എസ് പരിശീലന പരിപാടിയുടെ സമാപനത്തിൽ സ്വയംസേവകരെ അഭിസംബോധന ചെയ്യവേ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രകടിപ്പിച്ച അനൗചിത്യത്തെപ്പറ്റിയും മണിപ്പൂരിലെ സംഘർഷം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിന് സംഭവിച്ച പരാജയത്തെയും ഭാഗവത് എടുത്തുകാട്ടി. മോഡിയുടെയോ അമിത് ഷായുടെയോ പേരെടുത്തുപറയാതെ നടത്തിയ വിമർശനം ആരെ ലക്ഷ്യംവച്ചുള്ളതാണെന്നതിൽ ആർക്കും സംശയം ഉണ്ടാവേണ്ടതില്ല. തങ്ങൾ വഹിക്കുന്ന പദവിയുടെ മാന്യതയും സംയമനവും പ്രചരണത്തിൽ പാലിച്ചില്ലെന്നും അഹങ്കാരമില്ലാത്ത നേതാവിന് മാത്രമേ പൊതുപ്രവർത്തകൻ അഥവാ ‘സ്വയം സേവക്’ എന്ന് അവകാശപ്പെടാൻ കഴിയൂ എന്നും ഭാഗവത് പറഞ്ഞുവച്ചു. പ്രധാനമന്ത്രി മോഡി, ‘പ്രധാൻ സേവക്’ എന്ന് സ്വയം വിശേഷിപ്പിച്ചതിനെയാണ് ഭാഗവത് ഓർമ്മപ്പെടുത്തിയത് എന്നതിലും ആർക്കും സംശയം ഉണ്ടാവേണ്ടതില്ല. അധികാരലഹരി മൂത്ത മോഡി തന്റെ 10 വർഷക്കാലത്തെ ഭരണത്തിൽ ആർഎസ്എസ് നേതൃത്വത്തെ വേണ്ടത്ര കണക്കിലെടുക്കാതെയും കൂടിയാലോചനകൾ കൂടാതെയുമാണ് സ്വേച്ഛാപരമായി ഭരണനിർവഹണം തുടർന്നിരുന്നത്. രാമക്ഷേത്ര നിർമ്മാണം, പ്രാണപ്രതിഷ്ഠ, ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കൽ തുടങ്ങി സംഘ് പരിവാറിന്റെയും തീവ്ര ഹിന്ദുത്വ നിക്ഷിപ്ത താല്പര്യങ്ങളുടെയും പൂർത്തീകരണം വഴി കയ്യടി നേടുമ്പോഴും ആ പ്രതിലോമ പ്രത്യയശാസ്ത്രത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള ആർഎസ്എസിന് അർഹമായ ആദരവും അംഗീകാരവും ലഭിച്ചില്ലെന്ന വിമർശനമാണ് മറനീക്കി പുറത്തുവന്നത്. 

ഭാഗ­വ­തിന്റെ വെടിയൊച്ചയുടെ മാറ്റൊലികൾ വിവിധ കോണുകളിൽനിന്നും തുടർന്ന് കേക്കുന്നത് യാദൃച്ഛികമല്ല. ആർഎസ്­എസ് നേതാവ് ഇന്ദ്രേഷ് കുമാർ ഒരുപടികൂടി കടന്ന് ‘രാമഭക്ത’രുടെ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നത് ഭഗവാൻ രാമന്റെ ഇടപെടൽ മൂലമാണെന്നും, അതിന്റെ കാരണം അഹങ്കാരവും അസഹിഷ്ണുതയുമാണെന്നും പറഞ്ഞുവയ്ക്കുന്നു. മറ്റൊരു തീവ്ര ആർഎസ് എസ് പ്രത്യയശാസ്ത്രകാരൻ രത്തൻ ഷർദ, സംഘ് ജിഹ്വ ‘ഓർഗനൈസറി‘ൽ എഴുതിയ ലേഖനത്തിൽ ബിജെപിയുമായി സംഘിനുള്ള അതിരുകൾ വ്യക്തമാക്കുന്നു. ആർഎസ്എസ് ബിജെപിയുടെ ‘കാലാൾപ്പട’ അല്ലെന്നാണ് ഷർദ പറഞ്ഞുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ബിജെപി നേതാക്കൾ സ്വയംസേവകരുടെ സഹകരണത്തിനുവേണ്ടി ശ്രമിച്ചില്ല. അവർ ‘തെരുവുകളുടെ ശബ്‍ദം കേൾക്കാൻ വിസമ്മതിച്ചു. തെരഞ്ഞെടുപ്പ് വിജയം സാധ്യമാകുന്നത് സാമൂഹ മാധ്യമങ്ങളിലൂടെയല്ല, പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെയാണ്’, ഷർദയുടെ ലേഖനം വിമർശിക്കുന്നു. ‘ഇന്ത്യ വീണ്ടും മുന്നണി രാഷ്ട്രീയത്തിലേക്ക് വഴുതിവീണിരിക്കുന്നു. അവിടെ വിനയവും