27 March 2024, Wednesday

Related news

March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 22, 2024
March 22, 2024
March 21, 2024
March 21, 2024
March 21, 2024
March 21, 2024

ഉണ്ണുന്ന ചോറിൽ മണ്ണിടുന്നവരും വിശക്കുന്നവരെ ഊട്ടുന്നവരും

Janayugom Webdesk
November 28, 2022 5:00 am

മൂഹം രണ്ടു വിഭാഗമുണ്ട്; ഉണ്ണുന്ന ചോറിൽ മണ്ണിടുന്നവരും വിശക്കുന്നവരെ ഊട്ടുന്നവരും. വ്യക്തികളുടെ ഇതേ സവിശേഷത ഭരണകൂടങ്ങൾക്കുമുണ്ട്. ഇതിൽ ആദ്യത്തെ ഗണത്തിൽപ്പെടുന്നതാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ. കേരളത്തിലെ ഇടതുപക്ഷ സർക്കാരാകട്ടെ തളരുന്ന ജനതയെ ചേർത്തുപിടിച്ച് താങ്ങാവുന്നു. ഇക്കാര്യം ആവർത്തിച്ച് തെളിയിക്കുന്നതും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ആഘോഷത്തിൽപ്പെടാതെ പോയതുമായ രണ്ട് വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2018 ലെ പ്രളയകാലത്ത് എഫ്‌സിഐയിൽനിന്ന് വാങ്ങി സംസ്ഥാന സർക്കാർ വിതരണം ചെയ്ത അരിയുടെ വിലയായി കേന്ദ്രം 205.81 കോടി ആവശ്യപ്പെട്ടതായിരുന്നു ഒന്ന്. പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് കേന്ദ്രം വെട്ടിക്കുറച്ചതാണ് അടുത്തത്. ഈ വിഷയങ്ങളും അതിൽ കേരളസർക്കാരിന്റെ ഇടപെടലുകളും വലിയ മാധ്യമ കാേലാഹലങ്ങളുണ്ടാക്കിയില്ല. പ്രളയകാലത്ത് കേരളത്തിന് നൽകിയ അരിയുടെ പണം തിരിച്ചുവേണമെന്ന് മുമ്പ് പലതവണ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നോ ദുരന്തനിവാരണ ഫണ്ടിൽ നിന്നോ തിരിച്ചുപിടിക്കുമെന്നായിരുന്നു ഇത്തവണ അന്ത്യശാസനം. ഇതോടെ കേന്ദ്രത്തിന് പണം നൽകാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ: അരിവില ഉയരുമെന്ന് കേന്ദ്ര സര്‍ക്കാര്‍


കേരളം മുമ്പെങ്ങുമില്ലാത്ത ദുരിതമാണ് മഹാപ്രളയകാലത്ത് അനുഭവിച്ചത്. സർക്കാരും ജനങ്ങളും ഒന്നിച്ചുനിന്ന് ആ പ്രതിസന്ധിയെ അതിജീവിച്ചു. അന്ന് കേന്ദ്രം അനുവദിച്ച 89,540 മെട്രിക് ടൺ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. പ്രകൃതി ദുരന്തത്തിന് നൽകിയ അരി സഹായമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിരവധി തവണ കത്തയച്ചെങ്കിലും കേന്ദ്രം തള്ളി. 2019 ൽ പ്രളയാനന്തര പുനർനിർമ്മാണത്തിന് സഹായം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നൽകിയില്ല. പ്രളയ നാശനഷ്ടത്തിന് ഏഴ് സംസ്ഥാനങ്ങൾക്ക് അധികസഹായം പ്രഖ്യാപിച്ചപ്പോഴും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കേരളത്തെ മാത്രം ഒഴിവാക്കി. യുഎഇയിൽ നിന്ന് 700 കോടിയുടെ സഹായവാഗ്ദാനം ലഭിച്ചപ്പോൾ സ്വീകരിക്കാനും അനുമതി നൽകിയില്ല. എന്നാൽ സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ 1229.89 കോടിയും പൊതുജനങ്ങളുടെ സഹായമായി 2865.4 കോടിയും ഉൾപ്പെടെ 4805.28 കോടി പ്രളയ പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചു. അന്ന് ജനങ്ങളെ ചേർത്തുപിടിച്ച്, അവരുടെ പട്ടിണി മാറ്റാൻ ഇടതുപക്ഷ സർക്കാർ വാങ്ങിയ അരിക്കാണ് ഇപ്പോള്‍ ക ണക്കുപറഞ്ഞ് കേന്ദ്രം പണം തിരികെ വാങ്ങുന്നത്.
രാജ്യത്തെ ഒന്നാം ക്ലാസ് മുതൽ ബിരുദ‑ബിരുദാനന്തര തലം വരെയുള്ള ‌പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഇല്ലാതാക്കുന്ന നടപടി കേന്ദ്രത്തില്‍ നിന്നുണ്ടായതും കഴിഞ്ഞ ദിവസമാണ്. ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്ക് നല്‍കിയിരുന്ന പ്രീ-മെട്രിക് സ്കാേളര്‍ഷിപ്പ് ഒമ്പത്, 10 ക്ലാസുകളിലേക്ക് മാത്രമാക്കി ചുരുക്കി. എട്ടാം ക്ലാസ് വരെയുള്ള സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ പൂർണമായും നിർത്തലാക്കി. കേരളത്തിൽ മാത്രം 1.25 ലക്ഷം കുട്ടികളെ ഇത് ബാധിക്കും.


