കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൊവ്വാഴ്ചയും 2023–24 വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് ബുധനാഴ്ചയുമാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സംസ്ഥാന പൊതുബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് രണ്ട് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളാണ് താരതമ്യത്തിനായി നമ്മുടെ മുന്നിലുള്ളത്. ഒന്ന് തളര്‍ച്ചയെ പ്രവചിക്കുമ്പോള്‍ മറ്റൊന്ന് വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്നതാണ് പ്രധാന വ്യത്യാസം. ആഗോള സാഹചര്യങ്ങളുടെ ആഘാതമുണ്ടാകുമെങ്കിലും ഇന്ത്യന്‍ സമ്പദ്ഘടന വലിയ പോറലേല്‍ക്കാതെ നില്ക്കുമെന്ന അന്താരാഷ്ട്ര നാണയനിധിയുടെ ഉള്‍പ്പെടെ വിലയിരുത്തലുണ്ടായപ്പോഴാണ് നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി തളരുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തിക സര്‍വേ വിലയിരുത്തിയത്. ഇത് രാജ്യത്തെ സാമ്പത്തിക മാനേജ്മെന്റിന്റെ അപര്യാപ്തത കൂടിയാണെന്നതില്‍ സംശയമില്ല. അതേസമയം കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമായ ഒരു തിരിച്ചുവരവ് രേഖപ്പെടുത്തിയെന്നാണ് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തര ഉല്പാദനം 2020–21 ല്‍ വളരെ താഴ്ന്ന നിരക്കിലായിരുന്നുവെന്ന സ്ഥിതി പരിശോധിക്കുമ്പോഴാണ് ഈ മുന്നേറ്റത്തിന് അതീവ പ്രാധാന്യം ലഭിക്കുന്നത്. 2020–21 ല്‍ സംജാതമായിരുന്ന 8.43 എന്ന വിപരീത നിരക്കില്‍ നിന്നാണ് 2021–22 ൽ 12.01 ശതമാനം എന്ന ശക്തമായ വളർച്ച കൈവരിച്ചത്. കോവിഡ് മഹാമാരിയില്‍ ലോകം തരിച്ചിരുന്ന വര്‍ഷമാണ് സംസ്ഥാനത്തിന്റെ വളര്‍ച്ച താഴ്ന്നനിരക്കിലായത്. പിന്നീട് കര കയറുന്നതിനുള്ള ശ്രമങ്ങളില്‍ രാജ്യത്തെ സാമ്പത്തിക മേധാവികള്‍ക്ക് വേണ്ടത്ര നേട്ടമുണ്ടാക്കാനായില്ലെന്നും സംസ്ഥാനത്തിന്റെ ധന മാനേജ്മെന്റിന്റെ പ്രാപ്തിയാണ് കേരളത്തിന്റെ മുന്നേറ്റത്തിന് കാരണമായതെന്നും വിലയിരുത്തുന്നതില്‍ തെറ്റില്ല.
