ഏറ്റവും വികസിതമായ അഞ്ച് രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും ഉയര്‍ന്നു എന്നൊരു പ്രചാരണം ചിലകേന്ദ്രങ്ങളില്‍ സജീവമായിരിക്കുന്നു. ജിഡിപി താഴേയ്ക്കാണ്. വളര്‍ച്ചയുടെ ഒരു സൂചനയും നല്‍കുന്നില്ല. കഴിഞ്ഞ ഒരു ദശാബ്ദമായി ഇതാണ് വാസ്തവം. എന്നിട്ടും പുകമറ ഉയരുകയാണ്. രാജ്യത്തിന്റെ യഥാര്‍ത്ഥ ചിത്രം ചൂണ്ടിക്കാട്ടിയിരുന്ന സ്ഥിതിവിവരക്കണക്ക് ഏജന്‍സികളുടെ പ്രസിദ്ധീകരണം 2014ല്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കി. പ്രതിദിനം 1.5 ഡോളറില്‍ കുറഞ്ഞ വരുമാനമുള്ളവര്‍ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നവരെന്ന് ലോകബാങ്ക് വിവിധ പഠനങ്ങളെ അധികരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ജനസംഖ്യയുടെ 23 ശതമാനവും 1.5 ഡോളര്‍ വരുമാനം സ്വപ്നം പോലും കാണാന്‍ ശേഷിയില്ലാത്തവരെന്നും പഠനങ്ങള്‍ പറയുന്നു. രാജ്യത്തെ 23 ശതമാനം ജനത കൊടുംപട്ടിണിയില്‍ കഴിയുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളുടെ അഭാവം സങ്കല്പങ്ങളെയും ഭാവനകളെയും ആശ്രയിച്ചുള്ള കണക്കുകള്‍ക്ക് വഴിതെളിച്ചു. ഇത്തരത്തില്‍ പുറത്തുവന്ന എല്ലാ വിവരങ്ങളും അവിശ്വസനീയങ്ങളാണ്. ദേശീയ സര്‍വേ ഫലങ്ങള്‍ പോലും പ്രകടമായ വ്യത്യാസങ്ങളോടെയാണ് പുറത്തുവരുന്നത്. ഔദ്യോഗിക വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ വെളിച്ചം കാണാന്‍ ഭരണനേതൃത്വം അനുവദിക്കുന്നുമില്ല. 2017–18 മുതല്‍ ദേശീയ സാമ്പിള്‍ സര്‍വേ, ഉപഭോക്തൃ ചെലവ് സര്‍വേ തുടങ്ങിയവയുമായി ബന്ധപ്പെട്ട വസ്തുതകളുടെയും വിശദാംശങ്ങളുടെയും പ്രസിദ്ധീകരണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അനൗദ്യാഗിക സ്രോതസുകള്‍ നല്‍കുന്ന ചിത്രങ്ങളാകട്ടെ പേടിപ്പെടുത്തുന്നതുമാണ്.
2024ലെ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ കേന്ദ്രീകരിച്ച് സര്‍ക്കാരിന്റെ പ്രകടനങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. അംഗീകൃത സ്രോതസുകളില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല. സാമ്പത്തിക സൂചകങ്ങള്‍ വ്യക്തതയില്ലാത്തതുമാണ്. രാജ്യത്തിന്റെ ദാരിദ്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നത് അനുമാനങ്ങളില്‍ കേന്ദ്രീകരിച്ചാണ്. 2011–12ല്‍ പുറത്തുവന്ന അവസാന കണക്കുകളെ ആധാരമാക്കുമ്പോള്‍ വ്യക്തികളുടെ ഉപഭോഗം വര്‍ധിച്ചത് വ്യക്തമാകുന്നു. ദേശീയ ഉപഭോഗ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇത് വിലയിരുത്തിയത്. ഈ കണക്കുകളെ അടിസ്ഥാനമാക്കി അതിദാരിദ്ര്യരേഖ രാജ്യം ‘നിര്‍മ്മാര്‍ജനം’ ചെയ്തു എന്ന് ഭരണകൂടം വ്യാഖ്യാനിച്ചു. ഇതെല്ലാം കോവിഡ് മഹാമാരിക്കു മുമ്പേ സാധ്യമായെന്നും അവകാശപ്പെട്ടു. ലോകബാങ്ക് അവരുടെ പഠനങ്ങള്‍ക്ക് ആധാരമാക്കിയത് കണ്‍സ്യൂമര്‍ പിരമിഡ് ഹൗസ്‌ഹോള്‍ഡ് സര്‍വേയില്‍ (സിപിഎച്ച്എസ്) നിന്നുള്ള കണക്കുകളെയായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടേതായിരുന്നു ഇത്. ഇതനുസരിച്ചുള്ള പട്ടിണിക്കാരുടെ കണക്കുകള്‍ പലതവണ ചോദ്യം ചെയ്യപ്പെട്ടതാണ്. 