മര്യാദയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു’, മറ്റൊരു ആർഎസ്എസ് പ്രമുഖൻ റാം മാധവ് വിമർശനാത്മകമായി വിലയിരുത്തുന്നു. ആർഎസ് എസ് നേതൃത്വവും അതിന്റെ തണലിൽ ഉയർന്നുവന്ന മോഡി നയിക്കുന്ന ബിജെപി നേതൃത്വവും തമ്മിൽ കഴിഞ്ഞ 10 വർഷങ്ങളായി വളർന്നുവന്ന അകൽച്ചയും വിശ്വാസരാഹിത്യവുമാണ് ഈ വിമർശനങ്ങൾ വെളിവാക്കുന്നത്. മോഡിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആർഎസ്എസ് തയ്യാറല്ലെന്ന് വ്യക്തം. പരാജയത്തിന്റെ ഉത്തരവാദിത്തം കയ്യൊഴിയുമ്പോഴും വിശാല സംഘ്പരിവാറിന്റെ കേന്ദ്രസ്ഥാനത്ത് ആർഎസ്എസിനെ ഉറപ്പിച്ചുനിർത്തുന്നതിൽ അതിന്റെ നേതൃത്വം എന്തെങ്കിലും വിട്ടുവീഴ്ചയ്ക്ക് സന്നദ്ധമാകുമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമായിരിക്കും. മണിപ്പൂരടക്കം വിഷയങ്ങളിൽ മോഡി സർക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴും ആ കലാപത്തിനുപിന്നിൽ ആർഎസ്എസ് ആണെന്നുള്ളത് ആർക്കാണ് നിഷേധിക്കാനാവുക? ഗ്രാമീണ ഇന്ത്യയിലെ വോട്ടർമാരെ ബിജെപിക്കും മോഡിക്കുമെതിരെ തിരിയാൻ പ്രേരിപ്പിച്ച എല്ലാ പ്രതിലോമ നടപടികൾക്കും ആർഎസ്എസിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന വസ്തുതയും അനിഷേധ്യമാണ്. സഖ്യ സർക്കാർ പരാജയപ്പെട്ടാൽ പുതിയകുപ്പിയിൽ പഴയ വീഞ്ഞുമായി രംഗത്തുവരാനും ആർഎസ്എസ് മടിക്കില്ല. വ്യക്തികളെക്കാൾ തങ്ങളുടെ പ്രതിലോമ രാഷ്ട്രീയമാണ് അവർക്ക് മുഖ്യം. 

ആർഎസ്എസും ബിജെപി നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾക്ക് പുതുമയേതും ഇല്ല. അടൽബിഹാരി വാജ്പേയിയും എൽ കെ അഡ്വാനിയും പലകാര്യങ്ങളിലും ആർഎസ്എസ് നേതൃത്വവുമായി വിയോജിച്ചിരുന്നു. എന്നാൽ, നാഗ്പൂരിന് അർഹമായ ആദരവും ബന്ധത്തിലെ ഊഷ്മളതയും നിലനിർത്താൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആർഎസ്എസ് കൂടാതെ സ്വന്തം കാലിൽ നിൽക്കാന്‍മാത്രം ബിജെപി വളർന്നിരിക്കുന്നുവെന്ന ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡയുടെ പ്രസ്താവന ഇരുസംഘടനകളും എവിടെ എത്തിനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അതിനെതിരെ ആർഎസ്എസിൽനിന്നും ഒരു ശബ്‍ദവും ഉയർന്നുകേട്ടില്ലെന്നത് ശ്രദ്ധേയമാണ്. മോഡി പ്രവചിച്ചതുപോലെ നാനൂറിലധികം സീറ്റുകളുമായി ബിജെപി അധികാരത്തിൽ തിരിച്ചുവന്നിരുന്നുവെങ്കിൽ നാഗ്പൂരിൽനിന്നും ഇപ്പോഴത്തേതുപോലെ അപശബ്ദങ്ങളൊന്നും ഉയർന്നുകേൾക്കുമായിരുന്നില്ല. ഇരുമ്പ് ചുട്ടുപഴുത്തിരിക്കുമ്പോള്‍ വേണമല്ലോ അതിനെ അടിച്ചു പരുവപ്പെടുത്താൻ. അത് മാത്രമാണ് ഇപ്പോഴത്തെ കോലാഹലത്തിലൂടെ നിർവഹിക്കപ്പെടുന്നത്. അതിൽ ഒരു ചക്കളത്തിപ്പോരിന് അപ്പുറം മറ്റൊന്നും കാണേണ്ടതില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.