21 June 2024, Friday

ഐക്യവും ജാഗ്രതയും കൈവിടരുത്

Janayugom Webdesk
June 6, 2024 5:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായിരിക്കുന്നു. അന്തിമഫലമനുസരിച്ച് എൻഡിഎ സഖ്യം 293 സീറ്റുകളിൽ ജയിച്ച് ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ഇതിൽ ബിജെപിയുടെ വിഹിതം 240ആണ്. 2014ൽ 282, 2019ൽ 303 സീറ്റുകളാണ് ബിജെപി തനിച്ച് നേടിയത്. നിലവിൽ ബിജെപിക്ക് സഖ്യകക്ഷികളുടെ 50 ഉൾപ്പെടെ ചേർത്ത് 353 പേരുടെ പിന്തുണയുണ്ടായിരുന്നു. ഈ കണക്കുകളിൽ നിന്നുതന്നെ ബിജെപിക്കും സഖ്യകക്ഷികൾക്കുമുണ്ടായ തിരിച്ചടിയുടെ വ്യാപ്തി വ്യക്തമാണ്. മറുഭാഗത്ത് കഴിഞ്ഞ തവണ 52 സീറ്റിൽ ഒതുങ്ങിയിരുന്ന കോൺഗ്രസ് 99 നേടി. സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവ നില വളരെയധികം മെച്ചപ്പെടുത്തി. പിളർപ്പിന്റെ ആഘാതമുണ്ടായിട്ടും മഹാരാഷ്ട്രയിൽ ശിവസേന (ഉദ്ദവ് താക്കറെ), എൻസിപി (ശരദ് പവാർ) എന്നിവയും സാന്നിധ്യം ശക്തമാക്കി. ബിഹാറിൽ ഇന്ത്യ സഖ്യത്തിന് നല്ല മത്സരം കാഴ്ചവയ്ക്കാനായെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. എങ്കിലും രാഷ്ട്രീയ ജനതാദളിന് നാല് പേരെ ജയിപ്പിക്കാനായി. ഇന്നലെ ഇതേ കോളത്തിൽ ആദ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് വിജയത്തെ വിശദമായി വിലയിരുത്തിയിട്ടുണ്ട്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരായ ഈ വിധിയെഴുത്തിൽ ഇന്ത്യ സഖ്യത്തിന്റെ യോജിച്ച പ്രകടനങ്ങളും അതിൽത്തന്നെ കോൺഗ്രസ് കാട്ടിയ അലംഭാവവും അതിൽ പരാമർശിച്ചിട്ടുമുണ്ട്. 

തെരഞ്ഞെടുപ്പ് വിധിയെഴുത്തിനുശേഷം പല തരത്തിലുള്ള വിശകലനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിൽ പറയുന്ന എല്ലാ കാര്യങ്ങളും പ്രധാനപ്പെട്ടതാണ്. ഇന്ത്യ സഖ്യത്തിന്റെ ഐക്യവും ബിജെപി വിരുദ്ധ വികാരങ്ങളെ കൂട്ടിയോജിപ്പിക്കാൻ നടന്ന പലവിധത്തിലുള്ള ശ്രമങ്ങളും എടുത്തു പറയേണ്ടതുമാണ്. ഉത്തരേന്ത്യയിലെ ബിജെപി പരാജയത്തിന് ധ്രുവ് റാട്ടിയുടെ സമൂഹമാധ്യമ പ്രചരണങ്ങളാണ് കാരണമായതെന്ന് ചില വിലയിരുത്തലുകളുണ്ട്. അത് നിഷേധിക്കാവുന്നതല്ലെങ്കിലും ഒരിക്കലും മറക്കാൻ പാടില്ലാത്തത് ഇക്കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്ത് വളർന്നുവന്ന പ്രക്ഷോഭങ്ങളും യോജിച്ച പ്രതിരോധങ്ങളുമാണ്. അതിൽത്തന്നെ എടുത്തുകാട്ടേണ്ടതാണ് ഐതിഹാസികമായ കർഷക പ്രക്ഷോഭവും തൊഴിലാളികളുടെ യോജിച്ച പണിമുടക്കുകളും. 10കേന്ദ്ര തൊഴിലാളി സംഘടനകൾ ഇക്കാലയളവിൽ നടത്തിയ പണിമുടക്കുകൾ ഓരോന്ന് കഴിയുമ്പോഴും പങ്കാളിത്തം വർധിക്കുകയായിരുന്നു. അവർക്കൊപ്പം സംസ്ഥാനാടിസ്ഥാനത്തിലുള്ള സംഘടനകളും സർക്കാർ ജീവനക്കാരുടെ വിവിധ യൂണിയനുകളും അണിചേർന്നപ്പോൾ അത് ബിജെപി വിരുദ്ധ ശക്തികളുടെ യോജിച്ച വേദിയായി. കാൽക്കോടിയിലധികം പേർ വരെ അണിനിരന്ന തൊഴിലാളി പണിമുടക്കുകൾ രാജ്യത്തുണ്ടായി. ധ്രുവ് റാട്ടിയുടെ സമൂഹമാധ്യമ പ്രചരണം ശ്രദ്ധയാകർഷിക്കുന്നതിന് മുമ്പ് തന്നെ കർഷകസമരം തുടങ്ങുകയും അത് വിശാലമായ യോജിപ്പിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. 2020ൽ കോവിഡിന്റെ ഭീതിയും നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനിടയിലാണ് കാർഷിക കരിനിയമങ്ങൾക്ക് നരേന്ദ്ര മോഡി സർക്കാർ രൂപം നൽകുന്നത്. അതിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കർഷകർ ആരംഭിച്ച സമരമാണ് ദേശീയതലത്തിൽ വ്യാപിക്കുന്നത്. ഈ സമരത്തിന് മുന്നിലാണ് മോഡിക്ക് തോറ്റുപിൻവാങ്ങേണ്ടിവന്നതും. ഈ സംസ്ഥാനങ്ങളിൽ നിന്ന് അത് രാജസ്ഥാൻ, ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കും പടർന്നു. 

