4 May 2024, Saturday

ലോകജനതയുടെ പൊതുവികാരം ഉയര്‍ത്തിപ്പിടിക്കുന്ന വിധി

Janayugom Webdesk
January 30, 2024 5:00 am

സ്രയേല്‍ ഗാസയ്ക്കെതിരെ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക റിപ്പബ്ലിക്ക് കൊണ്ടുവന്ന കേസിൽ ഹേഗിലെ അന്താരാഷ്ട്ര ന്യായകോടതി(ഐസിജെ)യുടെ വിധിപ്രസ്താവം വെടിനിർത്തൽ നിർദേശിക്കുന്നില്ലെങ്കിൽത്തന്നെയും വംശഹത്യ അവസാനിപ്പിക്കണമെന്ന ലോകജനതയുടെ പൊതുവികാരമാണ് ഉയർത്തിപ്പിടിക്കുന്നത്. ജനുവരി 26ന്റെ, രണ്ടിനെതിരെ 15 ന്യായാധിപർ പിന്തുണച്ച, വിധി ഇസ്രയേലിനെതിരായ തീർത്തും ധാർമ്മികവും നിയമപരവുമായി കുറ്റംചുമത്തുന്ന ഒന്നായാണ് അന്താരാഷ്ട്ര നിയമ വൃത്തങ്ങൾ വിലയിരുത്തുന്നത്. ഭീകരവാദത്തിനെതിരായ യുദ്ധമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ വിധിപ്രസ്താവത്തിൽ വെടിനിർത്തലിന് ന്യായാധിപർക്കിടയിൽ സമവായം സാധ്യമല്ലെന്നിരിക്കെ ഇസ്രയേൽ പലസ്തീൻ ജനതയ്ക്കുനേരെ നടത്തിവരുന്ന അതിക്രൂരമായ വംശഹത്യക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ പരമാവധി അഭിപ്രായ ഐക്യം കൈവരിക്കാനായി എന്നത് വിധിപ്രസ്താവത്തെ ശ്രദ്ധേയമാക്കുന്നു. ഐക്യരാഷ്ട്ര സഭാ സംഘടനയുടെ പരമോന്നത ന്യായവേദി ദക്ഷിണാഫ്രിക്ക ഉന്നയിച്ചതരത്തിൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധാതിക്രമങ്ങൾ വംശഹത്യ സംബന്ധിച്ച യുഎൻ ഉടമ്പടിയുടെ പരിധിയിൽ വരുന്നവയാണെന്ന് വിധിയിൽ അംഗീകരിക്കുകയും അത് തടയുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യുന്നു. അവയിൽ അടിയന്തര പ്രാധാന്യം അർഹിക്കുന്നവയാണ് മനുഷ്യത്വപരമായ സഹായങ്ങളും അടിസ്ഥാന സേവനങ്ങളും തടസംകൂടാതെ ഗാസയിലെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുക എന്നത്. ആരോഗ്യകേന്ദ്രങ്ങൾ, നിർദിഷ്ട സുരക്ഷിതമേഖലകൾ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ എന്നിവയ്ക്ക് അയവുവരുത്താൻ ഐസിജെയുടെ വിധി സഹായകമാകുമെന്നാണ് വിലയിരുത്തൽ.


ഇതുകൂടി വായിക്കൂ:  ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രയേല്‍ കുരുതിക്കളത്തിലേക്ക്


