ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതിവേഗത്തിലാണെന്നും ജിഡിപി ഇരട്ട അക്കത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ സാമ്പത്തിക മേധാവികള്‍ അവകാശപ്പെട്ടു തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. എല്ലാ സര്‍ക്കാരുകളും തങ്ങളുടെ ഭരണകാലയളവില്‍ സാമ്പത്തിക മികവിനെ പൊലിപ്പിച്ചു കാട്ടുവാനാണ് ശ്രമിക്കാറുള്ളത്. അതിന് പക്ഷേ യാഥാര്‍ത്ഥ്യത്തോട് അല്പമെങ്കിലും അടുപ്പമുണ്ടാകും. പക്ഷേ ബിജെപിയും അതിന്റെ മാധ്യമ നിര്‍വഹണ സംഘവും അമിതമായ അവകാശവാദങ്ങളും കെട്ടുകഥകളുമാണ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അഞ്ചു ട്രില്യന്‍ സമ്പദ്ഘടനയായി മാറുമെന്ന് അധികാരത്തിലെത്തിയതു മുതല്‍തന്നെ അവകാശപ്പെട്ടുതുടങ്ങിയതാണ്. പക്ഷേ സമ്പദ്ഘടന മുന്നേറുന്ന സാഹചര്യങ്ങളല്ല സൃഷ്ടിക്കപ്പെട്ടത്. സര്‍ക്കാരിന്റെ തന്നെ നടപടികള്‍ വന്‍ ആഘാതങ്ങളുണ്ടാക്കിയപ്പോള്‍ പിറകോട്ട് പോക്കാണ് ദൃശ്യമായത്. നോട്ടു നിരോധനവും ചരക്കുസേവന നികുതി നടപ്പിലാക്കിയതും വന്‍ തിരിച്ചടികളുണ്ടാക്കിയ സര്‍ക്കാര്‍ നടപടികളായിരുന്നു. അപ്പോഴും ഇരട്ട അക്ക വളര്‍ച്ചയും അഞ്ചു ട്രില്യന്‍ സമ്പദ്ഘടനയും തന്നെ ബിജെപി പ്രഭൃതികള്‍ വായ്ത്താരി മുഴക്കിക്കൊണ്ടിരുന്നു. നേരിയൊരു സൂചന പോലും സാമ്പത്തികമായി മുന്നേറുന്നതിന്റേതായി കാണാനായിരുന്നില്ല. പക്ഷേ ഓരോ വര്‍ഷവും പിറകോട്ടടി സംഭവിക്കുമ്പോള്‍ ഉയര്‍ത്തിക്കാട്ടുവാന്‍ ഓരോ കാരണങ്ങള്‍ കിട്ടുമായിരുന്നു. അങ്ങനെ കിട്ടിയ കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞയുടന്‍ ധനമന്ത്രാലയവും ബിജെപിയും അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചുതുടങ്ങി. പക്ഷേ സമീപകാലത്തുവരുന്ന ഒരു പ്രവചനത്തിലും 2029ല്‍ അഞ്ച് ട്രില്യന്‍ സമ്പദ്ഘടനയെന്ന ലക്ഷ്യത്തിലെത്തിച്ചേരാനാകുമെന്നതിന്റെ സൂചനകള്‍ പോലുമില്ല.
അടുത്ത കാലത്തുവന്ന വിവിധ ഏജന്‍സികളുടെ പ്രവചനങ്ങളിലോ വിലയിരുത്തലുകളിലോ രാജ്യത്തിന്റെ ദ്രുതവേഗത്തിലുള്ള വളര്‍ച്ചയല്ല പറഞ്ഞിട്ടുള്ളത്. ലോകത്തെ സമ്പന്നര്‍ കടന്നുവരാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ നിന്ന് 8,000 കോടീശ്വരന്മാര്‍ പലായനം ചെയ്തുവെന്ന റിപ്പോര്‍ട്ടുണ്ടായത് മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ്. ഹെന്‍ലി ആന്റ് പാര്‍ട്ണേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് കൂടുതല്‍ കോടീശ്വരന്മാര്‍ പലായനം ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഒരു ഭാഗത്ത് ഭരണാധികാരികളുടെ എല്ലാവിധ സഹായങ്ങളും ഒത്താശകളുമുണ്ടാകുന്നതിനാല്‍ ഒരുവിഭാഗം അതിസമ്പന്നതയുടെ ഉന്നതങ്ങളിലെത്തുന്നുവെന്ന നേട്ടം മാത്രമേ പ്രധാനമായും സംഭവിക്കുന്നുള്ളൂ. കോര്‍പറേറ്റ് ആഭിമുഖ്യ ഭരണമാണുള്ളത് എന്നതിനാല്‍ കൂടുതല്‍ കോടീശ്വരന്മാര്‍ സൃഷ്ടിക്കപ്പെടുന്നതുകൊണ്ട് ഈ പലായനം പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നില്ലെങ്കിലും വളര്‍ച്ചയുടെ ഗതിവേഗത്തെ തടയുന്നു. അതുകൊണ്ടുതന്നെയാണ് വലതുപക്ഷ ധന വിദഗ്ധര്‍ അവകാശപ്പെടുന്ന വളര്‍ച്ച ഇന്ത്യക്കു നേടാനാകാതെ പോകുന്നത്. പക്ഷേ അത് സമ്മതിച്ചുതരാന്‍ അവര്‍ തയാറാകുന്നില്ലെന്നതാണ് വൈരുധ്യം. പിന്നെയും അവകാശവാദം ആവര്‍ത്തിക്കുകയും ചെയ്യുന്നു.
