23 December 2024, Monday
KSFE Galaxy Chits Banner 2

സാമ്പത്തിക അവലോകനമെന്ന അടിസ്ഥാനരഹിത ആത്മപ്രശംസ

Janayugom Webdesk
January 31, 2024 5:00 am

ഇടക്കാല യൂണിയൻ ബജറ്റിന് മുന്നോടിയായി സർക്കാരിന്റെ മുഖ്യ ധനകാര്യ ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരനും അദ്ദേഹത്തിന്റെ സംഘത്തിൽപ്പെട്ട സാമ്പത്തിക വിദഗ്ധരും തയ്യാറാക്കിയ ‘ഇന്ത്യൻ സമ്പദ്ഘടന: ഒരു അവലോകനം’ എന്ന റിപ്പോർട്ട് കഴിഞ്ഞദിവസം ധനമന്ത്രാലയം പുറത്തുവിട്ടിരുന്നു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിശദമായ ബജറ്റ് പുതിയ സർക്കാർ അധികാരമേറ്റ ശേഷമായിരിക്കും അവതരിപ്പിക്കുക എന്നിരിക്കെ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിഘ്നംകൂടാതെ തുടർന്നുപോകുക എന്ന പരിമിതമായ ലക്ഷ്യമേ ഇടക്കാല ബജറ്റിനുള്ളു. അതുകൊണ്ടുതന്നെ ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേക്ക് പകരം അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനെ സാധൂകരിക്കാം. എന്നാൽ, ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള അവലോകനം അതിന്റെ പരിമിതമായ ലക്ഷ്യത്തിലും ഉപരിയായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ള മോഡി സർക്കാരിന്റെ അടിസ്ഥാനരഹിതമായ ആത്മപ്രശംസയെന്ന ദൗത്യമാണ് നിർവഹിക്കുന്നത്. രാജ്യത്തെ കോർപറേറ്റുകളും അതിസമ്പന്നരും ഉൾപ്പെട്ട, തുലോം ന്യൂനപക്ഷമായ, ഒരു വിഭാഗത്തിന്റെ ഒഴികെ മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ ജീവിതയാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത അവകാശവാദങ്ങളും അതിശയോക്തികളും വാചകക്കസർത്തുകളും കുത്തിനിറച്ച രേഖയാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിന്റെ പേരിൽ രാജ്യത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മതിയായ പഠനങ്ങളോ വിശകലനങ്ങളോ കൂടാതെ, പൊതുമണ്ഡലത്തിൽ ലഭ്യമായ വിവരങ്ങൾക്കും വസ്തുതകൾക്കും നിരക്കാത്തതും പൊരുത്തപ്പെടാത്തതുമായ ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളിലൂടെ ജനങ്ങളുടെ, വോട്ടർമാരുടെ, കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് സാമ്പത്തിക അവലോകനത്തിലൂടെ മോഡി ഭരണകൂടം നടത്തുന്നത്.

 


