7 May 2024, Tuesday

തെരഞ്ഞെടുപ്പ് കമ്മിഷന്‍ മോഡിയിലേക്ക് ചുരുങ്ങുമ്പോള്‍

Janayugom Webdesk
April 27, 2024 5:00 am

പ്രധാനമന്ത്രിയെന്ന നിലയില്‍ പുലര്‍ത്തേണ്ട സമവായ സമീപനം ബോധപൂർവം വലിച്ചെറിഞ്ഞ് ധാർഷ്ട്യവും ആക്ഷേപവും ഒരു വിഭാഗത്തിനെതിരെ ചൊരിയുന്ന നരേന്ദ്ര മോഡിയുടെ സമീപനം തെരഞ്ഞെടുപ്പിനപ്പുറം ഗൗരവമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നു. നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ മക്കളുള്ളവർ തുടങ്ങിയ ആക്ഷേപങ്ങൾ പ്രധാനമന്ത്രി സ്വന്തം പൗരന്മാർക്കെതിരെ ചൊരിയുന്നതിന്റെ ദുർഗന്ധം രാജ്യത്തെ മലീമസമാക്കുന്നു. പെരുമാറ്റച്ചട്ടത്തെയും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശങ്ങളെയും വെല്ലുവിളിച്ച് വിദ്വേഷ പ്രസംഗം തുടരുകയാണ് നരേന്ദ്ര മോഡി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മുസ്ലിങ്ങളെ അടച്ചാക്ഷേപിച്ച് മോഡി നടത്തിയ നിരവധി പ്രസംഗങ്ങളുടെ പശ്ചാത്തലം ഓർമ്മിക്കുമ്പോൾ ഇതിലൊന്നിലും അത്ഭുതപ്പെടേണ്ടതുമില്ല. സമൂഹത്തിൽ ഭിന്നിപ്പിനു കാരണമാകുന്ന പരാമർശങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പിന്റെയും ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, തന്നെ നിയമിക്കുന്നയാളോട് വിധേയത്വം കാട്ടുന്ന തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ജനാധിപത്യത്തെയും രാജ്യത്തെയും തകർക്കുകയാണ്. ബലഹീനരുടെയും തെറ്റിദ്ധരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊള്ളുന്നവരായിരിക്കണം തെരഞ്ഞെടുപ്പ് കമ്മിഷണർ എന്ന് സുപ്രീം കോടതി പറഞ്ഞതെല്ലാം പാഴ്‌വാക്കായിരിക്കുന്നു. 2019ലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഡി നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ പരാതിയുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു നടപടിയുമെടുത്തില്ല. പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെയുള്ള പരാതികളിൽ നടപടിയെടുക്കാത്തതിന് സുപ്രീം കോടതിയിൽ ഹര്‍ജി എത്തിയപ്പോഴാണ് 2019ൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പരാതികൾ പരിഗണിക്കാനെങ്കിലും തയ്യാറായത്. അതാകട്ടെ മോഡിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടായിരുന്നു. നിലവില്‍, വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടോ എന്നുപോലും വ്യക്തമാക്കാൻ കമ്മിഷന്‍ ആദ്യഘട്ടം തയ്യാറായിരുന്നില്ല. നോക്കട്ടെ, പരിശോധിക്കാം എന്ന നിലപാടിലായിരുന്നു കമ്മിഷൻ.

 


ഇതുകൂടി വായിക്കൂ: മാ! നിഷാദ; ഇരുട്ട് മായണം ഈ തെരഞ്ഞെടുപ്പില്‍


മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് മോഡി വിദ്വേഷപ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സിപിഐ അടക്കം പ്രതിപക്ഷ പാർട്ടികൾ കമ്മിഷന് പരാതി നൽകിയിരുന്നു. സംവിധാൻ ബച്ചാവോ നാഗ്രിക് അഭിയാൻ 17,400 പേർ ഒപ്പിട്ട നിവേദനവും അയച്ചു. വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും ഹർജികളുണ്ട്. ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയോട് വിശദീകരണം തേടിയിരിക്കുകയാണ്. തിങ്കളാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മിഷൻ നൽകിയ കത്തിലുള്ളത്. പെരുമാറ്റച്ചട്ട ലംഘനങ്ങൾ ആരോപിക്കപ്പെടുന്നതിന്റെ നോട്ടീസ് ബന്ധപ്പെട്ട സ്ഥാനാർത്ഥിക്കോ താരപ്രചാരകനോ നേരിട്ട് നൽകിയിരുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഇതാദ്യമായാണ് പാർട്ടി അധ്യക്ഷന് നോട്ടീസ് നൽകുന്നത്. പാർട്ടികളുടെ താരപ്രചാരകരുടെ വിവാദ പരാമർശങ്ങൾക്ക് പാർട്ടി അധ്യക്ഷന്മാർ ഉത്തരവാദികളെന്ന ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പ് പ്രകാരമാണ് കമ്മിഷന്റെ പുതിയ നടപടി. അതേസമയം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും, ബിജെപിയിലെ ദിലീപ് ഘോഷ്, കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, സുപ്രിയ ശ്രീനേറ്റ്, എഎപി നേതാവ് അതിഷി എന്നിവരുൾപ്പെടെ നേതാക്കൾക്ക് കമ്മിഷൻ നേരിട്ടാണ് നോട്ടീസ് നൽകിയത്. എന്നാൽ മോഡിയുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മറ്റൊരു നിലപാട് സ്വീകരിക്കുകയായിരുന്നു.

ദുർബലനും അധികാരികൾക്ക് മുന്നിൽ മുട്ടിലിഴയുന്നവനുമായൊരാളെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വർഷം സുപ്രീം കോടതി പറഞ്ഞത്. ജനാധിപത്യത്തിന്റെ ശ്രേഷ്ഠമായ മുഖം സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതാകണം തെരഞ്ഞെടുപ്പ്. നടപടിക്രമങ്ങള്‍ സ്വതന്ത്രവും നീതിയുക്തവുമാകണം. ഏതു വമ്പനെയും അധികാരത്തിൽനിന്ന് താഴെയിറക്കാൻ ജനങ്ങള്‍ക്ക് കഴിയും. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കാത്ത ഒരു തെരഞ്ഞെടുപ്പ് കമ്മിഷൻ, നിയമവാഴ്ചയുടെ അടിത്തറ ഉടയ്ക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ബഹുമാനിക്കുന്ന ഭരണകൂടമാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നത്. ജനങ്ങളിൽ കൂടുതൽ പ്രതീക്ഷയര്‍പ്പിക്കുകയാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാർട്ടികള്‍ ചെയ്യേണ്ടത്. 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച ആദിത്യനാഥിന്റെ വഴിയെ മോഡിയും സഞ്ചരിക്കുമ്പോള്‍ ജനാധിപത്യ മതേതര ഇന്ത്യ ഭൂതകാലശേഷിപ്പുകളില്‍ മാത്രം അവശേഷിക്കുമെന്ന ഭയാനകമായ അവസ്ഥ സൃഷ്ടിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.