200ലധികം കർഷക സംഘടനകളുടെ യോജിച്ച വേദി രൂപപ്പെട്ടതും ഡൽഹിയെ പിടിച്ചുകുലുക്കിയ പ്രക്ഷോഭമായി അത് വളർന്നതും നമ്മുടെ അനുഭവമാണ്. നൂറോളം കർഷകരാണ് ഈ സമരങ്ങൾക്കിടെ രക്തസാക്ഷികളായത്. കർഷക‑തൊഴിലാളി സമരങ്ങൾ ശക്തിപ്പെട്ട പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപിയുടെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ബിജെപിയുടെ പരാജയത്തിന് അവയും അടിത്തറയൊരുക്കിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. പഞ്ചാബിൽ എഎപി, കോൺഗ്രസ് പാർട്ടികൾ യോജിച്ചല്ല മത്സരിച്ചതെങ്കിലും ബിജെപിക്കുണ്ടായിരുന്ന രണ്ട് സീറ്റുകളും നഷ്ടമായി. കഴിഞ്ഞ തവണ 10 സീറ്റിലും വിജയിച്ച ഹരിയാനയിൽ ഇത്തവണ അവർ അഞ്ചിലൊതുങ്ങി. 24സീറ്റുകളുണ്ടായിരുന്ന രാജസ്ഥാനിൽ ബിജെപി 14ലേക്ക് താണു. കർഷക പ്രക്ഷോഭകർക്കുനേരെ കാർ കയറ്റി കൊലചെയ്ത സംഭവം നടന്ന ലഖിംപൂർ ഖേരി ഉൾപ്പെടുന്ന മണ്ഡലത്തിൽ ബിജെപി പരാജയപ്പെട്ടു. യുപിയിലെ പല മണ്ഡലങ്ങളിലും വിജയത്തിന് കർഷകരുടെ നിലപാടുകൾ മറ്റെല്ലാത്തിനുമൊപ്പം കാരണമായിട്ടുണ്ടെന്ന് കണ്ടെത്താനാകും. ഈ പശ്ചാത്തലത്തിൽ അവരുടെ പങ്കിനെ മറന്നൊരു വിലയിരുത്തൽ അപ്രസക്തമാണ്. എങ്കിലും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള വിധിയെഴുത്തുണ്ടായിട്ടില്ലെന്ന ഭീഷണി നമുക്ക് മുന്നിലുണ്ട്. തനിച്ച് ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന സാഹചര്യമുണ്ട്. പക്ഷേ അധികാരത്തിലിരുന്നപ്പോഴും ഇലക്ടറൽ ബോണ്ട് പോലുള്ള അനാശാസ്യ മാർഗങ്ങളിലൂടെയും സമാഹരിച്ചുവച്ചിട്ടുള്ള പണമുപയോഗിച്ച് കുതിരക്കച്ചവടവും കൂറുമാറ്റലും നടത്തി തങ്ങളുടെ നിലമെച്ചപ്പെടുത്താനുള്ള നീക്കവും അവരുടെ ഭാഗത്തുനിന്നുണ്ടാകും. അതുകൊണ്ടുതന്നെ യോജിപ്പുള്ള മുന്നേറ്റങ്ങളും ജാഗ്രതയോടെയുള്ള സമീപനങ്ങളും കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങളും രാജ്യം ആവശ്യപ്പെടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.