സാമ്പത്തിക വര്‍ഷത്തിലെ രണ്ടുപാദങ്ങള്‍ പിന്നിട്ടതിനു ശേഷം പുറത്തുവന്ന വളര്‍ച്ചാ അനുമാനങ്ങളെല്ലാം രാജ്യത്തിന്റെ പ്രതീക്ഷിത മൊത്ത ആഭ്യന്തരോല്പാദനം രണ്ടക്കം കടക്കണമെങ്കില്‍ വളരെക്കാലമെടുക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായിരിക്കുമെന്ന് സെപ്റ്റംബറില്‍ പ്രവചിച്ച ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍ തിങ്കളാഴ്ച അത് തിരുത്തുകയും ഏഴുശതമാനത്തില്‍ നില്ക്കുമെന്ന പുതിയ അനുമാനം രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് ആറിനും 6.5നുമിടയിലായിരിക്കുമെന്നാണ് എസ്‍ ആന്റ് പി പ്രവചനം. വിലക്കയറ്റം, പണപ്പെരുപ്പം, പലിശ നിരക്കുകളിലെ വര്‍ധന എന്നിവ കാരണം മിക്കവാറും എല്ലാ ഏജന്‍സികളും വളര്‍ച്ചാനുപാതം കുറയ്ക്കുകയാണ് ചെയ്തത്. അന്താരാഷ്ട്ര ഏജന്‍സിയായ ഫിച്ച് റേറ്റിങ് നേരത്തെ പ്രവചിച്ചിരുന്ന 7.8ല്‍ നിന്ന് ഏഴായി അനുമാനം വ്യത്യാസപ്പെടുത്തിയിരുന്നു. ഇന്ത്യ റേറ്റിങ്സ് 6.9 ആയും പുതുക്കി. ഏഴായിരുന്നു നേരത്തെ ഇവരുടെ അനുമാനം. എഡിബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും വളര്‍ച്ചാനുപാതം കുറച്ചു.
ഇതോടൊപ്പം നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായി കുറഞ്ഞുവെന്ന റോയിട്ടേഴ്സ് സര്‍വേയും പുറത്തുവന്നിട്ടുണ്ട്. കയറ്റുമതിയിലും നിക്ഷേങ്ങളിലുമുണ്ടായ ഇടിവാണ് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ ഇടിവുണ്ടായെന്ന റിപ്പോര്‍ട്ടും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പിറകോട്ടടിയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 2020–21ല്‍ കുടുംബങ്ങളുടെ മൊത്ത സാമ്പത്തിക സമ്പാദ്യം 15.9 ശതമാനമായിരുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.8 ശതമാനമായി ചുരുങ്ങി. 2021–22ൽ ഗാർഹിക നിക്ഷേപം 2.5 ശതമാനമായും കുറഞ്ഞു. ഈ വിധത്തില്‍ എല്ലാ മേഖലകളിലും സമ്പദ്ഘടന തളര്‍ച്ചയെ നേരിടുമ്പോഴും അഞ്ചു ട്രില്യന്‍ സമ്പദ്ഘടന, ഇരട്ട അക്കത്തിലുള്ള വളര്‍ച്ച തുടങ്ങിയ കണ്‍കെട്ടു പ്രചരണങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര സര്‍ക്കാരും വലതുപക്ഷ സാമ്പത്തിക പ്രചാരകരും ശ്രമിക്കുന്നത്. പക്ഷേ വസ്തുതകളെ ഏറെക്കാലം മറച്ചുപിടിക്കാനാവില്ലെന്നാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നതിലൂടെ മനസിലാക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.