2011-12 ലും 2019–20 ലും ദാരിദ്ര്യം കുറഞ്ഞുവെന്നായിരുന്നു വിലയിരുത്തല്‍. ന്യൂ പോവര്‍ട്ടി വെബ്സൈറ്റ് തുടങ്ങിയ സ്വകാര്യ സ്രോതസുകളെയാണ് പഠനങ്ങള്‍ക്കും അനുമാനങ്ങള്‍ക്കുമായി ലോകബാങ്ക് കൂടുതല്‍ ആശ്രയിച്ചത്. ഇതിനിടെ കൊളംബിയ സര്‍വകലാശാലയില്‍ അവതരിപ്പിക്കപ്പെട്ട ഒരു പ്രബന്ധത്തിലും മഹാമാരിക്കാലത്തു പോലും രാജ്യത്ത് ദാരിദ്ര്യം പിടിച്ചു നിര്‍ത്താനായി തുടങ്ങിയ സൂചനകളുണ്ടായിരുന്നു. സിപിഎച്ച്എസിന്റെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായിരുന്നു അത്. ഇന്ത്യയുടെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പ്രസിദ്ധീകരിച്ച ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ കേന്ദ്രീകരിച്ചായിരുന്നു കൊളംബിയ സര്‍വകലാശാലയിലെ പ്രബന്ധം. അവര്‍ ആശ്രയിച്ച വിവരങ്ങളില്‍ ദാരിദ്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നുമില്ലായിരുന്നു. ലോകബാങ്കിന്റെ ദാരിദ്ര്യം സംബന്ധിച്ച കണക്കുകളോ അന്താരാഷ്ട്ര നാണയനിധി പുറപ്പെടുവിക്കുന്ന വിവരങ്ങളോ ഒരു പരിധി വരെ പട്ടിണിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് ആശ്രയിക്കാം. ഇവയിലേതെങ്കിലുമായി, രാജ്യത്തെ ദാരിദ്ര്യം കുറയുന്നു എന്ന നിഗമനങ്ങള്‍ പൊരുത്തപ്പെട്ടില്ല.
ദാരിദ്ര്യം കുറയുന്നത് മെച്ചപ്പെട്ട വേതനം, ഉല്പാദനക്ഷമതയിലെ വളര്‍ച്ച തുടങ്ങിയ സൂചകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷിയും കനപ്പെട്ട വിഷയമാണ്. എന്നാല്‍ വ്യാവസായികവല്‍ക്കരണത്തിന്റെ വളര്‍ച്ചയോടെ കാര്‍ഷിക മേഖലയുടെ പങ്ക് കുറയുകയാണ്. ജിഡിപിയില്‍ അതിന്റെ സംഭാവന 1990മുതല്‍ 2004 വരെ 16 മുതല്‍ 17 ശതമാനം വരെയായിരുന്നു. ക്രമേണ കുറഞ്ഞു. ബംഗ്ലാദേശ്, ചൈന തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ജിഡിപിയില്‍ കാര്‍ഷികമേഖലയുടെ സംഭാവന ഏറ്റവും കൂടുതലാണ്. പട്ടിണി സൂചിക പുറത്തിറങ്ങിയപ്പോള്‍ ചില സൂചകങ്ങള്‍ കൂടുതല്‍ പ്രകടമായി. അഫ്ഗാനിസ്ഥാനെക്കാള്‍ കൂടുതല്‍ പട്ടിണിക്കാര്‍ ഇന്ത്യയിലാണെന്ന സത്യം വെളിവായി. റാങ്കിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുയരുമ്പോഴും ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തില്‍ ആക്ഷേപങ്ങളുയര്‍ന്നിട്ടില്ല. ഉള്ള കണക്കുകള്‍ പ്രകാരം, 2019–21 മുതല്‍ ദൃശ്യമായ ഒരു പുരോഗതിയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ കൊടിയദാരിദ്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ച ആരംഭിച്ചത് സത്യം മറയ്ക്കുക എന്ന വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്. മഹാമാരി കാലത്തിനു മുമ്പേ ഇന്ത്യ ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടിയെന്ന് പറയാനുതകുന്ന ചില സൂത്രവാക്യങ്ങളും കൂടെ കൊണ്ടുനടക്കുന്നുണ്ട് കേന്ദ്രഭരണത്തിന്റെ വക്താക്കള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.