
ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. കെട്ടിച്ചമച്ച ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ ബജ്റംഗ്‌ദളെന്ന തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ പാവകൾ മാത്രമായി ബിജെപി സർക്കാരിന് കീഴിലുള്ള പൊലീസ് മാറിയതിന്റെ ഫലമായാണ് രണ്ട് കന്യാസ്ത്രീകൾക്ക് ജയിലിൽ കഴിയേണ്ട സ്ഥിതിയുണ്ടാക്കിയത്. പെൺകുട്ടികളെ ജോലിക്കായി കൊണ്ടുപോകുന്നത് മനുഷ്യക്കടത്താണെന്നും മതപരിവർത്തന നീക്കമാണെന്നും ആരോപിച്ച് ബജ്റംഗ്‌ദളുകാർ പ്രശ്നമുണ്ടാക്കിയതാണ് അറസ്റ്റിലേയ്ക്കും റിമാൻഡിലേയ്ക്കും നയിച്ചത്. ആഗ്രയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നവരായിരുന്നു കന്യാസ്ത്രീകൾ. തീവണ്ടിയിലെത്തിയ പെൺകുട്ടികളെ ചോദ്യം ചെയ്ത റെയിൽവേ ഉദ്യോഗസ്ഥൻ അവർ പറയുന്നത് വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ് ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തങ്ങൾ ജോലിക്കായി എത്തിയവരാണെന്നും കൂട്ടിക്കൊണ്ടുപോകുന്നതിന് കന്യാസ്ത്രീകളെത്തുമെന്നും അറിയിച്ചെങ്കിലും അംഗീകരിക്കാൻ തയാറായില്ല. കൂടാതെ വലതുപക്ഷ സംഘടനാ പ്രവർത്തകർതന്നെ കന്യാസ്ത്രീകളെ റെയിൽവേ സ്റ്റേഷനിലെത്തിക്കുകയും പൊലീസിൽ ഏല്പിക്കുകയുമായിരുന്നു. പൊലീസാകട്ടെ കൂടുതൽ അന്വേഷണത്തിന് നിൽക്കാതെ സംഘ്പരിവാർ സംഘടനകളുടെ ഉച്ചിഷ്ടഭോജ്യരാണെന്ന് തെളിയിച്ചുകൊണ്ട് വിവിധ കുറ്റങ്ങൾ ചുമത്തി ഇരുകന്യാസ്ത്രീകളുടെ പേരിൽ കേസെടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. തൊഴിൽ ചെയ്യുന്നതിന് സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്ന് അറിയിച്ച പെൺകുട്ടികൾ മതിയായ രേഖകൾ കാട്ടിയെങ്കിലും അവയൊന്നും സ്വീകരിക്കുവാനും തയാറായില്ല.
ബിജെപിക്ക് കീഴിൽ റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെടെ ഭരണകൂട ഉപകരണങ്ങൾ പോലും എത്രമേൽ വർഗീയവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാകുകയാണ് ഈ സംഭവം. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർശനമാക്കിയ മതപരിവർത്തനം തടയലെന്ന പേരിലുള്ള നിയമത്തിന്റെ മറവിലാണ് ഇതരമതസ്ഥർക്കെതിരെ അതിക്രമങ്ങളും തടവിലിടലും പതിവായിരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിനും ഭീതി സൃഷ്ടിക്കുന്നതിനുമുള്ള ഉപകരണമാക്കി പ്രസ്തുത നിയമത്തെ മാറ്റിയിരിക്കുകയാണ് ബിജെപി സർക്കാരുകളും സംഘ്പരിവാർ സംഘടനകളും. ഓരോ വർഷവും ഇത്തരം സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ 2024ൽ മാത്രം 834 അതിക്രമങ്ങളുണ്ടായി. 