ഐസിജെയുടെ വിധിപ്രസ്താവവും വംശഹത്യ അവസാനിപ്പിക്കുന്നതിനായി അത് മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളും അപ്പാടെ അവഗണിച്ച് മുന്നോട്ടുപോകാൻ ഇസ്രയേലിന് കഴിഞ്ഞേക്കില്ല എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. വിധിപ്രസ്താവത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് തദനുസൃതമായി പ്രവർത്തിക്കാൻ ഇസ്രയേലിനെ നിർബന്ധിതമാക്കുന്ന വിധത്തിലുള്ള സമ്മർദം സയണിസ്റ്റ് ഭരണകൂടത്തിന്മേൽ ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവരേണ്ടതുണ്ട്. ലോക ജനാഭിപ്രായത്തെയും യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഭരണകൂട സംവിധാനങ്ങളെയും അവയുടെ വിവിധങ്ങളായ ഏജൻസികളുടെ തീരുമാനങ്ങളെയും തെല്ലും മാനിക്കാത്ത മുഠാള സമീപനങ്ങളാണ് ഇസ്രയേലിൽ അധികാരം കയ്യാളുന്ന തീവ്ര വലതുപക്ഷ സയണിസ്റ്റുകൾ എക്കാലത്തും പിന്തുടർന്നുപോന്നിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ മുൻകൈയിൽ നേടിയെടുത്ത വിധിക്കുപിന്നിൽ ലോകത്തെ അറിയപ്പെടുന്ന ജൂതവംശജരായ നിയമജ്ഞർ, പൊതുസമൂഹ ബുദ്ധിജീവികൾ, ചിന്തകർ, എഴുത്തുകാർ തുടങ്ങിയവർ നൽകിയ പിന്തുണ വിലപ്പെട്ടവയാണ്. അത് ഐസിജെയിലെ ന്യായാധിപരുടെ തീരുമാനത്തെ ഗണ്യമായി സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിലകൊള്ളുന്ന യുഎൻ ഏജൻസികളുടെ നിലപാടും നിർണായകമായി. എന്നാൽ യുഎസ് അടക്കം സുപ്രധാന പാശ്ചാത്യ ശക്തികളുടെ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് വിധിപ്രസ്താവത്തെ തുടർന്നുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. ഗാസയിലെ ജനങ്ങൾക്ക് നല്കിവന്നിരുന്ന സഹായങ്ങൾ നിർത്തിവയ്ക്കാനുള്ള അവരുടെ തീരുമാനം വിധിപ്രസ്താവം നൽകിയ പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്നു.


ഇതുകൂടി വായിക്കൂ:  സിറിയയില്‍ ഇസ്രയേല്‍ മിസെെലാക്രമണം


ഐസിജെയിലെ ഇന്ത്യയുടെ പ്രതിനിധി ജസ്റ്റിസ് ദൽവീർ ഭണ്ഡാരി ഭൂരിപക്ഷവിധിയെ അംഗീകരിക്കുക മാത്രമല്ല ആക്രമണം പൂർണമായി അവസാനിപ്പിക്കുന്നതിന് സഹായകമായി നിർദേശിച്ച രണ്ട് പേജ് വരുന്ന അനുബന്ധം വിധിയുടെ ഭാഗമാക്കി കൂട്ടിച്ചേർക്കപ്പെടുകയും ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി നെതന്യാഹുവിനും സയണിസ്റ്റ് രാഷ്ട്രീയത്തിനും അനുകൂലമായി അവലംബിച്ചുപോരുന്ന നയങ്ങളുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് ഭണ്ഡാരിയുടെ നിലപാട് പ്രത്യേക പരാമർശം അർഹിക്കുന്നു. ഒരു രാഷ്ട്രവും ജനതയും എന്ന നിലയിൽ അത് രാജ്യത്തിന്റെ പ്രഖ്യാപിതനയമായി തിരിച്ചറിഞ്ഞ് വംശഹത്യക്കെതിരെ മനുഷ്യാവകാശങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ഇന്ത്യൻ ഭരണകൂടത്തിന് പ്രേരകമാവണം. മോഡി ഭരണകൂടം പിന്തുടരുന്ന വർഗീയതയ്ക്കും വംശവിദ്വേഷ രാഷ്ട്രീയത്തിനും എതിരായ മുന്നറിയിപ്പുകൂടി ഐസിജെ വിധിപ്രസ്താവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതും അതിന്റെ വക്താക്കളും പ്രയോക്താക്കളും വിസ്മരിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.