കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ ജി20 രാജ്യസഖ്യത്തിന്റെ അധ്യക്ഷ പദവി ഇന്ത്യയാണ് വഹിക്കുന്നത്. 2022 ഓഗസ്റ്റില്‍ ബാലിയില്‍ ചേര്‍ന്ന ഉച്ചകോടിയാണ് അടുത്ത ഊഴത്തില്‍ ഇന്ത്യയെ അധ്യക്ഷപദവിയിലേക്ക് നിശ്ചയിച്ചത്. ഈ വര്‍ഷം നവംബര്‍ 30 വരെയാണ് പദവിയുടെ കാലയളവ്. ഊഴമനുസരിച്ച് ലഭിക്കുന്നതാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേകമായ കഴിവുകൊണ്ട് ലഭിച്ചതാണെന്ന പ്രചരണമാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ പിണിയാളുകളും നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ വലിയ കൊട്ടിഘോഷങ്ങളാണ് അതിന്റെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്നതും. ഇന്ത്യക്ക് പുറമേ അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, കൊറിയന്‍ റിപ്പബ്ലിക്, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ഈ സര്‍ക്കാര്‍തല സഖ്യത്തിലെ അംഗരാജ്യങ്ങള്‍. ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോകാരോഗ്യ സംഘടന, ലോക വ്യാപാര സംഘടന തുടങ്ങിയ സാര്‍വദേശീയ സംഘടനകള്‍ ജി20ലെ പ്രത്യേക ക്ഷണിതാക്കളാണ്. അധ്യക്ഷനെന്ന നിലയില്‍ ഇന്ത്യക്ക് രാജ്യങ്ങളെ പ്രത്യേക ക്ഷണിതാക്കളാക്കുന്നതിന് അവസരമുണ്ടാകും.
ആഗോള ജിഡിപിയുടെ 85 ശതമാനവും വ്യാപാരത്തിന്റെ 75 ശതമാനവും ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളാണ് അംഗങ്ങളെന്നതുകൊണ്ട് ജി20നെ ലോകത്തെ പ്രമുഖ സാമ്പത്തിക സാമൂഹ്യ ശക്തിയാണ് എന്നു പറയാവുന്നതാണ്. ഇന്ത്യയാണ് അധ്യക്ഷ പദവിയിലെന്നതുകൊണ്ട് വസുധൈവ കുടുംബകം (ലോകമേ തറവാട്) എന്ന സന്ദേശമാണ് ഏറ്റെടുത്തിരിക്കുന്നത്.
അധ്യക്ഷ പദവി ഏറ്റെടുത്തത് മുതല്‍ അതിന്റെ പേരിലുള്ള കോലാഹലങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. അധ്യക്ഷകാലയളവില്‍ രാജ്യത്താകെയുള്ള 50 നഗരങ്ങളിലായി 100 സമ്മേളനങ്ങള്‍ നടത്തുന്നതിന് പദ്ധതി ആവിഷ്കരിക്കുകയും ചിലത് നടക്കുകയും ചെയ്തു. തിരുവനന്തപുരം, കോട്ടയം ഉള്‍പ്പെടെ നമ്മുടെ സംസ്ഥാനത്തും ചില സമ്മേളനങ്ങള്‍ നടന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള സുപ്രധാന യോഗം ഇപ്പോള്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്നുവരികയാണ്. തിങ്കളാഴ്ച ആരംഭിച്ച യോഗം ഇന്ന് സമാപിക്കും. വിവിധ സമ്മേളനങ്ങള്‍ ചേരുകയെന്നത് അസാധാരണമല്ലെങ്കിലും കശ്മീരില്‍ ഒരു സമ്മേളനം ചേരുന്നത് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര യോഗമെന്ന നിലയില്‍ ഈ സമ്മേളനത്തിന് വളരെയധികം പ്രാധാന്യം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പിടിവാശി കാരണം യോഗത്തിന്റെ പൊലിമയ്ക്ക് മങ്ങലേല്‍ക്കുന്ന സ്ഥിതിയാണുണ്ടായത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജമ്മു കശ്മീരിന് ലോകമാകെ ആകര്‍ഷണീയത ഉണ്ടെങ്കിലും വിനോദ സഞ്ചാരം അജണ്ടയായി നടത്തുന്ന യോഗത്തിന് വേണ്ടത്ര പരിഗണന പല അംഗരാജ്യങ്ങളിലും നിന്ന് ലഭിക്കാതെ പോയി.