2023ലെ 734ൽ നിന്നാണ് ഈ വർധനയുണ്ടായത്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ 2014ന് ശേഷം അതിക്രമങ്ങളുടെ എണ്ണത്തിൽ ഗണ്യവും ആശങ്കാകുലവുമായ വർധനയുണ്ടായെന്ന റിപ്പോർട്ടും നേരത്തെ പുറത്തുവന്നിരുന്നു. 2014ൽ 151 സംഭവങ്ങളുണ്ടായതാണ് 2024ൽ 834 ആയി വർധിച്ചത്. 2015ൽ 179, 2016ൽ 247, 2017ൽ 351 സംഭവങ്ങളുണ്ടായി. 2018ൽ 325, 2019ൽ 366, 2020ൽ 327, 2021ൽ 505, 2022ൽ 599 എന്നിങ്ങനെയായിരുന്നു ആക്രമണങ്ങളുടെ എണ്ണം. 2024ൽ ഏറ്റവുമധികം ആക്രമണങ്ങളുണ്ടായ സംസ്ഥാനം ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശായിരുന്നു, 209. അവർ ഭരിക്കുന്ന ഛത്തീസ്ഗഢിൽ 165 സംഭവങ്ങളുണ്ടായി. യുപിയിലെ 191, ഛത്തീസ്ഗഢിലെ 158 കേസുകളിൽ ചുമത്തപ്പെട്ടതാകട്ടെ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകളും. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകളിൽ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത കൂടി വെളിപ്പെടുന്നുണ്ട്. അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളാണ് ഇതിൽ കൂടുതലുമെന്നതാണത്. 2024 ഡിസംബറിൽ ഉണ്ടായ 73 സംഭവങ്ങളെ അപഗ്രഥിച്ചപ്പോൾ പ്രതികളാക്കപ്പെട്ടത് 25 ആദിവാസി, 14 ദളിത് വിഭാഗത്തിൽപ്പെട്ടവരായിരുന്നു.
ഒരു മതത്തിൽ വിശ്വസിക്കുവാനും മറ്റൊന്നിലേയ്ക്ക് മാറാനുമുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നിരിക്കെയാണ് ഈ നടപടികൾ എന്നത് ഭരണഘടനയോടുള്ള വെല്ലുവിളി കൂടിയാണ്. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വസ്ത്രം ധരിച്ചുള്ള യാത്രപോലും തടയപ്പെടുന്ന സാഹചര്യമാണെന്ന് ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മതനേതാക്കൾതന്നെ മാധ്യമങ്ങളോട് പറയുന്നുണ്ട്. അതുകൂടാതെ പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവരെയും സഹായിക്കുന്നതുപോലും ബിജെപി ഭരണത്തിൻ കീഴിൽ കുറ്റമായി മാറുന്നുവെന്നും ഈ സംഭവം വീണ്ടും തെളിയിക്കുന്നു. വിശ്വാസത്തിന്റെ ഭാഗമായാണ് പുരോഹിതരും കന്യാസ്ത്രീകളും ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും നടത്തുന്നത്. അത് തടയുന്നത് മനുഷ്യത്വരഹിതമായ സമീപനവുമാണ്. കേരളത്തിന് പുറത്ത് തങ്ങളുടെ സഹജീവികൾ അനുഭവിക്കുന്ന ഈ തിക്താനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാൻ നമ്മുടെ സംസ്ഥാനത്തുള്ള ഒരു വിഭാഗം ക്രൈസ്തവ പുരോഹിതർക്ക് ആകുന്നില്ലെന്ന മറുവശവും കാണാതെ പോകരുത്. എല്ലാ സംസ്ഥാനങ്ങളിലും അതിക്രമങ്ങളുണ്ടാകുമ്പോഴും ആട്ടിൻ തോലണിഞ്ഞ ബിജെപിക്കാരെ പരസ്യമായി പുകഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർ തങ്ങളുടെ സഹജീവികളെ യഥാർത്ഥത്തിൽ തള്ളിപ്പറയുന്നവരാണ്. ഇപ്പോഴത്തെ സംഭവങ്ങളെങ്കിലും അവരുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.