ഇതുകൂടി വായിക്കൂ: രാജ്യത്തെ തകര്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം


രണ്ടര ലക്ഷത്തിൽ താഴെ വരുമാന പരിധിയുള്ള ഒബിസി, ഇബിസി, ഡിഎൻടി വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500 വീതമായിരുന്നു സ്കോളർഷിപ്പ്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഒഴിവാക്കി ഒമ്പത്, 10 ക്ലാസിലെ കുട്ടികൾക്ക് 4000 രൂപ നൽകാനാണ് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ തീരുമാനം. സ്കോളർഷിപ്പിന്റെ കേന്ദ്ര വിഹിതം 50 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കുകയും ചെയ്തു. പിഎം യങ് അച്ചീവേഴ്സ് സ്കോളർഷിപ്പ് അവാർഡ് സ്കീം ഫോർ വൈബ്രന്റ് ഇന്ത്യ ഫോർ ഒബിസീസ് ആന്റ് അദേഴ്സ് (പിഎം–യശസി) എന്ന പേരില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിന് 2022 മുതൽ 26 വരെ പ്രാബല്യമുണ്ട്. ഉന്നത പഠനത്തിന് പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുകയും കേന്ദ്രം നാമമാത്രമാക്കി. ബിരുദ, ബിരുദാനന്തര കോഴ്സിന് ഒരു ലക്ഷം വരെ നല്‍കിയിരുന്നത് 20,000 രൂപയാക്കി. സ്ഥാപനങ്ങളില്‍ യോഗ്യരായ വിദ്യാർത്ഥികളുടെ എണ്ണം അനുവദിച്ച സ്കോളർഷിപ്പ് സ്ലോട്ടിലും കൂടുതലാണെങ്കില്‍ പ്രവേശന പരീക്ഷയുടെ മാർക്ക് പരിഗണിക്കും. ഇങ്ങനെ വന്നാൽ കേരളത്തിൽ അർഹരായ ഭൂരിഭാഗം പേർക്കും സ്കോളർഷിപ്പ് നഷ്ടമാകും. എന്നാല്‍ സംസ്ഥാനത്ത് ഒന്ന് മുതൽ എട്ടുവരെയുള്ള പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കേരള സര്‍ക്കാര്‍. കേന്ദ്രം നിർത്തലാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് സ്വന്തം നിലയിൽ സ്കോളർഷിപ്പ് നൽകാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. എങ്ങനെയാകണം ജനായത്ത സര്‍ക്കാര്‍ എന്ന് കേരളവും എങ്ങനെയാകരുത് എന്ന് കേന്ദ്രഭരണകൂടവും തെളിവ് തരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.