2012–13 നു ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നത്. നയപരമായ ഇടപെടലുകൾക്കൊപ്പം ഉത്തേജക പാക്കേജുകളും വളർച്ച വേഗത്തിലാക്കി. ലോകത്തോടൊപ്പം സംസ്ഥാനവും അടച്ചിട്ടപ്പോള്‍ സമ്പദ്ഘടന വലിയ മാന്ദ്യം നേരിടുന്ന സാഹചര്യം സ്വാഭാവികമാണ്. അതില്‍ നിന്ന് കരകയറുകയെന്നത് ജനങ്ങളുടെ വാങ്ങല്‍ ശേഷി വളരെ വേഗത്തില്‍ വര്‍ധിപ്പിക്കുകയെന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നത്. അതിനുവേണ്ടിയുള്ള ഉത്തേജക പാക്കേജുകളാണ് കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റേത് ജനങ്ങള്‍ക്ക് നേരിട്ട് പണലഭ്യത ഉറപ്പുവരുത്തുന്നതല്ലെന്നും വായ്പാപാക്കേജുകള്‍കൊണ്ട് ഫലമില്ലെന്നും അക്കാലത്തുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്. വിമര്‍ശനം ശരിയായിരുന്നുവെന്നും ജനങ്ങളുടെ കയ്യില്‍ നേരിട്ട് പണമെത്തിച്ചുള്ള കേരളത്തിന്റെ പാക്കേജുകളാണ് ഫലംകണ്ടത് എന്നുമുള്ള വസ്തുത കൂടി വളര്‍ച്ചയിലെ ഈ വൈരുധ്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
വളര്‍ച്ച വ്യക്തമാക്കുന്ന വിവിധ മേഖലകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ ബോധ്യമാകും. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും 2020–21 നെ അപേക്ഷിച്ച് 2021–22 ൽ 4.6 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. വ്യവസായം, സേവന മേഖല എന്നിവയില്‍ ഇത് യഥാക്രമം 3.8, 17.3 ശതമാനം എന്ന നിരക്കിലായിരുന്നു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും നേട്ടമുണ്ടായെന്നാണ് ഇത് പ്രകടമാക്കുന്നത്. കൃഷി, അനുബന്ധമേഖലകളിലെ വളർച്ച 2020–21 ലെ 0. 24 ശതമാനത്തിൽ നിന്നായിരുന്നു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പ്രാഥമിക മേഖലയുടെ വളർച്ചാ നിരക്ക് 0. 79ല്‍ നിന്ന് 2021–22 ൽ 4.16 ശതമാനമായാണ് ഉയര്‍ന്നത്. പ്രധാനമായും ചില വിളകൾ, കന്നുകാലികൾ, മത്സ്യബന്ധനം, മത്സ്യക്കൃഷി എന്നിവയുടെ ഉല്പാദനം വർധിച്ചതാണ് ഇതിനു കാരണമെന്ന് സംസ്ഥാന സാമ്പത്തിക സര്‍വേ വിശദീകരിക്കുന്നുണ്ട്. ഇതും അടിസ്ഥാന ജനവിഭാഗങ്ങളുടെ നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അടിസ്ഥാന — പാര്‍ശ്വവല്‍കൃത മേഖലകള്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ നല്കിവരുന്ന മുഖ്യ പരിഗണന അവരുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നുവെന്നാണ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എല്ലാവർക്കും പ്രാപ്യവും ചെലവ് കുറഞ്ഞതും അതേസമയം ഗുണമേന്മയുള്ളതുമായ പൊതുജനാരോഗ്യ സംരക്ഷണം, കേരളത്തെ വിശപ്പുരഹിതമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച 1,196 ജനകീയ ഹോട്ടലുകൾ, എല്ലാവരെയും ഉൾച്ചേര്‍ത്തുള്ള വിദ്യാഭ്യാസ വികസനം, വ്യവസായ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം പദ്ധതിയിലൂടെ ആരംഭിച്ച സ്ഥാപനങ്ങളിലെല്ലാം കൂടി 2,20, 285 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് തുടങ്ങിയവയെല്ലാം കേരളത്തിന്റെ വളര്‍ച്ചയെ നിര്‍ണയിച്ച ഘടകങ്ങളില്‍ ചിലതാണ്. സംസ്ഥാനമാകെ സര്‍വേ പൂര്‍ത്തീകരിക്കുന്നതിനുള്ള സപ്രധാന പദ്ധതിയും സ്ത്രീശാക്തീകരണം, തൊഴിലവസര സൃഷ്ടി, വിജ്ഞാന വികസനം എന്നിങ്ങനെ വേറിട്ട വഴികളും കേരളം പിന്തുടരുന്നുണ്ട്. ചരക്കുസേവന നികുതി ഉള്‍പ്പെടെ കേന്ദ്രം നികുതി ഘടനയില്‍ വരുത്തിയതിന്റെ ഫലമായുണ്ടായ വരുമാനക്കുറവും വായ്പാ പരിധി നിശ്ചയിച്ച് കേന്ദ്രം സൃഷ്ടിച്ച തടസങ്ങളുമെല്ലാം നിലനില്ക്കേയാണ് കേരളം വളര്‍ച്ച കൈവരിച്ചതെന്നത് വളരെ പ്രധാനപ്പെട്ട നാഴികക്കല്ലായി അടയാളപ്പെടുത്തേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.