ശ്വാസംവിടാന്‍ പോലും സാധിക്കാതെ സഞ്ചരിക്കേണ്ടിവരുന്ന അനുഭവമാണ് പ്രതിനിധികള്‍ നേരിടുന്നത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ ആകാശ നിരീക്ഷണം, യോഗകേന്ദ്രത്തിലും പരിസരങ്ങളിലും നിറയെ കമാന്‍ഡോകള്‍, പ്രാദേശിക പൊലീസിന്റെ നിറഞ്ഞ സാന്നിധ്യവും നിരീക്ഷണവും തുടങ്ങി അനങ്ങാന്‍ പോലും പ്രയാസമുള്ള അന്തരീക്ഷത്തിലാണ് യോഗം ചേരുന്നത്. ഇത് മുന്‍കൂട്ടി കണ്ടതുകൊണ്ട് പല പ്രമുഖ രാജ്യങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആദ്യമേതന്നെ പിന്‍മാറി. ചില രാജ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്നുള്ള തങ്ങളുടെ നയതന്ത്ര പ്രതിനിധികളെയാണ് യോഗത്തിലേക്ക് നിശ്ചയിച്ചത്. സുരക്ഷാഭീതി സ്വയമേയുള്ളതിനാല്‍ പല രാജ്യങ്ങളും പ്രതിനിധികളുടെ എണ്ണവും കുറച്ചു. കശ്മീര്‍ സമാധാനത്തിന്റെ പാതയിലെത്തിയെന്ന് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുകയാണ് യോഗം കൊണ്ട് ഉദ്ദേശിച്ചത്.
എങ്കിലും മറിച്ചുള്ള അനുഭവമാണ് ഉണ്ടായതെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ മറച്ചുവയ്ക്കുവാന്‍ ശ്രമിച്ചാലും കശ്മീരിലെ സ്ഥിതിഗതികളുടെ യഥാര്‍ത്ഥ വസ്തുതയെന്താണെന്ന് മനസിലാക്കുവാന്‍ ലോകരാജ്യങ്ങള്‍ക്ക് അവരുടേതായ സംവിധാനങ്ങളും ഉണ്ടായിരിക്കുമല്ലോ. ഈ വര്‍ഷം ഇതുവരെയുണ്ടായ തീവ്രവാദി അക്രമങ്ങളിലും സൈനിക നടപടികളിലുമായി 10 സൈനികരും ഏഴ് പൗരന്മാരും മരിച്ചുവെന്നാണ് കണക്ക്. മേയ് മാസം ആദ്യം നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ നാല് ഭീകരരെയും വധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യോഗത്തിനെത്തിയവര്‍ക്ക് ശൂന്യമായ റോഡുകളും വിജനമായ തെരുവുകളുമാണ് കാഴ്ചകളെന്നും മാധ്യമ വാര്‍ത്തകളുണ്ട്. നിശാനിയമം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങള്‍ക്ക് പുറത്തിറങ്ങുവാനോ വഴിവാണിഭക്കാര്‍ക്ക് പ്രവര്‍ത്തിക്കുവാനോ സാധിക്കുന്നില്ല. അംഗീകൃത കടകമ്പോളങ്ങള്‍ക്കു പോലും പ്രവര്‍ത്തനാനുമതിയില്ല. യഥാര്‍ത്ഥത്തില്‍ ജി20 വിനോദ സഞ്ചാര സമ്മേളനത്തിന് പൊലിമ നഷ്ടപ്പെട്ടുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.