ഇതുകൂടി വായിക്കൂ;ലോകജനതയുടെ പൊതുവികാരം ഉയര്‍ത്തിപ്പിടിക്കുന്ന വിധി


ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം, അഥവ ജിഡിപി, വളർച്ചാ തോതിനെപ്പറ്റിയുള്ള അവലോകനത്തിലെ അവകാശവാദം വാദത്തിനുവേണ്ടി അംഗീകരിച്ചാൽത്തന്നെയും, അതിനെ നൂറ് ശതമാനത്തിലേറെ മറികടക്കുന്ന രാജ്യത്തിന്റെ മൊത്തം കടബാധ്യതയെപ്പറ്റി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) നടത്തിയിട്ടുള്ള മുന്നറിയിപ്പിനെപ്പറ്റി രേഖ അർത്ഥഗർഭമായ മൗനമാണ് പാലിക്കുന്നത്. അതിൽ 57 ശതമാനവും യൂണിയൻ ഗവണ്മെന്റിന്റെ കടമാണ്. യൂണിയൻ ഗവണ്മെന്റിന്റെ ധനക്ക മ്മിയാകട്ടെ പത്തുലക്ഷം കോടി രൂപയിൽ അധികമാണ്. സംസ്ഥാന സർക്കാരുകളുടെമേൽ ഭരണഘടനാ വിരുദ്ധവും ഫെഡറൽ സങ്കല്പങ്ങൾക്ക് നിരക്കാത്തതുമായ കർക്കശ സാമ്പത്തിക നിയന്ത്രണങ്ങളാണ് മോഡി സർക്കാർ അടിച്ചേല്പിക്കുന്നത്. അതേസമയം അത്തരം നിയന്ത്രണങ്ങൾ യാതൊന്നും യൂണിയന് ബാധകവുമല്ല. കോർപറേറ്റുകൾക്കും അതിസമ്പന്നർക്കും നികുതിയിളവുകളും ആനുകൂല്യങ്ങളും വാരിക്കോരി നൽകുമ്പോൾ സാമാന്യ ജനങ്ങളുടെമേൽ നികുതിഭാരം അടിച്ചേല്പിക്കുകയും ധനക്കമ്മി നികത്താൻ പൊതുമേഖലാ വ്യവസായങ്ങളും പൊതു ആസ്തികളുമടക്കം വിറ്റഴിക്കുകയുമാണ് അവരുടെ മുന്നിലുള്ള ഏക പോംവഴി. ജിഡിപി എന്നാൽ ഒരു രാജ്യത്തിന്റെ ഭൗമാതിർത്തിക്കുള്ളിൽ ഒരു വർഷം ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും അന്തിമ മൂല്യമാണ്. എന്നാൽ അത് ആരുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ആ രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക വളർച്ചയും അവിടത്തെ സാമ്പത്തിക നീതിയും വിലയിരുത്തപ്പെടുക. ആ അർത്ഥത്തിലും കാഴ്ചപ്പാടിലും ലോകത്തെ ഏറ്റവും നീതിരഹിതവും ചൂഷണാധിഷ്ഠിതവുമായ സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ യാഥാർത്ഥ്യം അംഗീകരിക്കാതെയും അവ പരിഹരിക്കാതെയും ജിഡിപിയെ പറ്റി അവലോകനം നടത്തുന്ന അവകാശവാദങ്ങൾ രാജ്യത്തെ മഹാഭൂരിപക്ഷത്തേയും സംബന്ധിച്ചിടത്തോളം പൊള്ളയും അർത്ഥശൂന്യവുമാണ്.

 


ഇതുകൂടി വായിക്കൂ; ഭരണഘടന സംരക്ഷിക്കാന്‍ വിദ്യാഭ്യാസം


രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വിലയിരുത്തപ്പെടേണ്ടത് സാമാന്യ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനുഭവവേദ്യമായ സാമ്പത്തിക വളർച്ചയുടെയും ഭൗതികവും സാമൂഹികവുമായ പുരോഗതിയുടെയും അടിസ്ഥാനത്തിലായിരിക്കണം. വിശപ്പ്, തൊഴിൽരാഹിത്യം, ഭവനരാഹിത്യം, പ്രാപ്യമായ ആരോഗ്യപരിരക്ഷയുടെയും ചികിത്സാ സംവിധാനങ്ങളുടെയും അഭാവം, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം എന്നിവയ്ക്കുള്ള സാർവത്രിക അവസര സമത്വം, സാമ്പത്തികവും രാഷ്ട്രീയവും മാനവികവുമായ അവകാശ നിഷേധങ്ങൾ എന്നിവയാൽ വേട്ടയാടപ്പെടുന്ന ഒരു ജനതയുടെ മുമ്പിൽ സാമ്പത്തിക അവലോകനം കാഴ്ചവയ്ക്കുന്ന ചിത്രം തികഞ്ഞ കാപട്യവും അവരെ അപമാനിക്കലുമാണ്. ഈ സാമ്പത്തിക അവലോകനം യാതൊന്നും ജനങ്ങൾക്ക് വാഗ്ദാനം ചെയ്യാനില്ലാത്ത ഒരു പൊതു തെരഞ്ഞെടുപ്പ് പൂർവ ഇടക്കാല ബജറ്റ് അവതരണത്തിൽ അനാവശ്യവും അപ്രസക്തവുമാണ്. കഴിഞ്ഞ പത്തുവർഷത്തെ മോഡി ഭരണത്തെ വെള്ളപൂശാനും മഹത്വവല്‍ക്കരിക്കാനും അതുവഴി ജനങ്ങളെ കബളിപ്പിച്ച് വോട്ടുനേടി അധികാരത്തുടർച്ച ഉറപ്പുവരുത്താനും മാത്രം ലക്ഷ്യംവച്ചുള്ളതാണ് ഈ സാമ്പത്തിക അവലോകനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.